എം-സോണ്‍ റിലീസ് – 547

ഭാഷ | ഗ്രീക്ക് |
സംവിധാനം | മൈക്കെല്‍ കാക്കോയാനിസ് |
പരിഭാഷ | കെ രാമചന്ദ്രന് |
ജോണർ | കോമഡി, ഡ്രാമ |
ഗ്രീക്ക് സൈപ്രസ് ചലച്ചിത്ര സംവിധായകനായിരുന്നു മൈക്കിള്‍ കകോയാനിസ്. 1964ല്‍ കസാന്ദ് സാക്കിസിന്റെ നോവലായ സോര്‍ബ ദ ഗ്രീക്ക് അടിസ്ഥാനമാക്കി സംവിധാനം ചെയ്ത അതേ പേരിലുള്ള സിനിമയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. യൂറിപ്പിഡിസിന്റെ ദുരന്ത നാടകങ്ങളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇദ്ദേഹത്തിന്റെ പല ചലച്ചിത്ര കൃതികളും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഓസ്കാര്‍ പുരസ്കാരത്തിനു അഞ്ച് തവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള കകോയാനിസ്, ഗ്രീക്ക് സൈപ്രസ് മേഖലകളില്‍ നിന്ന് ഏറ്റവുമധികം തവണ ഓസ്കാറിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള ചലച്ചിത്രകാരനാണ്. മികച്ച സംവിധായകന്, ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയ മികച്ച തിരക്കഥ, മികച്ച ചലച്ചിത്രം എന്നീ നാമനിര്‍ദ്ദേശങ്ങള്‍ സോര്‍ബ ദ ഗ്രീക്ക് എന്ന ചലച്ചിത്രവും, ഇലക്ട്ര, ഐഫിജെനിയ എന്നീ ചിത്രങ്ങള്‍ മികച്ച വിദേശ ചിത്രത്തിനുമുള്ള നാമനിര്‍ദ്ദേശങ്ങളും നേടുകയുണ്ടായി.
യുവാവും ഇംഗ്ലണ്ടിലെഎഴുത്തുകാരനുമായ ബേസില്‍ എന്ന ഒരു ബുദ്ധിജീവി സ്വന്തം ലിഗ്നൈറ്റ് ഖനി നടത്തിപ്പിനായി ഗ്രീസിന്റെ ദ്വീപായ ക്രീറ്റിലേക്ക് കപ്പല്‍ കയറുമ്പോള്‍ യാദൃച്ചികമായി അലെക്സിസ് സോര്‍ബയെ കണ്ടുമുട്ടുകയാണ്. സദാ ഉല്ലാസ ഭരിതനും ഊര്‍ജസ്വലനുമായ ഇദ്ദേഹവുമായുള്ള ബന്ധം കേവലം പുസ്തകപ്പുഴുവായിരുന്ന ബേസിലിന്റെ ജീവിതത്തില്‍ വരുത്തുന്ന പരിവര്‍ത്തനം അമ്പരപ്പിക്കുന്നതാണ്. സുദീര്‍ഘമായ ഒരു ആയുഷ്കാല സൌഹൃദത്തിന്റെ ഹൃദയസ്പര്‍ശിയായ ആവിഷ്കരണമാണ് ദാര്‍ശനികമായ മാനങ്ങളുള്ള ഈ ചിത്രം . ആന്തണി ക്വിന്‍ എന്ന മഹാനടന്റെ ഉജ്ജ്വലമായ ഭാവാഭിനയത്താല്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് സോര്‍ബ. മൂന്നു ഓസ്കാറുകള്‍ ഉള്‍പ്പെടെ ഏഴു അവാര്‍ഡുകളും പതിനാറു നാമനിര്‍ദ്ദേശങ്ങളും ഈ ചിത്രത്തിന് അന്ന് തന്നെ ലഭിച്ചിരുന്നു; ലോകത്തെ എക്കാലത്തെയും മികച്ച നൂറു ചിത്രങ്ങളിലൊന്നായി ഇതിനെ അമേരിക്കന്‍ ഫിലിം അക്കാദമി തിരഞ്ഞെടുത്ത്, അവരുടെ ആര്‍ക്കൈവില്‍ സൂക്ഷിച്ചിരിക്കുന്നു.