എം-സോണ്‍ റിലീസ് – 2162

ഭാഷ | കൊറിയന്‍ |
സംവിധാനം | Jeong-woo Park |
പരിഭാഷ | റിൻഷാദ് അസ്മി |
ജോണർ | ഡ്രാമ |
ഹാൻ നദിയിലും, നഗര പരിസരങ്ങളിലെ ചെറിയ തടാകങ്ങളിലും, വെള്ളക്കെട്ടുകളിലുമെല്ലാം ശവശരീരങ്ങൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. വളരെ ഭീതിതമായൊരു അന്തരീക്ഷം. ജനങ്ങൾ പരിഭ്രാന്തിയിലാവുന്നു. ഒരു പകർച്ച വ്യാധിയുടെ സാന്നിധ്യമുള്ളതായി അധികാരികൾ മനസ്സിലാക്കുന്നു. അവർ നടത്തുന്ന അന്വേഷണങ്ങളിൽ കണ്ടെത്തുന്ന കാര്യങ്ങൾ അതിലേറെ ഞെട്ടിക്കുന്നതായിരുന്നു.
ട്രെയിൻ ടു ബുസാൻ, ദി ഫ്ലൂ എന്നീ സിനിമകളിൽ കാണിക്കുന്ന അതെ പോലുള്ളൊരു സാഹചര്യമാണ് 2012 ൽ പുറത്തിറങ്ങിയ കൊറിയൻ മൂവി ഡിറേഞ്ച്ഡിലും അവതരിപ്പിക്കുന്നത്. ഒരു നാട് മുഴുവൻ നേരിടേണ്ടി വരുന്ന ഭീകരമായൊരു ദുരന്തം.
അപകടകാരിയായ ഒരു പ്രത്യേക തരം വിരയാണ് ഇവിടെ വില്ലൻ. അത് മനുഷ്യ ശരീരത്തിൽ കയറിപ്പറ്റിയാൽ ബാധിക്കുന്നത് തലച്ചോറിനെയാണ്. ആ വിരയുടെ ആക്രമണം തലച്ചോറിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതോട് കൂടി ആ വ്യക്തിക്ക് അമിതമായ വിശപ്പും ദാഹവും ഉണ്ടാവുന്നു. ദാഹം കഠിനമാവുന്നതോടെ അയാൾ യാന്ത്രികമായി വെള്ളം ലഭിക്കുന്ന ഏതൊരു സ്രോതസ്സിലേക്കും വലിച്ചിഴക്കപ്പെടുകയാണ്. തുടർന്ന് അവിടെ വച്ച് വളരെ ദയനീയമായ രീതിയിൽ അയാളുടെ മരണം സംഭവിക്കുന്നു.
ഒരു ഫാർമസ്യുട്ടിക്കൽ കമ്പനിയിൽ സെയിൽസ് റെപ്പ് ആയി ജോലി ചെയ്യുന്ന ജെ ഹ്യുക് ആൺ ചിത്രത്തിലെ നായകൻ. അയാളെയും കുടുംബത്തെയും കേന്ദ്രീകരിച്ചാണ് കഥ മുന്നേറുന്നത്.ആ വിര നാട്ടിലാകെ പടർന്ന് പിടിക്കുന്നതും ആളുകൾ കൂട്ടത്തോടെ മരണപ്പെടുന്നതുമെല്ലാം ഭയപ്പെടുത്തുന്ന രംഗങ്ങളോടെ മൂവിയിൽ കാണിക്കുന്നുണ്ട്. ഒരുപാട് പ്രതിസന്ധികൾ നേരിട്ടുകൊണ്ട് അധികാരികൾ അതിനെതിരെ പോരാടുന്നതാണ് ചിത്രം പറയുന്നത്.
ട്രെയിൻ ടു ബുസാൻ, ദി ഫ്ലൂ എന്നീ സിനിമകളുടെ ലെവലിലേക്ക് എത്തില്ലെങ്കിലും, ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന, പ്രേക്ഷകനെ ഭയപ്പെടുത്തുകയും ടെൻഷനടിപ്പിക്കുകയും ചെയ്ത് മുന്നേറുന്ന ഒരു മൂവിയാണ് ഡിറേഞ്ച്ഡ്.