എം-സോണ് റിലീസ് – 1477
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Jon Lucas, Scott Moore |
പരിഭാഷ | വിമൽ കെ. കൃഷ്ണൻകുട്ടി |
ജോണർ | കോമഡി |
ഇന്‍റർനെറ്റിനും സ്മാർട്ട് ഫോണിനും അടിമയായ ഫിൽ എന്ന യുവാവും ജെക്സി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റവും (Siri – സിറി പോലെ) തമ്മിലുള്ള ബന്ധമാണ് ജോൺ ലൂക്കാസും സ്കോട്ട് മൂറും സംവിധാനം ചെയ്ത ജെക്സി എന്ന റൊമാന്‍റിക് കോമഡി ഫിലിമിന്‍റെ ഇതിവൃത്തം.
റോഡിൽ വീണ് പൊട്ടിപ്പോയ പഴയ ഫോണിനുപകരം പുതിയ ഒരു ഫോൺ മേടിക്കാൻ ഫിൽ നിർബന്ധിതനാകുന്നു. അതിലെ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ജെക്സി. കസ്റ്റമേഴ്സിന്‍റെ ജീവിതം സുഖകരമാക്കലാണ് തന്‍റെ ജോലി എന്ന് ജെക്സി പറയുന്നുണ്ടെങ്കിലും ഫിലിന്‍റെ കാര്യത്തിൽ നേരേ തിരിച്ചാണ് സംഭവിക്കുന്നത്. ഫില്ലിനെ എങ്ങനെയൊക്കെ ദ്രോഹിക്കാമോ അങ്ങനെയൊക്കെ ദ്രോഹിക്കുകയാണ് ജെക്സി ചെയ്യുന്നത്. സ്ഥിരം കഴിക്കുന്ന ജങ്ക് ഫുഡിനുപകരം ശരീരത്തിന് നല്ലതാണെന്ന് പറഞ്ഞ് ഗ്രീൻ സാലഡ് ഓർഡർ ചെയ്യുക, കഴിവുണ്ടായിരുന്നിട്ടും ഭയം മൂലം പ്രൊമോഷൻ ആവശ്യപ്പെടാതിരുന്ന ഫില്ലിന്‍റെ അനുവാദമില്ലാതെ അയാളുടെ ബോസിന് പ്രൊമോഷൻ ആവശ്യപ്പെട്ടുകൊണ്ട് മെയിൽ അയക്കുക, കൂട്ടുകാരില്ലാത്ത ഫില്ലിനെ ജോലി ചെയ്യുന്നിടത്തെ രണ്ടുപേരുമായി സൗഹൃദത്തിലാക്കുക, മനസ്സിനിണങ്ങിയ പെണ്ണിനെ കണ്ടിട്ടും സംസാരിക്കാൻ കൂട്ടാക്കാതിരുന്ന ഫില്ലിനെക്കൊണ്ട് അവളോട് നിർബന്ധമായി സംസാരിപ്പിക്കുക തുടങ്ങി ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തരുതേ എന്ന് ഫിൽ പ്രാർത്ഥിക്കുന്ന കാര്യങ്ങളാണ് ജെക്സി ചെയ്യുന്നത്.
എന്നാൽ ജെക്സിയുടെ തോന്നിവാസം മൂലം പതിയെ പതിയെ ഫില്ലിന്‍റെ ജീവിതത്തിൽ മാറ്റങ്ങളുണ്ടാകുന്നു. ഫോണിൽ നിന്ന് തലയുയർത്താത്ത അയാൾ ചുറ്റിനുമുള്ള കാഴ്ചകൾ കണ്ടുതുടങ്ങുന്നു. ഒറ്റയാനായ അയാൾക്ക് രണ്ട് കൂട്ടുകാരെ കിട്ടുന്നു. താൽപ്പര്യമില്ലാത്ത ജോലി ചെയ്തിരുന്ന അയാൾക്ക് സ്വപ്നം കണ്ടിരുന്ന ജോലി കിട്ടുന്നു. സ്ത്രീകളോട് സംസാരിക്കാനറിയാത്ത അയാൾക്ക് നല്ലൊരു പെൺകുട്ടിയെ തന്നെ കാമുകിയായി കിട്ടുന്നു. തീർത്തും വിരസമായ അയാളുടെ ജീവിതം ജെക്സി മൂലം കളർഫുള്ളാവുകയാണ്. എന്നാൽ പെട്ടെന്നൊരു ദിവസമാണ് അതൊക്കെ മാറിമറിയുന്നത്.