എംസോൺ സബ്ടൈറ്റിലുകൾ ഉപയോഗിച്ച് എങ്ങനെ സിനിമ കാണാം?
ആദ്യം ഈ വെബ്സൈറ്റിൽ നിന്നും കാണേണ്ട സിനിമയുടെ സബ്ടൈറ്റിൽ ഡൗണ്‍ലോഡ് ചെയ്യുക. രണ്ട് ഫോര്‍മാറ്റുകളിലാണ് സബ്ടൈറ്റിലുകള്‍ ലഭ്യമാവുക. സിനിമകളുടെ srt ആയും സീരീസുകളുടെ .zip ആയും. srt നേരിട്ട് പ്ലയറിലേക്ക് ആഡ് ചെയ്ത് സിനിമ കാണാം. എന്നാൽ zip എന്നത് ഒരു കമ്പ്രസ്ഡ് ഫോര്‍മാറ്റാണ്. അതിനകത്ത് ഒരു സീസണിന്റെ മുഴുവൻ srt കളും അടങ്ങിയിരിക്കും. സിപ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാൽ നേരിട്ട് പ്ലയറിലേക്ക് ചേര്‍ക്കാനാകില്ല. അതിനുമുമ്പ് അത് അണ്‍സിപ് ചെയ്യേണ്ടതുണ്ട്. മിക്ക ഫോണുകളിലെയും ഫയല്‍മാനേജര്‍ ആപ്ലിക്കേഷൻ ഉപയോഗിച്ച് സിപ് ഫയല്‍ ക്ലിക്ക് ചെയ്ത് നമുക്കാവശ്യമുള്ള ഫോള്‍ഡറിലേക്ക് അണ്‍സിപ് ചെയ്യാൻ ഓപ്ഷനുണ്ട്. അത് ലഭ്യമല്ലാത്തവര്‍ ഗൂഗിളിന്റെ Files എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് അണ്‍സിപ് ചെയ്യാം. ഇങ്ങനെ അണ്‍സിപ് ചെയ്തുകഴിഞ്ഞാൽ ആ സിപിൽ അടങ്ങിയിരിക്കുന്ന srt കള്‍ നമുക്ക് ലഭിക്കും. വിന്റോസ് ഉപയോഗിക്കുന്നവര്‍ക്ക് അണ്‍സിപ് ചെയ്യാൻ 7zip എന്ന സോഫ്റ്റ്‍വെയറുപയോഗിക്കാം.
വിൻഡോസ് പിസിയിൽ മലയാളം പരിഭാഷകൾ ഉപയോഗിച്ച് സിനിമ കാണാൻ സിനിമയും പരിഭാഷയും ഒരു ഫോൾഡറിൽ ആണെന്ന് ഉറപ്പാക്കുക, ഇനി KM പ്ലേയറോ Pot പ്ലേയറോ vlc പ്ലേയറോവേണം. vlc പ്ലയര്‍ വെർഷൻ 3.0.9.2 ഓ അതിന് മുകിളിലോ ആണെന്ന് ഉറപ്പാക്കുക. ഇവയിൽ ഏതെങ്കിലും പ്ലേയർ ഇൻസ്റ്റാൾ ചെയ്യുക. എല്ലാം സൗജന്യ സോഫ്റ്റ് വെയറുകളാണ്. സിനിമ പ്ലേ ചെയ്തതിനു ശേഷം എംസോൺ സബ്ടൈറ്റിൽ ഡ്രാഗ് ചെയ്ത് ഇടുകയോ ഓപ്പൺ സബ്ടൈറ്റിൽ ഒപ്ഷൻ കൊടുത്ത് ആഡ് ചെയ്യുകയോ ചെയ്യാം.

ചില സിനിമകളിടെ പരിഭാഷകൾ കുറേ കട്ടകൾ പോലെയോ അറിയാത്ത ഏതോ ഭാഷ പോലെയോ അല്ലെങ്കിൽ ചില സിംബലുകൾ മാത്രമോ ആയിട്ടാണോ കാണിക്കുന്നത് (ചുവടെയുള്ള ചിത്രം) ? അതിനു കാരണം നിങ്ങളുടെ പ്ലേയർ നമ്മളുപയോഗിക്കുന്ന ഫോർമാറ്റായ UNICODE – 8 സപ്പോർട്ട് ചെയ്യാത്തതോ അല്ലെങ്കിൽ സബ്ബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്തപ്പോൾ എൻകോഡിംഗ് മാറിയതോ ആവാം. വിഷമിക്കേണ്ട, ഇത് അനായാസം പരിഹരിക്കാം. ഒന്നുകിൽ ആ സബ്ടൈറ്റിലിൽ റൈറ്റ് ക്ലിക്ക് ചെയ്ത് നോട്ട്പാഡിൽ ഓപ്പൺ ചെയ്ത് Save As UTF-8 കൊടുത്ത് സേവ് ചെയ്യുക. അല്ലെങ്കിൽ ഈ ലിങ്കിലുള്ള ഓൺലൈൻ കൺവർട്ടറിൽ പോയി UTF-8 ആയി സേവ് ചെയ്യുക.

ആൻഡ്രോയഡ് മൊബൈലിലാണെങ്കിൽ Mx Player അല്ലെങ്കിൽ Vlc Player ഉപയോഗിക്കാം. പ്ലേസ്റ്റോറിൽ നിന്ന് ഇവയിലൊന്ന് ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. ശേഷം സിനിമയും എംസോൺ സബ്ടൈറ്റിലും ഒരു ഫോൾഡറിൽ ആക്കി സിനിമ പ്ലേ ചെയതതിന് ശേഷം ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് ഓപ്പൺ സബ്ടൈറ്റിൽ കൊടുക്കുക. ഫോണിൽ സബ്ടൈറ്റിൽ ഉള്ള പാത്ത് കാണിച്ചു കൊടുക്കുക.


ആപ്പിൾ മാക് പിസിയിൽ മലയാളം പരിഭാഷകൾ ഉപയോഗിച്ച് സിനിമ കാണാൻ IINA Player ഇൻസ്റ്റാൾ ചെയ്യുക. സിനിമയും പരിഭാഷയും ഒരു ഫോൾഡറിൽ ക്രമീകരിച്ച ശേഷം, സിനിമ പ്ലേ ചെയ്തത് എംസോൺ സബ്ടൈറ്റിൽ ഡ്രാഗ് ചെയ്ത് ഇടുകയോ ലോഡ് എക്സ്റ്റേണൽ സബ്ടൈറ്റിൽ ഒപ്ഷൻ ക്ലിക്ക് ചെയ്ത് ആഡ് ചെയ്യുകയോ ആവാം.

ആപ്പിൾ ഐഫോണിലും ഐപാഡിലും മലയാളം പരിഭാഷകൾ ഉപയോഗിച്ച് സിനിമ കാണാൻ nPlayer Lite എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം സിനിമയും എംസോൺ സബ്ടൈറ്റിലും ആപ്പിൽ സേവ് ചെയ്യുക. സിനിമ പ്ലേ ചെയ്ത് ആഡ് സബ്ടൈറ്റിൽ ഒപ്ഷനിൽ ക്ലിക്ക് ചെയത് സബ്ടൈറ്റിൽ ആഡ് ചെയ്യാം.

എങ്ങനെ മലയാളം സബ്ടൈറ്റിൽ ചെയ്യാം?
ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുള്ള ആർക്കും എംസോണിന് വേണ്ടി പരിഭാഷകൾ ചെയ്യാം. അതിന് ആദ്യം വേണ്ടത് ഇഷ്ട സിനിമ തെരഞ്ഞെടുക്കുക എന്നതാണ്. ആദ്യമായി ചെയ്യുമ്പോൾ സബ്ടൈറ്റിലുകളുടെ വരികൾ കുറവുള്ളതും സിംപിൾ ഇംഗ്ലീഷ് സംഭാഷണം ഉള്ളതുമായ സിനിമയാകുന്നതാണ് നല്ലത്. സിനിമ ഡൗൺലോഡ് ചെയ്യുമ്പോൾ ടോറന്റിൽ നിന്നു തന്നെ എടുക്കാൻ ശ്രദ്ധിക്കണം. അടുത്തത് നിങ്ങളുടെ കൈയിലുള്ള സിനിമക്ക് സിങ്കാകുന്ന സബ്ടൈറ്റിൽ കണ്ടെത്തുക എന്നതാണ്. Opensubtitles, Subscene എന്നീ സൈറ്റുകളെ ഇതിനായി ആശ്രയിക്കാം. ഡൗൺലോഡ് ചെയ്ത ഇംഗ്ലീഷ് സബ്ടൈറ്റിൽ, നിലവാരമുള്ള ഇംഗ്ലീഷ് തന്നെ ആയിരിക്കാനും ശ്രദ്ധിക്കണം. ഇത് രണ്ടും തരപ്പെടുത്തിക്കഴിഞ്ഞാൽ പരിഭാഷ തുടങ്ങാം.
മലയാളം പരിഭാഷ ചെയ്യാൻ ഗൂഗിൾ ട്രാൻസലേറ്ററോ അതുപോലുള്ള എളുപ്പവഴികളോ ഒന്നുമില്ല. ഓരോ വരിയും വായിച്ച് അർത്ഥം മനസിലാക്കി ആശയം ഉൾക്കൊണ്ട് വേണം പരിഭാഷപ്പെടുത്താൻ. പദാനുപദ പരിഭാഷ ഒരിക്കലും ചെയ്യാതിരിക്കുക. പദാനുപദം എന്നാൽ എന്താണോ ഇംഗ്ലീഷിലുള്ളത് അതേ സ്ഥാനത്ത് അതേ ഓർഡറിൽ മലയാളം വാക്കുകൾ എഴുതിവെക്കുന്ന രീതിയാണ്.
Like I said, that’s what I do.
I interview people.
ഞാൻ പറഞ്ഞതുപോലെ, ഞാൻ അതാണ് ചെയ്യുന്നത്.
ഞാൻ ആളുകളുമായി അഭിമുഖം നടത്തുന്നു.
ഇങ്ങനെ നമ്മൾ സംസാരിക്കുമോ ? ഇത് നമ്മൾ ദൈനംദിന ജീവിതത്തിൽ സംസാരിക്കുമ്പൊ എങ്ങനെ ഉപയോഗിക്കും എന്ന് ചിന്തിച്ച് ചെയ്യണം.
മുൻപ് പറഞ്ഞില്ലേ, ആളുകളുമായി അഭിമുഖം നടത്തുകയാണ് ഞാൻ ചെയ്യാറ്. ഏകദേശം ഇതുപോലെ.
പരിഭാഷയുടെ ഒഴുക്ക്
I thought vampires didn’t like light.
We love it.
ഞാൻ ഓർത്തു രക്തരക്ഷസുകൾക്കു വെളിച്ചം ഇഷ്ടമല്ലെന്ന്.
ഞങ്ങൾ അതിനെ ഇഷ്ടപ്പെടുന്നു.
ഒറ്റ നോട്ടത്തിൽ ഇത് ശരിയാണ്. പക്ഷേ അതിൽ ഒരു കല്ലുകടി തോന്നുന്നില്ലേ? അതിനെ നമുക്ക്
ഞാനോർത്തു, നിങ്ങൾക്കൊന്നും വെളിച്ചം ഇഷ്ടമേയല്ലെന്ന്.
ഓ, ശരിക്കും ഞങ്ങൾക്കത് ഇഷ്ടമാ.
ഇങ്ങനെ എഴുതിയാലോ? കുറച്ചുകൂടി മലയാളീകരിച്ചപ്പോൾ ആ ഒഴുക്ക് അനുഭവപ്പെടുന്നില്ലേ? ഇങ്ങനെ ആറ്റിക്കുറുക്കി നല്ല മലയാളത്തിൽ അക്ഷരത്തെറ്റില്ലാതെ വേണം ഓരോ വരിയും എഴുതാൻ.
Im going to see my friend ഇത് സാധാരണ നമ്മൾ ഞാൻ എന്റെ കൂട്ടുകാരനെ കാണാൻ പോവുകയാണ്.
എന്നാകും എഴുതുക. നമ്മുടെ സംസാരത്തിൽ പക്ഷേ ഫോർമലായി പറയുമ്പോൾ ‘എന്റെ ” പൊതുവേ പറയാറില്ല. ഞാൻ കൂട്ടുകാരനെ ഒന്ന് കാണാൻ പോകുന്നു എന്ന് പറയും. നീ നിന്റെ കൂട്ടുകാരനെ കണ്ടോ എന്നും ഇതുപോലെ ചോദിക്കില്ല. എന്നിട്ട് നീ കൂട്ടുകാരനെ കണ്ടോ ? എന്നാവും.
അലൈൻമെന്റ്
വലിയ സെന്റൻസുകൾ ചെയ്യുമ്പോൾ മുഴുവൻ ലൈനുകളും വായിച്ചു നോക്കി അർത്ഥം മനസ്സിലാക്കി തിരിച്ച് എഴുതേണ്ടി വരും. ഇംഗ്ലീഷ് ഭാഷയിൽ ക്രിയ, കർമം അവസാനവും കർത്താവ് ആദ്യവുമാണ് വരുന്നത്. മലയാളത്തിൽ അങ്ങനെയല്ല താനും. ഇങ്ങനെ ചെയ്യുമ്പോൾ വായിക്കാനുള്ള സമയം കിട്ടുന്നുണ്ടോ എന്ന് കണ്ട് നോക്കി, ഇല്ലെങ്കിൽ ടൈം കോഡ് അഡ്ജസ്റ്റ് ചെയ്യണം.
ചിലപ്പോഴൊക്കെ ഒരാളിൽ നിന്ന് എന്തെങ്കിലും അറിയണമെങ്കിൽ
ഇങ്ങനെ കുടുങ്ങണം. അത് വളരെ സാധാരണമാണ്.
ഇംഗ്ലീഷിലെ സബ് ടൈറ്റിൽ പരിഭാഷപ്പെടുത്തിയപ്പോൾ ഇത്രയും നീളം വന്നു. അർത്ഥം അതൊക്കെത്തന്നെയാണെങ്കിലും സിനിമ കാണുന്ന അവസരത്തിൽ ഇത് വായിച്ച് തീരില്ല. അപ്പോൾ നമ്മൾ ചെയ്യേണ്ടത് ആശയം ചോർന്ന് പോകാതെ അതേ വാചകം ചുരുക്കി എഴുതുക എന്നതാണ്.
ചിലപ്പോൾ ചിലതൊക്കെ അറിയാൻ ഇങ്ങനെ കുടുങ്ങണം..!
ഇങ്ങനെ എഴുതിയാൽ മതിയാകും. അർത്ഥവും മാറിയിട്ടില്ല, വായിക്കാനുള്ള സമയവുമുണ്ട്. ഇങ്ങനെ ചെറുതാക്കി എഴുതാത്ത പക്ഷം തിയറ്ററിൽ ആദ്യ റോയിൽ ഇരുന്ന് സിനിമ കാണുന്ന പ്രതീതിയാകും പ്രേക്ഷകന് കിട്ടുക. അതുപോലെ തന്നെ വാചകങ്ങൾ കഴിവതും രണ്ട് ലൈനിലാക്കി സ്ക്രീനിന്റെ നടുവിൽത്തന്നെ നിർത്താനും ശ്രദ്ധിക്കണം. അതിന് (വലിയ വാചകങ്ങൾ) ലൈൻ ബ്രേക്ക് കൊടുത്ത് ചെയ്ത് പോകുക.
പരിഭാഷകർ നിർബന്ധമായി പരിഭാഷയിൽ പാലിക്കേണ്ട കാര്യങ്ങൾ
- ആവശ്യമായ സ്ഥലങ്ങളിലെല്ലാം കുത്ത്, ആശ്ചര്യചിഹ്നം, ചോദ്യച്ചിഹ്നം വേണം.
- കോമ കഴിഞ്ഞ് സ്പെയ്സ് ഇടണം.
- തുടർ സംഭാഷണമാണെങ്കിൽ വരി തീരുന്നിടത്തും അടുത്ത വരി തുടങ്ങുന്ന സ്ഥലത്തും (…) മൂന്ന് കുത്തുകളിടണം.
- രണ്ട് പേർ ഒരേ സീനിൽ പറയുന്ന ഡയലോഗിന് (-) ഹൈഫനിടണം.
- ഇംഗ്ലീഷ് അല്ലാത്ത സിനിമകളുടെ പരിഭാഷകളിൽ, ഇംഗ്ലീഷ് സംസാരിക്കുന്ന ഭാഗങ്ങളിൽ ചിലപ്പപ്പോൾ പരിഭാഷ ഉണ്ടാകില്ല. അങ്ങനെയുളള അവസരങ്ങളിൽ അതേ ചിത്രത്തിന്റെ ഫ്രഞ്ച് അല്ലെങ്കിൽ സ്പാനിഷ് പരിഭാഷ ഡൗൺലോഡ് ചെയ്യുക. അതിൽ ഇംഗ്ലീഷിനും പരിഭാഷ ഉണ്ടായിരിക്കും. ആ ഭാഗത്തെ ടൈംകോഡ് കോപ്പി ചെയ്ത് പരിഭാഷ പൂർത്തിയാക്കുക. അല്ലാത്തവ അപൂർണമായ പരിഭാഷകളായേ കണക്കാക്കൂ.
ഇതൊക്കെ ചെയ്യാതെ അയക്കുന്ന പരിഭാഷകൾ റിലീസ് ചെയ്യാൻ ഒരുപാട് വൈകിയേക്കാം.
മലയാള സിനിമക്കാണ് നിങ്ങൾ മലയാള പരിഭാഷയൊരുക്കുന്നതെങ്കിൽ, അത് പ്രധാനമായും കേൾവിശക്തിയില്ലാത്തവർക്ക് വേണ്ടിയാണല്ലോ. അതുകൊണ്ടുതന്നെ ചിത്രത്തിലുള്ള എല്ലാ പിന്നണി ശബ്ദങ്ങൾക്കും പരിഭാഷ വേണ്ടിവരും. ഉദാ: മഴ പെയ്യുന്ന സീനിൽ ബ്രാക്കറ്റിൽ “മഴ പെയ്യുന്ന ശബ്ദം” എന്ന് എഴുതിക്കാണിക്കണം. മാത്രവുമല്ല തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾ മിനിമം 10 വർഷമെങ്കിലും മുൻപ് റിലീസായവയായിരിക്കണം.
ഓർക്കുക: ഒരു മലയാളിയാണ് ഡയലോഗ് പറയുന്നതെങ്കിൽ എന്താവും സംഭാഷണം എന്ന് ആലോചിച്ച് വാക്കുകളുടെ ഓർഡർ മാറ്റി, വേണ്ടി വന്നാൽ വരികളുടെ ഓർഡർ പോലും മാറ്റി ഒഴുക്കുള്ള പരിഭാഷയൊരുക്കാം. കാഴ്ചക്കാരന് താനൊരു അന്യഭാഷാ സിനിമയാണ് കാണുന്നതെന്ന തോന്നലുണ്ടാക്കാതെ അക്ഷരത്തെറ്റുകൾ പോലുള്ള കല്ലുകടികളില്ലാതെ മൂലപരിഭാഷയോട് നീതി പുലർത്തുന്ന, നിങ്ങളുടെ മികച്ച പരിഭാഷകളാണ് എംസോണിലേക്ക് അയക്കേണ്ടത്. മലയാളം എങ്ങനെ തെറ്റുകൂടാതെ എഴുതാം എന്നതിന് ഈ പിഡിഎഫ് സഹായിക്കും.
എംസോണിലെ പരിഭാഷകൻ ശ്യാം നാരായണൻ തയാറാക്കിയ വീഡിയോ നിങ്ങൾക്ക് കൂടുതൽ സഹായകരമായിരിക്കും.
ആൻഡ്രോയ്ഡ് മൊബൈലിൽ എങ്ങനെ സബ്ടൈറ്റിൽ ചെയ്യാം.
മലയാളം പരിഭാഷ കൂടുതൽ പേരും ചെയ്യുന്നത് സ്വന്തം മൊബൈൽ ഫോണിലാണ്. അതാകുമ്പോൾ എപ്പോൾ ഒഴിവ് സമയം കിട്ടിയാലും ഏത് സ്ഥലത്താണെങ്കിലും, സമയത്താണെങ്കിലും ചെയ്യാം. ആൻഡ്രോയ്ഡ് ഫോണിലാണെങ്കിൽ എംസോണ്‍ പുറത്തിറിക്കിയ എംസോണ്‍ സബ് എഡിറ്റർ ആപ്ലിക്കേഷൻർ ഉപയോഗിക്കാം. സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. കൂടാതെ പ്ലേസ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ട രീതി അറിയാൻ താഴെയുള്ള വീഡിയോ കാണുക
ഐഫോണിൽ എങ്ങനെ സബ്ടൈറ്റിൽ ചെയ്യാം
നിങ്ങളുടെ ഐഫോണിൽ ഇതിനായി Files എന്ന ആപ്പും Documents എന്ന ആപ്പും ഉണ്ടായിരിക്കണം. സബ്ടൈറ്റിൽ എപ്പോഴും ക്ലൗഡ് സ്റ്റോറേജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. അവിടെ നിന്നും ഫയൽ വഴി ഡോക്യുമെന്റ്സ് ആപ്പിൽ ഓപ്പൺ ചെയ്ത് എഡിറ്റ് ചെയ്യാം. സിനിമ കാണാൻ മുകളിൽ പറഞ്ഞതുപോലെ nPlayer Lite ഉം ഉപയോഗിക്കാം. ശ്രദ്ദിക്കുക : ഡോക്യുമെന്റ് ആപ്പിൽ Undo ചെയ്യാനാവില്ല.
വിൻഡോസ് കമ്പ്യൂട്ടറിൽ എങ്ങനെ സബ്ടൈറ്റിൽ ചെയ്യാം.
ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ Subtitle Edit സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുക (സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്). ശേഷം പരിഭാഷപ്പെടുത്താൻ ഉദ്ദേശിക്കുന്ന സിനിമയുടെ ഇംഗ്ലീഷ് സബ്ടൈറ്റിൽ സോഫ്റ്റ് വെയറിൽ ഓപ്പൺ ചെയ്യുക. ഓരോ വരികളുടെയും ശരിയായ അർത്ഥം സിനിമ കണ്ടുകൊണ്ട് തന്നെ മനസ്സിലാക്കി, അതാത് ഇംഗ്ലീഷ് വരികളുടെ സ്ഥാനത്ത് മലയാളം എഴുതി പരിഭാഷ ആരംഭിക്കാം. ആദ്യ വരി ചെയ്ത ശേഷം File മെനുവിൽ Save as ഓപ്ഷൻ ക്ലിക്ക് ചെയ്ത് സബ്ടൈറ്റിലിന്റെ ഒറിജിനൽ പേരിന്റെ അവസാനം.ml എന്ന് ചേർത്ത് സേവ് ചെയ്യുക. ശേഷം പരിഭാഷ ചെയ്യുന്നതിനിടക്ക് Ctr+S ക്ലിക്ക് ചെയ്ത് സേവ് ചെയ്യുന്നതിലൂടെ ചെയ്ത് തീർത്ത വരികൾ നഷ്ടപ്പെടാതെ സൂക്ഷിക്കാം. ആവശ്യമില്ലാത്ത ഏതെങ്കിലും വരികൾ ഡിലീറ്റ് ചെയ്യേണ്ടി വരികയാണെങ്കിൽ അതിൽ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ചെയ്താൽ മതി. അതുപോലെ പുതുതായി ഒരു വരി ചേർക്കേണ്ടി വരികയാണെങ്കിൽ നിലവിലുള്ള വരി സെലക്റ്റ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്താൽ Insert before / Insert after എന്ന ഓപ്‌ഷൻ കാണാം. അതിൽ ഏതാണോ വേണ്ടത് അതിൽ ക്ലിക്ക് ചെയ്താൽ പുതിയൊരു വരി വന്നതായി കാണാം.