വിവർത്തന ചിന്തകൾ – വെണ്ണൂർ ശശിധരൻ
എന്തുകൊണ്ട് വിവർത്തനം?
ഉത്തരം ആപേക്ഷികവും വ്യക്തിനിഷ്ഠവുമാവാനാണ് സാധ്യത. തനിക്കറിയാവുന്ന മറ്റൊരു ഭാഷയിലെ സാഹിത്യ (സിനിമ) കൃതിയിൽ നിന്ന് വായനയിലൂടെ/കാഴ്ചയിലൂടെ തനിക്ക് ലഭിച്ച ആനന്ദം ആ ഭാഷ വശമില്ലാത്ത സഹജീവികൾക്ക് പകർന്നു നൽകാനുള്ള ഉദാരമനസ്കതയാണ് വിവർത്തനത്തിന്റെ മനഃശ്ശാസ്ത്രം എന്ന് ഏകദേശം പറയാം. ഒപ്പം തന്നിലെ സാഹിത്യവാസന തേച്ചുമിനുക്കാനും, പ്രകടിപ്പിക്കാനുമുള്ള ഒരു അഭിവാഞ്ജയും അതിനു പിറകിലുണ്ട്. നല്ല ഒരു വിവർത്തകൻ ഒരു സാഹിത്യകൃതി രചിക്കുന്നതിന്റെ എല്ലാ സർഗ്ഗാത്മസുഖത്തിലൂടെയും, പ്രതിസന്ധികളിലൂടെയും, നോവിലൂടെയും കടന്നു പോകും എന്നതാണ് യാഥാർത്ഥ്യം. അതു കൊണ്ടു തന്നെ വിവർത്തകന്റെ സ്ഥാനം എഴുത്തുകാരനൊപ്പമാകുന്നു. മൂലകൃതിയെ മറികടന്ന് പരിഭാഷ മികച്ചതാവുന്ന അപൂർവ്വ സന്ദർഭങ്ങളും ഉണ്ടാവാറുണ്ട്. അപ്പോൾ പരിഭാഷകൻ എഴുത്തുകാരനുമപ്പുറം സ്ഥാനം നേടുന്നു. പരിഭാഷയ്ക്കാധാരമായ കൃതിയിലെ ആശയ പ്രപഞ്ചത്തിനപ്പുറം സഞ്ചരിക്കാൻ പരിഭാഷകന് സ്വാതന്ത്ര്യമില്ല. അദൃശ്യമായി നിലനിൽക്കുന്ന ഈ ഒരു ലക്ഷ്മണരേഖ പരിഭാഷകന്റെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നുണ്ട്. മൂലകൃതി എന്ന അടിത്തറയിലെ അസംസ്കൃത വസ്തുക്കൾ മാത്രമാണയാൾക്ക് ലഭ്യമായിട്ടുള്ളത്. അതു കൊണ്ടു വേണം അയാൾ മറ്റെരുഭൂമികയിൽ, അതേ സ്വഭാവസവിശേഷതകളോടെയുള്ള മറ്റൊരു അടിത്തറ നിർമ്മിക്കേണ്ടത്. യഥാർത്ഥ കൃതിയുടെ രചയിതാവിന്റെ സ്വാതന്ത്ര്യം പരിഭാഷകന് ഇല്ല എന്ന് സാരം.
സാഹിത്യ വിവർത്തനത്തിന്റെ ചരിത്രം
മലയാളത്തിൽ ആരംഭിക്കുന്നത് വിക്ടർ ഹ്യൂഗോയുടെ “ലെ മിസറബിൾ ” എന്ന നോവൽ “പാവങ്ങൾ” എന്ന പേരിൽ നാലപ്പാട്ട് നാരായണ മേനോൻ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം ചെയ്യുന്നതോടെയാണ്. സിനിമയുടെ സബ്ടൈറ്റിൽ പരിഭാഷയുടെ ചരിത്രമാരംഭിക്കുന്നതാവട്ടെ എറണാകുളം ജില്ലയിലെ ഇരുമ്പനം സ്കൂളിലെ അദ്ധ്യാപകനും ഏതാനും വിദ്യാർത്ഥികളും ചേർന്ന് അകിര കുറോസാവയുടെ “ഡ്രീം” എന്ന ചിത്രത്തിന്റെ ഉപശീർഷകങ്ങൾ മലയാളത്തിലേയ്ക്ക് മൊഴി മാറ്റുന്നതോടെയും. പിന്നീട് എംസോൺ രൂപപ്പെടുകയും, ചിൽഡ്രൻസ് ഓഫ് ഹെവൻ എന്ന ചിത്രത്തിന് പരിഭാഷ തയ്യാറാക്കുകയും ചെയ്തു. ചലച്ചിത്ര ഉപശീർഷക പരിഭാഷ ഇന്ന് മലയാളത്തിൽ സജീവമായി നില നിൽക്കുന്നതും, മുന്നോട്ട് നീങ്ങുന്നതും എം സോൺ കൂട്ടായ്മയുടെ തുടർപ്രവർത്തനങ്ങളുടെ ശ്രമഫലമായാണ്.
ശ്രോത ഭാഷയുടെ, അതിൽ രചിക്കപ്പെട്ട കൃതിയുടെ മാധുര്യവും, ഗന്ധവും ഒട്ടും ചോർന്നു പോകാതെ ലക്ഷ്യ ഭാഷയിലേയ്ക്ക് പകർന്നു നൽകലാണ് നല്ല വിവർത്തനം. പാൽക്കുടം തലയിൽ ചുമന്ന് തുളുമ്പി തെറിക്കാതെ നൂൽപ്പാലം കടക്കുന്നത്ര സൂക്ഷ്മതയും ശ്രദ്ധയും അതാവശ്യപ്പെടുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഭാഷകൾ തമ്മിലുള്ള ഹസ്തദാനമാണ് വിവർത്തനം. അതൊരു പരിരംഭണത്തിന്റെ വൈകാരിക തലത്തിൽ എത്തുമ്പോൾ മികച്ച പരിഭാഷ സാധ്യമാവുന്നു.വിവർത്തനം എത്രത്തോളം ഗൗരവമാർന്നതാണ് എന്നത് ഏതാനും വാക്കുകളിലൂടെ ഫ്രോസ്റ്റ് പറഞ്ഞു വച്ചിട്ടുണ്ട്. അതിപ്രകാരമാണ്; “വിവർത്തനത്തിൽ നഷ്ടപ്പെടുന്നതാണ് കവിത”. ഈ “കവിത” നഷ്ടപ്പെടാതെ സംരക്ഷിക്കലാണ് നല്ല പരിഭാഷകന്റെ കർത്തവ്യം.”മൂലഭാഷയിലെ അർത്ഥം നിലനിർത്തിക്കൊണ്ട് മറ്റൊരു ഭാഷയിലേയ്ക്കുള്ള പരിവർത്തനമാണ് വിവർത്തനം” എന്ന് വിശ്വപ്രസിദ്ധനായ വിവർത്തന ചിന്തകൻ ഡോ. ജോൺസൺ അഭിപ്രായപ്പെടുന്നു. “ശ്രോത ഭാഷയിൽ ഉൾച്ചേർന്നിരിക്കുന്ന ആശയത്തെ ലക്ഷ്യ ഭാഷയിലേയ്ക്ക് പകർന്നെടുക്കുന്ന പ്രക്രിയയാണ് തർജ്ജിമ” എന്ന് ഈ രംഗത്ത് കേരളത്തിൽ ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുള്ള പ്രബോധചന്ദ്രൻ അഭിപ്രായപ്പെടുന്നു. എല്ലാ നിർവ്വചനങ്ങളും മുന്നോട്ടു വയ്ക്കുന്ന ഒറ്റക്കാര്യമാണ്. ആശയമാണ് മൊഴി മാറ്റുന്നത്. വാക്കുകളല്ല.
പരിഭാഷകനു വേണ്ട ഗുണങ്ങൾ
സാഹിത്യ ബോധവും, ശ്രോത ഭാഷയിലും, ലക്ഷ്യ ഭാഷയിലും ഉള്ള സാമാന്യജ്ഞാനവും പരിഭാഷകന് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. കൂടാതെ രണ്ടു ഭാഷയിലുമുള്ള ശൈലികൾ, പഴഞ്ചൊല്ലുകൾ, ഇരു ഭാഷകളുടേയും സാംസ്കാരിക പശ്ചാത്തലം, അവയുടെ സവിശേഷതകൾ എന്നിവയിലും ഏകദേശ ധാരണ ഉണ്ടായിരിക്കേണ്ടതും അനിവാര്യമാണ്. തികവൊത്ത ഒരാസ്വാദകൻ കൂടി ആയിരിക്കണം അയാൾ. ഇതൊന്നും കൂടാതെ ഹൃദയത്തിന്റെ ഭാഷ കൂടി അയാൾ അറിഞ്ഞിരിക്കേണ്ടതാണ്. (ഉപശീർഷക പരിഭാഷ ഗൗരവമാർന്ന ഒരു കലാപ്രവർത്തനമാണെന്ന് കരുതുന്ന വിവർത്തകരുടെ കാര്യമാണ് വിവക്ഷിക്കുന്നത്)
വാക്കോ – ആശയമോ?
പരിഭാഷയെന്നാൽ ശ്രോത ഭാഷയിലെ വാക്കുകൾ ലക്ഷ്യ ഭാഷയിലേയ്ക്ക് അതേ പോലെ പരിവർത്തിപ്പിക്കുന്നതല്ല. ഒരു വാചകത്തിനകത്ത് അന്തർലീനമായി നില നിലകൊള്ളുന്ന ആശയമാണ് ലക്ഷ്യഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തേണ്ടത്. (ചില സന്ദർഭങ്ങളിൽ പദാനുപദ തർജ്ജിമ അനിവാര്യമായേക്കാം, പ്രത്യേകിച്ച് ശാസ്ത്ര വിഷയങ്ങളും മറ്റും പരിഭാഷപ്പെടുത്തുമ്പോൾ. ആ സന്ദർഭത്തിൽ അത്തരം പരിഭാഷ തന്നെയാണ് ഉചിതം) ശ്രോത ഭാഷയിലെ ഉപശീർഷകത്തിലെ ആശയം സംക്ഷിപ്തമാക്കി ലക്ഷ്യഭാഷയിലൂടെ അവതരിപ്പിക്കാൻ ഉപശീർഷക പരിഭാഷകൻ പ്രത്യേക ശ്രദ്ധ നൽകണം. പദങ്ങളുടെ തെരഞ്ഞെടുപ്പ്, വാക്യഘടന, ഭാഷയിലെ ലാളിത്യം, ഇതെല്ലാം പ്രയോഗിക്കുമ്പോൾ പുലർത്തുന്ന ഔചിത്യം എന്നിവയൊക്കെ പരിഭാഷയുടെ ഗുണത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. പരിഭാഷകന് ഔചിത്യം നഷ്ടമാവുമ്പോൾ സംഭവിക്കുന്ന പരിഭാഷാവൈകല്യത്തെ ഉദാഹരിക്കാൻ സാഹിത്യ ചരിത്രത്തിലെ ഒരു സംഭവം പരിഭാഷാ സാഹിത്യ ചർച്ചകളിൽ നിരന്തരം ഉദ്ധരിക്കപ്പെടാറുണ്ട്. അതിതാണ്;
ഷേക്സ്പിയറുടെ “ഒഥല്ലോ” എന്ന നാടകം ആദ്യമായി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത് സഞ്ജയനാണ് (Mr. നായർ ) അതിൽ ഒരിടത്ത് “Vertue a Fig” എന്ന ഷേക്സ്പിയർ ശൈലിക്ക് സഞ്ജയൻ നൽകിയ പരിഭാഷ”സന്മാർഗ്ഗനിഷ്ഠ! തേങ്ങാക്കൊല” എന്നാണ്. വിവർത്തനം വായിച്ച സരസനായ ഒരു വായനക്കാരൻ പ്രസ്തുത ഭാഗം വരുന്ന പേജിന്റെ മാർജിനിൽ ഇപ്രകാരം എഴുതിയത്രേ: “എടോ, സഞ്ജയാ, വെനീസിൽ എവിടെയാണ് തോങ്ങാക്കൊല ? മണ്ണാങ്കട്ട എന്നെഴുതടോ. എത്ര ഉചിതവും അർത്ഥപൂർണ്ണവുമായ നിർദ്ദേശം!
മെറ്റൊരു ഉദാഹരണം തകഴിയുടെ “ചെമ്മീൻ” എന്ന കൃതിയുടെ ഇംഗ്ലീഷ് തർജ്ജിമയുമായി ബന്ധപ്പെട്ടതാണ്. പദാനുപദ തർജ്ജിമയുടെ അപകടത്തെ ഉദാഹരിക്കാൻ ഉദ്ധരിക്കുന്നതാണിത്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്ന V.K.നാരായണമേനോൻ എന്ന മലയാളിയാണ് ചെമ്മീൻ ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. അതിൽ കറുത്തമ്മ എന്ന പേരിന് “Black Mother” എന്നും, തങ്കക്കുടമേ എന്ന സ്നേഹമസൃണമായി വിളിക്കുന്നതിനെ “Golden Pot”എന്നുമാണ് അദ്ദേഹം ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റിയത്. പദാനുപദ തർജ്ജിമ എത്രത്തോളം അരോചകമാണെന്ന് നോക്കൂ. ആ രണ്ടു പദങ്ങളിലും അന്തർലീനമായി കിടക്കുന്ന വൈകാരിക ഭാവം അനുവാചകനിലേയ്ക്ക് പകർന്നു നൽകാൻ ഉപയുക്തമായ ഇംഗ്ലീഷ് പദം/ വിശേഷണം കണ്ടെത്താൻ ശ്രമിക്കാത്തതിന്റെ പ്രശ്നം എത്ര ആഴത്തിലുള്ളതാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ശ്രോത ഭാഷയിലെ വാക്യം രൂപപ്പെടുത്താൻ വിന്യസിച്ചിരിക്കുന്ന വാക്കുകൾ ഓരോന്നായി ലക്ഷ്യ ഭാഷയിലേയ്ക്ക് പരിഭാഷപ്പെടുത്തിയാൽ പ്രസ്തുത വാക്യത്തിൽ അടങ്ങിയിരക്കുന്ന ആശയം വായനക്കാരന് മനസ്സിലായികൊള്ളണമെന്നില്ല. വാക്യത്തിൽ അടങ്ങിയിരിക്കുന്ന വാക്കുകൾക്ക് പലപ്പോഴും തനതായൊരു അസ്ഥിത്വമില്ല. അനവധി വാക്കുകളുടെ കൂടിച്ചേരലുകളിലൂടെ രൂപപ്പെടുന്ന ആശയത്തിന്റെ സമഗ്രതയിലാണ് അതിന്റെ നിലനിൽപ്പ്. വാക്കിന്റെ ധർമ്മം ആശയം രൂപപ്പെടുത്തുക എന്നതാണല്ലോ. പരിഭാഷ സാധാരണയായി മൂന്നായി വർഗ്ഗീകരിക്കാറുണ്ട്. അതിങ്ങനെയാണ്.
1) പദാനുപദ തർജ്ജിമ
2) ആശയപരിഭാഷ
3) പുനഃസൃഷ്ടി
ചെറുതായൊന്ന് ഉദാഹരിക്കാം.ഉദാഹരിക്കാം:
1)
“I am leaving”എന്നതിന് ഞാൻ പോകുന്നു എന്ന് മൊഴിമാറ്റം നടത്തിയാൽ അത് പദാനുപദ തർജ്ജിമയാണ്. ശരി, പോകട്ടെ എന്നാണ് പരിഭാഷപ്പെടുത്തുന്നതെങ്കിൽ ആശയപരിഭാഷയാണ്. മലയാള ഭാഷയിൽ നമ്മൾ സാധാരണ പറയുക അങ്ങനെയല്ലേ.
സ്വാഭാവികമായി അനുവാചകന് ഇവിടെ ഒരു സന്ദേഹം വരാം.”ശരി” എന്നത് ചേർത്തതും ഞാൻ എന്നത് ഒഴിവാക്കിയതും എന്തിനാണ്? ശ്രോത ഭാഷയിൽ അങ്ങിനെയല്ലല്ലോ. ശരി തന്നെ. ആശയപരിഭാഷയിൽ ശ്രോത ഭാഷയിലെ ആശയത്തെ ഹനിക്കാത്തതും, എന്നാൽ അതിനെ പൊലിപ്പിച്ചെടുക്കുന്നതുമായ ഇത്തരം ചില കൂട്ടിചേർക്കലോ, വെട്ടിമാറ്റലോ ആവാം. “എന്നാൽ ഞാൻ ഇറങ്ങുന്നു”, എന്നോ “എന്നാ ശരി” എന്നോ പരിഭാഷ മാറ്റിയാൽ പുനഃസൃഷ്ടിയുടെ തലത്തിലേയ്ക്ക് പരിഭാഷ ഉയരും. I am leaving എന്ന വാചകത്തിലെ ഒരു വാക്കിന്റേയും പരിഭാഷയല്ലിത്. എന്നാൽ ലക്ഷ്യ ഭാഷയിൽ മറ്റു ചില വാക്കുകൾ ചേർത്ത് പ്രസ്തുത ഇംഗ്ലീഷ് വാചകം മുന്നോട്ടുവയ്ക്കുന്ന ആശയത്തെ കുറേക്കൂടി സ്വാഭാവികതയോടെ അനുവാചകരിലേയ്ക്ക് പകർത്താൻ ശ്രമിച്ചിരിക്കുകയാണിവിടെ. ഇത്തരം വൈദഗ്ദ്ധ്യത്തോടെയുള്ള പുനഃസൃഷ്ടി പരിഭാഷയുടെ സ്വാഭാവികത വർദ്ധിപ്പിക്കാനും പരിഭാഷ മികച്ചതാക്കാനും സഹായിക്കും. സിനിമയിലെ കഥാസന്ദർഭം, കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം, ആര് ആരോട് പറയുന്നു, സമാനമായ മറ്റു കാര്യങ്ങൾ എന്നിവയൊക്കെ പുനഃസൃഷ്ടിയുടെ വേളയിൽ പരിഗണിക്കണം. തന്നിഷ്ടപ്രകാരം തോന്നിയത് എഴുതിവയ്ക്കാനുള്ള ലൈസൻസല്ല പുന:സൃഷ്ടി എന്നതു കൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന് പരിഭാഷകൻ ഓർക്കണം. പരിഭാഷയുടെ കാര്യവും തഥൈവ.
ചലച്ചിത്ര ഉപശീർഷകം പരിഭാഷ ചെയ്യാൻ ഇരിക്കുന്നതിന് മുൻപ് സിനിമ പൂർണ്ണമായി ഒന്നോ, രണ്ടോ വട്ടം ശ്രദ്ധിച്ച് കാണുക. ശേഷം ജോലി തുടങ്ങുക. വിവർത്തനം ചെയ്യുമ്പോൾത്തന്നെ സംശയം വരുന്ന കഥാസന്ദർഭം ഒന്നുകൂടി പരിശോധിച്ച് ഉറപ്പ് വരുത്തുക. ചില സോഫ്റ്റ് വെയറുകൾ സിനിമ കണ്ടു കൊണ്ടു തന്നെ പരിഭാഷ ചെയ്യാൻ സാങ്കേതിക സൗകര്യം നൽകുന്നുണ്ട്. (Subtitle Edit, Easy Subtitle (മൊബൈൽ ആപ്), Aegisub Advanced Subtitle Editor Etc… ) അത് ഏറെ സൗകര്യപ്രദമാണ്. ഉപശീർഷക പരിഭാഷ എന്നത് മലയാളത്തിലെ പുതിയൊരു സാഹിത്യരൂപമാണ്. സിനിമ പൂർണ്ണാർത്ഥത്തിൽ ആ സ്വദിക്കാൻ പരിഭാഷ പ്രേക്ഷകനെ സഹായിക്കുന്നു എന്ന ധർമ്മത്തിനപ്പുറം പരോക്ഷമായ മറ്റൊരുമാനം കൂടി അതിനുണ്ട്. വായന തിരിച്ചുപിടിക്കാൻ മനുഷ്യനെ അത് പ്രാപ്തനാക്കുന്നുണ്ട് എന്നതാണത്. (ഒരു സിനിമ കാണുമ്പോൾ പ്രേക്ഷൻ ഏറ്റവും ചുരുങ്ങിയത് ആയിരം വരികളെങ്കിലും വായിച്ചു തീർക്കുന്നുണ്ട്.) അതിനാൽ ഭാഷാശുദ്ധി അനിവാര്യമാണ്. സിനിമയിലെ കഥാപാത്രങ്ങൾ ഉച്ഛരിക്കുന്ന വാക്കുൾ പ്രേക്ഷകന് ഉൾക്കൊള്ളാൻ കഴിയുന്ന ഭാഷയിൽ തയ്യാറാക്കുന്നതാണല്ലോ ഉപശീർഷക പരിഭാഷ. കഥാപാത്രങ്ങൾ ഉച്ഛരിക്കുന്നു വാക്കുകളുടെ വരമൊഴി രൂപമാണ് സബ്ടൈറ്റിലുകൾ. വാർത്താ ചിത്രങ്ങളിൽ ദൃശ്യങ്ങളുടെ വിശദീകരണ/വിവരണ കുറിപ്പായും അതിന് നിലനിൽപ്പുണ്ട്. എപ്രകാരമായാലും സിനിമയെ/ദൃശ്യത്തെ ഒഴിവാക്കി തനതായൊരു അസ്ഥിത്വം അതിനില്ല. ദൃശ്യത്തെ പിൻപറ്റിതന്നെയാണ് അതിന്റെ നിലനിൽപ്പ്.
സിനിമയിൽ ശബ്ദമിശ്രണം സാധ്യമായതിനു ശേഷമാണ് ദൃശ്യഭാഷ എന്ന നിലയ്ക്ക് അതിനുണ്ടായിരുന്ന ആഗോള സ്ഥാനം നഷ്ടമാവുന്നത്. സിനിമ ഇന്ന് കണ്ണിന്റെ മാത്രമല്ല, കാതിന്റെ കൂടി കലയാണ്. ശബ്ദസന്നിവേശം സാധ്യമായതോടെ സിനിമ അനവധി ഭാഷകളുടെ ചെറു ഖണ്ഡങ്ങളായി വിഭജിക്കപ്പെടുകയും ചലച്ചിത്രാസ്വാദനത്തിന് പ്രേക്ഷകനെ സംബസിച്ച് ഭാഷ ഒരു തടസ്സമായി മാറുകയും ചെയ്തു. ഈ പരിമിതിയെ മറികടക്കാനാണ് ആഗോള ഭാഷയായ ഇംഗ്ലീഷിൽ സബ്ടൈറ്റിലുൾ ചലച്ചിത്രങ്ങളിൽ ഉൾക്കൊള്ളിച്ചുതുടങ്ങിയത്. എന്നാൽ പ്രശ്നം അവിടെ അവസാനിക്കുന്നില്ല. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമില്ലാത്ത വലിയൊരു പ്രേക്ഷക സമൂഹം ഭൂമുഖത്തുണ്ട്. ഇംഗ്ലീഷ് അറിയുന്നവർക്കു തന്നെ ദൃശ്യത്തേയും, ഇംഗ്ലീഷ് ഉപശീർഷകങ്ങളേയും ഒരേ സമയം പിന്തുടർന്ന് അർത്ഥം സമഗ്രമായി ഗ്രഹിച്ചെടുത്ത് ചലച്ചിത്രം ആസ്വദിക്കുക എന്നത് അൽപ്പം ക്ലേശകരമാണ്. ഇംഗ്ലീഷ് ശൈലികളും, പഴഞ്ചൊല്ലുകളും സവിശേഷ ഭാഷാപ്രയോഗങ്ങളുമൊക്കെ കീറാമുട്ടികളായി പ്രതിബന്ധം തീർക്കുമ്പോൾ പ്രത്യേകിച്ചും. ഏകദേശ ആസ്വാദനം മാത്രമേ സാധ്യമാവൂ എന്നതാണ് യഥാർത്ഥ്യം. ഈ പരിമിതികളെയെല്ലാം മറികടന്ന് പ്രേക്ഷകന് ചലച്ചിത്രം സമഗ്രമായി ആസ്വദിക്കാൻ ഉപശീർഷക പരിഭാഷ സഹായിക്കുന്നു. കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതിക വിദ്യയും, യുണീക്കോഡ് ഫോണ്ടുകളുടെ പരിഷ്കരണവും വ്യാപനവും യാഥാർത്ഥ്യമായതോടെ (ഹുസൈൻ മാസ്റ്റർക്കും, സന്തോഷ് തോട്ടിങ്ങലിനുമൊക്കെ നന്ദി) പ്രാദേശിക ഭാഷയാലുള്ള ചലച്ചിത്ര ഉപശീർഷകങ്ങൾ എന്ന സ്വപ്നം യാഥാർത്ഥ്യമായി.
ഇംഗ്ലീഷ് ഉപശീർഷകങ്ങളാണ് നാം സാധാരണ മലയാളം പരിഭാഷയ്ക്കായി ആധാരമാക്കുന്നത്. അതാവട്ടെ ഒന്നുകിൽസിനിമ നിർമ്മിക്കുമ്പോൾ തയ്യാറാക്കിയത്. അല്ലെങ്കിൽ പിന്നീട് സ്വതന്ത്ര പരിഭാഷകർ തയ്യാറാക്കിയത്. ആദ്യ വിഭാഗത്തിലെ ഉപശീർഷകങ്ങൾ 99% വും കൃത്യത ഉള്ളതായിരിക്കും. കാരണം ചലച്ചിത്ര സൃഷ്ടാവിന്റെ മേൽനോട്ടവും, സ്ഥിരീകരണവും അതിനുണ്ടായിരിക്കുമല്ലോ? മാത്രവുമല്ല ഈ രംഗത്തെ വിദഗ്ദ്ധരായിരിക്കും അത് തയ്യാറാക്കിയിരിക്കുക. എന്നാൽ സ്വതന്ത്ര പരിഭാഷയ്ക്ക് ഈ ഗുണം ഉണ്ടായിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ച് ഇംഗ്ലീഷ് ഒഴികെയുള്ള ഭാഷാ ചിത്രങ്ങളുടെ ഉപശീർഷകങ്ങൾക്ക്. ഒട്ടും പ്രതിഫലേച്ഛയില്ലാതെ ഒറ്റപ്പെട്ട വ്യക്തികൾ ചെയ്യുന്നതാകയാൽ പല ഉദാസീനതകളും പരിഭാഷയിലുണ്ടാവാൻ സാധ്യതയുണ്ട്. പരിഭാഷയിൽ സാധാരണ ഉണ്ടാവാൻ സാധ്യതയുള്ള “ആശയചോരണം” എന്ന പ്രശ്നം എത്രത്തോളമാണ് നാം വിവർത്തനത്തിനായി തെരഞ്ഞെടുക്കുന്ന സബ്ടൈറ്റിലിന് എന്ന് വിലയിരുത്തേണ്ടതുണ്ട്. ലഭ്യമായതിൽ ഏറ്റവും മികച്ചത് പരിഭാഷയ്ക്കായി തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. സാഹിത്യ പരിഭാഷയുടെ പൊതു തത്വങ്ങൾ തന്നെയാണ് ഉപശീർഷക പരിഭാഷയ്ക്കും ബാധകമെങ്കിലും ഉപശീർഷക പരിഭാഷ സാഹിത്യ പരിഭാഷയിൽ നിന്നും തുലോം വ്യത്യസ്തമാണ്. കാരണം സംഭാഷങ്ങൾ മാത്രമാണ് സബ്ടൈറ്റിലുകൾ. വിവരണാത്മകമായ സാഹിത്യ കൃതികൾ പോലെ സങ്കീർണ്ണമല്ല അത്.സാഹിത്യ കൃതിയുമായി താരതമ്യം ചെയ്യുമ്പോൾ സബ്ടൈറ്റിൽ പരിഭാഷ എളുപ്പമാണ്. സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിന്റെ സാഹിത്യരൂപമാണ് നാം മൊഴി മാറ്റുന്നത്. അതു കൊണ്ടു തന്നെ സംഭാഷണത്തിലെ പരസ്പര ബന്ധം, ഒഴുക്ക്, തുടർച്ച എന്നിവ നിലനിർത്തേണ്ടതുണ്ട്. (ജീവിത്തിൽ അത്തരം സന്ദർഭങ്ങളിൽ നാം എങ്ങിനെയാണ് സംസാരിക്കുക എന്ന് ഒന്നാലോചിക്കുക. ഒരു നിമിഷം കഥാപാത്രങ്ങളായി നിങ്ങൾ സ്വയം മാറുക.) വായനയുടെ ഒരു തലത്തിനപ്പുറം, കാഴ്ചയുടെ വലിയൊരു തലം കൂടി നിലനിൽക്കുന്നുണ്ട്. രണ്ടും ഒരേ സമയം ഗ്രഹിച്ചെടുക്കേണ്ട പ്രേക്ഷകനെ മുന്നിൽ കണ്ടാവണം ചലച്ചിത്ര ഉപശീർഷകങ്ങൾ പരിഭാഷ ചെയ്യേണ്ടത്.
ശ്രോത ഭാഷയിലെ വാചകകങ്ങളുടെ യഥാർത്ഥ അർത്ഥവും, സാരാംശവും, ഭാവവും ഉൾക്കൊണ്ട് വേണം പരിഭാഷ ചെയ്യേണ്ടത്. ലക്ഷ്യ ഭാഷയിൽ അതെത്രത്തോളം കുറഞ്ഞ അക്ഷരങ്ങളിൽ, വാക്കുകളിൽ ലാളിത്യത്തോടെ ഭാഷാശുദ്ധിയോടെ (മലയാളമല്ലേ, എങ്ങനെ വികലമായും എഴുതാം എന്ന ഒരു അബദ്ധ-മിഥ്യാധാരണ നമ്മൾ, മലയാളികളിൽ രൂഢമൂലമാണ്. പ്രത്യേകിച്ച് സൈബർ ലോകത്ത്. അക്ഷരം തെറ്റിലായും, പ്രയോഗ വൈകല്യം ഉണ്ടായാലും എന്താ കാര്യം, മനസ്സിലായാൽ പോരെ എന്ന ഒരു ഉദാസീനത. അങ്ങനെയല്ല. ഭാഷയോട് ഒരു ആദരവ് വച്ചു പുലർത്തേണ്ടത് അനിവാര്യമാണ്. ഈ ആദരവ് നിലനിർത്തിയെങ്കിലേ അടുത്ത തലമുറയ്ക്ക് ഭാഷ അതിന്റെ ശുദ്ധിയോടെ കൈമാറാനാവൂ. പ്രത്യേകിച്ച് ബഹുജന മാധ്യമമായ സിനിമയിൽ അത് ഉപയോഗിക്കുമ്പോൾ) പ്രേക്ഷകന് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വായിച്ചെടുക്കാവുന്ന തരത്തിൽ ഹ്രസ്വവും, ലളിതവുമായി എങ്ങനെ പരിഭാഷ നിർവ്വഹിക്കാം എന്നതാവണം പ്രഥമ പരിഗണന. അതൽപ്പം വെല്ലുവിളി നിറഞ്ഞതാണ്. പരിഭാഷകന്റെ വിരുത് പ്രദർശിപ്പിക്കേണ്ടത് ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിലാണ്. പ്രേക്ഷകന് ദൃശ്യത്തെ ഉൾക്കൊള്ളുന്നതിന് വിഘാതമാവാതെ പെട്ടെന്ന് വായിച്ചെടുക്കാൻ പാകത്തിനുള്ള ഭാഷാലാളിത്യം പരിഭാഷയ്ക്ക് അനിവാര്യമായി വേണ്ടതുണ്ട്. ചലച്ചിത്ര ഉപശീർഷക നിർമ്മിതിയിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണത്. (2-3 മുതൽ പരമാവധി 7-8 സെക്കന്റാണ് പ്രേക്ഷകന് ഉപശീർഷകം വായിക്കാൻ ലഭിക്കു സമയം) ഉദാ: “അവൻ വന്നിട്ടുണ്ടായിരുന്നു” എന്ന വാചകം”അവൻ വന്നിരുന്നു” എന്ന് ഹ്ര്വസ്വമാക്കിയാൽ മൂന്നക്ഷരവും, അനുബന്ധ ചിഹ്നങ്ങളും ഒഴിവാകും എന്നു മാത്രമല്ല, ആശയത്തിന് ച്യുതി സംഭവിക്കുന്നുമില്ല. അവധാനതയോടെയുള്ള ഇത്തരം പൊടിക്കൈകൾ കൊണ്ട് വാചകങ്ങൾ ഹ്രസ്വമാക്കുകയും, പരിഭാഷ മെച്ചപ്പെടുത്തുകയും, പ്രേക്ഷകന്റെ വായന ആയാസരഹിതമാക്കുകയും ചെയ്യാം. ശ്രോത ഭാഷയിലെ ആശയം ലക്ഷ്യം ഭാഷയിൽ ആറ്റികുറുക്കി ഒറ്റ വരിയിൽ പരിഭാഷപ്പെടുത്താൻ കഴിഞ്ഞാൽ ഏറ്റവും നല്ലത്. (ശ്രോത ഭാഷയിലെ വാചകം ലക്ഷ്യഭാഷയിലേയ്ക്ക് വിവർത്തനം ചെയ്യുമ്പോൾ 30% അക്ഷരങ്ങൾ കുറവ് വരണം എന്നൊരു തത്വമുണ്ട്.) പുതിയ പല ചിത്രങ്ങളും സംഭാഷണ പ്രധാനമായതിനാൽ പലപ്പോഴും അത് അത്ര ലളിതമല്ല. എന്നാൽ ആവാത്തതുമല്ല. (വിവർത്തന പ്രക്രിയയോട് വിവർത്തകനുള്ള സമർപ്പണത്തെ, കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കി നിലകൊള്ളുന്ന കാര്യമാണത്.) അനിവാര്യമെങ്കിൽ രണ്ടുവരിയാക്കാവുന്നതാണ്. അതിൽ കൂടുതൽ ആവുമ്പോൾ പ്രേക്ഷകനെ സംബന്ധിച്ച് വായന വലിയ വെല്ലുവിളിയാവും. ഉപശീർഷകങ്ങൾ രണ്ടുവരിയായാൽ മുകളിലെ വരി ചെറുതും, കീഴെ വരുന്നത് വലുതും എന്ന രീതിയിൽ ക്രമീകരിക്കുന്നതാണ് വായനയ്ക്കും കാഴ്ചയ്ക്കും നല്ലത്.
2)
ഫ്രെയിമിന്റെ പന്ത്രണ്ടിൽ ഒരു ഭാഗത്ത് കീഴെയാണ് സബ്ടൈറ്റിൽ ക്രമീകരിക്കുക എന്നതാണ് സാധാരണ പരക്കെ അംഗീകരിക്കപ്പെട്ട രീതി. (എന്നാൽ ജപ്പാനിൽ ഫ്രെയിമിന്റെ വശങ്ങളിൽ കഥാപാത്രങ്ങളുടെ സ്ഥാനങ്ങളിലാണ് ഇവ ക്രമീകരിക്കുന്നത് ) ഒരു സമയം പ്രത്യക്ഷപ്പെടുന്ന സബ്ടൈറ്റിലുകളിൽ 35 അക്ഷരങ്ങളിൽ കൂടരുത്. ആയാസരഹിതമായി ഒരു വരി പ്രേക്ഷകന് വായിച്ചെടുക്കാൻ (35 അക്ഷരങ്ങൾ ) 3 സെക്കന്റ് നേരം ആവശ്യമാണത്രേ. രണ്ട് വരിവായിച്ചെടുക്കാൻ 5 സെക്കന്റും, 150-180 വാക്ക് വായിച്ചെടുക്കാൻ ഒരു മിനിറ്റും എന്നാണ് കണക്ക്. മറ്റൊരാളുടെ വാക്കുകൾ ഉദ്ധരിക്കുമ്പോൾ ഉദ്ധരണ ചിഹ്നം ഇടേണ്ടതുണ്ട്. കഥാപാത്രത്തിന്റെ സംഭാഷണം നീണ്ട ഒരു ഷോട്ടിലോ, റ്റൊരു ഷോട്ടിലേയ്ക്ക് നീളുകയോ ചെയ്യുന്നുണ്ടെങ്കിൽ ആദ്യ വരി അപൂർണ്ണമായി അവസാനിക്കുന്ന സ്ഥലത്ത് മൂന്ന് ബിന്ദുകൾ ഇട്ട് സംഭാഷണത്തിന്റെ തുടർച്ച സൂചിപ്പിക്കണം. തുടർന്നുള്ള വരിയുടെ തുടക്കത്തിലും മൂന്ന് ബിന്ദുക്കൾ ഉൾപ്പെടുത്തണം. ഉദാ: രാത്രി ബസ്സിറങ്ങി ഞാൻ വീട്ടിലേയ്ക്ക് നടന്നു. വഴിയിലെങ്ങും …
… ആരുമില്ല. ദൂരെ നിന്ന് നായ്ക്കളുടെ …
… ഓരിയിടൽ കേൾക്കാം. രണ്ടു വ്യക്തികൾ തമ്മിലുള്ള സംഭാഷണങ്ങൾ രണ്ടു വരികളായി ക്രമീകരിക്കണം. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളുടെ തുടക്കത്തിൽ ചെറിയ ഒരു വര (ഹൈ ഫൺ) നൽകണം. സംഭാഷണങ്ങൾ രണ്ടു വ്യക്തികളുടേതാണെന്ന് സൂചിപ്പിക്കാനാണ് ഇത്. ഉദാ: – ഇന്ന് എന്താ പരിപാടി?
– ഓ, പ്രത്യേകിച്ച് ഒന്നുമില്ല. സാധാരണ സബ്ടൈറ്റിലുകൾ വെളുപ്പും മഞ്ഞയും നിറത്തിൽ ചെയ്യുന്നതാണ് അംഗീകൃത രീതി. (ചുരുക്കം ചില രാജ്യങ്ങളിൽ മാത്രമാണ് മഞ്ഞ നിറത്തിൽ കണ്ടുവരുന്നത്.) മറുഭാഷാചിത്രങ്ങളുടെ സാംസ്കാരിക ചശ്ചാത്തലം നമ്മുടേതിൽ നിന്നും വിഭിന്നമായതിനാൽ സംഭാഷണങ്ങൾ അതേപടി പരിഭാഷ ചെയ്യുന്നത് അരോചകമാവും. ഇവിടെ ഔചിത്യത്തോടെയും, ഉത്തരവാദിത്വത്തോടെയും സ്വാതന്ത്ര്യമെടുക്കാവുന്നതാണ്. മേൽ രേഖപ്പെടുത്തിയ നിയമങ്ങൾ അലംഘനീയമായ തൊന്നുമല്ല. എന്നിരിക്കിലും ഈ ലക്ഷ്മണരേഖയെക്കുറിച്ച് ഒരു ബോധം ഉള്ളിൽ ഉണ്ടായിരിക്കുന്നത് പരിഭാഷ മെച്ചപ്പെടുത്താൻ സഹായിക്കും. പരിഭാഷാനിയമങ്ങൾ സൗകര്യത്തിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ളതാണ്. സിനിമ സമഗ്രമായി ആസ്വദിക്കാൻ പാകത്തിന് പരിഭാഷ ഗുണപരമായി മെച്ചപ്പെടുമെങ്കിൽ സർഗ്ഗാത്മകമായി അവ ലംഘിക്കാവുന്നതാണ്.
ശൈലികൾ, പ്രയോഗങ്ങൾ
ഉദാ: Gentleman I am leaving എന്ന വാചകത്തിൽ നിന്ന് Gentleman ഒഴിവാക്കി മലയാളീകരിക്കുന്നതാണ് ഭംഗിയും, ഉചിതവും.
കാരണം ശ്രീമാൻ/ശ്രീമതി, ഞാൻ പോകുന്നു എന്ന് നാം പ്രയോഗിക്കാറില്ല. ഞാൻ പോകുന്നു എന്നോ, ശരി ഞാൻ പോട്ടെ എന്നോ ആകാം. നാം സാധാരണ അങ്ങനെയാണല്ലോ പ്രയോഗിക്കാറ്.
She is my heart trobe എന്നതിന്റെ പദാനുപദ തർജ്ജിമ നീ എന്റെ ഹൃദയമിടിപ്പാണെന്നാണല്ലോ? അത് ആംഗലേയ ശൈലിയാണ്. നാം ‘അത്തരം സന്ദർഭങ്ങളിൽ സാധാരണ പ്രയോഗിക്കുക നീ എന്റെ ജീവനാണെനോ, നീ എന്റെ എല്ലാം ആണെന്നോ ഒക്കെ അല്ലേ ? അപ്പോൾ അങ്ങനെയാണ് പരിഭാഷപ്പെടുത്തേണ്ടത്.
മറ്റൊരു ഉദാഹരണം: Dear, You should not be late എന്നതിന് മോളേ, വൈകല്ലേ എന്ന് പരിഭാഷപ്പെടുത്തിയാൽ അതിലെ വൈകാരികാംശത്തിനോ, വാത്സല്യത്തിനോ കുറവ് വരില്ലെന്ന് മാത്രമല്ല, ഹ്രസ്വമാവുകയും ചെയ്യും.
ലക്ഷ്യഭാഷയിൽ ഇങ്ങനെ അവധാനതയോടെയുള്ള ഒരു പാട് പൊടിക്കൈകൾ പ്രയോഗിച്ച് പരിഭാഷ മെച്ചപ്പെടുത്താം. വായന ആയാസരഹിതമാക്കുകയുമാവാം. “അവൻ വന്നിട്ടുണ്ടായിരുന്നു “എന്ന വാചകം” അവൻ വന്നിരുന്നു” എന്ന് ഹ്ര്വസ്വമാക്കിയാൽ മൂന്നക്ഷരവും, അനുബന്ധ ചിഹ്നങ്ങളും ഒഴിവാകും എന്നു മാത്രമല്ല, ആശയത്തിന് ച്യുതി സംഭവിക്കുന്നുമില്ല.
Back to SQure എന്നത് ഒരു ഇംഗ്ലീഷ് ശൈലിയാണ്.
പഴയ മട്ടിൽ തന്നെ, അതേ പോലെ തന്നെ എന്നൊക്കെയാണർത്ഥം.
To beat black and blue എന്നത് മറ്റൊരു ശൈലി.
ഈ അടുത്ത് കണ്ട ഒരു സിനിമയിൽ അതിന് നൽകിയിരിക്കുന്ന പരിഭാഷ “അടിച്ച് കറുപ്പും നീലയുമാക്കും” എന്നാണ്. പദാനുപദ വിവർത്തനത്തിന്റെ അപകടത്തിനുദാഹരണമായി ഇതെടുക്കാവുന്നതാണ്. ഒരു പൂശ് വച്ചു തരുമെന്നോ, അടിച്ച് തോലുപൊളിക്കുമെന്നോ, തോലെടുക്കുമെന്നോ ഒക്കെ ആശയപരിഭാഷചെയ്താൽ ഉണ്ടാകുന്ന സുഖവും, ശക്തിയും പദാനുപദ തർജ്ജിമയ്ക്കില്ല. നാം അങ്ങനെയല്ലേ സാധാരണ പ്രയോഗിക്കാറ് ?(black and blue എന്നാൽ നമ്മൾ പറയുന്ന കരുവാളിപ്പാണ് )
Every tom, dick and harry എന്ന ആംഗലേയ ശൈലി എങ്ങനെ മലയാളത്തിലേയ്ക്കാക്കും? അതിനു തുല്യമായത് മലയാളത്തിൽ ഉണ്ടോ എന്ന് പരിശോധിച്ചാൽ ഉണ്ട് എന്നാണ് ഉത്തരം. “ഏത് അണ്ടനും അടകോടനും ” എന്ന മലയാളശൈലി ഇതിന് തുല്യം നിൽക്കുന്നതല്ലേ ? Eight and spot can’t be distinguished എന്നത് ഷേക്സ്പിയർ നാടകത്തിലെ ഒരു പ്രയോഗമാണ്.
“എട്ടും പൊട്ടും തിരിയാത്തത് ” എന്നാണ് മലയാളത്തിൽ അതിന് തുല്യമായ ശൈലി.
ഇത്തരം ആംഗലേയ ശൈലികൾക്കും, പ്രയോഗങ്ങൾക്കും, പഴഞ്ചൊല്ലുകൾക്കും തുല്യമായ മലയാളത്തിലുള്ളത് കണ്ടെത്തുന്നതും ശേഖരിക്കുന്നതും പരിഭാഷ മികച്ചതാക്കാൻ സഹായിക്കും. ചലച്ചിത്ര ഉപശീർഷക പരിഭാഷ വെറും നേരമ്പോക്കായി കാണുന്നവർ ഇതൊന്നും അത്ര ഗൗരവമായി പരിഗണിച്ചുകൊള്ളണമെന്നില്ല. എന്നാൽ സാഹിത്യരചന പോലെ ഇതൊരു സർഗ്ഗാത്മക പ്രവർത്തനമായി പരിഗണിക്കുന്നവർ തീർച്ചയായും ഇത്തരം കാര്യങ്ങളുടെ ഗൗരവം ഉൾക്കൊള്ളും. ഇത്തരം താരതമ്യ പഠനങ്ങൾക്കായി സമയം ചെലവഴിക്കുകയും ചെയ്യും. പലപ്പോഴും ആസ്വാദകരിൽ ചിലർ ഒരു ന്യൂനപക്ഷമാണെങ്കിൽ കൂടി എഴുത്തുകാരനേക്കാൾ ഉന്നതമായ കലാസങ്കൽപ്പവും സർഗ്ഗാത്മകബോധവും, ആസ്വാദനക്ഷമതയും പ്രകടമാക്കുന്ന സാഹചര്യങ്ങൾ കണ്ടു വരുന്നുണ്ട്. അതുകൊണ്ടുതന്നെ ആ ന്യൂനപക്ഷത്തെ മുന്നിൽ കണ്ടു വേണം പരിഭാഷ തയ്യാറാക്കേണ്ടത്. ഭൂരിപക്ഷ, ഉപരിപ്ലവ ആസ്വാദക വൃന്ദത്തിന്റെ മുഖസ്തുതിയിലും, ഹൂ” ”””” റേയ് വിളികളിലും രോമാഞ്ചം കൊണ്ട് സമനില തെറ്റിയാൽ പരിഭാഷനകന് കലാപരമായി മികച്ച വിവർത്തനം തയാറാക്കാൻ കഴിഞ്ഞെന്ന് വരില്ല. അജ്ഞന്റെ അഭിനന്ദനത്തേക്കാൾ വിജ്ഞന്റെ ഭർത്സനമാണ് ഒരു എഴുത്തുകാരനെ/വിവർത്തകനെ ഉന്നതിയിലേയ്ക്ക് നയിക്കുക.
തെറി പ്രയോഗങ്ങൾ
കപട സദാചാരാ ബോധത്തിൽ നിന്ന് കുറേയൊക്കെ മുക്തമായ ജനതയാണ് പാശ്ചാത്യ നാടുകളിൽ. തുറസ്സുകളിലെ സ്ത്രീ പുരുഷ ബന്ധവും, സൗഹൃദവും, ഇടപഴകലുകളും സർവ്വസാധാരണമാണല്ലോ അവിടെ. അതുപോലെ തന്നെയാണ് അതുമായി ബന്ധപ്പെട്ട ഭാഷാപ്രയോഗങ്ങളും. രോഷപ്രകടനം ഭാഷയിലൂടെ ആവുമ്പോൾ അത് തെറിയായി പരിണമിക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ പശ്ചാത്യർ വീടിനകത്തും പുറത്തും ധാരാളം തെറികൾ ഉപയോഗിക്കുന്നത് സാധാരണമാണ്. അത്തരത്തിൽ അവിടങ്ങളിൽ പണ്ഡിതൻ മുതൽ പാമരൻ വരെ നിരന്തരം ഉപയോഗിക്കുന്ന ചില തെറിവാക്കുകളാണ് Fuck, Dick, Shit, Ass, Bull shit എന്നൊക്കെ. അതൊക്കെ മലയാളത്തിലേയ്ക്ക് പദാനുപദ തർജ്ജിമ ചെയ്താൽ സാന്ദർഭികമായി ലഭിക്കേണ്ട ആശയമോ, അർത്ഥമോ ലഭിക്കില്ലെന്ന് മാത്രമല്ല അരോചകമാവുകയും ചെയ്യും. അത്തരം സന്ദർഭങ്ങളിൽ നാം സാധാരണ ഉപയോഗിക്കുന്ന വാക്കുകൾ നാശം, കോപ്പ്, കഷ്ടം തേങ്ങാക്കൊല, മണ്ണാങ്കട്ട, മൈര് എന്നൊക്കെയാണല്ലോ! തർജ്ജിമയിലും അത്തരം വാക്കുകകളിലേതെങ്കിലും ഔചിത്യപൂർവ്വം ഉപയോഗിക്കുന്നതാണ് നല്ലത്.
ബന്ധങ്ങൾ, സംബോധനകൾ
അച്ഛനേയും, അമ്മയേയും, മുത്തച്ഛനേയും, മുത്തശ്ശിയേയും, ചേട്ടനേയും, ചേച്ചിയേയും ഒക്കെ ഇംഗ്ലീഷിൽ നീ എന്നാണ് വിശേഷിപ്പിക്കാറ്. എന്നാൽ വിശേഷിപ്പിക്കുന്നവരുടേയും, വിശേഷിപ്പിക്കപ്പെടുന്നവരുടേയും ഉള്ളിൽ ബന്ധങ്ങളുടെ പരിശുദ്ധിയും വൈകാരികാംശവും അടുപ്പവും തിരിച്ചറിയപ്പെടുകയും, അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത് ഹൃദയത്തിനകത്ത് നടക്കുന്ന ഒരു പ്രക്രിയയാണ്. എന്നാൽ നമ്മുടെ സംസ്കാരത്തിൽ മനസ്സിന്റെ ഉള്ളിൽ അത്തരം പൂരണങ്ങൾ നടക്കുന്നുണ്ടെങ്കിലും പ്രത്യേക വിശേഷണങ്ങളിലൂടെ സൂചിപ്പിക്കുന്നതാണ് പൊതു രീതി. ആര് ആരോട് പറയുന്നു എന്നതിനെ ആശ്രയിച്ച് You എന്നതിന്റെ അർത്ഥത്തിനിവിടെ നീ/നിങ്ങൾ/താങ്കൾ/താൻ/ അങ്ങ് എന്നൊക്കെ വ്യത്യാസം വരാം. അതുപോലെ He അവൻ/അയാൾ/അദ്ദേഹം/അങ്ങേർ/ടിയാൻ എന്നും She അവൾ/അവർ എന്നുമൊക്കെ വ്യത്യാസപ്പെടാം.
ഭാഷാസ്ഥിരത
എല്ലാവർക്കും മനസ്സിലാവുക എന്ന മാനദണ്ഡപ്രകാരം പൊതുവേ മാനകഭാഷ ഉപയോഗിക്കുന്നത് തന്നെയാണ് നല്ലതും, ശരിയും. അരോചകമാകാത്ത തരത്തിൽ ചെറിയ പ്രാദേശികത്വം അനിവാര്യമെങ്കിൽ ഭാഷയിൽ കൊണ്ടു വരാം. അങ്ങനെ ചെയ്യുമ്പോൾ പോലും ഭാഷാ സ്ഥിരത നിലനിർത്തണം. സിനിമയിലെ സന്ദർഭവുമായി അത് ചേർന്നു പോകുന്നുണ്ടോ എന്നും നോക്കണം. രണ്ടു കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണത്തിൽ ഒരേ വ്യക്തിയെ ഒരിടത്ത് നീ എന്നും മറ്റൊരിടത്ത് നിങ്ങൾ എന്നുംവിശേഷിപ്പിക്കരുത്.
ഉദാ: അച്ഛനും, മകളും തമ്മിലിള്ള സംഭാഷണം നോക്കാം.
“മോളേ നിനക്കിന്ന് ക്ലാസ്സില്ലേ?”
“ഉണ്ടച്ഛാ “.
“എന്നിട്ട് നിങ്ങൾ എന്താ പുറപ്പെടാത്തത്?”
(പല പരിഭാഷകളിലും ഈ വൈകല്യം കാണാറുണ്ട് )
അച്ഛൻ മകളോട് സംസാരിക്കുമ്പോൾ നീ എന്ന വിശേഷണമാണ് നമ്മൾ സാധാരണ ഉപയോഗിക്കുക. നിങ്ങൾ എന്ന് അല്ല തന്നെ. ശ്രോത ഭാഷയിൽ You എന്നതിനെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം പരിഗണിക്കാതെ പരിഭാഷപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന അസ്ഥിരതയാണിത്.
പരിമിതമായ ചുറ്റുവട്ടത്തോ, ഗ്രാമത്തിലോ, പട്ടണത്തിലോ മാത്രം പ്രചാരത്തിലുള്ള ഭാഷകളിൽ പരിഭാഷ ചെയ്യുന്നത് ശരിയായ രീതിയല്ല. കാരണം മറ്റൊരു പ്രദേശത്തുള്ള ആൾക്കത് മനസ്സിലായിക്കൊള്ളണമെന്നില്ല. അപ്പോൾ മലയാള സിനിമയിൽ അതുണ്ടല്ലോ എന്ന് മറു ചോദ്യം വരാം. അത് ആവാം. കാരണം ആ സിനിമയുടെ സൃഷ്ടാക്കൾ കഥാസന്ദർഭവും, അതിന്റെ ഭൂമികയും ആവശ്യപ്പെടുന്നതു കൊണ്ട് മാത്രം ചെയ്യുന്നതാണത്. അതുപോലെയല്ലല്ലോ നമ്മുടെ പ്രാദേശികതയുമായി ഒരു ചേർച്ചയുമില്ലാത്ത വിദേശ സിനിമയുടെ കാര്യം. പേരുകൾ, സ്ഥലനാമങ്ങൾ എന്നിവ അതുപോലെ തന്നെ പ്രയോഗിക്കണം. മൊയ്തീൻ മുഹമ്മദാവരുത്. ന്യൂയോർക്ക് ഡൽഹിയുമാവരുത്.
ഒരു ചലച്ചിത്രകാരന്റെ ദീർഘനാളത്തെ ആലോചനകളുടേയും സർഗ്ഗാത്മക നൊമ്പരത്തിന്റേയും ഉപോത്പന്നമാണ് ആറ്റിക്കുറുക്കി തയാറാക്കുന്ന തിരക്കഥ. അതിലെ കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ കഥാസന്ദർഭത്തിന് അനിവാര്യവും, കാര്യമാത്ര പ്രസക്തമായതും മാത്രമാവും. ആ സംഭാഷണങ്ങളാണ് നമ്മൾ പരിഭാഷ ചെയ്യുന്നത്. ദൃശ്യസന്ദർഭവുമായി അതിന് കൃത്യമായ ചേർച്ച ഉണ്ടായിരിക്കും. ആ അവബോധത്തോടെ ആയിരിക്കണം ഓരോ വരിയും പരിഭാഷ ചെയ്യേണ്ടത്. ചലച്ചിത്രകാരന്റെ സൃഷ്ടിയേയും അതിന്റെ സാഹിത്യപാഠത്തേയും ആദരവോടെ സമീപിക്കുന്നതാണ് നല്ല പരിഭാഷകന്റെ ലക്ഷണങ്ങളിൽ പ്രധാനമായതൊന്ന്. വാനരന്റെ കൈയ്യിൽ പുഷ്പഹാരം കിട്ടിയ പോലെ പരിഭാഷ ചെയ്യരുത്. അത് സിനിമയോടും, സംവിധായകനോടും, പ്രേക്ഷകനോടും ചെയ്യുന്ന അക്ഷന്തവ്യമായ നെറികേടാണ്.
ഒരു ഭയങ്കര സംഭവം – ഫഹദ് അബ്ദുൾ മജീദ്
(ജൂൺ 29, 2019 ൽ നടന്ന ഒരു യഥാർത്ഥ സംഭവം)
വെള്ളിയാഴ്ച രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയ്ക്ക് വന്നത് രണ്ടര വയസ്സുള്ള കുഞ്ഞ് മോനെ കാണാമെന്ന് കരുതിയായിരുന്നു. ഉറങ്ങുന്നതിന് മുൻപ് “നാളെ വാവയ്ക്കും വാപ്പിക്കും കൂടി പന്ത് കളിക്കാം” എന്ന് ഞാൻ മോന് വാക്ക് കൊടുക്കുകയും ചെയ്തിരുന്നു.
വാപ്പ ബാത്ത് റൂമിൽ തലചുറ്റി വീണു എന്ന വാർത്ത കേട്ടു കൊണ്ടാണ് ശനിയാഴ്ച രാവിലെ എഴുന്നേറ്റത്. വീട്ടിൽ ഉമ്മയല്ലാതെ ആരുമില്ലാത്തതുകൊണ്ട് ആലപ്പുഴയിലേക്ക് പോകണം. തൊടുപുഴ KSRTC സ്റ്റാൻഡിൽ എത്തിയപ്പോൾ സമയം രാവിലെ 10:30. ആലപ്പുഴയ്ക്ക് ഇനി രണ്ടരയ്ക്കേ ബസ്സുള്ളൂ. വൈക്കം വഴി പോകാമെന്ന് വെച്ചാൽ വൈക്കത്തേയ്ക്ക് ഇനി ഒരു മണിക്കൂർ കഴിഞ്ഞേ ബസ്സുള്ളൂ. കഴിഞ്ഞ തവണ വൈക്കം വഴി പോയപ്പോൾ ഒന്നര മണിക്കൂർ കാത്ത് നിന്നിട്ടാണ് വൈക്കത്ത് നിന്ന് ആലപ്പുഴയ്ക്ക് ബസ്സ് കിട്ടിയത്. അതുകൊണ്ട് നേരെ എറണാകുളത്ത് വന്നിട്ട് അവിടെ നിന്നും ആലപ്പുഴയ്ക്ക് പോകാമെന്ന് ഞാൻ തീരുമാനിച്ചു. അത് പിന്നീട് ഒരു പാരയാകുമെന്ന് ഞാനറിഞ്ഞുരുന്നില്ല.
കഴിഞ്ഞയാഴ്ച ജോലി തിരക്ക് കുറച്ചു കൂടുതലായിരുന്നതിനാൽ പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്ന Money Heist S2 വിന്റെ ഒരു എപ്പിസോഡ് മാത്രമേ എഴുതാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ട് ഈ യാത്രയിൽ ബാക്കി എഴുതാമെന്ന് കരുതി. S2E2 എഴുതി നിർത്തിയിടത്ത് നിന്നും എഴുതി തുടങ്ങി. വോൾവോ ബസ്സിൽ ഒരു വിൻഡോ സീറ്റിൽ ഞാനിരുന്നു. അടുത്തുള്ള സീറ്റ് കാലി. ബസ്സ് ഓടിത്തുടങ്ങി. മൂവാറ്റുപുഴ കഴിഞ്ഞപ്പോൾ ഒരു കോൾ. ഭാര്യയായിരുന്നു വിളിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഓർഡർ ചെയ്ത പോർട്ടബിൾ കബോർഡ് ഇന്ന്(ശനിയാഴ്ച) കൊണ്ടുവരുമെന്ന്. എറണാകുളത്തെ വാടക വീടിന്റെ അഡ്രസ്സ് ആയിരുന്നു കൊടുത്തിരുന്നത് കഴിഞ്ഞ 5 week daysൽ എപ്പോഴെങ്കിലും വരുമെന്നും ഓഫീസിൽ നിന്നും പോയി മേടിച്ച് വീട്ടിൽ വെക്കാം എന്നുമായിരുന്നു എന്റെ കണക്കുകൂട്ടൽ. ഇന്ന് ആണെങ്കിൽ ഞങ്ങൾ അവിടെയില്ല. എങ്കിൽ വീട്ടുടമസ്ഥനായ ബിജു ചേട്ടനെ വിളിച്ച് പറയാമെന്ന് കരുതി, പുള്ളിയെ വിളിച്ചു കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ബസ്സ് ഒരു സ്റ്റോപ്പിൽ നിർത്തി. കണ്ടാൽ നിരുപദ്രവകാരിയെന്ന് തോന്നിക്കുന്ന എട്ടിലോ പത്തിലോ മറ്റോ പഠിക്കുന്ന ഒരു പയ്യൻ ബസ്സിൽ കയറി എന്റെ അടുത്ത് വന്നിരുന്നു. അപ്പോഴും ഞാൻ ഫോണിൽ സംസാരിക്കുകയായിരുന്നു. അവസാനമായി ഞാൻ ഒന്ന് കൂടി ഉറപ്പിക്കാനായി ബിജു ചേട്ടനോട് പറഞ്ഞു “മുകളിൽ ഫ്ലാറ്റ് പൂട്ടിയിരിക്കുകയാണ്. സാധനം വന്നാൽ മേടിച്ച് വെച്ചേക്കണേ. ബിജു ചേട്ടൻ : ശരി.
ഞാൻ കോൾ കട്ട് ചെയ്തു. വീണ്ടും എഴുത്ത് തുടങ്ങി. ആ ഒരു കോൾ പിന്നീട് ഒരു വലിയ പാരയാകുമെന്നും ഞാൻ അറിഞ്ഞിരുന്നില്ല. മണി ഹെയ്സ്റ്റിന്റെ ഉള്ളിൽ ആ ബാങ്കിൽ കയറിയിരുന്ന് സബ്ടൈറ്റിൽ എഴുതിയിരുന്ന ഞാൻ അടുത്തിരുന്ന പയ്യനെ കാര്യമായി ശ്രദ്ധിച്ചില്ല. രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ ആ പയ്യൻ ഇറങ്ങി പോയി. വേറെയൊരാൾ വന്ന് അടുത്തിരുന്നു. ബസ്സ് വീണ്ടും നീങ്ങി തുടങ്ങി. ഞാനിതൊന്നും അറിയാതെ തകർത്ത് എഴുതിക്കൊണ്ടിരിക്കുകയാണ്.
പുത്തൻ കുരിശ് ഒരു സ്റ്റോപ്പിൽ എത്തിയപ്പോൾ വണ്ടി നിന്ന് കുറച്ചു നേരം കഴിഞ്ഞിട്ടും അനങ്ങുന്നില്ല. ഞാൻ മൊബൈലിൽ നിന്നും തല ഉയർത്തി നോക്കി, അല്ല ബ്ലോക്ക് അല്ല പിന്നെയെന്താ ? കുറച്ചു പോലീസുകാർ പോലീസ് സ്റ്റേഷന് മുന്നിൽ വെച്ച് കൈ കാണിച്ച് വണ്ടി നിർത്തിയിരിക്കുകയാണ്. ഞാൻ കരുതി ആരെയെങ്കിലും തിരയാനോ ഏതെങ്കിലും പ്രതിയെ കൊണ്ടുപോകാനോ ആയിരിക്കുമെന്ന്. ഒരു SI കണ്ടക്ടറിനോട് എന്തൊക്കെയോ പറയുന്നുണ്ട്. അകത്തേയ്ക്ക് ചൂണ്ടുന്നതും കണ്ടു. ബസ്സിലെ ആളുകൾ എല്ലാവരും എന്താ കാര്യമെന്ന് അറിയാതെ അന്ധാളിചിരിക്കുകയാണ്. കുറച്ചു കഴിഞ്ഞപ്പോൾ നാല് പൊലീസുകാർ ബസ്സിലേയ്ക്ക് ഓടിക്കയറി. പക്ഷേ പ്രതികളെയൊന്നും കയറ്റിയതുമില്ല. ബസ്സിൽ ഒരു സീറ്റ് പോലും ഒഴിവില്ല. ഇനി ഇവർ യാത്രക്കാരെ ആരെയെങ്കിലും എഴുന്നേല്പിക്കുമോ എന്ന ശങ്കയിലായി ഞാൻ. എല്ലാവരും ബസ്സിന്റെ നടുക്ക് നിന്ന് പിന്നിലെ സീറ്റുകളിൽ കണ്ണ് കൊണ്ട് പരതുകയാണ്. കൃത്യം എന്നെ കണ്ടപ്പോൾ SI പറഞ്ഞു ആളെ കിട്ടി ദേ ഇരിക്കുന്നു. എന്നിട്ട് എന്നോട് എഴുന്നേൽക്കാൻ പറഞ്ഞു. ബസ്സിൽ നിന്നും പുറത്തിറക്കി. വേറെ ആരെയും ഇറക്കിയതുമില്ല. ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. എന്താ കാര്യം സർ? ഞാൻ ചോദിച്ചു.
SI 1 : അതൊക്കെ പറയാം. SI 2 : ഇയാൾ തന്നെയാണോ സർ? SI 3 : അതേന്നേ കണ്ടില്ലേ വെള്ള ഷർട്ട് അവിടെ വേറെ ആരുമില്ലല്ലോ വിൻഡോ സീറ്റിൽ വെള്ള ഷർട്ട്. SI 2 : ശരി…
ഞാൻ : സാറേ, എന്താ കാര്യം? ആൾ മാറിയതായിരിക്കും?
ആളെ കണ്ടാൽ തിരിച്ചറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അയാളെയൊന്ന് വിളിച്ച് എന്നെ കാണിച്ച് നോക്ക് അല്ലെങ്കിൽ എന്റെയൊരു ഫോട്ടോ എടുത്ത് അയച്ചു കൊടുക്ക്. കാര്യങ്ങൾ പെട്ടെന്ന് ക്ലിയർ ആക്കാല്ലോ. SI 2: അതൊക്കെ നമുക്ക് അയക്കാം. ഒരു SI എന്റെ മൊബൈൽ മേടിച്ചു. നിങ്ങൾ ആരെയോ പൂട്ടിയിട്ടിരിക്കുന്നു എന്നൊക്കെ ഫോണിൽ പറയുന്നത് കേട്ടിട്ട്, ഒരാൾ കൺട്രോൾ റൂമിലേക്ക് വിളിച്ച് പറഞ്ഞിട്ട് അവിടെ നിന്നും നിർദ്ദേശം കിട്ടിയിട്ടാണ് ഞങ്ങൾ നിങ്ങളെ പിടിച്ചു നിർത്തിയിരിക്കുന്നത്.
SI 4 : എന്നാപ്പിന്നെ ഇവർ (ബസ്സ്) പൊയ്ക്കോട്ടെ അല്ലേ സാറേ? SI 1 : ആ അവര്‍ പോട്ടെ..
ഞാൻ : അയ്യോ പോകല്ലേ. എനിക്ക് ആലപ്പുഴയ്ക്ക് പോകാനുള്ളതാണ്. ബസ്സിലെ കണ്ടക്ടർ അനുമതിക്കായി ഒരു SI യെ നോക്കി.
SI 3 : എന്നാ നിങ്ങൾ പൊയ്ക്കോ. ഇയാളോട് കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്.
കേട്ടപാടെ ബസ്സ് വിട്ട് പോയി.
രണ്ട് സൈഡിലും ഓരോ SI യും പിന്നിൽ രണ്ട് SI മാരുമായി എന്നെ പുത്തൻ കുരിശ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സ്റ്റേഷനിൽ ചെന്നയുടൻ അവർ എനിക്കൊരു കസേര ചൂണ്ടി കാണിച്ച് അതിൽ ഇരുന്നോളാൻ പറഞ്ഞു. പിന്നെ ഒരായിരം ചോദ്യങ്ങളായിരുന്നു. പേര്? സ്ഥലം? ജോലി? ഭാര്യയുടെ പേര് ? അച്ഛന്റെ പേര്? ജോലി ചെയ്യുന്ന കമ്പനിയുടെ പേര്? അങ്ങനെയങ്ങനെ…
എല്ലാത്തിനും ഞാൻ മണി മണി പോലെ ഉത്തരം പറഞ്ഞു.
സാറേ എന്റെ ഒരു ഫോട്ടോ എടുത്ത് അയക്ക്. അപ്പോൾ എല്ലാം മനസ്സിലാകും
SI എന്നെ എഴുന്നേല്പിച്ച് നിർത്തി ഒരു ഫോട്ടോ എടുത്തു. എങ്ങോട്ടോ അയച്ചുകൊടുത്ത ശേഷം ആരെയോ ഫോൺ വിളിച്ചു
SI 2: ഒരു വെള്ള ഷർട്ട് ഇട്ട താടിയുള്ള ആളാണെന്നോ?
ഞാൻ മനസ്സിൽ ഓ രക്ഷപ്പെട്ടു. എനിക്ക് താടിയില്ലല്ലോ. തൊട്ട് നോക്കി താടിയുണ്ട്. (താടി എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് തീവ്രവാദികളുടെ നീളമുള്ള താടിയായിരുന്നു)
SI 2 : ങാ, ചെറിയ കുറ്റി താടിയല്ലേ…
എന്റെ ഉള്ളൊന്ന് പിടച്ചു. പക്ഷേ ഫോട്ടോ അങ്ങോട്ട് ചെല്ലട്ടേ എല്ലാം ശരിയാകും
SI 2: എത്രയും വേഗം പറയണം. അവരോട് വേഗം നോക്കി പറയാൻ പറ. അറിഞ്ഞാൽ ഉടനെ വിളിക്കണം. SI ഫോൺ വെച്ചു.
പിന്നെയും ചോദ്യങ്ങൾ ?
SI 1 : എവിടുന്നാ കയറിയത് ?
ഞാൻ : തൊടുപുഴ KSRTC സ്റ്റാൻഡിൽ നിന്ന്.
SI 2: എങ്ങോട്ടാടാ മോനേ ഈ രണ്ട് ജോഡി ഡ്രസ്സ് ഒക്കെയായിട്ട് ? (അപ്പോഴേയ്ക്കും രണ്ട് SI മാർ എന്റെ ബാഗ് പരിശോധിച്ചു കഴിഞ്ഞിരുന്നു)
ഞാൻ : ആലപ്പുഴയ്ക്ക്. രാവിലെ ഫാദർ തലചുറ്റിവീണു. വീട്ടിൽ ആൺമക്കൾ ആരുമില്ലാത്തതുകൊണ്ട് ഞാൻ 2 ദിവസം ലീവ് എടുത്ത് വീട്ടിൽ പോയി നിക്കാൻ പോകുവായിരുന്നു.
അതിനിടയിൽ ഫോട്ടോ കണ്ട് അതിന്റെ മറുപടി വന്നു. ഇവൻ തന്നെയാണ് ആള്. അവർ ഉറപ്പിച്ചു പറയുന്നു. അതോടെ എന്റെ അത്ഭുതം ഭയമായി മാറി.
SI 2 : അതിന് നീയെന്തിനാടാ മോനേ എറണാകുളത്തേയ്ക്ക് പോകുന്നത്?
SI 3 : അതേ വൈക്കം വഴി–
ഞാൻ : വൈക്കത്തേയ്ക്ക് വണ്ടി ഇനി ഒരു മണിക്കൂർ കഴിഞ്ഞേ ഉണ്ടായിരുന്നുള്ളൂ എന്ന് പറഞ്ഞു. പിന്നെ കഴിഞ്ഞ തവണ വൈക്കം വഴി പോയപ്പോൾ വൈക്കത്ത് ഒരു 1 മണിക്കൂർ കാത്തിരുന്നിട്ടാണ് ആലപ്പുഴയ്ക്ക് ബസ്സ് കിട്ടിയത്.
SI 4 : ശരി, ഇനി പറ ആരെയോ പൂട്ടിയിട്ടിരിക്കുന്നു എന്ന് താൻ ആർക്കാ മെസ്സേജ് അയച്ചത്?
ഞാൻ : ഇല്ല സാറേ ഞാൻ അങ്ങനെയൊരു മെസ്സേജ് ആർക്കും അയച്ചിട്ടില്ല..
SI 1 : കള്ളം പറയരുത്. ഒന്ന് കൂടി ആലോചിച്ച് നോക്കിക്കേ.
ഞാൻ ശരിക്കും ആലോചിച്ചു. പെട്ടെന്ന് എനിക്ക് ഓർമ്മ വന്നു.
ഒന്ന് രണ്ട് ദിവസം മുമ്പ് കുഞ്ഞു മോൻ ഇബ്ബു ഭാര്യ റംസിയെ ബാത്ത് റൂമിൽ ഇട്ട് പൂട്ടിയത് എനിക്ക് മെസ്സേജ് അയച്ചിരുന്നത് (എന്നെയും അവൻ ഒരിക്കൽ ബാത്ത് റൂമിൽ ഇട്ട് പൂട്ടിയിട്ടുണ്ട്)
ഞാൻ : ങാ സാറേ ഓർമ്മ വന്നു. രണ്ട് മൂന്ന് ദിവസം മുൻപ് ഇബ്ബു എന്റെ ഭാര്യയെ ബാത്ത് റൂമിൽ ഇട്ട് പൂട്ടിയിരുന്നു. അപ്പോൾ എനിക്കൊരു മെസ്സേജ് അയച്ചിരുന്നു. അതായിരിക്കുമോ സാറേ?
SI 2 : ആര് പൂട്ടിയിട്ടെന്ന്?
ഞാൻ : ഇബ്ബു, അതെന്റെ രണ്ടര വയസ്സുള്ള മോനാ സാറേ.
SI 3 : എന്നിട്ട് മെസ്സേജ് അയച്ചിരുന്നോ?
ഞാൻ : കുറച്ചു നേരം കഴിഞ്ഞപ്പോൾ ഭാര്യയുടെ ഫാദർ വന്ന് തുറന്നു. അതുകഴിഞ്ഞ് ഭാര്യ എനിക്ക് മെസ്സേജ് അയച്ചിരുന്നു.
SI 3 : എങ്കിൽ ആ മെസ്സേജ് കാണിക്ക്.
ഞാൻ ഉടൻ തന്നെ മൊബൈൽ തിരിച്ച് വാങ്ങി ഭാര്യയുമായി ചാറ്റ് ചെയ്തതിലും, കുടുംബ ഗ്രൂപ്പിലും എല്ലാം കയറി സെർച്ച് ചെയ്യാൻ തുടങ്ങി.
“പൂട്ടിയിട്ടു” ഇല്ല ഒന്നും കിട്ടിയില്ല.
“പൂട്ടി” അങ്ങനെ ആ മെസ്സേജ് എവിടെയോ കണ്ടു കാണിക്കാൻ നേരം.
SI 4, SI 3 നോട് അല്ല സാറേ ആ മെസ്സേജ് ഇന്ന് ബസ്സിൽ ഇരുന്ന് അയച്ചു എന്നല്ലേ അവർ പറഞ്ഞത്?
SI 3 : അതേ ശരിയാണല്ലോ.
ഞാൻ : ഇല്ല സാറേ. ഞാൻ ഇന്ന് ബസ്സിൽ കയറിയിട്ട് ആർക്കും ഒരു മെസ്സേജും അയച്ചിട്ടില്ല സാറേ. ഞാൻ നെറ്റ് പോലും ഓൺ ചെയ്തിട്ടില്ല.
SI 1 : ആരെയെങ്കിലും ഫോൺ വിളിച്ചിരുന്നോ?
ഞാൻ : ങാ, ഭാര്യയെ വിളിച്ച് ആലപ്പുഴയ്ക്ക് പോകുന്നത് എറണാകുളം വഴിയാണെന്ന് പറഞ്ഞിരുന്നു.
SI 1 : വേറെ ആരെയും വിളിച്ചില്ല..?
ഞാൻ : ഇല്ല (ആ സമയത്ത് ഒരു മിനിറ്റിൽ താഴെയുള്ള ബിജു ചേട്ടനെ വിളിച്ച കോൾ എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല)
SI 1 : താൻ ആരെയോ ഏതോ ഫ്ലാറ്റിൽ പൂട്ടിയിട്ടിരിക്കുകയാണ് ആയുധം വന്നാൽ മേടിച്ച് വെച്ചേക്കണമെന്ന് പറഞ്ഞില്ലേ?
ഞാൻ : ആയുധമോ? (കരിക്ക് : ലോലൻ.jpg)
ഇല്ല സാറേ ആയുധമൊന്നും മേടിച്ച് വെക്കാൻ ആരോടും ഞാൻ പറഞ്ഞിട്ടില്ല.
SI 1 : ഫ്ലാറ്റിൽ ആരെയാ പൂട്ടിയിട്ടിരിക്കുന്നത്?
ഭാഗ്യത്തിന് പെട്ടെന്ന് എനിക്ക് ഓർമ്മ വന്നു. ബിജു ചേട്ടനെ വിളിച്ച കാര്യം.
ഞാൻ സംഭവിച്ച കാര്യങ്ങളെല്ലാം പറഞ്ഞു. ഏറ്റവും അവസാനം ഞാൻ പറഞ്ഞത് “മുകളിൽ ഫ്ളാറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. സാധനം വന്നാൽ മേടിച്ച് വെച്ചേക്കണേ” എന്നായിരുന്നു. ഇനി അത് കേട്ടിട്ട് ആരെങ്കിലും വിളിച്ചു പറഞ്ഞതായിരിക്കും സാറേ?
ഓണറിന്റെ നമ്പർ എടുക്ക്. അവർ ഓണറിന്റെ നമ്പറിൽ വിളിച്ചു..
SI : ഹലോ ബിജു എഡ്വേർഡ് അല്ലേ?
SI: അവിടെ ഫഹദ് അബ്ദുൽ മജീദ് എന്നൊരാൾ താമസിക്കുന്നുണ്ടോ?
SI : അയാൾ ഇന്ന് നിങ്ങളെ വിളിച്ചിരുന്നോ?
SI : അയാൾ എന്താ പറഞ്ഞത്?
SI: കബോർഡ് അല്ലേ? ആളെ നിങ്ങൾക്ക് നന്നായിട്ട് അറിയാമോ, പ്രശ്നക്കാരനൊന്നുമല്ലല്ലോ അല്ലേ? ശരി.
ഫോൺ വെച്ചു.
SI 2 : എന്നാലും ആയുധത്തിന്റെ കാര്യമോ സാറേ? അതിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ.
SI 1: ശരിയാണല്ലോ.
ഞാൻ : സാറേ ആയുധമോ. ഞാൻ “സാധനം” മേടിച്ചു വെച്ചേക്കണം എന്ന് പറഞ്ഞത് റിപ്പോർട്ട് ചെയ്തപ്പോൾ ആയുധമായതായിരിക്കും
SI 4 : താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നമ്പർ?
ഞാൻ : മൊബൈലിൽ നോക്കണം
SI 4 : ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ നമ്പർ നിനക്ക് അറിഞ്ഞു കൂടേടാ മോനേ?
ഞാൻ : ഇല്ല സാറേ. HR ന്റെ നമ്പർ ഉണ്ട്.
എങ്കിൽ അതെടുക്ക്.
നമ്പർ കൊടുത്തു 0484 ൽ തുടങ്ങുന്ന ഒരു ലാൻഡ് ഫോൺ നമ്പർ. ഇത് അടിക്കുന്നുണ്ട് ആരും എടുക്കുന്നില്ലല്ലോ.
ഞാൻ : സാറേ ഇന്ന് ശനിയല്ലേ ഞങ്ങൾക്ക് അവധിയാണ്. അവിടെയാരും കാണില്ല.
ഭാര്യയുടെ നമ്പർ എടുക്ക്. അതിനും ഞാൻ മൊബൈലിൽ നോക്കുന്നു.
SI 4 : അതും നിനക്ക് അറിയില്ലേടാ മോനേ?
ഞാൻ : ഇല്ല സർ, മൊബൈലിൽ ഉണ്ടല്ലോ.
SI 4 നമ്പർ ഡയൽ ചെയ്യുന്നു റിങ് ചെയ്യുന്നു.
ഞാൻ : സാറേ, ഇതൊന്നും പറഞ്ഞ് പേടിപ്പിക്കേണ്ട. വല്ല വെരിഫിക്കേഷനും ആണെന്ന് പറഞ്ഞാൽ മതി.
SI 4 എന്നേയൊന്ന് അടിമുടി നോക്കിയിട്ട്… മ്മ്… എന്ന് നീട്ടിയൊരു മൂളൽ…
ഭാര്യ ഫോൺ എടുത്തു.
SI : ഹലോ റാംസി ഇല്ലിയാസ് അല്ലേ?
ഞാൻ : റാംസിയല്ല സാറേ റംസി.(ഗെയിം ഓഫ് ത്രോൺസിലെ റാംസിയുടെ മുഖം മനസ്സിൽ ഒന്ന് മിന്നി മാഞ്ഞു.)
SI : ഞാൻ പുത്തൻ കുരിശ് പോലീസ് സ്റ്റേഷനിലെ SI ആണ്.
ഈ ഫഹദ് അബ്ദുൽ മജീദ് ആരാ? ഹസ്ബൻഡ് ആണല്ലേ. ഒരു സംശയാസ്പദമായ സാഹചര്യത്തിൽ ആളെ ഞങ്ങൾക്കൊന്ന് ബസ്സിൽ നിന്ന് ഇറക്കി സ്റ്റേഷനിൽ കൊണ്ടു വരേണ്ടി വന്നു.
(അവിടെ നിന്നും കരച്ചിൽ…)
SI ഒന്ന് പരുങ്ങി… ഇന്നാ സംസാരിച്ചോ…
ഞാൻ ഫോൺ വാങ്ങി സംസാരിച്ചു.
കുഴപ്പമൊന്നുമില്ല.. ആരോ ഞാൻ കബോർഡ് മേടിച്ച് വെക്കാൻ പറഞ്ഞത് കേട്ട് തെറ്റിദ്ധരിച്ചതാണ്. ഇപ്പോൾ എല്ലാം ശരിയാകും. പേടിക്കേണ്ട. ഞാൻ സാറിന് കൊടുക്കാം.
ഫോൺ തിരിച്ച് SI യ്ക്ക് കൊടുത്തു.
ഏതാണ്ട് എല്ലാം ക്ലിയർ ആയി എന്ന് കരുതി.
SI 4 : മ്മ്… ബാഗ് എടുത്ത് മടിയിൽ വെച്ചോ.
SI 2 : അല്ല സാറേ അപ്പോൾ ആയുധം വെച്ചിരിക്കുന്ന മുറിയിൽ നിന്ന് തോക്ക് മാറി എടുക്കാൻ പറഞ്ഞതോ?
ഞാൻ : ആയുധമോ? തോക്കോ? (വീണ്ടും കരിക്ക് ലോലൻ.jpg)
SI 2 : അതേ സാറേ അങ്ങനെയല്ലേ കണ്ട്രോൾ റൂമിൽ നിന്നും പറഞ്ഞത്. ആയുധം വെച്ചിരിക്കുന്ന മുറിയിൽ നിന്നും തോക്ക് മാറിയെടുക്കണമെന്നോ. അങ്ങനെ എന്തൊക്കെയോ മെസ്സേജ് അയക്കുന്നത് കണ്ടെന്ന്??
എനിക്ക് മിന്നി തുടങ്ങി… ആയുധം വെച്ചിരിക്കുന്ന മുറി, തോക്ക് മാറിയെടുക്കാൻ…
പക്ഷേ….
SI 1: എവിടെയാ ജോലി ചെയ്യുന്നതെന്നാ പറഞ്ഞേ?
ഞാൻ : മൈക്രോ ഒബ്ജക്ട്സ്, പുല്ലേപ്പടി…
എത്ര കാലമായി?
ഏതാണ്ട് 10 വർഷം.
അവിടെയുള്ള ആരുടെയെങ്കിലും നമ്പർ ?
ഞാൻ : സാറേ എനിക്ക് മനസ്സിലായി ഞാൻ പറയാം.
SI 1 : ടാ മോനേ നീ നമ്പർ പറയടാ.
ഞാൻ : അല്ല, സാറേ എനിക്ക് മനസ്സിലായി എന്താ സംഭവിച്ചതെന്ന്. എനിക്ക് ശരിക്കും മനസ്സിലായി.
SI 1 : കോളീഗിന്റെ നമ്പർ പറയടാ മോനേ…
ഞാൻ ജേസിൽ എന്ന എന്റെ സുഹൃത്തിന്റെ നമ്പർ കൊടുത്തു. പുള്ളി അതും കൊണ്ട് പുറത്തേയ്ക്ക് പോയി.
SI 3 യും ഞാനും മാത്രം അവിടെ ബാക്കിയുള്ളവരൊക്കെ പുറത്തേയ്ക്ക് പോയി.
ഞാൻ : സാറേ, എനിക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി. വിളിച്ചറിയിച്ചത് ഒരു പയ്യൻ അല്ലേ?
SI 3 : അറിയില്ലടാ മോനെ. ഞങ്ങളെ പോലുമല്ല വിളിച്ചത് നേരെ കണ്ട്രോൾ റൂമിലേയ്ക്കാ വിളിച്ചത്.
ഞാൻ സംഭവിച്ചത് പുള്ളിക്ക് വിശദമായി വിവരിച്ചു കൊടുത്തു.
ഞാൻ ബിജു ചേട്ടനെ വിളിച്ചു ഫോൺ വെക്കാറായ സമയാത്തായിരുന്നു ആ പയ്യൻ എന്റെ അടുത്ത് വന്നിരുന്നത്. അപ്പോൾ അവൻ അവസാനം പറഞ്ഞ ” മുകളിൽ ഫ്ലാറ്റ് പൂട്ടിയിരിക്കുകയാണ്. സാധനം വന്നാൽ മേടിച്ചു വെച്ചേക്കണേ എന്നത് മാത്രമാണ് കേട്ടത്.
അതേ… സാറേ ഞാൻ ഈ ഇംഗ്ലീഷ് സിനിമകൾക്കും അന്യ ഭാഷാചിത്രങ്ങൾക്കുമൊക്കെ സബ്ടൈറ്റിൽ എഴുതുന്ന ആളാണ്.
SI 3 : അതെന്തുവാടാ മോനേ?
ഞാൻ : അല്ല സാറേ നമ്മളീ ഇംഗ്ലീഷ് സിനിമയൊക്കെ കാണുമ്പോൾ താഴെ ഇംഗ്ലീഷിൽ എഴുതി വരില്ലേ?
SI 3 : മ്മ്…
ഞാൻ : അത് പക്ഷേ ഇംഗ്ലീഷ് അറിയാവുന്നവർക്കല്ലേ മനസ്സിലാകൂ… ഞങ്ങൾ കുറച്ച് പേരുണ്ട് സാറേ, ഈ ഭാഷ സിനിമാ ആസ്വാദനത്തിന് ഒരു പ്രശ്നമാകാതിരിക്കാൻ അത് മലയാളത്തിൽ എഴുതും അപ്പോൾ സിനിമ കാണുമ്പോൾ താഴെ കൂടി മലയാളത്തിൽ എഴുതി വരും
SI 3 : ഓ.. അപ്പോ കഥയൊക്കെ കൂടുതൽ മനസ്സിലാകും… അല്ലേ…?
ഞാൻ : അതേ… അപ്പോ ഞാൻ ഇങ്ങനെ യാത്ര ചെയ്യുമ്പോൾ സബ്ടൈറ്റിൽ എഴുതാറുണ്ട്. അങ്ങനെ ഞാൻ ഒരു ബാങ്ക് കൊള്ളയുടെ കഥ പറയുന്ന ഒരു സീരീസിന് സബ് എഴുതിക്കൊണ്ടിരിക്കുകയായിരുന്നു.
SI 3: ഹ ഹ ഹ എങ്കിൽ അത് തന്നെയാടാ മോനേ കാര്യം. അതൊക്കെ തന്നെയാ അവരും പറഞ്ഞത്. ആയുധം വെച്ചിരിക്കുന്ന മുറിയെന്നോ തോക്ക് മാറ്റിയെടുക്കണമെന്നോ ഒക്കെ തന്നെയാ പറഞ്ഞത്. അല്ല ഇത് നിങ്ങളെങ്ങനെയാ ബാക്കിയുള്ളവർക്ക് കൊടുക്കുന്നത്?
തീയറ്ററിൽ ഇടാൻ കൊടുക്കുവോ? അതെങ്ങനെയാ?
വീണ്ടും അടുത്ത പണി… (ജഗതി മിന്നാരം.jpg)
തീയറ്ററിൽ ഓടുന്ന സിനിമയ്ക്ക് അനധികൃതമായി സബ് ചെയ്യുന്നതിന് ഉള്ളിൽ തള്ളാനുള്ള നമ്പർ…
ഞാൻ : ഏയ് ഇല്ല സാറേ… ഈ പഴയ ക്ലാസിക്ക് സിനിമകൾ ഇല്ലേ… ഗോഡ്ഫാദർ പോലെയുള്ളത് അതൊക്കെ ഇപ്പോൾ നെറ്റിൽ എല്ലാവർക്കും കിട്ടുമല്ലോ, അതിനൊക്കെ ഞങ്ങൾ സബ് ചെയ്യും. പിന്നെ DVD ഇറങ്ങിയ ശേഷം കുറെ കാലം കഴിഞ്ഞ സിനിമകൾക്ക്. ഇംഗ്ലീഷ് മാത്രമല്ല. ചൈനീസ്, കൊറിയൻ, സ്പാനിഷ്, അങ്ങനെ എല്ലാ അന്യഭാഷകൾക്കും ഞങ്ങൾ സബ് ചെയ്യുന്നുണ്ട്. സാമ്പത്തികമായി ഒന്നും പ്രതീക്ഷിച്ചിട്ടൊന്നുമല്ല സാറേ. ഒരു ഹോബി.
SI 3: ഇതെങ്ങനെ ബാക്കിയുള്ളവർ അറിയും?
ഞാൻ : അതിന് ഞങ്ങൾക്ക് Msone എന്ന ഒരു Facebook Group ഉണ്ട് സാറേ.
ഓ അതിൽ ഇടുമ്പോൾ ബാക്കിയുള്ളവർക്ക് അത് കാണാം അല്ലേ?
ഞാൻ : അതേ.
പുറത്ത് പോയ SI 1 തിരിച്ചെത്തി. SI 3, SI 1 നോട്.
സാറേ ഇപ്പോ എല്ലാം മനസ്സിനായി. ഇവനെ മറ്റേത് എഴുതുന്ന പരിപാടിയുണ്ട്. ഈ സിനിമയുടെ അടിയിൽ ഇങ്ങനെ പറയുന്നതൊക്കെ എഴുതി കാണിക്കല്ലേ. അത്.
ഇവൻ ഇപ്പൊ എഴുതിക്കൊണ്ടിരുന്നത് ഒരു ബാങ്ക് കൊള്ള ചെയ്യുന്ന സീരിയലിന്റെ കഥയാണ്.
ഞാൻ : കഥയല്ല സാറേ സബ്ടൈറ്റിൽ..
SI 3 : ങാ, അത് തന്നെ. അത് കണ്ടിട്ട് ആരോ തെറ്റിദ്ധരിച്ച് കൺട്രോൾ റൂമിൽ വിളിച്ച് പറഞ്ഞതാണ്.
SI 1 : അപ്പോ ആർക്കോ മെസ്സേജ് അയച്ചെന്ന് അവർ പറഞ്ഞതോ?
ഞാൻ : സാറേ, ഞാൻ നെറ്റ് പോലും ഓൺ ആക്കിയിരുന്നില്ല. ഇപ്പോ കാണിച്ചു തരാം.
എന്നിട്ട് എന്റെ ഫോൺ എടുത്ത് മണി ഹേയ്സ്റ്റിന്റെ S02E04 എടുത്ത് കാണിച്ച് കൊടുത്തു. അവർ രണ്ട് പേരും നോക്കി.
SI 1: ഓ അപ്പൊ ഇതാണ് സംഭവം അല്ലേ ഇത് ആർക്കാ അയച്ചുകൊടുക്കുന്നത്?
ഞാൻ : അയ്യോ, സാറേ ഞാൻ ആർക്കും അയച്ചിട്ടില്ല. ഇത് എഴുതി ഞാൻ Msone എന്ന ഗ്രൂപ്പിന് അയക്കും. അവർ അത് നോക്കി, തിരുത്തി പബ്ലിഷ് ചെയ്യും.
SI 1 : അപ്പോൾ മെസ്സേജ് അയച്ചെന്ന് അവർ പറഞ്ഞതോ?
ഞാൻ : എന്റെ സാറേ അത് ആ വിവരമില്ലാത്ത നല്ലവൻ തെറ്റിദ്ധരിച്ചതാണ്.
SI 1 : മ്മ്… എന്നാൽ ഇയാളെ വിട്ടേക്കാം അല്ലേ?
SI 3: അതേ സാറേ. ഇത് ഒന്നുമില്ല. ഇവനൊരു പാവമാ. പൊയ്ക്കോട്ടെ.
SI 1 വീണ്ടും പുറത്തേയ്ക്ക് പോയി.
SI 3 : അല്ലടാ മോനേ നീ ഇപ്പോ എഴുതിയത് എവിടെ? ഞാൻ ഈ പുകിൽ എല്ലാം ഉണ്ടാകാൻ കാരണമായ ഭാഗവും പിന്നെ സബ് എഴുതി നിർത്തിയിരിക്കുന്ന പാതി ഇംഗ്ലീഷും മലയാളവുമായി നിൽക്കുന്ന ഭാഗവുമെല്ലാം SI3 യ്ക്ക് കാണിച്ചു കൊടുത്തു.
SI 3 : എന്നാ ശരിയെടാ മോനേ.. തൊട്ട് അപ്പുറത്താണ് ബസ്സ് സ്റ്റോപ്പ് ഞാൻ കൊണ്ടുപോയി ആക്കണോ?
ഞാൻ : വേണ്ട സാറേ, ഞാൻ പൊയ്ക്കോളാം.(മനസ്സിൽ : എന്റെ പൊന്നോ വേണ്ടായേ ഞാൻ എങ്ങനെയെങ്കിലും പൊയ്ക്കോളാവേ!)
ബാഗുമായി ഞാൻ സ്റ്റേഷനിൽ നിന്നും ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ.
SI 3 : എടാ മോനെ നീ ഇങ്ങനെ ആൾക്കാർക്ക് സംശയം ഉണ്ടാക്കുന്ന പോലെയുള്ള സാധനങ്ങളൊക്കെ എഴുതിയാൽ ഇനിയും പോലീസ് സ്റ്റേഷനിൽ വന്ന് ഇതുപോലെ നിക്കേണ്ടി വരും. അതുകൊണ്ട് ഇനി എഴുതുമ്പോൾ അടുത്ത് ആരെങ്കിലും വന്ന് ഇരുന്നാൽ അവരോടൊന്ന് പറഞ്ഞേക്ക്. ഞാൻ ഇങ്ങനെ സബ്ടൈറ്റിൽ എഴുതുവാണെന്ന്.
കൊണ്ടുപോയി ആക്കണോ… നിന്നെ ഞങ്ങൾ ആ ബസ്സിൽ നിന്നും വിളിച്ച് ഇറക്കുകയും ചെയ്തു… ഇനിയിപ്പോ വേറെയൊരു ബസ്സിൽ കയറി പൊയ്ക്കോളാൻ അല്ലാതെ വേറെയൊന്നും ഞങ്ങൾക്ക് പറയാൻ പറ്റില്ല … എന്നാ ശരി പൊയ്ക്കോ…
SI 1 : വല്ല സ്ഥലത്തും എന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞങ്ങളാ അപ്പോൾ ഉത്തരം പറയേണ്ടത്, എല്ലാ വിവരങ്ങളും വിശദമായി എഴുതിയെടുത്തല്ലോ അല്ലേ.
അവർ ഞാൻ പറഞ്ഞ വിവരങ്ങൾ എല്ലാം വിശദമായി എഴുതി എടുത്തു. എന്നിട്ട് എന്നെ വിട്ടയച്ചു.
പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങി ബസ്സ് സ്റ്റാണ്ടിലേയ്ക്ക് നടക്കുമ്പോൾ ഈ അടുത്ത കാലത്ത് റിയാസ് എന്നയൊരു ഭീകരനെ പിടി കൂടിയതും എറണാകുളത്ത് ഒരു സ്ഫോടന പരമ്പര പ്ലാൻ ചെയ്തിരുന്നതും എല്ലാം എന്റെ മനസ്സിൽക്കൂടി പാഞ്ഞു പോയി.
യഥാർത്ഥത്തിൽ എന്തായിരുന്നു സംഭവിച്ചത്? ആ പയ്യൻ തന്നെയായിരിക്കുമോ കണ്ട്രോൾ റൂമിലേക്ക് വിളിച്ചത് ആകില്ല. രണ്ട് സ്റ്റോപ്പ് കഴിഞ്ഞപ്പോൾ അവൻ ഇറങ്ങി. അതിനിടയിൽ ഞാൻ എഴുതുന്നതിന്റെ ഒന്നോ രണ്ടോ സംഭാഷണങ്ങൾ അവൻ കണ്ടു. നേരത്തെ കേട്ട ഫോൺ സംഭാഷണവും കൂടി അതിനോട് ചേർത്ത് ആലോചിച്ചപ്പോൾ അവൻ ഉറപ്പിച്ചു. ഇവൻ ഭീകരൻ തന്നെ…(പാവം ഞാൻ)
അവൻ സ്റ്റോപ്പിൽ ഇറങ്ങി അവിടെ നിന്ന അച്ഛനോടോ മറ്റോ കാര്യം പറയുന്നു, അയാൾ കണ്ട്രോൾ റൂമിൽ വിളിച്ച് പറയുന്നു, അവർ പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുന്നു. ഇതായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. എന്ന് ഞാൻ ഊഹിക്കുന്നു…
അതിന് ശേഷം ഭാര്യയെ വിളിച്ച് ഞാൻ സ്റ്റേഷനിൽ നിന്നും ഇറങ്ങിയെന്ന് പറഞ്ഞ് കിട്ടിയ ബസ്സിൽ കയറി എറണാകുളത്തേയ്ക്ക് പോയി. ബസ്സിൽ സീറ്റ് കിട്ടി അടുത്ത് ആരും ഇരുന്നില്ല. എന്നിട്ടും ഞാൻ പിന്നെ സബ് എഴുതിയില്ല. (മനസ്സ് വല്ലാതെ പേടിച്ചു പോയി ജഗതി.jpg)
വൈകിങ്സ് മലയാളം സബ് വെച്ച് രണ്ട് എപ്പിസോഡ് കണ്ടു.
ഇത് ശരിക്കും സംഭവിച്ച കാര്യമാണ്. ഒട്ടും വെള്ളം ചേർത്തിട്ടില്ല. ചിലതൊക്കെ വിട്ട് പോയിട്ട് ഉണ്ടെങ്കിലേയുള്ളൂ…
കണ്ട്രോൾ റൂമിലെ കോൾ കിട്ടി, ഒരു ഭീകരനെ കിട്ടി എന്ന് കരുതി അടുത്തുള്ള സ്റ്റേഷനുകളിലെ SI മാരെയെല്ലാം വിളിച്ച് വരുത്തി ബസ്സ് തടഞ്ഞ് എന്നെ ഇറക്കികൊണ്ടുപോയി ചോദ്യം ചെയ്തെങ്കിലും ഒരാൾ പോലും ഒരിക്കൽ പോലും മോശമായി സംസാരിക്കുകയോ എന്റെ ദേഹത്ത് ഒന്ന് തൊടുകയോ പോലും ചെയ്തില്ല എന്നത് പ്രത്യേകം പറയേണ്ട കാര്യമാണ്.
സിനിമ എന്ന പ്രാന്ത് – ജംഷീദ് ആലങ്ങാടൻ
സിനിമ എല്ലാക്കാലത്തും ഒരു ഭ്രാന്തു തന്നെയായിരുന്നു. കാണുന്ന സിനിമകളെല്ലാം തിയേറ്ററിൽത്തന്നെ പോയിക്കാണണം എന്ന നിർബന്ധവും, അത് മമ്മൂക്ക, തല, ഷാരൂഖ് ഇവരുടെ സിനിമകളാണെങ്കിൽ എന്തു തന്നെയായാലും ആദ്യ ദിവസം തന്നെ കാണുന്ന പക്കാ ഒരു സിനിമാ ഭ്രാന്തൻ. പഠനത്തോടൊപ്പം ഉച്ചക്ക് ഓട്ടോ ഓടിക്കുന്ന പരിപാടിയുള്ളത് കൊണ്ട് ഒരു സിനിമയും തിയേറ്ററിൽ നിന്ന് മിസ്സാവാറില്ല. എംസോൺ ഗ്രൂപ്പിലുള്ള പലരെയും പോലെ മലയാളം, ഹിന്ദി, തമിഴ് സിനിമകൾ തന്നെയാണ് ആ ടൈമിൽ ഞാനും കണ്ടിരുന്നത്. ഹോളിവുഡ് സിനിമകൾ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും സാഹചര്യമുണ്ടാവാറില്ല. നാട്ടിൽ വല്ലപ്പോഴും പേൾ ഹാർബർ, സ്പൈഡർമാൻ, ദി മമ്മി പോലെ ലോകം മുഴുവൻ കൊണ്ടാടിയ സിനിമകൾ മാത്രമേ വരൂ. അതും ഒരു നേരം പോക്കായിട്ടെ കാണാറുള്ളൂ.
സൗദിയിലേക്ക് വിമാനം കയറിയതുമുതലാണ് ആസ്വാദനത്തിന്റെ വേറെ ഒരു തലത്തിലേക്ക് എത്തുന്നത്. അതിന് കാരണമായത് എന്നെക്കാൾ സിനിമ ഒരു ആവേശമായി കൊണ്ടുനടക്കുന്ന, എന്നെങ്കിലും സ്വന്തമായി ഒരു ഷോർട്ട് ഫിലിമെങ്കിലും എടുക്കണമെന്ന സ്വപ്നവുമായി നടക്കുന്ന Manu Periya എന്ന ചങ്കും. അവന്റെ കൈയിൽ സിനിമക്ക് വേണ്ടി മാത്രമായി ഒരു ഹാർഡ് ഡിസ്ക് തന്നെ ഉണ്ടെന്നൊക്കെ അറിഞ്ഞപ്പോൾ അന്തം വിട്ടുപോയി. പിന്നെ അവന്റെ കയ്യിൽ നിന്ന് ദിവസവും ഓരോ സിനിമ വച്ച് മൊബൈലിലേക്ക് കയറ്റി, അത് ഇംഗ്ലീഷ് സബ് വച്ച് കണ്ടു തുടങ്ങി. അതിൽ inception മൂവിയുടെ ഫോൾഡറിൽ ഒരുപാട് വീഡിയോ ഫയലുകളും, text ഫയലുകളുമൊക്കെയായി ഒരു പത്തിരുപത് എക്സ്ട്രാ ഫയലുകൾ കണ്ടു, അതെന്താണെന്ന് അന്വേഷിച്ചു, അതെല്ലാം ഈ സിനിമയെക്കുറിച്ചുള്ള പലരുടെയും വ്യത്യസ്ത നിരീക്ഷണങ്ങളാണ് എന്ന് മറുപടി. എന്നാൽ അതൊന്ന് കണ്ടേക്കാം, കണ്ടു നോക്കി. ഒരു വക മനസ്സിലായില്ല. അതങ്ങനെ വിട്ടു. അവൻ വഴി പല സിനിമാ ഗ്രൂപ്പുകളിലും അംഗമായി. വിദേശ സിനിമകളെ കുറിച്ചുള്ള പോസ്റ്റുകൾ കാണുമ്പോൾ അത് ഡൌൺലോഡ് ചെയ്തു ഇംഗ്ലീഷ് സബ് വച്ച് കാണും. ഒരു ദിവസം, മലയാളം സബ് കിട്ടുന്ന ഒരു ഗ്രൂപ്പുണ്ടെന്നും അവനതിൽ ജോയിൻ ചെയ്തെന്നും പറഞ്ഞു. മലയാളം സബ് ഇട്ടു കണ്ടാൽ ഒരു സുഖം കിട്ടുമോ എന്ന് ഡൗട്ട് തോന്നിയെങ്കിലും അവന്റെ ആവേശം കണ്ടപ്പോൾ ഒന്ന് വിസിറ്റ് ചെയ്തുകളയാമെന്ന വിചാരിച്ചു ഗ്രൂപ്പിൽ ജോയിൻ ചെയ്തു.
എംസോണിൽ അംഗമായതിന് ശേഷം ആദ്യം കണ്ണിൽ പെട്ട പോസ്റ്റ് The Martian എന്ന മൂവിയായിരുന്നു. അതാണെങ്കിൽ മുമ്പ് ഇംഗ്ലീഷ് സബ് വച്ച് കണ്ടതും, കാര്യമായിട്ടൊന്നും മനസ്സിലായില്ലെന്നത് വേറെ കാര്യം. Martian ന്റെ ഫയൽ ഡിലീറ്റാക്കിയിരുന്നില്ല. ഒന്നൂടെ കാണണമെന്ന് ആഗ്രഹമുള്ളതുകൊണ്ട് അത് മൊബൈലിൽ തന്നെ സൂക്ഷിച്ചിരുന്നു. മലയാളം സബ്ബ് വെച്ച് ഒന്ന് കാണാം എന്ന ആഗ്രഹത്തിന്റെ പുറത്ത് എംസോണിൽ നിന്നും എന്റെ ആദ്യത്തെ മലയാളം സബ് ഡൌൺലോഡ് ചെയ്തു. അങ്ങനെ ആവേശത്തോടെ കാണാൻ ഇരുന്നപ്പോൾ, ഒരു തരത്തിലും സബ് മൂവിയുമായി യോജിക്കുന്നില്ല. ഉടനെ ചങ്കിന് മെസ്സേജ് ചെയ്തു.നാളെ റൂമിൽ വാ, സ്യൂട്ടാവുന്ന വീഡിയോ ഫയൽ ഡൗൺലോഡ് ചെയ്ത് വെക്കാമെന്ന് അവൻ മറുപടി തന്നു. പിറ്റേ ദിവസം ഡ്യൂട്ടി കഴിഞ്ഞ ഉടനെ അവന്റെ റൂമിൽ പോയി. അവൻ കറക്റ്റ് ഫയൽ തരികയും ചെയ്തു. ഇതെങ്ങനെ കിട്ടി എന്ന് ചോദിച്ചപ്പോഴാണ് അവൻ പറയുന്നത്, നമ്മൾ ഡൌൺലോഡ് ചെയ്ത ഫയലാവില്ല എംസോൺ സബ്ബ് റിലീസ് ചെയ്തിട്ടുണ്ടാവുക. അവിടെ ഏത് ഫയലാണ് അപ്ലോഡ് ചെയ്തിട്ടുള്ളതെന്നറിയാൻ, സബിന്റെ സിപ്പ് ഫയൽ extract ചെയ്ത ശേഷം Rename ഓപ്ഷൻ എടുത്തു അത് കോപ്പി ചെയ്ത് ഗൂഗിളിൽ പേസ്റ്റ് ചെയ്താൽ അതിനു സ്യൂട്ടാവുന്ന ഫയൽ കിട്ടുമെന്നവൻ പറഞ്ഞു. പിന്നെ blueray, brrip, bdrip അങ്ങനെ പല വീഡിയോ ഫോർമാറ്റുകളെക്കുറിച്ചും അതിന്റെ സൈസുകളെ കുറിച്ചും അവയുടെ ക്ലാരിറ്റി വ്യത്യാസത്തെ കുറിച്ചും ഒരു നീണ്ട ക്ലാസ്സ് തന്നെ അവനെടുത്തു. പലതും മനസ്സിലായി, പലതും മനസ്സിലായില്ല. ഏതായാലും അവനിലൂടെ ഞാനെത്തിച്ചേർന്നത് സിനിമയുടെ ഒരു വലിയ ലോകത്തേക്കാണ്. അങ്ങനെ കിട്ടിയ ഫയലുമായി Martian കണ്ടു. മുൻപ് കാഴ്ചയുടെ മാത്രം സുഖം നൽകിയ ആ ചിത്രം മലയാളം സബോടുകൂടി കണ്ടപ്പോൾ കിട്ടിയ ആസ്വാദനം വേറെ ലെവൽ തന്നെയായിരുന്നു. ആ ആവേശത്തിൽ ആ സിനിമക്ക് സബ് ചെയ്ത സുഹൃത്തിന് നന്ദി പറഞ്ഞുകൊണ്ട് ഒരു പോസ്റ്റുമിട്ടു. Fb ഗ്രൂപ്പുകളിൽ ഞാനിട്ട ആദ്യ പോസ്റ്റും അതായിരുന്നു. അത്രക്ക് ത്രില്ലടിച്ചുപോയി. പിന്നെ മറ്റ് സിനിമാ ഗ്രൂപ്പുകളൊക്കെ ഒഴിവാക്കി, ഫേസ്ബുക്ക് തുറന്നാൽ ആദ്യം സെർച്ച് ചെയ്യുന്ന ഗ്രൂപ്പ് എംസോണായി മാറി .
എംസോൺ ഗ്രൂപ്പിൽ സ്ഥിരം വരുന്നത് കൊണ്ട് തന്നെ എന്റെ അറിവുകളും അതുവഴി വർദ്ധിക്കുകയായിരുന്നു. പ്രധാനപെട്ടത്, സബ്ബിന് സ്യൂട്ടായ ഫയൽ എങ്ങനെ കണ്ടെത്താം എന്നതുതന്നെ. അതിന് ഏറ്റവും കൂടുതൽ സഹായമായത് Yoosuf Kochi യുടെ വീഡിയോകളാണ്. പലപ്പോഴും തോന്നിയിട്ടുണ്ട്, ഗ്രൂപ്പിലെ മറ്റുള്ളവരുടെ എംസോണിനോടുള്ള സ്നേഹവും ഇങ്ങേരുടെ സ്നേഹവും തൂക്കിനോക്കിയാൽ ഇങ്ങേരുടെ തട്ട് താണുതന്നെ ഇരിക്കുമെന്ന്. മുൻപ് സബിന്റെ പേര് കോപ്പി ചെയ്ത് ഗൂഗിളിൽ പേസ്റ്റ് ചെയ്ത് അവസാനം ടോറന്റ് എന്ന് ടൈപ് ചെയ്ത് സെർച്ച് ചെയ്യുന്ന പരിപാടിയായൊരുന്നെങ്കിൽ, യൂസുഫ് ബ്രോയുടെ വീഡിയോകൾ കണ്ടതിന് ശേഷമാണ് മനസ്സിലായത്, അത്രക്കൊന്നും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല, ഡിസ്ക്രിപ്ഷനിൽ കൊടുക്കുന്ന ടോറന്റ് ഇൻഫോ കോപ്പി ചെയ്ത് ടോറന്റ് ആപ്പിൽ കൊണ്ടുപോയി മാഗ്നറ്റിക് കോഡിനോടൊപ്പം സെർച്ച് ചെയ്താൽ മതിയെന്ന്.
എംസോണിലെ സിനിമകൾ ഓരോന്നോരോന്നായി കണ്ടു തുടങ്ങിയപ്പോഴാണ് നമ്മുടെ ഇഷ്ട ഭാഷയായ ഹിന്ദി സിനിമക്കും സബ് ലഭ്യമാണെന്ന് കാണുന്നത്. അങ്ങനെ ആദ്യം കാണുന്ന സിനിമയാണ് PK. ഹിന്ദി സിനിമകൾ വളരെ കുറവാണെന്നും പിന്നീട് മനസ്സിലായി. അത് തെല്ലൊരു വിഷമമായെങ്കിലും, വരുന്നത് കാണാം എന്ന് ചിന്തിച്ച് ആ വിഷമമങ്ങ് മായ്ച്ച് കളഞ്ഞു. ഒരുപാട് പ്രാവശ്യം കണ്ട ഹിന്ദി സിനിമയാണ് My name is Khan. അതൊന്നു മലയാളം സബ് വച്ച് കണ്ടാലോ എന്ന ആഗ്രഹവുമായി എംസോണിൽ സെർച്ച് ചെയ്തു. അപ്പോഴാണ് മനസ്സിലായത്, ആ സിനിമക്ക് എംസോണിൽ സബ് ഇല്ലാ എന്ന കാര്യം. എപ്പോഴെങ്കിലും വന്നോളും എന്ന വിശ്വാസത്തിൽ കാത്തിരുന്നു. പിന്നീടങ്ങോട്ട് എംസോണിൽ കയറിയാൽ ആദ്യം സെർച്ച് ചെയ്യുന്നത് My name is Khan ആവും. അത് ഇന്നും വന്നിട്ടില്ല എന്നുറപ്പായ ശേഷമാണ് മറ്റുള്ള സിനിമകളിലേക്ക് തിരിയാറ്.
ഇതേ പോലെ ഒരു ദിവസം My name is Khan സെർച്ച് ചെയ്തപ്പോൾ ആ പടത്തെക്കുറിച്ച് പുതിയൊരു പോസ്റ്റ് കണ്ടത്. Habeeb Rahman എന്ന സുഹൃത്തിന്റെ My name is Khan, Rabne Banadi Jodi, Swades തുടങ്ങിയ സിനിമകളിൽ ഏതാണ് ചെയ്യേണ്ടത് എന്ന് ചോദിച്ചുകൊണ്ടുള്ള പോസ്റ്റായിരുന്നു അത്. ഉടനെ My name is Khan എന്ന് ഞാൻ കമന്റുമിട്ടു. പക്ഷെ ആളുകൾ കൂടുതൽ സ്വദേശിനും റബ്നെ ബനാദിക്കുമായിരുന്നു. അങ്ങനെ ആ മോഹം ഉടനെ നടക്കില്ല എന്ന് മനസ്സിലായി. My name is Khan ആരെങ്കിലും ചെയ്യുമോ എന്ന് ചോദിച്ചു കൊണ്ട് ഗ്രൂപ്പിൽ ഒരു പോസ്റ്റുമിട്ടു. പക്ഷെ അതാണെങ്കിൽ അഡ്മിൻ അപ്പ്രൂവ് ചെയ്തതുമില്ല. ഒടുക്കം ഞാൻ തന്നെയങ്ങു ചെയ്താലോ എന്നൊരാലോചന മനസ്സിൽ വന്നു. ആ ചിന്ത കുറച്ചു കാലം അങ്ങനെ കൊണ്ടുനടന്നു, ഒരു നിമിത്തം പോലെ എന്റെ ഡ്യൂട്ടി നൈറ്റിലേക്ക് ഷിഫ്റ്റ് ചെയ്തു. അതൊരു അഡ്വാന്റെജായി എടുത്ത് മൈ നെയിം ഈസ് ഖാൻ സബ് ചെയ്തു തുടങ്ങാൻ തന്നെ തീരുമാനിച്ചു. എന്നെപോലും അമ്പരപ്പിച്ചുകൊണ്ട് വെറും നാല് ദിവസം കൊണ്ട് ആ പടം ചെയ്ത് തീർത്തു. അന്ന് എംസോണിൽ ഓപ്പൺ ആൽബം എന്നൊരു പരിപാടിയുണ്ടായിരുന്നു. പൂർത്തിയായ സബ് എംസോണിൽ ഒഫീഷ്യലി റിലീസാക്കുന്നതിന് മുൻപ് ആവശ്യമുള്ള അംഗങ്ങൾക്ക് കാണാനും, അഭിപ്രായമറിയിക്കാനും തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാനുമൊക്കെ ഉതകുന്ന ഒരു വേദിയായിരുന്നു അത്. അവിടെ ഈ പടം പൂർത്തിയായി എന്നുപറഞ്ഞു പോസ്റ്റിട്ടു. പ്രതികരണം അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ദിവസവും എത്രയോ പേര് ഇൻബോക്സിൽ വന്ന് ആ സബ് ആവശ്യപ്പെട്ടു. അവർക്കൊക്കെ കൊടുക്കുകയും ചെയ്തു. അങ്ങനെ ആദ്യം കിട്ടിയ അഭിനന്ദനം Hisham Ashraf ബ്രോയുടേതായിരുന്നു. അദ്ദേഹം മുൻപ് സബ് ചെയ്ത് തഴക്കം വന്ന ആളാണെന്ന് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ അടുത്ത് നിന്നും കിട്ടിയ അഭിനന്ദനം, എന്റെ ആദ്യ യത്നം പാഴായിപ്പോയിട്ടില്ല എന്ന ഉറപ്പ് നൽകുന്നതായിരുന്നു.
ആ സബ് വെരിഫൈ ചെയ്തത് Shan Vs ആയിരുന്നു. വലിയ തെറ്റൊന്നും അധികമില്ല. സാധാരണ ഫസ്റ്റ് വർക്കിലൊക്കെ ഒരുപാട് തെറ്റുകൾ കാണാറുണ്ട്. ഇതിലത്രക്കൊന്നുമില്ല എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് എന്നെ വീണ്ടുമൊരു സബ് ചെയ്യാൻ പ്രേരിപ്പിച്ചത്. അങ്ങനെയാണ് Warhorse സബ് ചെയ്യാൻ തുടങ്ങുന്നത്. അത് കുറച്ചു ബുദ്ധിമുട്ടി പൂർത്തിയാക്കാൻ. പലപ്പോഴും അർഥം കിട്ടാതെ സ്റ്റക്കായി നിന്നുപോയിട്ടുണ്ട്. പല തവണ, ഇതെന്നെകൊണ്ട് നടപ്പിലാവുന്ന കേസല്ല എന്നും പറഞ്ഞു ഇട്ടെറിഞ്ഞു പോയതാണ്. പക്ഷെ, വീണ്ടും വീണ്ടും അതിലേക്കു തന്നെ ചിന്ത പോയിക്കൊണ്ടേയിരുന്നു. ആയിടക്കാണ് Nishad JN പരിഭാഷകർക്കുവേണ്ടി ഒരു ഗ്രൂപ്പ് തുടങ്ങിയിട്ടുണ്ടെന്ന് കേട്ടത്. അങ്ങനെ അതിൽ ജോയിൻ ചെയ്തു, അവിടെ നമുക്ക് കിട്ടാത്ത അർത്ഥങ്ങളൊക്കെ മെസേജ് ചെയ്തു. ചെന്നുപെട്ടത് ഒരു സിംഹത്തിന്റെ മടയിലായിരുന്നു എന്നു പറഞ്ഞപോലെ ആ ഗ്രൂപ്പിലൊരു അഡാർ സിംഹമുണ്ടായിരുന്നു. Safeer Shareef. നമ്മളേത് അർഥം ചോദിച്ചാലും അടുത്ത സെക്കന്റിൽ മറുപടി റെഡി. അങ്ങനെ അദ്ദേഹത്തിന്റെ സഹായത്തോടെ Warhorse ന്റെ പണി അതിവേഗം പുരോഗമിച്ചു. ഏകദേശം നാലു മാസത്തോളം പ്രതീക്ഷയും നിരാശയുമൊക്കെ അനുഭവിച്ചു ആ സബ് പൂർത്തിയാക്കി സബ്മിറ്റ് ചെയ്തു. ഇനി ഏതായാലും ഈ പണിക്കില്ല. മറ്റുള്ളവർ ചെയ്യുന്ന സബ്ബും കണ്ട് സ്വസ്ഥമായിട്ടിരിക്കാം എന്നുകരുതി സബ് ചെയ്യുന്ന പണി നിർത്തി.
Warhorse റിലീസായപ്പോൾ, അതിനും കിട്ടിയത് മികച്ച അഭിപ്രായങ്ങളായിരുന്നു. അതുകേട്ട്, ഒന്നും കൂടെ ചെയ്താലോ എന്ന് മനസ്സ് ഇടക്കിടക്ക് ഇങ്ങനെ ശല്യം ചെയ്തുകൊണ്ടിരുന്നെങ്കിലും, Warhorse ചെയ്തപ്പോ അനുഭവിച്ച ബുദ്ധിമുട്ട് ഓർത്തപ്പോൾ ചെയ്യാനും തോന്നിയില്ല. അങ്ങനെ മറ്റുള്ളവർ ചെയ്യുന്ന സബ് കണ്ട് കാലം കഴിച്ചു. ഇതിനിടക്കാണ് 500 സബ് എന്ന നാഴികക്കല്ല് എംസോൺ പിന്നിടുന്നത്. അതിന്റെ ഭാഗമായി പരിഭാഷകർക്കൊരു അഭിനന്ദനം എന്ന നിലയിൽ എല്ലാ പരിഭാഷകരുടെ പേരും അവർ ചെയ്ത പരിഭാഷകളുടെ എണ്ണവും വച്ചൊരു പോസ്റ്റ് എംസോണിൽ വന്നു. അതിൽ പലരും പത്തിൽ കൂടുതൽ സബ് ചെയ്തവരായിരുന്നു. എന്റെ പേരിന്റെ സ്ഥാനത്ത് വെറും രണ്ട് സബുകൾ എന്ന് കണ്ടപ്പോൾ സങ്കടമായി. ഒരു അഞ്ചു സബെങ്കിലും എംസോണിന് വേണ്ടി എന്റെ പേരിൽ ഉണ്ടാവണം എന്ന് കരുതി വീണ്ടും പരിഭാഷകന്റെ കുപ്പായം എടുത്തണിഞ്ഞു. പടം സെലക്ട് ചെയ്യാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. മൈ നെയിം ഈസ് ഖാൻ സബ് ഇറങ്ങിയ സമയത്ത്, സബ് ചെയ്യാൻ എനിക്ക് ഏറ്റവും കൂടുതൽ റിക്വസ്റ്റ് വന്ന പടങ്ങളായിരുന്നു കഭി ഖുശി കഭി ഘം ഉം ചക് ദേ ഇന്ത്യയും. അതുരണ്ടും തന്നെയാവട്ടെ അടുത്തത് എന്നുകരുതി ചെയ്തു തുടങ്ങി. അതിൽത്തന്നെ കഭി ഖുശി മൂന്നര മണിക്കൂറോളമുണ്ടായിരുന്നു. പിന്നെ അഞ്ച് സബ് എന്ന ടാർഗറ്റ് മുന്നിൽ കണ്ട് ഒരാവേശത്തോടെ അങ്ങ് ചെയ്തു രണ്ടും പൂർത്തിയാക്കി.
ഇനി അഞ്ചാമത്തേത് ഒരു ഹോളിവുഡ് സിനിമയാവട്ടെ എന്നുകരുതി അതിനുള്ള തിരച്ചിലിലായി. അങ്ങനെ ഒരുപാട് ഇഷ്ടപ്പെട്ട, ഡെൻസൽ വാഷിംഗ്ടന്റെ Man On Fire ചെയ്യാൻ തീരുമാനിച്ചു. മാൻ ഓൺ ഫയറിന്റെ സബ് ചെയ്യാൻ തീരുമാനിച്ചതാവും എനിക്കേറ്റവും ഉപകാരം നൽകിയ തീരുമാനം. കാരണം അതിലൂടെയാണ് Extra ലൈൻ എങ്ങനെ ആഡ് ചെയ്യാം, അതിന്റെ സമയങ്ങൾ എങ്ങനെ അഡ്ജസ്റ്റ് ചെയാം, അതിൽ ഫോണ്ടെങ്ങനെ വ്യത്യാസപ്പെടുത്താം, ഫോണ്ടിന്റെ കളർ എങ്ങനെ മാറ്റാം എന്നൊക്കെ പഠിക്കുന്നത്.കാരണം ആ സിനിമയിൽ ഒരുപാട് സ്പാനിഷ് ഡയലോഗുകളുണ്ട്. അതിന്റെയൊന്നും സബ് അതിൽ ആഡ് ചെയ്തിട്ടില്ലായിരുന്നു. അതില്ലാതെ ആ സിനിമ മനസ്സിലാവുകയുമില്ല. അതിനെ കുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞപ്പോഴാണറിയുന്നത്, അതിന്റെ സ്പാനിഷ് ഡയലോഗുകളൊക്കെ ഇംഗ്ലീഷിൽ ഹാർഡ് കോഡ് ചെയ്ത വേറെ പ്രിന്റുണ്ടെന്ന്.അങ്ങനെ അത് തേടിപ്പിടിച്ചു ആ ഫയലും ഡൌൺലോഡ് ചെയ്തു, അതിൽ നോക്കി അതിന്റെ അർഥം ടൈമിംഗ് അനുസരിച്ചു ആഡ് ചെയ്തു അതും പൂർത്തിയാക്കി. ഇതൊക്കെക്കൊണ്ടുതന്നെ ചെയ്തതിൽ ഏറ്റവും സംതൃപ്തി തന്ന വർക്കും Man on fire ആണ്.
ഇനി സ്വസ്ഥമായിട്ടിരിക്കാമെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ്, നിങ്ങൾ ചെയ്യുന്നതൊക്കെ വേസ്റ്റാണ്, ഇംഗ്ലീഷ് കണ്ടാലേ വക്കാബുലറി വർദ്ധിക്കൂ എന്നൊക്കെപ്പറഞ്ഞ് മലയാളം സബ്ബിനെയും പരിഭാഷകരെയും വിമർശിച്ചുകൊണ്ട് ഒരു പോസ്റ്റ് എംസോണിൽ വരുന്നത്. അത് വായിച്ചപ്പോ സത്യം പറഞ്ഞാൽ വല്ലാതെ വിഷമം വന്നു. എത്രയൊക്കെ അഭിനന്ദനങ്ങൾ കിട്ടിയാലും ഒരു നെഗറ്റീവ് പക്ഷെ നമ്മളെ വല്ലാതെ വിഷമിപ്പിക്കും എന്ന് അപ്പോൾ മനസ്സിലായി. പക്ഷെ ആ വിഷമത്തിന്റെ ആയുസ്സ് സെക്കന്റുകൾ മാത്രമായിരുന്നു. കാരണം അതിന്റെ കമന്റ് ബോക്സ് തന്നെ. പോസ്റ്റിട്ട ആ സുഹൃത്തിനെ ഗ്രൂപ്പിലെ അംഗങ്ങൾ കണ്ടം വഴി ഓടിക്കുന്ന കാഴ്ചയായിരുന്നു കമന്റ് ബോക്സിൽ നിറയെ. കമന്റുകൾ വായിച്ചപ്പോൾ രോമാഞ്ചം എന്നൊക്കെ പറയുന്ന അവസ്ഥയായിരുന്നു. അന്നാണ് ശരിക്കും ഗ്രൂപ്പിലെ ചങ്കുകളുടെ മനസ്സിൽ പരിഭാഷകർക്ക് ഇത്ര വലിയ ഒരിടമുണ്ടെന്ന് മനസ്സിലായത്. പല കമന്റും വായിച്ചു അറിയാതെ കണ്ണ് നിറഞ്ഞിട്ടുണ്ട്. ഈ സ്നേഹത്തിന്റെ ഒരു ഭാഗം എനിക്കും കൂടി അവകാശപ്പെട്ടതാണല്ലോ എന്നോർത്ത്. അന്ന് തീരുമാനമെടുത്തു, കഴിയുന്നിടത്തോളം സബ് എംസോണിന് വേണ്ടി ചെയ്യണമെന്ന്. അഞ്ചിൽ നിർത്തണമെന്ന് തീരുമാനിച്ചടത്തു നിന്ന്, ഇപ്പൊ അതിൽക്കൂടുതൽ ചെയ്തുകൊണ്ടിരിക്കുന്നു. അഡ്മിന്റെയും ഗ്രൂപ്പിലെ ചങ്കുകളുടെയും കട്ട സപ്പോർട്ടുള്ളെടത്തോളം കാലം ഈ പണി തുടരാൻ തന്നെയാണ് തീരുമാനം.
പുതുതായി സബ് ചെയ്യാനാഗ്രഹിച്ച്, അതെനിക്ക് സാധിക്കുമോ, ഞാൻ ചെയ്താൽ സബ് നന്നാവോ, എന്നൊക്കെ ആലോചിച്ചു അങ്ങോട്ടോ ഇങ്ങോട്ടോ എന്നകൺഫ്യൂഷനിൽ നിൽക്കുന്നവർക്ക് വേണ്ടിയാണ് ഇതെഴുതിയത്. ആഗ്രഹമുണ്ടെങ്കിൽ മലയാളവും ഇംഗ്ലീഷും നന്നായിട്ടറിയാമെങ്കിൽ ധൈര്യമായി മുന്നിട്ടിറങ്ങുക. എന്ത് സംശയം ചോദിച്ചാലും ഉടനടി മറുപടി നൽകാൻ സദാ മനസ്സ് കാണിക്കുന്ന അഡ്മിനുകളും, ഏത് ഫയൽ ചോദിച്ചാലും അതിന്റെ ടെലഗ്രാം ലിങ്കും ടോറന്റ് ലിങ്കും നിമിഷങ്ങൾക്കകം കൈയിലെത്തിച്ചു തരുന്ന യൂസുഫ് കൊച്ചിയെപ്പോലെയുള്ളവരും, സിനിമക്ക് മികച്ച സിനോപ്സുകൾ കണ്ടെത്തിത്തരുന്ന വിഷ്ണു പ്രസാദിനെപ്പോലെയുള്ള ചങ്കുകളും, പരിഭാഷകർക്ക് തന്റെ പോസ്റ്റുകളിലൂടെ കട്ട സപ്പോർട്ട് നൽകുന്ന മുഹമ്മദ് ഷാഫിയെപോലെ ഉള്ളവരും, പിന്നെ പ്രതിരോധിക്കാനാണെങ്കിൽ പ്രതിരോധിക്കാൻ, ചേർത്ത് നിർത്താനാണെങ്കിൽ ചേർത്ത് നിർത്താൻ എന്ന കണക്ക് പരിഭാഷകരെ സ്നേഹിച്ചു കൊല്ലുന്ന അംഗങ്ങളുമുള്ളപ്പോൾ മടിച്ചു നിൽക്കേണ്ട കാര്യമില്ല. ധൈര്യമായി ചെയ്തു തുടങ്ങിക്കോളൂ.
മൂയിച്ചിറോയിലെ ‘മൂ’യും പരിഭാഷ ചെയ്യുമ്പോഴുള്ള ചില പൊല്ലാപ്പുകളും എൽവിൻ ജോൺ പോൾ
പലപ്പോഴും പരിഭാഷകള്‍ എഴുതുന്ന സമയത്ത് ഉണ്ടായ അനുഭവങ്ങളെക്കുറിച്ച് എഴുതണമെന്ന് തോന്നിയിട്ടുണ്ടെങ്കിലും ഇതുവരെ അങ്ങനെ എഴുതാന്‍ സാധിച്ചിട്ടില്ല. ഇന്ന് ആദ്യത്തെ പരിഭാഷയുടെ ആദ്യ ഡ്രാഫ്റ്റ് എഴുതിയിട്ട് മൂന്ന് വര്‍ഷമായി എന്ന് ഇന്‍സ്റ്റഗ്രാം ഓര്‍മിപ്പിച്ചു. കൂടാതെ എഴുതിയ സബുകളുടെ എണ്ണം മൂന്നക്കവും കഴിഞ്ഞ സ്ഥിതിക്ക് ഒരെണ്ണം എഴുതാമെന്ന് അങ്ങ് വിചാരിച്ചു. എഴുതി വന്നപ്പോള്‍ ലേശം നീളമുള്ള പോസ്റ്റായി, എന്നാലും കഴിയുമെങ്കില്‍ വായിക്കുക.
പലപ്പോഴും വേറൊരു ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ ഒരു പരിഭാഷകൻ നേരിടുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളില്‍ ഒന്നാണ് മലയാളത്തിൽ തനതായി ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ കഴിയാത്ത മറ്റ് ഭാഷയിലുള്ള ഒറ്റവാക്കുകൾ അല്ലെങ്കിൽ ആശയങ്ങൾ. ഈ ഒറ്റവാക്കുകൾ അല്ലെങ്കിൽ ആശയങ്ങൾക്ക് മലയാളത്തിൽ ഒറ്റവാക്കിൽ തന്നെ പറയാന്‍ സാധിക്കുന്ന വാക്കുകൾ കണ്ടെത്താൻ കഴിയില്ല. കേരളവും നാം പരിഭാഷ ചെയ്യുന്ന ഭാഷയുടെ നാടും തമ്മിലുള്ള സാംസ്കാരിക വ്യത്യാസങ്ങളാണ് സാധാരണഗതിയിൽ ഈ ആശയക്കുഴപ്പത്തിന് കാരണമാകുന്നത്.
ഉദാഹരണമായി ഡേറ്റിംഗ്(Dating) എന്ന പദം എടുക്കുക. ഇംഗ്ലീഷ് സിനിമകളിലും സീരിസുകളിലും വളരെ സാധാരണമായി കണ്ടുവരുന്ന ഒരു പദമാണ് ഡേറ്റിംഗ്. മലയാളത്തിൽ ഒറ്റവാക്കിൽ ഈ ആശയത്തിന് ഒറ്റവാക്കില്ല എന്നാണ് എന്റെ അറിവ്. (ഇനി ന്യൂജെന്‍ ആയ വാക്കുണ്ടോ എന്ന് എനിക്കറിയില്ല. ന്യൂജെന്‍ എന്ന പ്രയോഗം ആര്‍ക്കെങ്കിലും നീരസം വരുത്തുമോ എന്നറിയില്ല. ഭാഷ എന്നത് എല്ലാ കാലത്തും പരിണാമം സംഭവിക്കുന്ന ഒന്നാണല്ലോ. ഇന്നത്തെ കാലത്ത് ഭാഷയില്‍ പുതിയ പ്രയോഗങ്ങള്‍ കൂടുതല്‍ കൊണ്ടുവരുന്നതും ചെറുപ്പക്കാരാണല്ലോ?) ഡേറ്റിംഗ് എന്നതിന് തനതായി ഒരു മലയാളം വാക്കില്ലാത്താത്തതിന്റെ കാരണം, ഡേറ്റിംഗ് എന്നൊരു സമ്പ്രദായം നമ്മുടെ നാട്ടില്‍ പണ്ടില്ലായിരുന്നു എന്നതാണ്. സമകാലീന സമയത്ത് നടക്കുന്ന ഒരു സിനിമ അല്ലെങ്കിൽ സീരീസ് ആണെങ്കിൽ പരിഭാഷകൻ ഈയൊരു കടമ്പ മറികടക്കുന്നത് പ്രസ്തുത പദം മംഗ്ലീഷിൽ അതേപടി ഡേറ്റിംഗ് എന്ന് എഴുതി വെച്ചുകൊണ്ടാണ്. ഇതില്‍ കുഴപ്പമില്ല, കാരണം കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി മലയാളിയുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൻറെ ഭാഗമായി കുറെ ഇംഗ്ലീഷ് പദങ്ങൾ സാധാരണ സംസാരഭാഷയിലേക്ക് കടമെടുത്ത് നമ്മളവ ശീലമാക്കിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ മലയാളം പദങ്ങളെക്കാൾ ചില ഇംഗ്ലീഷ് പദങ്ങളാണ് നമ്മുടെ സംസാരഭാഷയ്ക്ക് കൂടുതൽ പരിചിതമായിരിക്കുന്നത്. ഉദാഹരണത്തിന്, സുപ്രഭാതം എന്ന് പറയുന്നതിനേക്കാൾ ഗുഡ്മോണിങ് എന്നും നന്ദി എന്ന് പറയുന്നതിനേക്കാൾ കൂടുതൽ താങ്ക്യൂ എന്നും പറയുന്ന മലയാളികളെയാണ് ഇന്ന് നമ്മൾ കൂടുതലായും കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ സമകാലീന കാലഘട്ടങ്ങളിൽ നടക്കുന്ന സിനിമകൾ അല്ലെങ്കിൽ സീരീസുകളിൽ പരിഭാഷകൻ മംഗ്ലീഷ് കലർത്തി ഉപയോഗിക്കുന്നത് തെറ്റില്ല എന്ന അഭിപ്രായക്കാരനാണ് ഞാൻ. മാത്രമല്ല, ഇപ്പോള്‍ ഇറങ്ങുന്ന മിക്ക മലയാളസാഹിത്യകൃതികള്‍ പരിശോധിച്ചാലും, കഥയായാലും, നോവലായാലും സമകാലീന ചുറ്റുപാടില്‍ നടക്കുന്ന കഥയാണെങ്കില്‍ അവിടെയും കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന സംസാരഭാഷ ഈ ഇംഗ്ലീഷ് കലര്‍ന്ന മലയാളമാണ്. ഓരോ കാലഘട്ടത്തില്‍ പിറക്കുന്ന കൃതികളും ആ കാലഘട്ടത്തെക്കൂടി അടയാളപ്പെടുത്തുന്നതാണ്. ഇത്തരത്തില്‍ സബ്ടൈറ്റിലിലും അര്ത്ഥവ്യത്യാസങ്ങള് വരാത്തയിടത്തോളം മംഗ്ലീഷും കലര്‍ന്നോട്ടെ.
എന്നാൽ സമകാലീന കാലഘട്ടത്തിൽ അല്ലാതെ പഴയകാലത്ത് നടക്കുന്ന കഥകൾ (Period pieces) പരിഭാഷ ചെയ്യുമ്പോൾ ഈ മംഗ്ലീഷ് പ്രയോഗം കൊണ്ട് ഒരു പരിഭാഷകന് രക്ഷപെടാൻ സാധിക്കില്ല. 1600കളില്‍ നടക്കുന്ന ഒരു കഥയില്‍ ഒരു പ്രജ മഹാരാജാവിന്റെ അടുത്ത് ചെന്ന് “ഹലോ രാജാവേ, എന്റെ വീട്ടില്‍ കുറച്ച് പ്രോബ്ലംസ് ഉണ്ട്, നിങ്ങളുടെ എന്തേലും ഹെല്‍പ്പ് കിട്ടിയെങ്കില്‍ നന്നായേനെ.” എന്ന് പറയില്ലല്ലോ? അവിടെ സർഗാത്മകമായ വേറെ രീതിയിൽ ഈ പ്രശ്നം പരിഭാഷകൻ പരിഹരിക്കേണ്ടിയിരിക്കുന്നു. ഓരോ പരിഭാഷക്കും ആ കഥ നടക്കുന്ന ചുറ്റുപാടിനും കാലഘട്ടത്തിനും അനുസൃതമായി വേണം വാക്കുകള്‍ തിരഞ്ഞെടുക്കാന്‍. ഇത്രയും പറഞ്ഞു കൊണ്ട് ഞാൻ എന്റെ കഴിഞ്ഞ ദിവസം ഇറങ്ങിയ സബ് ചെയ്യുമ്പോള്‍ ഉണ്ടായൊരു ആശയക്കുഴപ്പത്തെക്കുറിച്ച് പറയാം.
ഡീമൺ സ്ലേയറിലെ ചില പ്രയോഗങ്ങള്‍ ഇംഗ്ലീഷ് സബ്/ഡബില്‍ എഴുതിയിരിക്കുന്നത് അതേ പടി എടുത്ത് മംഗ്ലീഷിലാക്കിക്കൂടെ എന്നൊരു അഭിപ്രായം പണ്ട് ആരോ പറഞ്ഞതായി ഓര്‍ക്കുന്നു. ഡീമൺ സ്ലേയർ എന്ന അനിമേയുടെ കഥ നടക്കുന്നത് 1920കളിലെ ജപ്പാനിലാണ്. ഈ കാലഘട്ടത്തെ വിളിക്കുന്നത് തായ്ഷോ യുഗമെന്നാണ്(Taisho Era). അക്കാലത്ത് ജപ്പാൻ ഭരിച്ചിരുന്ന ചക്രവർത്തിയാണ് തായ്ഷോ. തായ്ഷോക്ക് മുൻപുള്ള ചക്രവർത്തിയായ മെയ്ജിയാണ് നൂറ്റാണ്ടുകൾക്ക് ശേഷം ജപ്പാനും വിദേശികളുമായിട്ടുള്ള നയതന്ത്ര ബന്ധങ്ങളും കച്ചവടവും പുനസ്ഥാപിച്ചത്. ഇതിൻറെ ഭാഗമായി ജപ്പാനിൽ വൈദ്യുതി, ട്രെയിനുകൾ, ഇംഗ്ലീഷ് വിദ്യാഭ്യാസം, പാശ്ചാത്യ വൈദ്യശാസ്ത്രം മുതലായവ വന്നു തുടങ്ങി. ഇത് ജപ്പാന്റെ വ്യവസായവൽക്കരണം വൻ വേഗത്തിലാക്കി. ഈ സംഭവവികാസങ്ങളെ Meiji Restoration എന്നു വിളിക്കുന്നു. അങ്ങനെ മെയ്ജിക്ക് ശേഷം തായ്ഷോയിലേക്ക് വരുമ്പോൾ നഗരത്തിലുള്ള, സാമ്പത്തികമായി ഉയർന്നുനിൽക്കുന്ന മനുഷ്യര്‍ ഇംഗ്ലീഷ് മുതലായ ഭാഷകളിൽ പ്രാവീണ്യം നേടിയെങ്കിലും, ഇംഗ്ലീഷ് ഇന്ന് നമ്മൾ കേരളത്തിൽ കാണുന്ന പോലെ അന്ന് സർവസാധാരണമായി ഉപയോഗിച്ചിരുന്നൊരു ഭാഷയല്ല. അതുകൊണ്ട് തന്നെ സംസാര ജാപ്പനീസില്‍ അപ്പോഴും ഇംഗ്ലീഷ് പദങ്ങളുടെ കടന്നുകയറ്റം ഉണ്ടായിട്ടില്ല. (നേരെ മറിച്ച് സമകാലീന ഘട്ടത്തില്‍ നടക്കുന്ന ചെയിന്‍സോ മാന്‍ അനിമേയില്‍ ഇത് കാണാന്‍ സാധിക്കും.) പറഞ്ഞുവന്നത് തായ്ഷോ യുഗത്തില്‍ സാധാരണക്കാരന് ഇംഗ്ലീഷ് അപ്പോഴും അന്യമാണ്. കഥാനായകനായ തന്‍ജിറോയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എല്ലാവരും തന്നെ നമ്മുടെ പഴയ നാട്ടിന്‍പുറം പോലുള്ള ഗ്രാമങ്ങളില്‍ നിന്ന് വരുന്നവരാണ്. ഇവരില്‍ മിക്ക കഥാപാത്രങ്ങളും സീരീസിലെ കഥയുടെ സ്വഭാവം കാരണം പ്രാഥമിക വിദ്യാഭ്യാസം പോലും നേടാന്‍ സാധിക്കാത്തവരാണ്. അതുകൊണ്ടുതന്നെ അത്രയും നേരം മലയാളം മാത്രം സംസാരിച്ചിരുന്ന തന്‍ജിറോ പെട്ടെന്ന് ചാടിയങ്ങ് ഇംഗ്ലീഷില്‍ വാട്ടര്‍ ബ്രീത്തിങ്ങ് എന്നൊക്കെ പറയുന്നത് ഈ സീരീസിൽ ഒരു കല്ലുകടിയായി തോന്നാം. കുറഞ്ഞപക്ഷം, എനിക്ക് അങ്ങനെ തോന്നുന്നുണ്ട്. (ഈ പറഞ്ഞ വാട്ടര്‍ ബ്രീത്തിങ്ങ് എന്ന് സബില്‍ കൊടുത്തിരിക്കുന്ന വാചകത്തിന് തന്‍ജിറോ പറയുന്നത് “മിസു നോ കോക്യു”, അതായത് ജലത്തിന്റെ ശ്വാസം എന്നാണ്. The so called correct English should be ‘Breath of the Water’ if we are gonna get so technical about it. But I digress.) പോരാത്തതിന് ഈ പ്രയോഗങ്ങള്‍ എല്ലാം ഇംഗ്ലീഷ് ഇതര ഭാഷകളില്‍ ഉള്ള സബ്/ഡബ് തുടങ്ങിയവയില്‍ ഭൂരിഭാഗത്തിലും അതാത് ഭാഷയിലേക്ക് തന്നെ മുഴുവനായും പരിഭാഷ ചെയ്തിട്ടുണ്ട്. ഇവയില്‍ ഇംഗ്ലീഷിന്റെ കടന്നുകയറ്റം ഒട്ടും തന്നെയില്ല. മലയാളത്തില്‍ എഴുതുമ്പോള്‍ മാത്രം അതിന് ഇംഗ്ലീഷ് കേറ്റി ഒരു എലീറ്റിസം സ്ഥാപിക്കണ്ടെന്നാണ് എന്റെ അഭിപ്രായം. ഇതുകൊണ്ടുതന്നെ കഴിവതും കാലഘട്ടത്തിനനുസൃതമായുള്ള ഭാഷ പിന്തുടരാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഈ സീരീസിന് സബ് ചെയ്യാൻ എന്റെ മറ്റ് സബുകളെ അപേക്ഷിച്ച് താരതമ്യേന സമയം എടുക്കുന്നത്. അങ്ങനെയിരിക്കുമ്പോഴും സീസണ് ഇറങ്ങി രണ്ട് മാസം കഴിഞ്ഞ് മുഴുവന്‍ എപ്പിസോഡും പരിഭാഷ ചെയ്തു തീര്‍ത്തു. അതും വേഗം പോരാ എന്ന് അഭിപ്രായം ഉള്ളവര്‍ ഉണ്ടെന്നത് വേറൊരു വിരോധാഭാസം. ഒരു ദിവസം ഇന്‍ബോക്സില്‍ ഇതിന് തുരുതുരാ വന്ന് അപ്പ്ഡേറ്റ് ചോദിക്കുന്നതിന് ഒരു കണക്കുമില്ല. ഇതില്‍ ചിലരെങ്കിലും നേരെ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ചെയ്ത ഒരു സബ് കൊടുത്താല്‍ പോലും തൊണ്ട തൊടാതെ വിഴുങ്ങി “മികച്ച പരിഭാഷ” എന്ന് പൊക്കി അടിക്കും എന്നത് വേറൊരു വിരോധാഭാസം. അതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ ഞാനാഗ്രഹിക്കുന്നില്ല.
ഇനി ജാപ്പനീസ് ഭാഷക്ക് ഉള്ള ഒരു പ്രത്യേകത പറയാം. ആധുനിക ജാപ്പനീസില്‍ മൂന്ന് തരത്തിലുള്ള writing scripts അഥവാ എഴുത്ത് ശൈലികള്‍ ഉണ്ട്. ഇവ യഥാക്രമം ഹിരഗാന(Hiragana), കറ്റക്കാന(Katakana), കാഞ്ചി(Kanji) എന്നിവയാണ്. ഇവയില്‍ ഹിരഗാനയും കറ്റക്കാനയും മലയാളം പോലെ ഉച്ചാരണപ്രകാരം എഴുതപ്പെടുന്ന അക്ഷരമാലകളാണ്. തനതായ ജാപ്പനീസ് വാക്കുകളെ എഴുതാന്‍ ഹിരഗാനയും (eg: ありがとう- അറിഗാത്തോ – നന്ദി എന്നര്‍ത്ഥം), വൈദേശിക ഭാഷകളില്‍ നിന്ന് കടമെടുത്ത പദങ്ങള്‍ എഴുതാന്‍ കറ്റക്കാനയും (eg: バス – Bus ഉച്ചാരണം : ബാസു) ഉപയോഗിക്കുന്നു. ഹിരഗാനയിലും, കറ്റക്കാനയിലും അടിസ്ഥാനമായി 46 അക്ഷരങ്ങള്‍ വീതമാണ് ഉള്ളത്. ഇവ കൂട്ടി എഴുതുമ്പോള്‍ വേറെയും രൂപങ്ങള്‍ വരാം.
കാഞ്ചി എന്നത് ട്രെഡിഷനല്‍ ചൈനീസില്‍ നിന്ന് കടമെടുത്ത ഒരു എഴുത്ത് രീതിയാണ്. ഇവിടെ അക്ഷരങ്ങള്‍ക്ക് പകരം ഓരോ വസ്തു അല്ലെങ്കില്‍ ആശയത്തെ സൂചിപ്പിക്കുന്ന ഒരു സിമ്പല്‍ കാണും. ഉദാഹരണമായി ഈ കൊടുത്തിരിക്കുന്നത് 雨 (ആമേ) മഴയേ സൂചിപ്പിക്കുന്ന കാഞ്ചിയാണ്. ഇങ്ങനെ ഏകദേശം 50000 ത്തിന് മുകളില്‍ കാഞ്ചി ഉണ്ട്. ഭൂരിഭാഗം കാഞ്ചിയും ചരിത്രരേഖകളില്‍ മാത്രമായി ഒതുങ്ങിയെങ്കിലും, ഇന്നും പ്രാബല്യത്തില്‍ ഉള്ള 8000 ത്തിലധികം കാഞ്ചി ഉണ്ട്. തമാശ എന്ന് പറയുന്നത് ജാപ്പനീസുകാരില് തന്നെ കുറെയധികം ആളുകള്‍ക്ക് ഈ കാഞ്ചികള്‍ എല്ലാം മുഴവനായി അറിയില്ല എന്നതാണ്. ജാപ്പനീസ് പഠിക്കുന്ന വ്യക്തികള്‍ക്ക് അത് സംസാരിക്കാന്‍ പൊതുവേ എളുപ്പം തോന്നുന്നതും, എന്നാല്‍ അത് എഴുതുന്നതും, വായിക്കുന്നതും ഒരു ബാലികേറാമലയായി തോന്നാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് ഈ എഴുത്ത് ശൈലിയാണ്.
ഡീമണ്‍ സ്ലേയര്‍ മൂന്നാം സീസണില്‍ മൂയിച്ചിറോ ടോക്കിറ്റോ എന്ന കഥാപാത്രത്തിന്റെ Character arc (കഥാപാത്രത്തിന് കഥയില്‍ സംഭവിക്കുന്ന മാറ്റം) അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കാന്‍ ഈ കാഞ്ചി ഉപയോഗിക്കുന്ന രീതി, അതിന്റെ ചില വിശേഷണങ്ങള്‍ കൂടെ അറിയണം. അറിഞ്ഞില്ലേലും വലിയ കുഴപ്പമില്ല, കണ്ടിരിക്കുമ്പോള്‍ ഒന്ന് രണ്ട് മിസ്സിംഗ് തോന്നുമെങ്കിലും. മൂയിച്ചിറോയുടെ പേരിന്റെ കാഞ്ചി ഇതാണ് 無一郎 ഇതിലെ ആദ്യ കാഞ്ചിയായ 無 (മൂ), ഉപയോഗിക്കുന്നത് (nothingness) ഒന്നുമില്ലായ്മയെ അല്ലെങ്കില്‍ എന്തിന്റെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. വേറെ വാക്കുകളുടെ ആരംഭത്തില്‍ കൊണ്ടുപോയി ഈ ‘മൂ’ വെക്കുക വഴി പ്രസ്തുത വാക്ക് സൂചിപ്പിക്കുന്നതിന്റെ ഇല്ലായ്മയെ സൂചിപ്പിക്കുന്നു. മലയാളത്തില്‍ ‘അ’ എന്ന അക്ഷരം ഉപയോഗിക്കുന്നതിന് തുല്യമായ ഒരു ശൈലിയാണിത്. ഉദാഹരണത്തിന് ‘അ’ ചേര്‍ത്ത് സമത്വം എന്ന വാക്കിനെ അസമത്വം (സമത്വമില്ലായ്മ) ആക്കുന്ന പോലെ.
കഥയില്‍ ഒരു സംഭാഷണത്തിനിടയില്‍ ഒരു കഥാപാത്രം ഈ മൂ(無) എന്താണ് സൂചിപ്പിക്കുന്നതെന്ന് ചോദിക്കുന്നുണ്ട്. അവനെ താറടിക്കാന്‍ ആയിട്ട് അര്‍ത്ഥം എന്ന് അര്‍ത്ഥം വരുന്ന ഇമി എന്ന വാക്കിന്റെ കൂടെ ചേര്‍ത്ത് മൂഇമിയിലെ (無意味) മൂ പോലെയാണ് നീയും എന്ന് പറയുന്നു. അതായത് അയാളുടെ കാഴ്ചപ്പാടില്‍ ഒരു അര്‍ത്ഥവുമില്ലാത്ത ജീവിതമാണ് മൂയിച്ചിറോ നയിക്കുന്നത്. എന്നാല്‍ കുറെ കഴിഞ്ഞ് ഇതേ വ്യക്തി തന്നെ മൂയിച്ചിറോയെ അംഗീകരിച്ച് കൊണ്ട് ഗെന്‍, പരിധി(limit) എന്ന് അര്‍ത്ഥം വരുന്ന വാക്കിന്റെ മുന്നില്‍ മൂ ചേര്‍ത്ത് കൊണ്ട് മൂഗെനിലെ (無限, limitless, infinite) മൂ പോലെയാണ് നീ എന്ന് പറയുന്നു. (അതിരുകള്‍ ഇല്ലാത്തത്, അനന്തമായത്) എന്നര്‍ത്ഥത്തില്‍. ഈ സംഭാഷണങ്ങളുടെ ഇംഗ്ലീഷ് സബിലെ പരിഭാഷകള്‍ ചുവടെ കൊടുത്തിരിക്കുന്നതാണ്.
The “mu” in Muichiro stands for “meaningless.”
The truth is the “mu” in Muichiro stands for “infinity.”
ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്ന പോലെ ഇംഗ്ലീഷ് മാത്രം അറിയുന്ന ജാപ്പനീസ് കാഞ്ചി എന്തുവാണെന്ന് പോലും അറിയാത്ത ഒരാള്‍ ഈ സംഭാഷണം കാണുമ്പോള്‍ meaningless, infinity എന്നിവയില്‍ എവിടെയാണ് mu എന്ന് ചോദിച്ചു പോകാം. ഞാന്‍ കണ്ട ഇംഗ്ലീഷ് സബില്‍ ആകട്ടെ (Netflix) മേല്‍പ്പറഞ്ഞ വിശദീകരണങ്ങള്‍ ഉള്ള കുറിപ്പ് പോലുമില്ല. മലയാളത്തിലേക്ക് ഈ മൂയും, അര്‍ത്ഥമില്ലാത്തവനും, അനന്തമായതും ഒക്കെ എങ്ങനെ ഒരുമിച്ച് കൊണ്ടുവരും എന്ന് ആലോചിച്ച് വിഷമിച്ചിരുന്ന ഞാന്‍ ഇംഗ്ലീഷ് ഡബില്‍ ഇതെങ്ങനെ അവര്‍ പരിഹരിച്ചെന്ന് നോക്കാമെന്ന് വിചാരിച്ചു ഡബ് എടുത്തുനോക്കി. അപ്പോ ദേ കിടക്കുന്നു സബ് അതേ പോലെ എടുത്തു വെച്ചിരിക്കുന്ന ഡബ്. ആകെ കുഴപ്പത്തിലായ ഞാന്‍ അവസാനം പല വഴി ആലോചിച്ച് ഈ ആശയം, അര്‍ത്ഥം ചോര്‍ന്ന് പോകാതെ, കല്ലുകടി തോന്നാത്തൊരു രീതിയില്‍ മലയാളത്തില്‍ ആക്കി. എന്താണ് ചെയ്തത് എന്നത് സീരീസ് കാണുമ്പോള്‍ കാണുന്നവര്‍ക്ക് മനസ്സിലാകും. വെറുതെ എന്തിനാണ് ഇവിടെ അത് എഴുതി സ്പോയില് ചെയ്യുന്നത്?
ഇത്രയും നീണ്ട ഒരു പോസ്റ്റ് എഴുതിയതിന്റെ ഉദ്ദേശ്യം, പലപ്പോഴും പുതിയതായി ഇറങ്ങുന്ന സിനിമ, സീരീസുകള്‍ പെട്ടെന്ന് ഇറക്കാത്തത് എന്താണ് എന്നിങ്ങനെ മുറവിളി കൂട്ടുന്ന ചിലര്‍ക്കെങ്കിലും ഒരു പരിഭാഷയില്‍, കണ്ടാല്‍ നിസ്സാരമെന്ന് തോന്നുന്ന കൊച്ച് കൊച്ച് കാര്യങ്ങള്‍ക്ക് പിന്നില്‍ പോലും പരിഭാഷകന് എത്രത്തോളം എഫര്‍ട്ട് എടുക്കുന്നുണ്ടെന്ന് സൂചിപ്പിക്കാനാണ്. മുകളില്‍ ഞാന്‍ അത്തരത്തില്‍ ഒരു സന്ദര്‍ഭം മാത്രമാണ് സൂചിപ്പിച്ചത്. എല്ലാം എഴുതാന്‍ നിന്നാല്‍ ഈ പോസ്റ്റ് ഒരുകാലത്തും തീരില്ല. ഇത്തരത്തില്‍ എഫര്‍ട്ട് എടുക്കുന്ന മറ്റ് പരിഭാഷകരോട് എന്നും എനിക്ക് ബഹുമാനം മാത്രമേ ഉള്ളൂ. അതോടൊപ്പം ഒരു സിമ്പിള്‍ ഗൂഗിള്‍ സേര്‍ച്ച് കൊണ്ട് തീരാവുന്ന സംശയത്തിന്, തോന്നിയ പോലെ കൈയില്‍ നിന്നിട്ട്, അല്ലെങ്കില്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ചെയ്തു പണി തീര്‍ക്കുന്ന സബുകള്‍, ഫ്രെഷര്‍ സബുകള്‍ തുടങ്ങിയവ വേരിഫിക്കേഷനില്‍ കാണുമ്പോള്‍ എനിക്ക് ദേഷ്യം കേറാന്‍ കാരണവും ഇതാണ്. വസ്തുനിഷ്ഠമായ അറിവ് പറയുന്ന സംഭാഷണത്തില്‍ കൈയ്യില്‍ നിന്ന് ഡയലോഗ് ഇട്ട് ഇല്ലാത്ത കോമഡി കുത്തി തിരുകി അര്‍ത്ഥം വരെ മാറ്റി കളയുന്ന രീതിയും കണ്ടുവന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യും മുന്നേ പരിഭാഷകര് ഓര്‍ക്കേണ്ട കാര്യം പ്രേക്ഷകന് അറിയാത്ത ഒരു ഭാഷ, സംസ്കാരം എന്നിവ സംസാരിക്കുന്ന ഒരു കഥയുടെ അനുഭവം അവര്‍ക്ക് പകര്‍ന്നു കൊടുക്കുകയാണ് പരിഭാഷയില്‍ കൂടെ ഉദ്ദേശിക്കുന്നത്. അവര്‍ക്ക് എളുപ്പം വായിച്ച് മനസ്സിലാക്കുന്ന രീതിയില്‍ ആ ആശയത്തെ പകര്‍ന്ന് കൊടുക്കുകയാണ് നമ്മുടെ പ്രധാന ജോലി. അവരെ എന്റര്ടെയിന് ചെയ്യേണ്ടത് ആ കഥയാണ്, അല്ലാതെ പരിഭാഷയല്ല. പരിഭാഷ അതിനെ സഹായിക്കുന്ന ഒരു ഉപാധി മാത്രമായിരിക്കണം.
എത്രയും പെട്ടെന്ന് സബ് ചെയ്തു തീര്‍ക്കാന്‍ തിടുക്കം കൂട്ടുന്ന പലരെയും ഞാന്‍ കണ്ടിട്ടുണ്ട്. അവരോട് പറയാനുള്ളത് എല്ലാ പരിഭാഷയും ഒരേ വേഗത്തില്‍ ചെയ്യാന്‍ പറ്റില്ല, ഓരോ പരിഭാഷക്കും അതിന്റേതായ എടുക്കേണ്ട വേഗവും, സമയവും ഉണ്ട്. ആ കഥാപാത്രങ്ങളെ, സംസ്കാരത്തെ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക, തോന്നുന്ന സംശയങ്ങള്‍ ഗൂഗിള്‍ ചെയ്തു പൂര്‍ണ്ണമായി മനസ്സിലാക്കിയെടുത്തിട്ട് എഴുതാന്‍ ശ്രമിക്കുക.
പ്രേക്ഷകരോട് ഒന്നേ പറയാനുള്ളൂ. വേഗം പരിഭാഷ ചെയ്തിറക്കാന് പറയുന്നതിന് പകരം ക്വാളിറ്റി ഉള്ള പരിഭാഷകള്‍ നിങ്ങള്‍ ഡിമാന്‍ഡ് ചെയ്യുക. കാരണം, ഈ പരിഭാഷകള്‍ പുതിയതായി ഇറങ്ങിയ സിനിമ ഇന്ന് നിങ്ങള്‍ക്ക് കാണാന്‍ വേണ്ടി മാത്രമുള്ളതല്ല, നാളെ, അല്ലെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയും, സീരീസുകളും കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉപകരിക്കാന്‍ സാധിക്കണം. അത്തരത്തില്‍ ഉള്ള പരിഭാഷകള്‍ ഉണ്ടാക്കുവാന്‍ തിടുക്കത്തില്‍ എഴുതുമ്പോള്‍ ബുദ്ധിമുട്ടാണ്.
പരിഭാഷകരോട് പറയാനുള്ളത്, ഓരോ പുതിയ സബ് ചെയ്യുമ്പോഴും, അത് നിങ്ങളുടെ കഴിഞ്ഞ സബിനെക്കാള് മികച്ചതാക്കാന്‍ കഴിയുന്ന രീതിയില്‍ ചെയ്യണം എന്ന വാശിയോടെ ചെയ്യാന്‍ ശ്രമിക്കുക. സബില്‍ അറിയാത്ത കാര്യങ്ങള്‍ വന്നാല്‍ അത് തേടി പിടിച്ച് മനസ്സിലാക്കി എടുക്കാന്‍ ശ്രമിക്കുക. വിദേശസിനിമകള്‍ കാണുന്നതിന്റെ ഉദ്ദേശ്യങ്ങളില്‍ ഒന്ന് തന്നെ നമുക്ക് അന്യമായ, നമുക്ക് അറിയാത്ത നാടുകള്‍, ആളുകള്‍, സംസ്കാരങ്ങള്‍ എന്നിവയെ കുറിച്ച് അറിയുകയാണല്ലോ? കൂടുതല്‍ നല്ല പരിഭാഷകള്‍ വരട്ടെ. ഞാന്‍ പ്രതീക്ഷിച്ചതിലും വളരെ നീണ്ടയൊരു പോസ്റ്റായി ഇത്. അങ്ങനെ ഒരു നീണ്ട പോസ്റ്റ് വായിക്കേണ്ടി വന്നതില്‍ ക്ഷമിക്കണം. ഇവിടം വരെ നിങ്ങള്‍ വായിച്ചെങ്കില്‍ നന്ദി.