എം-സോണ് റിലീസ് – 1004
ഭാഷ | പേർഷ്യൻ |
സംവിധാനം | Amir Naderi |
പരിഭാഷ | ആകാശ് ആർ. എസ്സ് |
ജോണർ | ഡ്രാമ |
ചലച്ചിത്രത്തിന്റെ ദൃശ്യഭാഷ പ്രയോഗിക്കുന്നതിൽ കൃതഹസ്തനായ ഇറാനിയൻ സംവിധായകനാണ് അമീർ നദേരി. അദ്ദേഹത്തിന്റെ ‘വാട്ടർ, വിൻഡ്,ഡസ്റ്റ് ‘എന്ന ചലച്ചിത്രം തികച്ചും വ്യത്യസ്തമായ ഒരനുഭവ പ്രപഞ്ചമാണ് ഒരുക്കുന്നത്. 1989ൽ നിർമിച്ച ഈ ചലച്ചിത്രം വരൾച്ചാപീഡിതമായ തെക്കൻ ഇറാനിന്റെ കഥയാണ് പറയുന്നത്. പറയുന്നത് എന്നല്ല കാണിക്കുന്നത് എന്നുതന്നെയാണ് എഴുതേണ്ടത്. ഭൂമിയും മനുഷ്യനും ഒരിറ്റുവെള്ളത്തിനായി പോരാടുന്നതിന്റെ ദൃശ്യവാഗ്മയ ചിത്രമാണ് ഈ ചലച്ചിത്രം.
കടുത്ത വരൾച്ച മൂലം നാടുപേക്ഷിച്ച തന്റെ അച്ഛനമ്മമാരെ തേടി അലയുന്ന ബാലനാണ് വെള്ളം, കാറ്റ്, ഭൂമി എന്നിവയ്‌ക്കൊപ്പം സിനിമയിലെ മുഖ്യ കഥാപാത്രം.അലച്ചിലിനിടയിൽ അവൻ വരൾച്ച കൊണ്ട് പീഡിതരായി പലായനം ചെയ്യുന്ന പലരെയും കണ്ടുമുട്ടുന്നു. അവരുമായുള്ള ഇടപെഴകളിലൂടെ അവൻ ജീവിതത്തിന്റെ സങ്കീർണമായ പല മുഖങ്ങളും കാണുന്നു. അവരിലൊരാളാണ് വെള്ളത്തിനായി ആഴത്തിൽ കിണർ കുഴിച്ചിട്ടും ഒരു തുള്ളി വെള്ളംപോലും കിട്ടാത്ത വൃദ്ധൻ. തന്റെ കൈയ്യിലെ അവസാനതുള്ളി വെള്ളം പോലും ബാലന് കൊടുക്കാൻ എന്നിട്ടും അയാൾ സന്നദ്ധനാണ്. മരണം വരൾച്ചയുടെയും മണൽക്കാറ്റിന്റെയും രൂപത്തിൽ മുന്നിൽ വന്നു നിൽക്കുമ്പോൾ സ്വന്തം കുഞ്ഞിനെപ്പോലും ഉപേക്ഷിക്കുന്നവരും, ഒരു ബക്കറ്റ് വെള്ളത്തിന് മനുഷ്യത്വത്തെക്കാൾ വിലകല്പിക്കുന്ന പലായനക്കാരും ജീവിതത്തിന്റെ ഭാഗമാണ്.
ചെറുപ്രായത്തിലേ ഇതെല്ലാം കാണാനും അനുഭവിക്കാനും വിധിക്കപ്പെട്ടെങ്കിലും മാനുഷിക മൂല്യം കൈവിടാതെ കാത്തുസൂക്ഷിക്കുന്ന ഇറാനിയൻ ബാലൻ സിനിമയുടെ ജീവനാണ്. പ്രകൃതിയോടും അതിന്റെ ഭാഗമായ മനുഷ്യനടക്കമുള്ള ജീവജാലങ്ങളോടുമുള്ള അവന്റെ സ്നേഹമാണ് സിനിമയുടെ അന്തർധാര. പ്രകൃതിയോട് പടവെട്ടി തന്റെയും, തനിക്കു ചുറ്റുമുള്ള ജന്തുജാലങ്ങളുടെയും ജീവൻ നിലനിർത്താൻ പെടാപ്പാടുപെടാൻ അവനെ പ്രാപ്തനാക്കുന്നതും അതേ ചേതോവികാരമാണ്. മനുഷ്യക്കുഞ്ഞിനേയും വെള്ളമില്ലാതെ പിടയുന്ന അലങ്കാര മത്സ്യങ്ങളേയുംയും അവന് ഒരേപോലെ സ്നേഹിക്കാൻ കഴിയുന്നു.
അലങ്കാര മത്സ്യങ്ങളെ വെള്ളമുള്ള കിണറ്റിലേക്കിട്ട് രക്ഷിക്കാനും, ഒരു ബക്കറ്റ് വെള്ളം അടുത്ത് വെച്ച് കളഞ്ഞു കിട്ടിയ കുഞ്ഞിന് രക്ഷിതാക്കളെ ഉണ്ടാക്കിക്കൊടുക്കാനും ഒരു വരണ്ട ഭാവി മുന്നിൽ കണ്ടുകൊണ്ടാണ്.
അമീർ നദേരിയും ഇവിടെ ബാലനെപ്പോലെ ദീർഘദർശിയാവുകയാണ്. വരാനിരിക്കുന്ന നൂറ്റാണ്ട് കടുത്ത ജലക്ഷാമത്തിന്റേതാകുമെന്നും, മാനവരാശി ഇറാനിയൻ ബാലനെപ്പോലെ ഒറ്റപ്പെട്ട് നിസ്സഹായനായിപ്പോകുമെന്നും നദേരി മുന്നറിയിപ്പ് നൽകുന്നു.
സിനിമ ഒരു ദൃശ്യകലാരൂപമാണെന്നും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തേക്കാൾ ആഴവും സങ്കീർണവുമാർന്നതായി മറ്റൊന്നുമില്ലെന്നും ഈ സിനിമ നമ്മെ ഓർമിപ്പിക്കുന്നു. ഡയലോഗുകളുടെ കാര്യത്തിലും മിതത്വം പാലിച്ചിട്ടുണ്ട്. കിണറുകൾ കുഴിച്ചു കുഴിച്ചു തളർന്ന ബാലനിൽ പ്രതീക്ഷയായി വളരുന്ന പ്രളയം ഒടുവിൽ മനുഷ്യരാശിക്കുതന്നെ അന്തിമാശ്രയമാകുമോ എന്ന ചോദ്യമുയർത്തിക്കൊണ്ട് ചിത്രം അവസാനിക്കുന്നു.
മണൽക്കാറ്റുകളുടെ ശീൽക്കാരം അവസാനം വരെ ചിത്രത്തിന് പശ്ചാത്തലസംഗീതമാകുന്നു. തികച്ചും വ്യത്യസ്തവും ഏറെക്കുറെ ഡോക്യൂമെന്ററി രീതിയിലുമെടുത്ത ഈ സിനിമ ഇറാനിയൻ സിനിമയിലെ വേറിട്ടൊരു ഏടാണ്. പ്രകൃതിയുടെ നൊമ്പരവും മനുഷ്യരാശിയുടെ ഭാവിയെ കുറിച്ചുള്ള ആശങ്കകളും അതിന്റെ വക്കിൽ പറ്റിപ്പിടിച്ചിരുപ്പുണ്ട്.