എം-സോണ്‍ റിലീസ് – 30
ഭാഷ | സ്പാനിഷ് |
സംവിധാനം | Walter Salles |
പരിഭാഷ | പ്രമോദ് കുമാര്‍ |
ജോണർ | അഡ്വെഞ്ചർ, ബയോഗ്രഫി, ഡ്രാമ |
ക്യൂബന്‍ വിപ്ലവനേതാവായ ചെ ഗുവേരയും, സുഹൃത്തും സഹയാത്രികനുമായ ആല്‍ബര്‍ട്ടോ ഗ്രനേഡൊയും ചേര്‍ന്നു നടത്തിയ യാത്രയുടെ കുറിപ്പുകളില്‍നിന്നാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ് എന്ന സിനിമ തയ്യാറാക്കിയത്. ലാറ്റിനമേരിക്കയുടെ ഹൃദയത്തിലൂടെ ഇവര്‍ നടത്തിയ സാഹസികയാത്ര ഡയറിക്കുറിപ്പുകളായി പുറത്തുവന്നു. അത് പിന്നീട് ഡയറിക്കുറിപ്പിനേക്കാളും മനോഹരമായ സിനിമയായി.
യാത്രയുടെ പുസ്തകമാണ് മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. നാടുകാണാനുള്ള രണ്ട് ചെറുപ്പക്കാരുടെ ആഗ്രഹത്തില്‍ നിന്നുണ്ടായ ചരിത്രമാണ് മോട്ടോര്‍ സൈക്കിളിന് പറയാനുള്ളത്. ചുമ്മാതൊരു ചരിത്രം എന്നൊന്നും പറയാനാവില്ല. കാരണം ചെ ഗുവേരയെന്ന വിപ്ലവനായകന് ഉണ്ടായതിനു കാരണം ഈ യാത്രയാണ്. യാത്രയില്‍ ചെ ഗുവേര കണ്ടത് ലാറ്റിനമേരിക്കയുടെ വൈവിധ്യം മാത്രമല്ല, അതിന്റെ ദൈന്യം കൂടിയായിരുന്നു. അവിടെനിന്നാണ് ചെഗുവേരയുടെ വിപ്ലവചരിത്രം ആരംഭിക്കുന്നത്. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് പകുതി ഡോക്യുമെന്ററിയാണെന്ന് പറയാം. ലാറ്റിനമേരിക്കയുടെ ചരിത്രത്തിലൂടെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളിലൂടെയും സിനിമ സഞ്ചരിക്കുന്നു. ചെ ഗുവേര കണ്ട ജീവിതത്തിന്റെ മുഴുവന്‍ ആഴവുമുള്ളതാണ് സിനിമ.
സംവിധായകന് വാള്‍ട്ടര്‍ സാലെസ് ലാറ്റിനമേരിക്കയുടെ ഹൃദയം ചെയില്‍ നിന്ന് കണ്ടെടുക്കുന്നു. തെരുവുകളില്‍ നിന്ന് തെരുവുകളിലേക്കു യാത്ര ചെയ്യുമ്പോള്‍ കണ്ടുമുട്ടുന്നവരെല്ലാം സംവിധായകനു കഥാപാത്രങ്ങളാകുന്നു. അങ്ങനെയാണ് സിനിമ ഒരു നാടിന്റെ ചരിത്രംകൂടി പറയുന്ന ഒന്നാകുന്നത്. മോട്ടര്‍ സൈക്കിള്‍ ഡയറീസിന്റെ സമകാലികത ലാറ്റിനമേരിക്കയുടെ തെരുവുകളില്‍ ചെ കണ്ട അതേ ജീവിതമാണ് ലോകത്ത് എല്ലായിടത്തും നിലനില്ത്. അതുതന്നെയാണ് ഈ സിനിമയെ സമകാലികമാക്കുന്നത്. ഇപ്പോഴും ഈ സിനിമ കാണുന്ന ഒരാള്‍ക്ക് ഞരമ്പുകളില്‍ ചോരയിരച്ചു കയറുന്നുവെങ്കില്‍ അതിന് ആരെയും തെറ്റുപറയാനാവില്ല. മനുഷ്യരാശിയുടെ അതിജീവനത്തിന്റെ കഥകൂടിയാണു മോട്ടോര്‍ സൈക്കിള്‍ ഡയറീസ്. വിവിധദൃശ്യങ്ങളില് നാം കണ്ടുമുട്ടുന്നത് നമ്മുടെ നാട്ടുകാരെയും നമ്മളെത്തന്നെയുമാണ് എന്നുതോന്നിയാല്‍ അതിശയിക്കാനൊന്നുമില്ല. കാലം കടന്നുപോയെങ്കിലും അവസ്ഥ അതുപോലെ തന്നെ നിലനില്ക്കുന്നു.
മോട്ടോര്‍ സൈക്കിള്‍ ഡയറീസിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജോസ് റിവേരയാണ്. നിരവധി ഡോക്യുമെന്ററികള്‍ എടുത്തിട്ടുള്ള സംവിധായകന് വാള്‍ട്ടര്‍ സാലസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.