എം-സോണ്‍ റിലീസ് – 77
ഭാഷ | സ്പാനിഷ് |
സംവിധാനം | Benjamín Ávila |
പരിഭാഷ | നന്ദലാൽ ആർ |
ജോണർ | ഡ്രാമ |
നിരവധി അന്താരാഷ്‌ട്ര ചലച്ചിത്രമേളകളില്‍ പുരസ്കാരം നേടിയ ലാറ്റിനമേരിക്കന്‍ ചിത്രമാണ് ക്ലാന്റസ്റ്റൈന്‍ ചൈല്‍ഡ്ഹുഡ്.
പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ക്യൂബയില്‍ ഒളിവിലായിരുന്ന പെറോണിസ്റ്റ് ഇടതുപക്ഷചിന്താഗതിക്കാരും വിപ്ലവകാരികളുമായ അച്ഛനും അമ്മയ്ക്കും പ്രായത്തില്‍ വളരെ ചെറുതായ അനിയത്തിക്കും അങ്കിളിനുമൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം നാടായ അര്‍ജന്റീനയിലേക്ക് തിരിച്ചെത്തുന്ന ജുവാന്‍ എന്ന കുട്ടിയുടെ കാഴ്ചപ്പാടിലൂടെ വളരുന്ന ഒരു സിനിമയാണിത്. തീവ്രവലതുപക്ഷപട്ടാള ഭരണകൂടത്തിനെതിരെ പോരാടാനുറച്ച മോണ്ടോണെറോസ് എന്ന വിപ്ലവസംഘത്തിലെ അംഗങ്ങളാണ് ജുവാന്റെ കൂടെ കഴിയുന്നവരെല്ലാം. അവിടെ ഏണസ്റ്റൊ എന്ന കള്ളപ്പേരിലാണ് ജുവാന്‍ കഴിയുന്നത്. പട്ടാള ഭരണകൂടത്താല്‍ നിരന്തം നിരീക്ഷിക്കപ്പെടുകയും ഇന്നല്ലെങ്കില്‍ നാളെ പിടിയിലകപ്പെടുമെന്ന് ഉറപ്പുമുള്ള വിപ്ലവകാരികളോടൊപ്പമുള്ള ജീവിതം, മറ്റൊരു പേരില്‍ സ്‌കൂളിലെ സാമൂഹ്യജീവിതം, അവിടത്തെ ചെറിയ പ്രണയം ഇവയെല്ലാം ചേര്‍ന്ന് ജുവാനില്‍ ഒട്ടേറെ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം വളരെ ഭംഗിയായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു ഈ ചിത്രത്തില്‍. ചിത്രത്തിന്റെ ആദ്യം തന്നെ സംവിധായകന്‍ പ്രഖ്യാപിക്കുന്നതുപോലെ ഈ ചിത്രത്തിലെ സംഭവങ്ങളെല്ലാം യഥാര്‍ത്ഥസംഭവങ്ങളെ അധികരിച്ചുള്ളതാണ്.