എം-സോണ് റിലീസ് – 1563
ഭാഷ | തമിഴ് |
സംവിധാനം | Halitha Shameem |
പരിഭാഷ | സജിൻ സാജ്, ഗിരി പി. എസ് |
ജോണർ | ഡ്രാമ, റൊമാൻസ് |
2019 ൻ്റെ അവസാന വാരത്തിൽ വന്ന് പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ തമിഴ് ചിത്രമാണ് സില്ലു കരുപ്പട്ടി. ആന്തോളജി വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ മനോഹരമായ നാല് കഥകളാണ് അവതരിപ്പിക്കുന്നത്. എല്ലാ കഥകളെയും കോർത്തിണക്കുന്ന മാന്ത്രിക നൂൽ സ്നേഹം എന്ന വികാരമാണ്. നൂറായിരം കഥകൾ പ്രണയത്തിലൂന്നി പറഞ്ഞിട്ടുണ്ടെങ്കിലും, സില്ലു കരുപ്പട്ടിയെ വ്യത്യസ്തമാക്കുന്നത് ഓരോ കഥാപരിസരങ്ങളും, കഥാപാത്രങ്ങളുമാണ്.
നഗരത്തിലെ മാലിന്യ നിർമ്മാർജ്ജന വിഭാഗത്തിൽ തൊഴിൽ ചെയ്യുന്ന മാഞ്ച എന്ന കൗമാരക്കാരൻ്റെ കഥയായ പിങ്ക് ബാഗും, ഷെയർ റൈഡുകളിലൂടെ പരിചിതരാകുന്ന മുഖിലൻ്റെയും മധുവിൻ്റെയും കഥ പറയുന്ന കാക്കാ കടിയും, ജീവിത സായാഹ്നത്തിലെ യശോദയുടേയും നവനീതൻ്റേയും കണ്ടെത്തലുകൾ പറഞ്ഞ ടർട്ടിൽസും, ദാമ്പത്യത്തിൻ്റെ പന്ത്രണ്ട് വർഷങ്ങൾക്കപ്പുറം തങ്ങളിലെ പ്രണയം കണ്ടെത്താൻ ശ്രമിക്കുന്ന അമുദിനിയുടെ കഥയായ ഹേയ് അമ്മുവും ഒന്നിനൊന്ന് മികച്ചു നിന്നു.
പ്രണയം എന്നും ക്ലീഷേയാണെങ്കിലും, അതിശയോക്തികളില്ലാതെ, ആസ്വാദ്യകരമായ എഴുത്തിനാലും, കൈയ്യൊതുക്കമുള്ള സംവിധാനത്താലും ഹൃദയഹാരിയാക്കിയത് ഹലിത ഷമീം എന്ന വനിതയാണ്. അഭിനേതാക്കൾ തന്മയത്വത്തോടെ കഥാപാത്രങ്ങളായപ്പോൾ, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, ചിത്രസംയോജനം എന്നീ സാങ്കേതിക വിഭാഗങ്ങളും നല്ല പിന്തുണയാണ് നൽകിയത്. എല്ലാ അർത്ഥത്തിലും മനസിന് കുളിർമ പകരുന്ന, പ്രതീക്ഷ നൽകുന്ന, പ്രണയം നിറക്കുന്ന ഒരു അനുഭവം.
രണ്ടു പരിഭാഷകർ ചെയ്ത രണ്ടു വ്യത്യസ്ത പരിഭാഷകളാണ് ഈ റിലീസിൽ ഉള്ളത്.