എം-സോണ് റിലീസ് – 114
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Darren Aronofsky |
പരിഭാഷ | ജോസി ജോയ് |
ജോണർ | ഡ്രാമ, മിസ്റ്ററി, റൊമാൻസ് |
മനുഷ്യന്റെ ഉത്ഭവകാലം തൊട്ട് ഇന്നുവരെ ശാസ്ത്രലോകം അവനു നൽകിയ സംഭാവനകൾ വില മതിക്കാനാവാത്തതാണ്. പ്രത്യേകിച്ച് വൈദ്യശാസ്ത്ര രംഗത്തു മനുഷ്യർ നടത്തിയ മുന്നേറ്റം അത്ഭുതാവഹമാണ്. പക്ഷെ എത്രയൊക്കെ കണ്ടുപിടുത്തങ്ങൾ നടത്തി എന്ന് പറയുമ്പോഴും മനുഷ്യന് ഇന്നും ഉത്തരം കിട്ടാത്ത ഒരു പ്രഹേളികയായി നിലനിൽക്കുന്ന ഒന്നാണ് മരണം. ചിത്രത്തിൽ ന്യൂറോ ശാസ്ത്രജ്ഞനായ ടോം ഡോക്ടർ Lillian നോട് പറയുന്ന ഒരു സംഭാഷണമുണ്ട് ” മറ്റെല്ലാ രോഗങ്ങളെപ്പോലെ മരണവും ഒരു രോഗമാണ്, അതിന് പ്രതിവിധി ഉണ്ട്. ഒരേ സമയം ഒരു സയൻസ് ഫിക്ഷൻ എന്നോ ഫാന്റസി ചിത്രമെന്നോ പറയാനാവാത്ത ഒരു മികച്ച സൃഷ്ടിയാണ് പ്രശസ്ത സംവിധായകൻ Darren Aronofsky ഒരുക്കിയ The Fountain എന്ന സിനിമ.
മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. വർത്തമാന കാലഘട്ടത്തിൽ ഒരു ന്യൂറോ സയന്റിസ്റ് ആയ ടോം തലച്ചോറിൽ ട്യൂമർ ബാധിച്ച തന്റെ ഭാര്യയായ Izzi യെ രക്ഷിക്കാനായി ഒരു അപൂർവ ഔഷധം കണ്ടെത്തുന്നതിലുള്ള പരീക്ഷണത്തിൽ മുഴുകി ഇരിക്കുകയാണ്. മായൻ സംസ്കാരത്തെ ആധാരമാക്കി Izzi എഴുതിയ ഒരു പുസ്തകമാണ് “The Fountain” രണ്ടാമത്തെ കാലഘട്ടം കാണിക്കുന്നത് ഈ കഥയിലൂടെയാണ്. മായൻസിന്റെ അധീനതയിലുള്ള ലോകമായ ക്ഷിബാൽബ എന്ന നെബുല യെക്കുറിച്ച് Izzi നേരത്തെ ടോമിനോട് സൂചിപ്പിക്കുന്നുണ്ട്. മരിച്ച ആത്മാക്കൾ പുനർജനിക്കുന്ന സ്ഥലം. അവൾ എഴുതിയ പുസ്തകത്തിലൂടെ ആ ലോകത്തെപ്പറ്റി ടോം കൂടുതൽ കാര്യങ്ങൾ മനസിലാക്കുന്നു. മരണക്കിടക്കയിൽ കിടക്കുന്ന izzi ക്ക് പക്ഷെ കഥയിലെ അവസാന ചാപ്റ്റർ എഴുതാൻ സാധിക്കുന്നില്ല. ആ ജോലി അവൾ ടോമിനെ ഏൽപ്പിക്കുന്നു.
16 ആം നൂറ്റാണ്ടിൽ സ്പാനിഷ് സാമ്രാജ്യത്തിന്റെ തകർച്ചയുടെ കാലഘട്ടത്തിൽ തന്റെയും രാജ്യത്തിന്റെയും രക്ഷയ്ക്കായി ക്വീൻ എലിസബത്ത് യോദ്ധാവ് ആയ തോമസിനോട് മായന്മാരുടെ വനത്തിലേക്ക് പോയി ട്രീ ഓഫ് ലൈഫ് എന്ന അപൂർവ വൃക്ഷം കണ്ടെത്താൻ ആജ്ഞാപിക്കുന്നു. ഫാദർ അവില തോമസിനോട് മറഞ്ഞിരിക്കുന്ന മായൻമാരുടെ രഹസ്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. മറഞ്ഞിരിക്കുന്ന ഒരു മായൻ പിരമിഡ് അവരുടെ ഐതിഹ്യങ്ങളുടെ രഹസ്യങ്ങൾ അടങ്ങിയിരിക്കുന്ന അജ്ഞാതമായ പിരമിഡ്. ഭൂമിയുടെ പൊക്കിളിൽ പണിതീർത്ത ഇവിടം അറിയപ്പെടുന്നത് ജീവന്റെ ജന്മസ്ഥലം എന്നാണ്. അവിടെയുള്ള ട്രീ ഓഫ് ലൈഫ് എന്ന വൃക്ഷത്തിലെ ചാറ് കഴിച്ചാൽ അവർക്ക് മരണത്തെ തോൽപ്പിക്കാൻ കഴിയും എന്നാണ് വിശ്വാസം. രാജ്ഞിക്ക് വേണ്ടി അതും തേടിയിറങ്ങുന്ന തോമസിന്റെ കഥയാണ് izzi എഴുതിയ The Fountain എന്ന പുസ്തകം പറയുന്നത്.
ട്രീ ഓഫ് ലൈഫ് എന്ന വൃക്ഷത്തെപറ്റിയുള്ള കാര്യങ്ങൾ ബൈബിളും സ്ഥിതീകരിക്കുന്നുണ്ടെന്നു ചിത്രത്തിൽ പറയുന്നുണ്ട്. ഏദൻ തോട്ടത്തിൽ 2 തരം വൃക്ഷങ്ങളുണ്ട്, അറിവ് എന്ന വൃക്ഷവും ജീവൻ എന്ന വൃക്ഷവും. ആദവും ഹവ്വയും എന്നാണോ കർത്താവിനോട് അനുസരണക്കേട് കാണിക്കുകയും അറിവ് ഭക്ഷിക്കുകയും ചെയ്തത് അന്ന് തൊട്ട് അവരുടെ തോട്ടത്തിലേക്കുള്ള പ്രവേശനം തടയുകയും ജീവവൃക്ഷത്തെ ഒളിപ്പിക്കുകയും ചെയ്തു.