എം-സോണ് റിലീസ് – 1643
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Netflix |
പരിഭാഷ | ആര്യ നക്ഷത്രക് |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
പകൽ നിയമം കൊണ്ടും രാത്രി ഹെൽസ് കിച്ചണിലെ ചെകുത്താനായുമുള്ള മാറ്റ് മർഡോക്ക് എന്ന അന്ധനായ വക്കീലിന്റെ, സ്വന്തം നഗരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന വിൽസൺ ഫിസ്ക് എന്ന ബുദ്ധിമാനും ശക്തനുമായ എതിരാളിക്കെതിരെയുള്ള പോരാട്ടമായിരുന്നു ഒന്നാമത്തെ സീസൺ. അതിൽ വളരെ ബുദ്ധിമുട്ടിയാണെങ്കിലും അവൻ ജയിക്കുകയും ചെയ്തു. എന്നാൽ വിൽസൺ ഫിസ്കിന്റെയും കൂട്ടാളികളുടെയും പതനത്തോടെ അയാൾ കാരണം ശക്തി ക്ഷയിച്ചു പോയ മറ്റു പല മാഫിയ അധോലോക സംഘങ്ങളും തല പൊക്കി തുടങ്ങുന്നു. അവർ ഓരോരുത്തരും ഹെൽസ് കിച്ചണിലെ ഭരണം പിടിച്ചെടുക്കാൻ ഒരുങ്ങുന്നു. എന്നാൽ അവിടേക്ക് മാഫിയ സംഘങ്ങളെ തിരഞ്ഞു പിടിച്ച്, അവരുടെ താവളത്തിൽ തന്നെ കയറി ചെന്ന് ഒരാൾ കൊന്നു തള്ളാൻ തുടങ്ങുന്നുതോടെ ഹെൽസ് കിച്ചൺ വീണ്ടും ഒരു യുദ്ധക്കളമായി മാറുന്നു. ഒരാളുടെ ജീവനെടുക്കുന്നത് തെറ്റാണ് എന്ന് അടിയുറച്ചു വിശ്വസിക്കുന്ന മാറ്റിന്റെ ആശയങ്ങൾക്ക് അവന്റെ പ്രവൃത്തികൾ എതിരാവുന്നതിനാൽ മാറ്റും അവനെ പിടിച്ചു കെട്ടാൻ ഇറങ്ങിത്തിരിക്കുന്നു.
ഇതേ സമയം മാറ്റിന്റെ പഴയ കാമുകിയായിരുന്ന ഇലക്ട്ര നാച്ചിയോസ് അവനെ തേടി വരുന്നു. ഹാൻഡ് എന്ന ഒരു രഹസ്യ സംഘടന ആരുമറിയാതെ ഹെൽസ് കിച്ചണിൽ പ്രവർത്തിക്കുന്നതും, സിറ്റിയെ ഇല്ലാതാക്കാൻ പോന്ന പലതും ചെയ്യുന്നതും മാറ്റ് അവളിൽ നിന്ന് മനസ്സിലാക്കുന്നു. അങ്ങനെ മാറ്റ് ഹാൻഡിനെ തളയ്ക്കാൻ ഇലക്ട്രയോടൊന്നിച്ച് പ്രവർത്തിക്കാൻ തുടങ്ങുന്നു. ഒരേ സമയം ഡെയർഡെവിളിന്റെ കുപ്പായത്തിൽ രണ്ടു യുദ്ധങ്ങൾ ചെയ്യുന്നത് അതോടെ മാറ്റിന്റെ വ്യക്തിജീവിതത്തെയും ബാധിക്കാൻ തുടങ്ങുന്നു.
ഒന്നാം സീസൺ പതിഞ്ഞ താളത്തിൽ തുടങ്ങി കത്തിക്കയറുകയായിരുന്നെങ്കിൽ രണ്ടാം സീസൺ തുടക്കം മുതലേ ആക്ഷൻ ഇഷ്ടപ്പെടുന്നവർക്കുള്ള വിരുന്നാണ്.