എം-സോണ്‍ റിലീസ് – 125
ഭാഷ | ജർമ്മൻ |
സംവിധാനം | Wolfgang Becker |
പരിഭാഷ | മുഹമ്മദ് റിയാസ് |
ജോണർ | കോമഡി, ഡ്രാമ, റൊമാൻസ് |
അഗാധമായ രാഷ്ട്രീയവിവക്ഷകളുള്ള ചരിത്ര സംഭവത്തെ നര്‍മ്മത്തിന്റെ നാനാര്‍ഥങ്ങളിലൂടെ അനുഭവിപ്പിക്കുന്ന ഒരു ചിത്രമാണ് ‘ഗുഡ്ബൈ ലെനിന്’. ഏറെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഈ ജര്‍മ്മന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വോള്‍ഫ്ഗാംഗ് ബെക്കര്‍ ആണ്. നിര്‍ണായകമായ ഒരു ചരിത്രസന്ധിയില്‍ ബര്‍ലിന്‍ മതില് നിലം പൊത്തിയപ്പോള് ജര്‍മന്‍ ജനത മാത്രമല്ല, ലോകം മുഴുവന്‍ അതിന്റെ പ്രകമ്പനത്തില്‍ വിറകൊണ്ടു. ഇരുധ്രുവങ്ങളിലായിരുന്ന രണ്ട് രാഷ്ട്രീയവ്യവസ്ഥകളുടെ സംയോജനമെന്ന നിലയില്‍ ഈ സംഭവം ദൂരവ്യാപകമായ പരിണിതഫലങ്ങള്‍ക്ക് വഴിവെച്ചു. മറ്റ് സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലും മുതലാളിത്തമൂല്യങ്ങള്‍ പിടിച്ചുമുറുക്കുന്നതിന് ഇടയാക്കി. ജര്‍മനിയുടെ ഏകീകരണം പ്രത്യശാസ്ത്രപരമായ ദിശാവ്യതിയാനങ്ങളിലേക്കാണ് യൂറോപ്പിനെ നയിച്ചത്. ഈയൊരു സാഹചര്യത്തില്‍ കമ്മ്യൂണിസ്റ്റ്,മുതലാളിത്ത സമൂഹങ്ങളുടെ വിരുദ്ധധ്രുവങ്ങളില്‍ നിന്നുകൊണ്ട് ആദര്‍ശാധിഷ്ഠിതമായ ജീവിതത്തിന്റെ ആകുലതകള്‍ അനുഭവിപ്പിക്കുകയാണ് വോള്‍ഫ്ഗാംഗ് ബെക്കര്‍ ‘ഗുഡ്ബൈ ലെനിന്’ എന്ന ചിത്രത്തിലൂടെ ചെയ്യുന്നത്. നര്‍മ്മത്തിന്റെയും റിയലിസത്തിന്റെയും സഹായത്തോടെയാണ് ഈ രാഷ്ട്രീയചിത്രം കഥ പറയുന്നത്.ദ്രുതഗതിയിലുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങളും പ്രത്യയശാസ്ത്രവ്യതിയാനങ്ങളും അടിയുറച്ച ആദര്‍ശവാദികളെ എത്രത്തോളം അസ്വസ്ഥരാക്കുന്നുവെന്ന് കാട്ടിത്തരുന്നു ഈ ചിത്രം.ഡാനിയല്‍ ബ്രൂഹ്ല്,കാത്രീന്‍ സാസ് എന്നിവരുടെ മികച്ച അഭിനയം ഈ ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ബാഫ്ട ,ഗോള്‍ഡന്‍ ഗ്ലോബ് തുടങ്ങിയ അവാര്‍ഡുകള്‍ക്ക് നാമധേയം ചെയ്യപ്പെട്ട ഈ സിനിമ എന്തുകൊണ്ടും പ്രശംസ അര്‍ഹിക്കുന്നു.