എം-സോണ്‍ റിലീസ് – 1156
ഭാഷ | അൽബേനിയൻ |
സംവിധാനം | Joshua Marston |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഡ്രാമ |
മാർക്കിന്റെ കുടുംബത്തിന് സ്വന്തമായിരുന്ന നിലം ഇപ്പോൾ സൊകോളിന്റെ കുടുംബത്തിന്റെ കൈയിലാണ്. കാലങ്ങളായി തങ്ങൾ ഉപയോഗിച്ച് വന്നിരുന്ന ആ നിലത്തിലൂടെയുള്ള വഴി ഒരുനാൾ സൊകോൾ അടക്കുന്നു. അതിന്റെ പേരിലുണ്ടാവുന്ന സംഘർഷത്തിൽ സൊകോൾ കൊല്ലപ്പെടുന്നു. അൽബേനിയയിലെ പരമ്പരാഗത നിയമങ്ങളായ കനൂൻ പ്രകാരം മാർക്കിന്റെ കുടുംബം സൊകോളിന്റെ കുടുംബത്തോട് ഒരു ജീവൻ കടപ്പെട്ടിരിക്കുകയാണ്. മരണപ്പെട്ടവരുടെ കുടുംബത്തോടുള്ള ആദരവെന്നോണം മാർക്കിന്റെ കുടുംബത്തിലെ ആണുങ്ങൾ ഏകാന്തതയിൽ കഴിയണം ഇല്ലെങ്കിൽ ഒരുവന്റെ ജീവൻ അവർ പകരമായെടുക്കും. കൊലപാതകം ചെയ്ത മാർക്കിന്റെ അനിയൻ പോലീസ് പിടിയിലായെങ്കിലും കൂടെയുണ്ടായിരുന്ന മാർക്ക് ഒളിവിൽ പോവുന്നു.
മാർക്കിന്റെ മൂത്ത മകൻ 17 കാരനായ നിക്ക്, പുറത്ത് പോവാനാവാതെ വീട്ടിൽ തന്നെ കഴിയുകയും അനിയത്തി റുദീന, പഠനമുപേക്ഷിച്ച് തൊഴിലിനിറങ്ങേണ്ടിയും വരുന്നു. ചെറുപ്രായത്തിൽ തങ്ങളുടെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ ഒരു നിമിഷത്തിൽ ഇല്ലാതായത് അവർക്ക് വിശ്വസിക്കാനാവുന്നില്ല. പഴയ തലമുറയുടെ നിസ്സാര പിടിവാശികളും കുടിപ്പകകളും പലരുടെയും ജീവിതം തന്നെ തകർക്കുന്നതെങ്ങനെയെന്ന് ഈ ചിത്രം കാട്ടിത്തരുന്നു.
‘ദി ഫൊർഗിവ്നസ്സ് ഓഫ് ബ്ലഡ്’ എന്ന പേരിൽ 2011ൽ പുറത്തിറങ്ങിയ ഈ അൽബേനിയൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ‘ജോഷ്വാ മാർസ്റ്റൺ’ ആണ്. മികച്ച തിരക്കഥക്കുള്ള രണ്ട് അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങളുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടുകയുണ്ടായി.