എം-സോണ്‍ റിലീസ് – 1782
ഭാഷ | കൊറിയൻ |
സംവിധാനം | Ji-woo Jung |
പരിഭാഷ | വിവേക് സത്യൻ |
ജോണർ | ഡ്രാമ, റൊമാൻസ് |
‘ട്യൂൺ ഇൻ ഫോർ ലവ്’ ആരംഭിക്കുന്നത് 1994 ഒക്ടോബർ 1ന് ആണ്. മി സൂവും (കിം ഗോ യൂൻ), ഹ്യൂൺ വൂയും (ജംഗ് ഹേ ഇൻ) അന്നേ ദിവസമാണ് ആദ്യമായി കണ്ടുമുട്ടുന്നത്. ‘മ്യൂസിക് ആൽബം’ എന്ന റേഡിയോ പ്രോഗ്രാമിന്റെ ഡിജെ ആയി യൂ യോൾ എന്ന ഗായകൻ മാറിയ ദിവസം കൂടിയായിരുന്നു അത്. ജുവനൈൽ ഡിറ്റൻഷൻ സെന്ററിൽ നിന്ന് മോചിതനായ ശേഷം ‘ടോഫു’ അന്വേഷിച്ച് ഹ്യൂൺ വൂ എത്തിപ്പെടുന്നത് ബേക്കറി നടത്തുകയായിരുന്ന മി സൂവിന്റെ മുന്നിലേക്കാണ്. അതേ ബേക്കറിയിൽ ഹ്യൂൺ വൂ ഒരു പാർട്ട് ടൈം ജോലി കണ്ടെത്തുകയും മി സൂവുമായി അടുക്കുകയും ചെയ്യുന്നു.
1994 ൽ ഐഎംഎഫ് പ്രതിസന്ധി ഘട്ടത്തിൽ ഈ റേഡിയോ പ്രോഗ്രാമിൽ കഥകൾ കൈമാറി പ്രണയം മുന്നോട്ട് പോകുന്നുണ്ടെങ്കിലും തുടർച്ചയിട്ടുണ്ടാകുന്ന തെറ്റിദ്ധാരണകൾ നിമിത്തം ഇവർ പിരിയുന്നു.
തൊണ്ണൂറുകളുടെ കൊറിയൻ നൊസ്റ്റാൾജിയ വേണ്ടുവോളം ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ സിനിമയിൽ, റേഡിയോ ഒരു പ്രധാന കഥാപാത്രമാണ്.ഇന്റർനെറ്റും,മൊബൈൽ ഫോണും ഒന്നും വ്യാപകമായിട്ടില്ലാത്ത അന്നത്തെ കാലത്തേ പ്രണയവും,വിരഹവും അതിമനോഹരമായ സംഗീതത്തിന്റെ മേമ്പൊടിയിൽ നമുക്കു മുന്നിൽ അവതരിപ്പിക്കപ്പെടുന്നു.
1994 ൽ തുടങ്ങി 1997 ലും, 2000വും വഴി 2005 ൽ അവസാനിക്കുന്ന കഥപറച്ചിലിൽ കൊറിയയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങളും മറ്റും മനോഹരമായി കാണിച്ചിരിക്കുന്നു.മി-സുയും, ഹ്യൂൺ വൂയും ഒരുമിച്ച് ജീവിക്കാൻ വിധിക്കപ്പെട്ടവരാണോ? എന്ന ചോദ്യത്തിന് ഉത്തരവുമായി അവസാനിക്കുന്ന ‘ട്യൂൺ ഇൻ ഫോർ ലവ്’ഫീൽഗുഡ്-മെലോഡ്രാമ കൊറിയൻ ചിത്രങ്ങളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്.