എം-സോണ് റിലീസ് – 1937
ഭാഷ | കൊറിയൻ |
സംവിധാനം | Kwak Jung-hwan |
പരിഭാഷ | ജീ ചാൻ-വൂക്ക് |
ജോണർ | ഡ്രാമ, റൊമാൻസ്, ത്രില്ലർ |
സ്നോ വൈറ്റിന്റെയും അവളുടെ ക്രൂരയായ രണ്ടാനമ്മയുടെയും കഥ എല്ലാവരും വായിച്ചിട്ടുണ്ടാകും..എല്ലാം അറിയുന്ന മാന്ത്രിക കണ്ണാടിയോട് ഏറ്റവും സുന്ദരി ആരാണെന്ന് ചോദിക്കുന്ന രണ്ടാനമ്മ സ്നോ വൈറ്റ് എന്ന ഉത്തരം കേൾക്കുന്നതോടെ ദേഷ്യം പിടിച്ചു അവളെ കൊല്ലാൻ ഹണ്ട്‌സ് മാനെ ഏല്പിക്കുന്നു. അവിടന്നു രക്ഷപ്പെട്ട് 7 കുള്ളന്മാരോടൊപ്പം കാട്ടിലെ ചെറിയ വീട്ടിൽ താമസിക്കുന്ന സ്നോ വൈറ്റിനെ വേഷം മാറി വന്ന രണ്ടാനമ്മ വിഷമുള്ള ആപ്പിൾ കൊടുത്തു കൊല്ലുന്നതും പിന്നെ അവളെ രാജകുമാരൻ വന്നു രക്ഷിക്കുന്നതും ആണ് കഥ.
സൗത്ത് കൊറിയയിലെ ആധുനിക രാഷ്ട്രീയ സാഹചര്യത്തിലേക്ക്
ഈ മുത്തശ്ശിക്കഥ പറിച്ചു നട്ടാൽ എങ്ങനെയിരിക്കും? അതാണ് The K2 എന്ന കൊറിയൻ പൊളിറ്റിക്കൽആക്ഷൻ ത്രില്ലർ സീരീസ്.
ഒരു സ്വകാര്യ സുരക്ഷാ കമ്പനിയിലെ പട്ടാളക്കാരനായ കിം ജെ ഹാ സ്പെയിനിൽ വെച്ചു അപ്രതീക്ഷിതമായി അന്ന എന്ന പെണ്കുട്ടിയെ ഒരപകടത്തിൽ നിന്ന് രക്ഷിക്കുന്നു. തന്നെ കൂടെ കൊണ്ടു പോകാൻ അവൾ കേണപേക്ഷിച്ചിട്ടും കൂട്ടാക്കാതെ അയാൾ കൊറിയക്ക് തിരിക്കുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർഥി ആയ ജങ് സെ ജൂനിന്റെ ബോഡി ഗാർഡ് ആയി നിയമിക്കപ്പെടുന്ന ജെ ഹാ അവിടെ വെച്ചു വീണ്ടും അന്നയെ കണ്ടു മുട്ടുന്നു. പകയും പ്രതികാരവും രാഷ്ട്രീയ ഗൂഢാലോചനകളും കുടുംബ ബന്ധങ്ങളിലെ പൊള്ളത്തരങ്ങളും, സൗഹൃദവും പിന്നെ പ്രണയവും ഒക്കെ ആയി സംഭവ ബഹുലവും നാടകീയവുമായ 16 എപ്പിസോഡുകളിലൂടെ കഥ പറഞ്ഞു പോകുന്ന സീരീസ് ചടുലമായ ആക്ഷൻ രംഗങ്ങളാൽ സമൃദ്ധമാണ്… The Witch, Magic Mirror, Snow white (damsel in distress) തുടങ്ങിയ മോട്ടീഫുകൾ സീരീസിൽ ഉടനീളം ചിതറിക്കിടക്കുന്നത് നമുക്ക് കാണാം.
രസകരമായ മറ്റൊരു കാര്യം ഇതിലെ ഹീറോ -വില്ലൻ കെമിസ്ട്രിയാണ്.
ജി ചാങ് വൂക്ക് (കിം ജെ ഹാ), സോങ് യൂ നാ(ചോയ് യൂജിൻ) എന്നിവരുടെ മത്സരിച്ചുള്ള അഭിനയം സീരിസിനെ കൂടുതൽ മികവുറ്റതാക്കുന്നു. സീരീസ് കണ്ടു കഴിയുമ്പോൾ ഇതിലെ OST ആരും മറക്കാൻ ഇടയില്ല.