എം-സോണ് റിലീസ് – 1959
ഭാഷ | ഇറ്റാലിയൻ |
സംവിധാനം | Giulio Petroni |
പരിഭാഷ | വിഷ്ണു വി |
ജോണർ | വെസ്റ്റേൺ |
പ്രതികാരത്തിനോളം സംതൃപ്തി നൽകാൻ കഴിയുന്ന അധികം കാര്യങ്ങൾ ഉണ്ടാവില്ല ,അത് സിനിമയിൽ ആയാലും യഥാർത്ഥ ജീവിതത്തിൽ ആയാലും അങ്ങനെ ഒക്കെ തന്നെ. തങ്ങളെ പരിഹസിച്ചവരുടെയും തങ്ങളുടെ തോൽവി മനസാ ആഗ്രഹിച്ചവരുടെയും മുന്നിൽ ജയിച്ച് കാണിക്കണം എന്നത് ഏതൊരു മനുഷ്യന്റെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും ,അതിനാൽ തന്നെ ആവാം പ്രതികാരം പ്രമേയമായി വന്ന ചിത്രങ്ങൾക്കും അവയിലെ നായകന്മാർക്കും ഒരുപാട് ആരാധകന്മാർ ഉണ്ടായതും. തങ്ങൾ ആഗ്രഹിച്ച ആ ചെറിയ നിമിഷം സ്ക്രീനിലെ കഥാപാത്രം സ്വന്തമാക്കുമ്പോൾ അറിയാതെ എങ്കിലും അത് ഇഷ്ടപ്പെട്ട് പോവാറുണ്ട് കാഴ്ചക്കാരനും. അത്തരമൊരു പ്രതികാര കഥയാണ് ഈ ചിത്രവും.
ചിത്രം ആരംഭിക്കുന്നത് ഒരു താഴ്‌വരയിൽ നിന്നുമാണ് ,അതും പേമാരി കണക്കിന് മഴ പെയ്തിറങ്ങിയ രാത്രി സമയത്ത്. വിജനമായ പ്രദേശത്ത് ആകെയുള്ള വീട് ലക്‌ഷ്യം വെച്ച് അഞ്ച് അംഗ സംഘം എത്തുകയാണ്. വീട്ടുടമസ്ഥന്റെയോ മറ്റാരുടെ എങ്കിലുമോ സമ്മതം കൂടാതെ വീടിനുള്ളിലേക്ക് കടന്ന് ചെല്ലുകയാണ് അഞ്ച് പേരും. പിന്നീട് അവിടെ അരങ്ങേറിയത് വാക്കിനാൽ വിവരിക്കാനാവാത്ത കൂട്ടക്കുരുതി ആണ്. ആണെന്നോ പെണ്ണെന്നോ നോട്ടമില്ലാതെ ചലിക്കുന്ന എന്തിനെയും ഏതിനെയും വെടിക്ക് ഇരയാക്കി കൊണ്ടും സ്ത്രീകളെ ബലാത്സംഗം ചെയ്തും അഞ്ചംഗ സംഘം ആ താഴ്‌വരയിൽ അന്നേ ദിവസം ചോര ചാലുകൾ തീർത്ത് കടന്ന് പോയി.
മേൽ പറഞ്ഞ സംഭവങ്ങൾ കഴിഞ്ഞ് വർഷങ്ങൾ ഒരുപാട് കഴിഞ്ഞ് പോയിരിക്കുന്നു, മരിച്ചവരെല്ലാം എല്ലാവരുടെയും ഓർമകളിൽ നിന്ന് പോലും മാഞ്ഞ് പോയിട്ടുണ്ട്, അന്നേ ദിവസം അരങ്ങേറിയ സംഭവങ്ങൾ പോലും ആർക്കും ഓർമയില്ല. അഞ്ചംഗ സംഘത്തിലുള്ളവർ പോലും എവിടെയാണെന്നോ എന്താണെന്നോ ,ജീവനോടെ ഉണ്ടോ എന്ന് പോലും ആർക്കും നിശ്ചയമില്ല. എല്ലാം എല്ലാവരും മറന്നു എന്ന് ചിന്തിച്ച് തുടങ്ങിയ നിമിഷം പഴയ സംഭവങ്ങൾ മനസ്സിൽ വെച്ച് കൊണ്ട് കണക്കുകൾ തീർക്കാനായി ഒരു പുതിയ കഥാപാത്രം പ്രത്യക്ഷപ്പെടുകയാണ്.
പ്രസ്തുത കഥാപാത്രം ആരാണെന്നും മേൽ പറഞ്ഞ സംഭവങ്ങളിൽ ഇയാൾക്കുള്ള പങ്ക് എന്താണെന്നും ചിത്രം കണ്ട് മനസിലാക്കുന്നതാവും നല്ലത് ,അത് എന്ത് തന്നെ ആയാലും വർഷങ്ങൾക്കിപ്പുറം ടിയാൻ മടങ്ങി വന്നിരിക്കുന്നതിന് ഒരേയൊരു കാരണം മാത്രമേയുള്ളൂ ,പ്രതികാരം എന്ന കാരണം. താഴ്‌വരയിൽ അന്ന് അരങ്ങേറിയ സംഭവങ്ങളുടെ ചെറിയ ചില ഓർമകളും ,കൊലപാതകികളെ കുറിച്ചുള്ള ലഘുവായ സൂചനകളും മാത്രമേ ടിയാന്റെ കയ്യിലുള്ളൂ. ഈ വിവരങ്ങൾ ഉപയോഗിച്ച് കഥാപാത്രങ്ങളെ കണ്ടെത്തണം ,കൊല്ലണം ,മടങ്ങണം എന്ന ലക്ഷ്യങ്ങൾ മാത്രമേ ഇയാൾക്കുള്ളൂ.
ഇതേ സമയം നഗരത്തിന്റെ മറ്റൊരു ഭാഗത്ത് പതിനഞ്ച് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം പ്രതിയെന്ന് ആരോപിക്കപ്പെട്ട റയാൻ എന്ന കഥാപാത്രം പുറത്തിറങ്ങുകയാണ്. ഇയാളുടെയും ഉദ്ദേശങ്ങളോ ലക്ഷ്യങ്ങളോ വ്യക്തമല്ല, കവർച്ചയും കൊള്ളയും കുറ്റങ്ങളായി ആരോപിക്കപ്പെട്ട് ജയിലിലായ റയാന് പറയാനുണ്ടായത് ഈ കഥാപാത്രങ്ങൾ എല്ലാം ഉൾപ്പെട്ട ചില സംഭവങ്ങളുടെ വേറിട്ട വിവരണം ആണ്. മികച്ച ചിത്രം എന്ന അവകാശവാദം ഒന്നുമില്ലെങ്കിലും കണ്ടിരിക്കാവുന്ന, നല്ല വെസ്റ്റേൺ റിവഞ്ച് ചിത്രങ്ങളുടെ പട്ടികയിൽ ഈ ചിത്രത്തെയും ഉൾപ്പെടുത്താം.