എം-സോണ് റിലീസ് – 1109
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | TM Productions |
പരിഭാഷ | ഗിരി പി. എസ് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ |
സൂര്യാസ്തമയത്തിന്റെ നാടുകൾ തേടി മഹാസമുദ്രത്തിന്റെ നിഗൂഢതകൾ താണ്ടിയ വൈക്കിങ് എന്ന ജനസമൂഹമാണ് ചരിത്ര രേഖകളനുസരിച്ച് പ്രമുഖരായ പ്രഥമ പര്യവേക്ഷകരും കോളനിസ്റ്റുകളും. ആദ്യമാദ്യം നിഷ്ഠൂരരായ ഇക്കൂട്ടരുടെ തൊഴിൽ കൊള്ളയായിരുന്നു. കേരളത്തിലെ ചുണ്ടൻ വള്ളങ്ങളെ അനുസ്മരിപ്പിക്കുന്ന വൈക്കിങ്ങു കളുടെ വള്ളങ്ങൾ ഉത്തര അറ്റ്ലാന്റിക്കിന്റെ വിരിമാറിലൂടെ പാഞ്ഞുപോയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്. പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന പ്രദേശങ്ങളിലെ ഫലപുഷ്ടിയുള്ള മണ്ണിൽ കുടിയുറപ്പിക്കാനും അവർ ശ്രമിച്ചിരുന്നു. അങ്ങനെ രൂപം കൊണ്ടതാണ് റിപ്പബ്ലിക്ക് ഓഫ് അയർലൻഡിന്റെ തലസ്ഥാനമായ ഡബ്ലിൻ. യൂറോപ്പിലും ഏഷ്യയിലും ധാരാളം ജനപദങ്ങൾ സൃഷ്ടിച്ച വൈക്കിങ്ങുകൾ ഐസ് ലാൻഡും ഗ്രീൻലാൻഡും കടന്ന് വടക്കേ അമേരിക്ക വരെ എത്തിയിരുന്നു. മുകളിൽ പറഞ്ഞ വസ്തുതകൾ ഇവരെ കുറിച്ചുള്ള ചെറിയൊരു ആമുഖം മാത്രമാണ്. വൈക്കിങ്ങുകളുടെ സാഹസിക പര്യവേക്ഷണങ്ങൾ ഒരു ചെറിയ വിവരണത്തിൽ ഒതുങ്ങുന്നതല്ല എന്ന് സാരം.
സീരീസിലേക്ക് വരികയാണെങ്കിൽ, AD എട്ടാം നൂറ്റാണ്ടിലെ വൈക്കിങ്ങുകളുടെ കഥയാണ് പ്രതിപാദിക്കുന്നത്. ഇത്തരം പശ്ചാത്തലത്തലവുമായി വന്ന മറ്റു പല സീരീസും ഭാവനാന്മകമായ കഥയായിരുന്നു എങ്കിൽ, വൈക്കിങ് എന്ന സീരീസ് ഭാവനയും ചരിത്ര യാഥാർത്ഥ്യങ്ങളും കെട്ടുപിണഞ്ഞ ഒരു സീരീസ് ആണ്. നിഷ്ഠൂരതയും നിർദാക്ഷിണ്യവും മുഖമുദ്രയാക്കിയ, പേഗൻ വിശ്വാസങ്ങളോട് കൂടിയ വൈക്കിങ്ങുകളെ മികച്ച രീതിയിൽ ഈ സീരീസ് പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട് എന്നതിൽ തർക്കമില്ല.
വൈക്കിങ് ഐതിഹ്യങ്ങളിൽ പരാമർശിച്ച് കാണപ്പെടുന്ന റഗ്നാർ ലോത്ബ്രോക് എന്ന വൈക്കിങ്ങിനെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്. വൈക്കിങ് സമൂഹത്തെ Thralls, Karls, Jarls എന്നിങ്ങനെ മൂന്ന് സോഷ്യോ-ഇക്കണോമിക് ക്ലാസ്സുകളായി തരം തിരിച്ചിരുന്നു. Thralls എന്നത് അടിമകൾ ഉൾപ്പെടുന്ന ഏറ്റവും താഴ്ന്ന വിഭാഗം ആയിരുന്നു. Karls എന്നത് സ്വതന്ത്രരായി വർത്തിക്കുന്ന കാർഷിക സമൂഹവും, Jarls എന്നത് ഇവരെയെല്ലാം നിയന്ത്രിച്ചു പോരുന്ന മേലേക്കിടയിൽ ഉള്ള ഭരണവർഗ്ഗവും ആയിരുന്നു. ഇതിൽ രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന കഥാനായകനായ റഗ്നാർ താരതമ്യേന അപരിഷ്കൃതരായ ആ സമൂഹത്തിലെ വേറിട്ട് ചിന്തിക്കുന്ന ഒരു വ്യക്തിത്വം ആയിരുന്നു. ആശയങ്ങളും ധൈര്യവും സാഹസികതയും അയാളെ ആ സമൂഹത്തിലെ Jarl എന്ന പദവിയിൽ എത്തിക്കുന്നതിനൊപ്പം തന്നെ പുതിയ ലോകത്തേക്കുള്ള വാതായനങ്ങൾ കണ്ടെത്തുന്നതിലേക്ക് നയിക്കുകയും ചെയ്തു. ക്രമേണ അയാൾ സ്കാന്റിനെവ്യൻ കിംഗ് എന്ന സ്ഥാനം കയ്യടക്കുകയും ചെയ്യുന്നു.
കിംഗ് റഗ്നാറിന്റെയും പുത്രന്മാരുടെയും അയാളുടെ സഹചാരികളുടെയും ഇംഗ്ലണ്ട്, ഫ്രാൻസ്, മെഡിറ്ററേനിയൻ തുടങ്ങിയ മേഖലകളിലേക്കുള്ള സാഹസിക സഞ്ചാരങ്ങളുടെയും ആ പ്രദേശങ്ങളിൽ അവർ നടത്തിയ പൈശാചികവും രക്തരൂക്ഷിതവും ആയ കൊള്ളയുടെയും കൊള്ളിവെയ്പ്പിന്റെയും യുദ്ധങ്ങളുടെയും കാല്പനികമായ ഒരു നേർക്കാഴ്ചയാണ് വൈക്കിങ് എന്ന TVസീരീസിലെ ഓരോ എപ്പിസോഡും. ആദ്യ ഭാഗത്തിൽ ആദ്യ സീസന്റെ എപ്പിസോഡ് 1,2,3,4,5 ആസ്വദിക്കൂ.