എം-സോണ് റിലീസ് – 2345
ഭാഷ | ജാപ്പനീസ് |
സംവിധാനം | Shinsuke Sato |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ആക്ഷൻ, ഫാന്റസി, മിസ്റ്ററി |
ജോലിയും കൂലിയും ഇല്ലാതെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട രോഹി അരിസു, മുതലാളിയുടെ പെണ്ണിനെ വളച്ച് ജോലി പോയ ഡയ്കിചി കറുബെ, ജോലി ഉപേക്ഷിച്ച ചോട്ട സെഗാവ, മൂവരും ഉറ്റ ചങ്ങാതിമാരാണ്. മൂവരുടെയും ജീവിതം ഒരൊറ്റ നിമിഷം കൊണ്ട് മാറിമറിയുകയാണ്. ഒരുദിവസം ടോക്കിയോയിലെ ഷിബുയ നഗരത്തിലെ നടുറോട്ടിൽ ചെറിയ അലമ്പ് ഉണ്ടാക്കി പോലീസിനെ കണ്ട് മൂത്രപ്പുരയിലേക്ക് ഓടിക്കയറിയതാണ് മൂവരും. സംഭവം തമാശയോടെ ചെയ്തതാണെങ്കിലും മൂത്രപ്പുരയിൽ നിന്ന് ഇറങ്ങിയതോടെ ടോക്കിയോ പട്ടണം ശൂന്യം. മനുഷ്യൻ പോയിട്ട് ഒരു ഈച്ചക്കുഞ്ഞു പോലുമില്ല. എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയുമില്ല. ഇനി ഇവാക്വേഷൻ ഡ്രിൽ ആണോ, അതോ ഫ്ലാഷ് മോബോ? എന്തുതന്നെയായാലും നഗരത്തിൽ അവർ മൂന്നു പേരും മാത്രം ബാക്കിയായത് അവർക്ക് സന്തോഷമായി. ഇനിയുള്ള ജീവിതം മൂന്നു പേർക്കും അടിച്ചുപൊളിച്ച് ഇഷ്ടമുള്ളത് തിന്നും കുടിച്ചും ജീവിക്കാം എന്ന് പറഞ്ഞതും പെട്ടെന്ന് നടുറോട്ടിലെ പരസ്യ ടി വി സ്ക്രീൻ തെളിഞ്ഞു. “വെൽക്കം പ്ലെയേഴ്സ്, ഗെയിമിലേക്ക് സ്വാഗതം”.
ഗെയിമോ? അതെ. ഗെയിം ആരംഭിക്കുകയായി. സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ഗെയിം. ഗെയിം ഉപേക്ഷിച്ചു തിരിച്ചു പോകുന്നവർക്കും ഗെയിമിൽ തോൽക്കുന്നവർക്കും മരണം തന്നെ വിധി. കളിച്ചു ജയിക്കുക അല്ലാതെ വേറെ നിവർത്തിയില്ല. അവിടുന്നങ്ങോട്ട് കഥ മാറുകയാണ്. ആരാണ് ഈ ഗെയിമിന് പിന്നിൽ? ആരാണ് ടോക്കിയോയിലെ ജനങ്ങളെ അപ്രത്യക്ഷമാക്കിയത്? അവർക്ക് എന്താണ് സംഭവിച്ചത്?
വരൂ നമുക്ക് ഗെയിമിലേക്ക് കടക്കാം!
അതിജീവനത്തിന്റെ ഗെയിം!