എം-സോണ്‍ റിലീസ് – 2377
ഭാഷ | സ്പാനിഷ് |
നിർമാണം | Story House Entertainment |
പരിഭാഷ | റെയ്‌മോൻഡ് മാത്യു |
ജോണർ | ക്രൈം, ഡ്രാമ |
ലോകചരിത്രത്തിലെ താളുകളിൽ പാബ്ലോ എസ്കോബാറിന് ശേഷം ഏറ്റവും ശക്തനായ മയക്കുമരുന്ന് രാജാവായി അറിയപ്പെടുന്ന “എൽ ചാപ്പോ” (കുള്ളൻ) എന്ന വിളിപ്പേരുള്ള ഹോക്വിൻ ഗുസ്മാന്റെ മൂന്ന് ദശകം നീണ്ടു നിന്ന കരിയറിലൂടെ പറഞ്ഞു പോകുന്ന ജീവിതകഥയാണ് സീരിസ് മുന്നോട്ട് വെക്കുന്നത്.
എഴുപതുകളിൽ മെക്സിക്കൻ മയക്കുമരുന്ന് ഡീലർമാർക്ക് വേണ്ടി ഓപ്പിയം കൃഷി ചെയ്തിരുന്ന ഒരു കൊച്ചു പയ്യനിൽ നിന്നും 2009 നും 2013 നും ഇടയിൽ ഫോർബ്സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും സമ്പന്നരും ശക്തരുമായ വ്യക്തികളുടെ പട്ടികയിൽ ഇടംപിടിച്ച നിലയിലേക്ക് വളർന്ന ‘എൽ ചാപ്പോ’, തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുമ്പോൾ സമ്പാദിച്ചത് ഏതാണ്ട് ഒരു ലക്ഷം കോടി രൂപയിലധികം വരുമെന്നാണ് യു.എസ് അധികൃതർ കണക്കാക്കുന്നത്.
അങ്ങനെ കൊണ്ടും കൊടുത്തും അദ്ദേഹം നേടിയ സാമ്രാജ്യത്തിന്റെ ഉയർച്ചകളും താഴ്ചകളും, രാഷ്ട്രീയ സൈനിക ഇതിവൃത്തങ്ങളിലെ അഴിമതിയും, മയക്ക്മരുന്ന് രാജാക്കന്മാർ തമ്മിലുള്ള കുടിപ്പകയും പ്രധാന പ്രേമേയമാക്കി കൊണ്ട് തികച്ചും ഗംഭീരമായി സീരിസ് പറഞ്ഞു പോകുന്നു.
ടൈറ്റിൽ കഥാപാത്രം ആയി തിളങ്ങുന്ന ‘മാർക്കോ ഡി ലാ ഒ’ യുടെ പ്രകടനവും,കഥ പറയുന്ന രീതിയുമാണ് ഷോയുടെ നെടും തൂൺ. മൂന്നു സീസണിലായി 35 എപ്പിസോഡിലൂടെ പറയുന്ന സീരിസ് ഒരു ഡോക്യുമെന്ററി സ്വഭാവത്തിലേക്ക് വഴുതി പോകാതെയും യഥാർത്ഥകഥാശം ഒട്ടും ചോർന്നു പോകാതെയും സംവിധായകൻ നല്ലൊരു അനുഭവം ആക്കി തീർക്കുന്നുണ്ട്.
-വിനോ ജോൺ-