എം-സോണ് റിലീസ് – 2470
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Peter Berg |
പരിഭാഷ | ശ്രീകാന്ത് കാരേറ്റ് |
ജോണർ | ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി |
ലോകം കണ്ട ഏറ്റവും വലിയ പാരിസ്ഥിതിക ദുരന്തങ്ങളിൽ ഒന്നാണ് ഡീപ്പ് വാട്ടർ ഹൊറൈസൺ എണ്ണ ചോർച്ച. 2010 ഏപ്രിൽ 20 ന് ഗൾഫ് ഓഫ് മെക്സിക്കോയിൽ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് പെട്രോളിയം കമ്പനിയുടെ ഓഫ്ഷോർ ഡ്രില്ലിംഗ് റിഗ്ഗിൽ നിന്നുള്ള എണ്ണ ചോർച്ചയെ തുടർന്ന് വൻ സ്ഫോടനം ഉണ്ടാകുകയും തുടർന്നുണ്ടായ തീപിടുത്തത്തിൽ 11 പേർ മരണമടയുകയും 17 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മനുഷ്യന്റെ അശ്രദ്ധയും സാങ്കേതിക വിദ്യയിലുള്ള അമിത ആത്മവിശ്വാസവുമായിരുന്നു ദുരന്ത കാരണം. നൂറ്റാണ്ടുകളായി അതീവ സമ്മർദ്ദത്തിൽ ഭൂമിക്കടിയിൽ സ്ഥിതി ചെയ്തിരുന്ന ക്രൂഡ് ഓയിലും, അതീവ ജ്വലന ശേഷിയുള്ള മീതേൻ വാതകവും മനുഷ്യൻ ഒരുക്കിയ സകല പ്രതിബന്ധങ്ങളും തകർത്ത് സ്വയം കത്താൻ ഒരു തീപ്പൊരിയും തേടി വെളിയിൽ വന്നു. എഞ്ചിൻ മുറിയിൽ നിന്ന് ആ തീപ്പൊരി കണ്ടെത്തുവാനും അതൊരു പൊട്ടിത്തെറിയിൽ കലാശിക്കുവാനും അധിക സമയം വേണ്ടി വന്നില്ല. 87 ദിവസം കൊണ്ട് നിയന്ത്രണ വിധേയമാക്കുമ്പോഴേക്കും 200 മില്യൺ ഗാലൻ എണ്ണ ഏകദേശം 68000 ചതുരശ്ര മൈൽ സമുദ്ര ഭാഗം മലിനമാക്കിയിരുന്നു. പതിനായിരകണക്കിന് പക്ഷികൾക്കും എണ്ണിയാൽ ഒടുങ്ങാത്ത എണ്ണം മീനുകൾക്കും ഡോൾഫിനുകൾക്കും, കടലാമകൾക്കും തിമിംഗലങ്ങൾക്കും ജീവൻ നഷ്ടമായി.ഏതാണ്ട് 8 ലക്ഷത്തോളം ബ്രൗൺ പെലിക്കണുകൾക്ക് ജീവൻ നഷ്ടമായതായി കണക്കാക്കുന്നു. ലക്ഷക്കണക്കിന് ജീവികളുടെ ആവാസ വ്യവസ്ഥ തകിടം മറഞ്ഞു. ഇന്നും ഇവിടത്തെ പരിസ്ഥിതി പൂർവസ്ഥിതിയിൽ ആയിട്ടില്ല.
ഈ യഥാർത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്കാരമാണ് സിനിമ.