എം-സോണ് റിലീസ് – 2516
ഭാഷ | പാപ്പിയമെന്റൂ |
സംവിധാനം | Eché Janga |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ഡ്രാമ |
ഒരിക്കലും കിട്ടാത്തത് നമുക്ക് മിസ്സ് ചെയ്യാനാകുമോ? ഓരോ നാടിനും അതിന്റേതായ സംസ്കാരമുണ്ട്. കാലം മുന്നോട്ടു പോകുമ്പോൾ സംസ്കാരം ചില്ലു കൂട്ടിൽ ഇട്ടു വെക്കേണ്ട സാഹചര്യം വരും. ഭാവിതലമുറയ്ക്ക് “ഇതായിരുന്നു നമ്മുടെ സംസ്കാരം” എന്ന്, പണം കൊടുത്ത് നിശ്ചിത അകലത്തിൽ നിന്ന് കാണിച്ചു കൊടുക്കേണ്ടി വരും. യുക്തിവാദിയായ പിതാവ് വെയ്റയുടെയും ആത്മീയതയിൽ മുഴുകിയ മുത്തച്ഛൻ വെയ്ജോയുടെയും വ്യത്യസ്ത മാനസികാവസ്ഥകൾ തമ്മിൽ ഏറ്റുമുട്ടാൻ തുടങ്ങുമ്പോൾ, പതിനൊന്നുകാരിയായ കെൻസ മുതിർന്നവരുടെ ജീവിതത്തിലേക്ക് സ്വന്തം വഴി കണ്ടെത്താനുള്ള നിശ്ചയത്തിലാണ്. ഒയ്റ നിശ്ചയദാർഢ്യവും പുരോഗമന വാദിയുമായ പോലീസ് ഉദ്യോഗസ്ഥനാണ്. അതേസമയം വെയ്ജോ ദ്വീപിലെ യഥാർത്ഥ നിവാസികളെയും ആത്മീയതയുേടേയും പ്രതീകമാണ്. ചില്ല് കൂട്ടിലടക്കപ്പെട്ട തങ്ങളുടെ സംസ്കാരം വരും തലമുറയിലേക്കു പകർന്നു കൊടുക്കണം എന്നാണ് വെയ്ജോയുടെ ആഗ്രഹം. പേരക്കുട്ടിയെ പാരമ്പര്യത്തിന്റെ സംസ്കാരം പഠിപ്പിക്കുകയാണ് അയാൾ.
മാജിക്കൽ റിയലിസം എന്ന ആശയത്തിൽ ‘Eché Janga’ യുടെ സംവിധാനത്തിൽ 2020 ൽ പാപ്പിയമെന്റൂ ഭാഷയിൽ പുറത്തിറങ്ങിയ ചിത്രമാണ് “ബുലദോ”. ആഫ്രിക്കൻ, പോർച്ചുഗീസ് ഭാഷകളിൽ നിന്നും രൂപപ്പെട്ടതാണ് പാപ്പിയമെന്റൂ ഭാഷ. ഇംഗ്ലിഷ്, ഡച്ച്, സ്പാനിഷ് എന്നീ ഭാഷകളുമായും ഇതിനു ബന്ധമുണ്ട്. വളരെ പതിയെ നീങ്ങുന്ന സിനിമ വലിയൊരു ആശയം പങ്കു വെച്ചു കൊണ്ടാണ് അവസാനിക്കുന്നത്. 2020 ഒക്ടോബർ 2 ന് നെതർലാന്റ്സ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രം മികച്ച ഫീച്ചർ ഫിലിമിനുള്ള ഗോൾഡൻ കോഫ് നേടി. ഈ വർഷത്തെ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനായി അക്കാദമി അവാർഡിലേക്കുള്ള ഡച്ച് എൻട്രി കൂടിയായിരുന്നു “ബുലദോ”.