എം-സോണ് റിലീസ് – 2519
MSONE GOLD RELEASE
ഭാഷ | റഷ്യൻ |
സംവിധാനം | Kantemir Balagov |
പരിഭാഷ | അക്ഷയ്. ടി |
ജോണർ | ഡ്രാമ, വാർ |
കാന്റമിർ ബാലഗോവിന്റെ സംവിധാനത്തിൽ 2019 -ൽ പുറത്തിറങ്ങിയ റഷ്യൻ വാർ-ഡ്രാമ ചിത്രമാണ് ബീൻപോൾ AKA ഡിൽഡ.
2019 കാൻസ് ചലച്ചിത്രമേളയിലെ അൺ സെർട്ടൈൻ റിഗാർഡ് വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ സിനിമ മികച്ച സംവിധായകനുള്ള അവാർഡും മികച്ച ചിത്രത്തിനുള്ള ഫിപ്രെസ്സി പുരസ്കാരവും നേടി. 92-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള റഷ്യൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. യുദ്ധങ്ങൾ മാനവരാശിക്ക് നൽകിയ അനന്തരഫലങ്ങൾ എക്കാലവും ഭീകരമായിരുന്നു.
രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിന് ശേഷം ലെനിൻഗ്രാഡ് പശ്ചാത്തലമാക്കുന്ന ഈ ചിത്രം രണ്ടു സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് സഞ്ചാരിക്കുന്നത്. ഉയരക്കൂടുതൽകൊണ്ട് ‘ബീൻപോൾ’ എന്നവിളിപ്പേരുളള ഇയയും അവളുടെ സുഹൃത്ത് മാഷയും യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാരാണ്. യുദ്ധത്തിന്റെ ഭീകരത നേരിട്ടനുഭവിച്ചിട്ടുള്ള അവർ, അതിന്റെ അനന്തരഫലങ്ങൾ മാനസികമായും ശാരീരികമായും നേരിട്ടുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിൽ നഴ്സായി ജോലിചെയ്യുന്ന ഇയ, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) മൂലം ചില സന്ദർഭങ്ങളിൽ മരവിച്ചു നിശ്ചലമാകുന്ന രോഗത്താൽ കഷ്ടപ്പെടുന്നവളാണ്. ഇയയുടെ ഈ രോഗം കാരണം അബദ്ധത്തിൽ മാഷയുടെ കുഞ്ഞ് മരണപ്പെടുന്നു. പകരമായി തനിക്ക് നൽകാൻ ഇയ ഒരു കുഞ്ഞിനെ ഗർഭം ധരിക്കണമെന്ന് മാഷ ആവശ്യപ്പെടുന്നു. എന്നാൽ ഇയയ്ക്ക് അതിന് സാധിക്കുന്നില്ല. പുതുജീവിതം കൊതിക്കുന്ന മാഷയും, അവളെ പിരിയാൻ ആവാതെ നിൽക്കുന്ന ഇയയുടെയും തമ്മിലുള്ള വൈകാരികബന്ധങ്ങളാണ് പിന്നീട് സിനിമയിലുടനീളം പ്രതിപാധിക്കുന്നത്.
വാസ്തവത്തിൽ, യുദ്ധകാലത്തും ശേഷവും ദുരന്തങ്ങളും അതിന്റെ അനന്തരഫലങ്ങളും അനുഭവിക്കുന്ന ഒട്ടനവധി പേരുടെ പ്രതിരൂപമാണ് ഈ രണ്ടുകഥാപാത്രങ്ങൾ. യുദ്ധങ്ങളെന്നും ലോകത്തിന് നഷ്ടങ്ങൾ മാത്രമേ നൽകിയുള്ളൂ എന്ന ശക്തമായ ആശയം ഈ ചിത്രം മുന്നോട്ടുവെക്കുന്നു.