എം-സോണ് റിലീസ് – 2545
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Khurram H. Alavi, Ayman Jamal |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | അനിമേഷൻ, ആക്ഷൻ, അഡ്വെഞ്ചർ |
പണ്ടുകാലങ്ങളിൽ അടിമ വേട്ട എന്നത് ഹരം പിടിപ്പിക്കുന്ന ഒരു തൊഴിലായിരുന്നു. ആഫ്രിക്കയുടെ വരണ്ട ഭൂമികളിൽ നിന്നും കറുത്ത മനുഷ്യരെ വേട്ടയാടി കൊണ്ടുവന്ന്, ആഗോള കച്ചവട നഗരികളിൽ കൊണ്ടുപോയി മറിച്ചു വിൽക്കൽ അന്നൊക്കെ ഏറ്റവും കൂടുതൽ പണം കൊയ്യാനുള്ള മാർഗ്ഗമായിരുന്നു.
അന്ന് അടിമക്കച്ചവടത്തിൽ പേരുകേട്ട സ്ഥലമായിരുന്നു അറേബ്യയിലെ മക്ക. പുന്നാര പെങ്ങളുമൊത്ത് തന്റെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഉണ്ടക്കണ്ണും ജടപിടിച്ച മുടിയും കറുത്ത തൊലിയുമുള്ള എത്യോപ്യക്കാരനായ റബാഹിന്റെ മകൻ ബിലാൽ അങ്ങനെയാണ് വിഗ്രഹാരാധന കൊടികുത്തിവാഴുന്ന വാണിജ്യ നഗരമായ മക്കയിൽ എത്തുന്നത്. തന്റെ നാട് കൊള്ളയടിച്ച വേട്ടക്കാർ മുഖേന അടിമയാക്കപ്പെട്ട ബിലാൽ മക്കയിലെ കച്ചവട പ്രമുഖനായ ഉമയ്യയുടെ അടിമയായി. ക്രൂരതയുടെ പര്യായമായ ഉമയ്യ തന്നെക്കൊണ്ടാകുന്ന വിധമെല്ലാം ബിലാലിനെ ക്രൂശിച്ചു. വിഷമവും പകയും മനസ്സിൽ കടിച്ചുപിടിച്ച് നടന്നിരുന്ന ബിലാൽ, ഒരുനാൾ അവിടുത്തെ കച്ചവട തലവനായ അബൂബക്കർ സിദ്ദീഖിനെ കാണാനിടയായി. സ്വാതന്ത്ര്യം എന്താണെന്നും, സ്വന്തം വിധി തിരഞ്ഞെടുക്കാനുള്ള ഇച്ഛാശക്തിയുള്ളവരാണ് മഹാന്മാരെന്നും, ഒരാളും അടിമയായിട്ടല്ല ജനിക്കുന്നത് എന്നും ബിലാൽ മനസ്സിലാക്കുന്നു. അവിടം മുതൽ ബിലാലിന്റെ ജീവിതം മാറിമറിയുകയാണ്. തന്റെ സുന്ദരമായ ശബ്ദം കൊണ്ട് ലോക ജനതയുടെ ഹൃദയം കീഴടക്കുകയാണ് പിന്നീട് ബിലാൽ.
AD 580–640 ൽ ജീവിച്ചിരുന്ന ബിലാൽ ബ്നു റബാഹിന്റെ ജീവിതത്തിൽ നിന്നും പ്രചോദനം കൊണ്ടാതാണീ കഥ. ഇന്നും, ചരിത്ര ഏടുകളിൽ മാധുര്യമാർന്ന
ശബ്ദത്തിന് പേരുകേട്ട അദ്ദേഹം, ചരിത്രത്തിൽ ആദ്യത്തെ മുഅദ്ദിനായി അറിയപ്പെടുന്നു. വംശീയ സമത്വത്തിന്റെ പ്രാധാന്യവും, വിവേചനമില്ലാതെ ഒറ്റക്കെട്ടായി നിൽക്കാനും; കറുത്തവനും വെളുത്തവനും തുല്യനാണെന്നും, ചെയ്യുന്ന പ്രവർത്തികളാണ് ഒരുവനെ വ്യത്യസ്തനാക്കുന്നത് എന്നും ബിലാലിന്റെ ജീവിതം മനുഷ്യരാശിയെ പഠിപ്പിക്കുന്നു.
ലൈവ് ആക്ഷൻ സിനിമയെ വെല്ലുന്ന ആനിമേഷൻ സീനുകളാണ് ഈ സിനിമയുടെ പ്രത്യേകത. മികച്ച മേക്കിങ്ങിനൊപ്പം, ബാക്ക്ഗ്രൗണ്ട് മ്യൂസികും, എഡിറ്റിംഗും അതിഗംഭീരമായി തയ്യാറാക്കിയിട്ടുണ്ട്. യുദ്ധരംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളും അടങ്ങിയ ഈ സിനിമ, ആനിമേഷൻ ഇഷ്ടമില്ലാത്തവർ പോലും ഇമവെട്ടാതെ കണ്ടിരുന്നു പോകും.