എം-സോണ്‍ റിലീസ് – 2553
ഭാഷ | റഷ്യൻ |
സംവിധാനം | Konstantin Khabenskiy |
പരിഭാഷ | ജീ ചാങ് വൂക്ക്, ഹബീബ് ഏന്തയാർ |
ജോണർ | ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ |
ജൂതന്മാരോടുള്ള ഹിറ്റ്ലറുടെ വംശവെറി കുപ്രസിദ്ധമാണല്ലോ. ജൂതരെ ഉന്മൂലനം ചെയ്യുന്നതിനായി ഹിറ്റ്ലർ കണ്ടെത്തിയ ഒരു മാർഗ്ഗമായിരുന്നു എക്സ്ടെർമിനേഷൻ ക്യാമ്പ്. രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ ജർമ്മൻ അധിനിവേശ പോളണ്ടിലെ ഒരു നാസി ക്യാമ്പായിരുന്നു സോബിബോർ.
1943 ൽ സോബിബോർ തടങ്കൽപ്പാളയത്തിൽ നടന്ന തടവുകാരുടെ കലാപത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഇല്യ വസ്സിലെവിന്റെ ‘അലക്സാണ്ടര്‍ പെര്‍ചേർസ്‌ക്കി ബ്രേക്ക് ത്രൂ ടു ഇമ്മോര്‍ട്ടാലിറ്റി’ എന്ന ഗ്രന്ഥമാണ് ഈ ചിത്രത്തിന്റെ തിരക്കഥയ്ക്ക് ആധാരം.
സോവിയറ്റ്-ജൂത പട്ടാളക്കാരനായ അലക്സാണ്ടർ പെർചേർസ്‌കിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. അക്കാലത്തെ ലെഫ്റ്റനന്റായി റെഡ് ആർമിയിൽ സേവനമനുഷ്ഠിച്ചിരുന്നു അദ്ദേഹം. മിൻസ്ക്ക് ക്യാമ്പിൽ വെച്ച് രക്ഷപ്പെടാൻ നടത്തിയ പദ്ധതി പരാജയപ്പെട്ടെങ്കിലും സ്വന്തം കഠിനാധ്വാനം അദ്ദേഹത്തിന്റെ ജീവൻ രക്ഷിച്ചു. 1943 ഒക്ടോബറിൽ അദ്ദേഹത്തെ നാസികൾ പിടികൂടി സോബിബോർ തടങ്കൽപ്പാളയത്തിലേക്ക് മാറ്റി. അവിടേക്ക് കൊണ്ടുവന്ന ജൂത സ്ത്രീകളെ നാസികൾ വിഷവാതകം ഉപയോഗിച്ച് കൊന്നു. പുരുഷന്മാരെ അടിമപ്പണി ചെയ്യിക്കുകയും, നാസികളുടെ ക്രൂര വിനോദങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. സോബിബോറിലേക്ക് മാറ്റപ്പെട്ട അലക്സാണ്ടറും സംഘവും, അവിടെ പണ്ടു മുതലേ തടവ് അനുഭവിക്കുന്ന ജൂതന്മാരേയും കൂട്ടുപിടിച്ച് രക്ഷപ്പെടാനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നു. സോബിബോർ എന്ന ആ മരണ ക്യാമ്പിനെ മുഴുവനും രക്ഷപ്പെടുത്താനുള്ള ഒരു പദ്ധതി. അതിസാഹസികമായ അവരുടെ രക്ഷപ്പെടലിന്റെ കഥയാണ് 2018 ൽ Konstantin Khabenskiy യുടെ സംവിധാനത്തിൽ ഇറങ്ങിയ സോബിബോർ.
ബാല്യം നഷ്ടപ്പെട്ട കുട്ടികൾ, ഭർത്താക്കളെ നഷ്ടപ്പെട്ട ഭാര്യമാർ, മക്കളെ നഷ്ടപ്പെട്ട അമ്മമാർ, യൗവനം ആസ്വദിക്കേണ്ട പ്രായത്തിൽ അടിമപ്പണി ചെയ്യേണ്ടി വന്ന യുവാക്കൾ, ആരോഗ്യം ക്ഷയിച്ചിട്ടും ഏന്തിവലിഞ്ഞ് പണിയെടുക്കുന്ന വൃദ്ധർ. രണ്ടാം ലോകമഹായുദ്ധത്തിന്റെ പിന്നാമ്പുറക്കാഴ്ചകളിലെ ക്രൂരതയുടെ പര്യായമായിരുന്നു ജർമ്മനിയുടെ കോൺസൻട്രേഷൻ ക്യാമ്പുകൾ. മുന്നണികളിൽ യുദ്ധം നടക്കുമ്പോൾ പിന്നണിയിലെ പൈശാചികതയുടെ കഥയാണ് ഓരോ കോൺസെൻട്രേഷൻ ക്യാമ്പുകൾക്കും പറയാനുള്ളത്. ക്രൂരമായി പീഡിപ്പിക്കപ്പെട്ടവരുടേയും കൊല്ലപ്പെട്ടവരുടേയും ശരിയായ കണക്കുകൾ ഇന്നും അജ്ഞാതം.
പതിഞ്ഞ താളത്തിൽ പറഞ്ഞു പോകുന്ന കഥ അവസാനത്തോട് അടുക്കുമ്പോൾ ഒരു ത്രില്ലർ മൂഡിലേക്ക് മാറുന്നുണ്ട്. ഒരു പ്രിസൺ ബ്രേക്ക് മൂവി കാണുന്ന അതേ വികാരത്തോടു കൂടി കാണാൻ കഴിയുന്ന സിനിമയാണിത്. സോബിബോർ എന്ന കോൺസെൻട്രേഷൻ ക്യാമ്പിലെ പച്ചയായ ജീവിതം തന്നെയാണ് സിനിമ തുറന്നു കാണിക്കുന്നത്.