എം-സോണ്‍ റിലീസ് – 1124
ക്ലാസിക് ജൂൺ 2019 – 04
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Claude Berri |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഡ്രാമ |
‘ഷോൺ ദെ ഫ്ലോറെറ്റ്‘ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ രണ്ടാം ഭാഗമായി 1986ൽ തന്നെ പുറത്തിറങ്ങിയ ചിത്രമാണ് ‘മനോണ്‍ ദെ സോഴ്സ്’. ആദ്യ ഭാഗം സംവിധാനം ചെയ്ത ക്ലോഡ് ബെറി തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്തിരിക്കുന്നത്.
ഷോൺ കാഡോറെ മരണമടഞ്ഞ് 10 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ നഗരത്തിലെ ഒരു ബാലേ സംഘത്തിൽ പാട്ടുകാരിയായി ജീവിതം നയിക്കുന്നു. എന്നാൽ മനോൺ അമ്മയുടെ അടുക്കലേക്ക് പോകാൻ തയ്യാറായിരുന്നില്ല. അവളുടെ അച്ഛൻ പകർന്നു നൽകിയ അറിവുകളുമായി അവൾ കുന്നുകളിൽ ആടുകളെ മേച്ചും കിളികളെ വേട്ടയാടിയും കഴിഞ്ഞു. ചതിയിലൂടെ നേടിയെടുത്ത ഉറവയും കൃഷിയിടവും കൊണ്ട് ഉഗോളിൽ ഒരുപാട് സമ്പാദിച്ചു. വർഷങ്ങളായി അമ്മാവൻ സിസാർ നിർബന്ധിച്ചുകൊണ്ടിരിക്കുന്ന കല്ല്യാണക്കാര്യത്തിൽ ഉഗോളിന് മനംമാറ്റമുണ്ടാവുന്നു. കുന്നിൻ മുകളിൽ വേട്ടയാടാൻ പോയപ്പോൾ കാണാനിടയായ സുന്ദരി മനോനായിരുന്നു അതിന് കാരണം. അമ്മാവന്റെ സമ്മതം കിട്ടിയെങ്കിലും അവളോട് നേരിട്ട് സംസാരിക്കാൻ ഉഗോളിന് ധൈര്യമില്ലായിരുന്നു.
ആദ്യ ഭാഗം പോലെത്തന്നെ വളരെ മനോഹരമായ ഈ ചിത്രവും നിരവധി പുരസ്‌കാരങ്ങൾ നേടുകയുണ്ടായി. ഡാനിയൽ ഒട്ടീൽ, വെസ് മൊണ്ടാന്റ് എന്നിവരോടൊപ്പം മനോനായി ഇമ്മാനുവൽ ബെർട്ട് അഭിനയിച്ചിരിക്കുന്നു. 2010 എമ്പയർ മാഗസിന്റെ “ലോക സിനിമയിലെ മികച്ച 100 ചിത്രങ്ങൾ” എന്ന പട്ടികയിൽ ‘ഷോൺ ദെ ഫ്ലോറെറ്റും’, ‘മനോൺ ദെ സോഴ്സും’ 60ആം സ്ഥാനം നേടുകയുണ്ടായി.