എം-സോണ് റിലീസ് – 2564
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Pete Docter, Kemp Powers |
പരിഭാഷ | ജീ ചാങ് വൂക്ക്, ഫഹദ് അബ്ദുൽ മജീദ് |
ജോണർ | അനിമേഷൻ, അഡ്വെഞ്ചർ, കോമഡി |
ജോ ഗാർഡ്നർ ഒരു മിഡിൽ സ്‌കൂൾ മ്യൂസിക് ടീച്ചർ ആണ്. മികച്ച ഒരു പിയാനിസ്റ്റ് ആണെങ്കിലും ജോ തന്റെ ജീവിതത്തിൽ സംതൃപ്തനല്ല. ഒരു ആഫ്രോ-അമേരിക്കൻ ജാസ് ലെജൻഡ് ആവുക എന്നതാണ് അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യമെങ്കിലും ഒരു നല്ല അവസരം അദ്ദേഹത്തെ തേടി എത്തിയിട്ടില്ല. പെട്ടെന്നൊരു ദിവസം താൻ ആഗ്രഹിച്ച ഒരവസരം ജോയ്ക്ക് ലഭിക്കുന്നു. എന്നാൽ വിധി അയാൾക്ക് കാത്തു വെച്ചത് മറ്റൊന്നായിരുന്നു എന്ന് അയാളറിഞ്ഞില്ല.
ജീവിതത്തിൽ ഒരു ലക്ഷ്യമുണ്ടാവുക എന്നത് നല്ലത് തന്നെ. എന്നാൽ ലക്ഷ്യത്തിന്റെ പുറകേ പോയി ജീവിക്കാൻ തന്നെ മറന്നു പോയാലോ? ദൈനംദിന ജീവിതത്തിലെ നിസാരമായ കൊച്ചു കൊച്ചു സന്തോഷങ്ങളും, ലക്ഷ്യം പോലെ തന്നെ പ്രധാനമാണെന്നും, ഒരു ലക്ഷ്യവും ഇല്ലെങ്കിൽ പോലും ഈ ജീവിതം എത്ര വലിയ അനുഗ്രഹം ആണെന്നുമുള്ള സത്യം പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട് Pixar Animation Studios നിർമിച്ച്, Disney Pictures പുറത്തിറക്കിയ സോൾ എന്ന ചിത്രം.
അമൂർത്തമായതിനെ ദൃശ്യഭാഷയിൽ അവതരിപ്പിക്കാനുള്ള Pixarന്റെ കഴിവ് അവരുടെ ഇൻസൈഡ് ഔട്ട് എന്ന സിനിമയിൽ തന്നെ നാം കണ്ടതാണ്. മിഡ്‌ലൈഫ് ക്രൈസിസിൽ തുടങ്ങി, ആഫ്രോ-അമേരിക്കൻ ജാസ് മ്യൂസിക്കിന്റെ വളർച്ചയും, മരണാനന്തര ജീവിതവും വ്യക്തിത്വ രൂപീകരണവും ജീവിതത്തിന്റെ തന്നെ അർത്ഥവും ഒക്കെ സോളിൽ പ്രമേയമായി വരുന്നു. Pixarന്റെ ചരിത്രത്തിലെ ആദ്യ ആഫ്രോ-അമേരിക്കൻ നായക കഥാപാത്രമാണ് ചിത്രത്തിലെ നായകനായ ജോ ഗാർഡ്നർ.
2020ലെ ഏറ്റവും മികച്ച ആനിമേഷൻ ചിത്രത്തിനും, മികച്ച ഒറിജിനൽ സ്കോറിനുമുള്ള 93ആമത് അക്കാദമി അവാർഡ് കരസ്ഥമാക്കിയ സോൾ മനോഹരമായ ജാസ് മ്യൂസിക് രംഗങ്ങളാൽ സമ്പന്നമാണ്.