എം-സോണ്‍ റിലീസ് – 2575
ഭാഷ | ജാപ്പനീസ് |
സംവിധാനം | Eisuke Naitô |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഹൊറർ |
അച്ഛന്റെ ജോലിമാറ്റം കാരണം പുതിയൊരു നാട്ടിലേക്ക് വരേണ്ടി വന്ന ഹാരുക നോസാകിയുടെ കഥയാണ് ലിവർലീഫ് എന്ന ജാപ്പനീസ് ചിത്രത്തിൻറെ ഇതിവൃത്തം. മിഡിൽ സ്‌കൂൾ അവസാന വർഷ വിദ്യാർത്ഥിയാണ് നോസാകി. കാര്യമായ വികസനമൊന്നും വന്നെത്തിയിട്ടില്ലാത്ത ആ ചെറിയ പട്ടണത്തിലെ സ്‌കൂൾ ആ വർഷത്തോടെ അടച്ചു പൂട്ടുകയാണ്. ആകെയുള്ള പത്തോളം വരുന്ന അവസാന വർഷ വിദ്യാർത്ഥികളിൽ നോസാകി ഒഴികെ എല്ലാവരും ചെറുപ്പം മുതലേ ഒന്നിച്ചു പഠിച്ചു വളർന്നവരാണ്. അവർക്കാർക്കും തന്നെ നോസാകിയെ ഇഷ്ടമല്ല. അവസരം കിട്ടുമ്പോഴെല്ലാം അവളെ ശാരീരികമായും മാനസ്സികമായും ഉപദ്രവിച്ചു ആനന്ദം കണ്ടെത്തുന്നത് അവരുടെ ഇഷ്ട വിനോദമാണ്.
അങ്ങനെ ഒരുനാൾ അവരുടെ ഉപദ്രവം ഏറ്റുവാങ്ങി വീട്ടിലെത്തുന്ന അവളോട്; ഇഷ്ടമില്ലാതെ നീയിനി സ്‌കൂളിലേക്ക് പോവണ്ട, ഇനി കുറച്ചു മാസങ്ങൾ കൂടിയല്ലേയുള്ളൂ, വീട്ടിലിരുന്ന് പഠിച്ചാൽ മതിയെന്ന് അച്ഛനുമമ്മയും പറയുന്നു. നോസാകി പുറത്ത് പോയൊരു ദിവസം വീടിന് തീ പിടിക്കുകയും അതിൽ കിടന്ന് അവളുടെ അച്ഛനുമമ്മയും വെന്ത് മരിക്കുകയും ചെയ്യുന്നു. തന്റെ കുടുംബത്തിന് സംഭവിച്ചതൊരു അപകടമല്ലെന്ന് മനസ്സിലാക്കുന്നതോടെ അതിന് കാരണക്കാരായവരെ തേടി അവൾ ഇറങ്ങുകയാണ്.
“അക്രമ രംഗങ്ങളും രക്തച്ചൊരിച്ചിലുകളും വളരെ കൂടുതലുള്ളതിനാൽ കുട്ടികളോടൊത്ത് കാണാതിരിക്കാൻ ശ്രദ്ധിക്കുക.”