എം-സോണ് റിലീസ് – 2593
ഭാഷ | ഇംഗ്ലീഷ്, റഷ്യൻ |
സംവിധാനം | Jonas Åkerlund |
പരിഭാഷ | അരുൺ ബി. എസ് |
ജോണർ | ആക്ഷൻ, ക്രൈം, ഡ്രാമ |
വാഷിംഗ്ടണിൽ കൊലയാളികളെ വാടകയ്ക്ക് നൽകുന്ന ‘ഡെമോക്ലിസ്’ എന്ന സ്ഥാപനത്തിലെ ജോലിക്കാരനാണ് (വാടകകൊലയാളിയാണ്) ‘ബ്ലാക്ക് കൈസർ’ എന്ന പേരിൽ അറിയപ്പെടുന്ന ഡങ്കൻ വിസ്‍ല. സ്ഥാപനത്തിലെ നിയമമനുസരിച്ച് അമ്പത് വയസ്സാകുമ്പോൾ എല്ലാ ജോലിക്കാരും വിരമിക്കണം. വിരമിക്കുന്നതോടെ വലിയൊരു തുക പെൻഷനായി കിട്ടും. അങ്ങനെ വിരമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഡങ്കൻ വിസ്‍ല.
പക്ഷേ, ജീവനക്കാരെ വിരമിക്കുന്നതിന് മുമ്പുതന്നെ കൊല്ലുകയും അതുവഴി അവരുടെ പെൻഷൻ തട്ടിയെടുക്കുകയും ചെയ്യുന്ന അതിക്രൂരനായ മുതലാളി (ബ്ലൂട്ട്), ഡങ്കനെയും കൊല്ലാൻ ശ്രമിക്കുന്നു. കൗശലക്കാരനായ ഡങ്കനും എന്തും ചെയ്യാൻ മടിയില്ലാത്ത മുതലാളിയും തമ്മിലുള്ള തകർപ്പൻ പോരാട്ടമാണ് 2019-ൽ പുറത്തിറങ്ങിയ ‘പോളാർ’ (Polar) എന്ന ആക്ഷൻ ത്രില്ലർ ചലച്ചിത്രം പറയുന്നത്.
നിയോ-നോയിർ ചിത്രങ്ങളിലേതു പോലെ മനോഹരമായ ദൃശ്യങ്ങളൊക്കെ ചിത്രത്തിലുണ്ടെങ്കിലും ധാരാളം അക്രമദൃശ്യങ്ങളും നഗ്നരംഗങ്ങളും കൂടിയുള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം ചിത്രം കാണുക. ചോരക്കളി കൊണ്ട് സമ്പന്നമായ ചിത്രം ആക്ഷൻ ത്രില്ലർ പ്രേമികൾക്ക് മികച്ച അനുഭവമാണ് സമ്മാനിക്കുക.
2012-ൽ പുറത്തിറങ്ങിയ വിക്ടർ സാന്റോസ് രചിച്ച ‘പോളാർ: കെയിം ഫ്രം ദ കോൾഡ്’ എന്ന നോവലിനെ ആസ്പദമാക്കി ജോനാസ് ഓക്കർലാൻഡിന്റെ സംവിധാനത്തിൽ 2019-ൽ നെറ്റ്ഫ്ലിക്സ് വഴിയാണ് ചിത്രം റിലീസ് ചെയ്തത്. ഡങ്കൻ വിസ്‍ലയായുള്ള മാഡ്സ് മിക്കൽസണിന്റെ ഗംഭീരം പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.