എം-സോണ്‍ റിലീസ് – 2641
ക്ലാസ്സിക് ജൂൺ 2021 – 15
ഭാഷ | ഇംഗ്ലീഷ്, ഫ്രഞ്ച് |
സംവിധാനം | Jonathan Lynn |
പരിഭാഷ | അരുൺ ബി. എസ് |
ജോണർ | കോമഡി, ക്രൈം, മിസ്റ്ററി |
ആറ് അപരിചിതർ ഒരജ്ഞാതന്റെ ക്ഷണം സ്വീകരിച്ച് വലിയൊരു ബംഗ്ലാവിൽ അത്താഴ വിരുന്നിനെത്തുന്നു. എന്നാൽ, വിരുന്നിന് വിളിച്ചയാൾ തങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നുവെന്ന് അതിഥികൾക്ക് വഴിയേ മനസ്സിലാകുന്നു. ആതിഥേയനെന്ന് പരിചയപ്പെടുത്തുന്നയാൾ അതിഥികൾക്ക് ആറ് മാരകായുധങ്ങൾ നൽകുന്നു. ആതിഥേയന്റെയും അതിഥികളുടെയും രഹസ്യങ്ങളറിയാവുന്ന പാചകക്കാരനെ കൊല്ലാൻ അയാൾ അവരോട് ആവശ്യപ്പെടുന്നു.
എന്നാൽ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആതിഥേയൻ അവിടെവച്ച് ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നു. ആ മരണത്തിനു പിന്നിലുള്ള സത്യം കണ്ടെത്താൻ അതിഥികൾ ശ്രമിക്കുന്നു. അവരുടെ അന്വേഷണം പുരോഗമിക്കുമ്പോൾ, അവിടെ മറ്റുചില കൊലപാതകങ്ങൾ കൂടി സംഭവിക്കുന്നു. പിന്നീടങ്ങോട്ട് ഈ കൊലപാതകങ്ങളുടെയെല്ലാം ചുരുളഴിക്കുകയാണ് 1985-ൽ പുറത്തിറങ്ങിയ ‘ക്ലൂ’ (Clue) എന്ന അമേരിക്കൻ ബ്ലാക്ക് കോമഡി മിസ്റ്ററി ചലച്ചിത്രം.
തികച്ചും ഉദ്വേഗജനകമായ സംഭവവികാസങ്ങളെ ഹാസ്യരൂപത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രം കുറ്റാന്വേഷണ സിനിമാ പ്രേമികളെ ഒരിക്കലും നിരാശപ്പെടുത്തില്ല. ആര്, ആരെ, എവിടെവച്ച്, എപ്പോൾ, എന്തുകൊണ്ട് കൊന്നുവെന്ന് സിനിമയിൽ യുക്തിപൂർവ്വം വിശദീകരിക്കുന്നുണ്ട്. ചിത്രത്തിന് മൂന്ന് ക്ലൈമാക്സുകളുള്ളതും ഒരു പ്രത്യേകതയാണ്. ഈ സിനിമയെ ഒരു ‘കൾട്ട് ഫിലിമായും’ വിശേഷിപ്പിക്കാറുണ്ട്.
നോർത്ത് അമേരിക്കൻ കായിക വിനോദമായ ക്ലൂഡോ ഗെയിമിനെ ആസ്പദമാക്കി 1985-ൽ ജോനാഥൻ ലിൻ സംവിധാനം ചെയ്ത ഈ സിനിമയിൽ ടിം കറി, എലീൻ ബ്രണ്ണൻ, മഡലിൻ കാൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.