എംസോൺ റിലീസ് – 2706
ഭാഷ | ഇംഗ്ലീഷ്, ഹിന്ദി |
സംവിധാനം | David Lean |
പരിഭാഷ | അരുൺ ബി. എസ് |
ജോണർ | അഡ്വഞ്ചർ, ഡ്രാമ, ഹിസ്റ്ററി |
1920-കളിൽ ബ്രിട്ടീഷ് ഇന്ത്യയിലെ ചാന്ദ്രപ്പൂർ എന്ന സാങ്കൽപ്പിക പട്ടണത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങളാണ് 1984-ൽ പുറത്തിറങ്ങിയ “എ പാസ്സേജ് റ്റു ഇന്ത്യ” (A Passage to India) എന്ന ഇംഗ്ലീഷ് എപ്പിക് ഹിസ്റ്റോറിക്കൽ ഡ്രാമാ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ഇംഗ്ലണ്ടുകാരിയായ മിസ് ക്വെസ്റ്റഡും ഇന്ത്യാക്കാരനായ ഡോ. അസീസും തമ്മിലുണ്ടാകുന്ന സൗഹൃദവും ഒരു തെറ്റിദ്ധാരണമൂലം അവർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങളും അതേത്തുടർന്ന് ഇന്ത്യാക്കാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടാകുന്ന ചേരിതിരിവുമൊക്കെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇന്ത്യയിലൂടെയുള്ള ഒരു യാത്ര തന്നെയാണ് ഈ ചിത്രത്തിൽ കാണാനാവുന്നത്. കഥാപാത്രങ്ങളോടൊപ്പം പ്രേഷകരും കഴിഞ്ഞകാല ഇന്ത്യയിലൂടെ യാത്ര ചെയ്യുന്നതായി അനുഭവപ്പെട്ടേക്കാം. മനോഹരമായ ദൃശ്യങ്ങളും തുടക്കം മുതൽ ഒടുക്കം വരെ നിലനിൽക്കുന്ന ചില നിഗൂഢതകളുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിലെ ഒരു പ്രധാന സ്ഥലമായ മറബാർ ഗുഹകൾ ബീഹാറിലെ ബറാബർ ഗുഹകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ 1924-ൽ ഇ.എം. ഫോസ്റ്റർ രചിച്ച ‘എ പാസ്സേജ് റ്റു ഇന്ത്യ’ എന്ന നോവലിനെയും ശാന്താ റാമ റാവുവിന്റെ ഇതേപേരിലുള്ള നാടകത്തെയും ആസ്പദമാക്കി ഡേവിഡ് ലീനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
മികച്ച നിരൂപകപ്രശംസ നേടിയ ഈ സിനിമയ്ക്ക് 57-ാമത് അക്കാദമി അവാർഡിൽ 11 നോമിനേഷനുകൾ ലഭിക്കുകയുണ്ടായി. ചിത്രത്തിൽ മിസിസ് മൂർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പെഗ്ഗി ആഷ്ക്രോഫ്റ്റിന് തന്റെ 77-ാമത്തെ വയസ്സിൽ മികച്ച സഹനടിക്കുള്ള ഓസ്കാർ ലഭിക്കുകയും അതിലൂടെ ഓസ്കാർ നേടുന്ന ഏറ്റവും പ്രായം കൂടിയ നടിയായി മാറുകയും ചെയ്തു. ചിത്രത്തിനു സംഗീതമൊരുക്കിയ മോറിസ് ജാറിന് മികച്ച ഒറിജിനൽ സ്കോറിനുള്ള ഓസ്കാർ ലഭിച്ചു.