എം-സോണ്‍ റിലീസ് – 1278
ഭാഷ | ഹിന്ദി |
സംവിധാനം | അനുഭവ് സിന്‍ഹ |
പരിഭാഷ | പ്രവീണ്‍ അടൂര്‍ |
ജോണർ | ക്രൈം, ഡ്രാമ |
Info | 0DEB372CAF6BDB80C54CA47673CF9BE43ECC966A |
ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ അപചയങ്ങളുടെ നേർസാക്ഷ്യമാണ് ആർട്ടിക്കിൾ 15. അനുഭവ് സിൻഹ സംവിധാനം ചെയ്ത് ആയുഷ്മാൻ ഖുറാനയുടെ മിന്നുന്ന പ്രകടനം കൊണ്ട് ശ്രദ്ധേയമാണ് ചിത്രം. 1950ൽ രാജ്യം സ്വീകരിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 15 ൽ പറയുന്നത് “പൊതു ഇടങ്ങളിലോ സർക്കാർ സ്ഥാപനങ്ങളിലോ ജാതി-മത-വർഗ-വർണ-സമുദായ ഉച്ചനീചത്വങ്ങൾ ഒന്നും പാടില്ല” എന്നാണ്. ഭരണഘടന ഔദ്യോഗികമായതിന്റെ സുവർണ ജൂബിലി കഴിഞ്ഞിട്ടും ഇന്നും അതിൽപ്പറയുന്ന കാര്യങ്ങളേക്കാൾ ആയിരം വർഷം പഴക്കമുള്ള ആചാരങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അസംബന്ധങ്ങളാണ് കൊണ്ടാടപ്പെടുന്നത്. തുല്യതയെപ്പറ്റിപ്പറഞ്ഞാൽ ആചാരമങ്ങനെയല്ലെന്ന് ഘോരഘോരം വാദിക്കുന്നവരുടെ നാട്ടിൽ ആർട്ടിക്കിൾ 15 മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയമാനം വളരെ വലുതാണ്. ചെയ്യാൻ അറയ്ക്കുന്ന ജോലികൾ ചെയ്യാൻ നമ്മൾ ഒരു ജനതയെ പുല്ലുവില നൽകി പാർശ്വവൽക്കരിച്ചിരിക്കുന്നു. സെപ്റ്റിക് ടാങ്ക് കഴുകാൻ ഒരു സുരക്ഷയുമില്ലാതെ നഗ്നരായി നാമവരെ പറഞ്ഞുവിടുന്നു. സമൂഹത്തിൽ നമ്മൾ കൽപിച്ചുകൊടുത്തിരിക്കുന്ന സ്ഥാനം ഓർമ്മിപ്പിക്കാൻ വീണ്ടും വീണ്ടും കുത്തി നോവിക്കുന്നു, ആക്രമിക്കുന്നു. കൊന്ന് കെട്ടിത്തൂക്കുന്നു. മോഷണക്കുറ്റം ആരോപിച്ച് തല്ലിക്കൊല്ലുക പോലും ചെയ്യുന്നു.
ലാൽഗൺ എന്ന ചെറു പട്ടണത്തിലേക്ക് സ്ഥലം മാറി വരുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അയാൻ, രാജ്യത്തെ ഈ ദുരവസ്ഥയിലേക്ക് കണ്ണ് തുറക്കുന്നതാണ് പ്രമേയം. 2014 ൽ ഉത്തർപ്രദേശിൽ നടന്ന യഥാർത്ഥ സംഭവത്തെ അധികരിച്ചാണ് ചിത്രം കഥപറയുന്നത്. മൂന്ന് ദളിത് പെൺകുട്ടികളെ കാണാതാകുന്നു. രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അവർക്ക് എന്താണ് സംഭവിച്ചത്, മൂന്നാമത്തെ പെൺകുട്ടിയെവിടെ? നമ്മുടെ രാജ്യത്തെക്കുറിച്ച് അഭിമാനം കൊള്ളുമ്പോഴും പഴകിപ്പോയ പുഴുക്കുത്തുകൾ തുടച്ചു നീക്കേണ്ട ആവശ്യകത ഓർമിപ്പിക്കുകയാണ് ആർട്ടിക്കിൾ 15.
വ്യവസ്ഥിതിയെ ചോദ്യം ചെയ്താൽ രാജ്യദ്രോഹിയാക്കുന്ന ഈക്കാലത്ത് ചിത്രം പുറത്തുവന്നുവെന്നത് തന്നെ അത്ഭുതമാണ്. മൻഗേഷ് ധാക്കേയുടെ ബാക്ഗ്രൗണ്ട് സ്കോറും ഇവാൻ എന്ന ഇംഗ്ലീഷ് സിനിമാട്ടോഗ്രാഫറുടെ ഫ്രെയിമുകളും യാഷേയുടെ മികച്ച എഡിറ്റിംഗും ചിത്രത്തെ സമ്പന്നമാക്കുന്നു.
പ്രവീൺ അടൂർ