എംസോൺ റിലീസ് – 2735
ഭാഷ | കൊറിയൻ |
സംവിധാനം | Seok-ho Yun |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | റൊമാൻസ് |
ആദ്യ പ്രണയത്തിന്റെ മധുരിക്കുന്ന ഓർമകളിൽ പലരും വികാരധീനരാവാറുണ്ട്. തങ്ങളുടെ ആദ്യ പ്രണയം പരിശുദ്ധവും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതുമാണ് എന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ, കടന്നുപോകുന്ന കാലം ആ ഓർമകളിൽ മങ്ങലേൽപ്പിക്കുന്നു. എങ്കിലും പലർക്കും ഒരു ആയുഷ്കാലം മുഴുവൻ കഴിച്ചു കൂട്ടാനുള്ള ഓജസ്സ് ആ ഓർമകളാവും. അത്രമേൽ പ്രിയങ്കരമായ ഓർമകൾ സമ്മാനിച്ചയാളെ വിധി മരണരൂപേണ നിങ്ങളിൽ നിന്ന് അകറ്റിയാലോ? ആ ഹൃദയഭേദകമായ അവസ്ഥയെ തരണം ചെയ്യാൻ സാധിക്കുമോ?
വർഷങ്ങൾക്ക് ശേഷം അതേ രൂപത്തിലുള്ള ഒരാളെ കണ്ടുമുട്ടേണ്ടി വന്നാൽ, അയാളുമായി പ്രണയത്തിലാകാൻ കഴിയുമോ?
ആദ്യ പ്രണയമെന്ന വിധിയാൽ കെട്ട് പിണഞ്ഞുകിടക്കുന്ന മൂന്ന് പേരുടെ കഥയാണ് ഈ ഡ്രാമ പറയുന്നത്. പരസ്പരം കണ്ടുമുട്ടുവാനും, പിരിയുവാനും, എന്നോ മറന്നു തുടങ്ങിയ കുടുബത്തിന്റെ പേരിൽ തളയ്ക്കപ്പെടുവാനും വിധിക്കപ്പെട്ട മൂന്ന് പേർ. ഇവർ തമ്മിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ബന്ധങ്ങൾ പതിയെ നിഗൂഢമായ രീതിയിൽ ചുരുളഴിയുന്നതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ബേ യോങ് ജൂണിനെയും, ചോയ് ജി വൂ ‘നെയും കേന്ദ്ര കഥാപാത്രങ്ങളാക്കി യൂൺ സോക് ഹോയുടെ സംവിധാനത്തിലൊരുങ്ങി 2002 ൽ റിലീസ് ചെയ്ത ടി.വി സീരീസാണ് വിന്റർ സൊനാറ്റ. പഴയ കാല കൊറിയൻ ഡ്രാമകളിൽ ‘ക്ലാസിക്’ ഡ്രാമയെന്നാണ് വിന്റർ സൊനാറ്റയെ വിശേഷിപ്പിക്കുന്നത്. നാമി ഐലന്റിൽ ഈ ഡ്രാമക്ക് ഒരു സ്മാരക ശില്പം പോലുമുണ്ട്. യൂജിന്റേയും ജൂൻ സങിന്റേയും പ്രണയവും കൊറിയൻ പഴമയുടെ സൗന്ദര്യവും, ബാഗ്രൗണ്ട് മ്യൂസിക്കുമെല്ലാം കാഴ്ച്ചക്കാരിൽ പ്രണയത്തിന്റെ നിത്യവസന്തം തീർക്കുന്നു.