എംസോൺ റിലീസ് – 2744
ഭാഷ | ഇംഗ്ലീഷ് |
നിർമാണം | Apple TV+ |
പരിഭാഷ | മുജീബ് സി പി വൈ, ഷൈജു എസ് |
ജോണർ | ആക്ഷൻ, ഡ്രാമ, സയൻസ് ഫിക്ഷൻ |
ആപ്പിൾ ടിവി+നായി സ്റ്റീവൻ നൈറ്റ് എഴുതി, പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 2 മില്ല്യണിൽ താഴെയായി കുറഞ്ഞു. വൈറസിനെ അതിജീവിച്ചവർ അന്ധരായി. ടെക്നോളജിയും വികസനവുമെല്ലാം നിലച്ചു.
നൂറ്റാണ്ടുകൾ കഴിഞ്ഞു. കാഴ്ച എന്നത് വെറും കെട്ടുകഥയായി. കാഴ്ചയുള്ളവർ പിശാചിന്റെ സന്തതികളാണെന്ന വിശ്വാസം ഉടലെടുത്തു. ആ വാക്കുച്ഛരിക്കുന്നതുപോലും മതവിരുദ്ധമായി. അൽക്കനി ഗ്രാമത്തിലെ തലവനും യോദ്ധാവുമായ ബാബാ വോസിന് ജനിച്ച ഇരട്ടക്കുഞ്ഞുങ്ങൾക്ക് കാഴ്ചയുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ബാബാ വോസും ഭാര്യയും അത് രഹസ്യമാക്കി വെച്ചെങ്കിലും കൂട്ടത്തിൽ തന്നെ ശത്രുക്കളുള്ള ബാബാ വോസിന്റെ മക്കളുടെ കാര്യം, മറ്റൊരു ഭ്രാന്തൻ ഗോത്രത്തിന്റെ ചെവിയിലെത്തി. അതിന്റെ തലവനായ രാജ്ഞിയുടെയും സൈന്യത്തിന്റെയും പിടിയിൽ നിന്ന് കുഞ്ഞുങ്ങളെയും നാട്ടുകാരെയും രക്ഷിക്കാൻ ബാബാ വോസിന് ഗ്രാമവാസികളോടൊപ്പം അവിടം വിടേണ്ടി വന്നു. കിലോമീറ്ററുകൾ താണ്ടി മറ്റൊരിടത്ത് അവർ ജീവിതം ആരംഭിച്ചു.
അവിടെയും അവർ സുരക്ഷിതരായിരുന്നില്ല. കുട്ടികൾ മുതിർന്നതോടെ അവരുടെ ചോദ്യങ്ങളും സംശയങ്ങളും ഏറി വന്നു. തങ്ങളുടെ യഥാർത്ഥ അച്ഛൻ ബാബ വോസ് അല്ലെന്ന് അവരറിഞ്ഞു. അച്ഛനെ നേരിൽ കാണണമെന്ന അവരുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ ബാബ വോസ് തയ്യാറാവുന്നു. അങ്ങനെ കുടുംബ സമേതം യാത്ര തിരിക്കുന്നതിനിടയിൽ പല ആപത്തുകളും അവർക്ക് നേരിടേണ്ടി വന്നു. അമ്മ മാഗ്രയെ നഷ്ടപ്പെട്ട അവർ അവസാനം അച്ഛൻ ജെർലമറാലിനടുക്കൽ എത്തിച്ചേരുന്നു. എന്നാൽ മക്കളെ മാത്രമേ അയാൾ സ്വീകരിച്ചുള്ളു. സദുദ്ദേശത്തോടെയല്ല തങ്ങളെ സ്വീകരിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കുന്ന അവർക്ക് രക്ഷപ്പെടാൻ സാധിക്കുന്നില്ല. അവിടെയെത്തുന്ന ബാബ വോസിന് കൊഫുനെ മാത്രമേ അവിടുന്ന് രക്ഷിക്കാൻ സാധിക്കുന്നുള്ളു. ഹനിവ എവിടെയെന്ന് അവർക്കറിയില്ല. ഹാനിവയെ തേടി യാത്ര തിരിക്കുന്ന ബാബ വോസിലാണ് സീസൺ 1 അവസാനിച്ചത്.
രണ്ടാം സീസൺ ആരംഭിക്കുന്നത് ഹനിവയെ തടങ്കലിൽ വെച്ചത് ആരെന്ന വെളിപ്പെടുത്തലിലൂടെയാണ്. അത് മറ്റാരുമല്ല ബാബാ വോസിന്റെ സഹോദരൻ ഈഡോ വോസ്. അവളെ വീണ്ടെടുക്കാൻ ബാബ നടത്തുന്ന പോരാട്ടങ്ങളിലൂടെ കഥ മുന്നോട്ട് പോവുന്നു.