എംസോൺ റിലീസ് – 2810
ഭാഷ | ഫ്രഞ്ച് |
സംവിധാനം | Christian Duguay |
പരിഭാഷ | ഷൈജു എസ് |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ, ഫാമിലി |
2013ൽ പുറത്തിറങ്ങിയ ബെൽ ആൻഡ് സെബാസ്റ്റ്യൻ എന്ന ഫ്രഞ്ച് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് Christian Duguay സംവിധാനം ചെയ്ത ബെൽ ആൻഡ് സെബാസ്റ്റ്യൻ: ദി അഡ്വെഞ്ചർ കണ്ടിന്യൂസ് (Belle et Sébastien, l’aventure continue).
സെബാസ്റ്റ്യന്റെ ആന്റി, ആഞ്ചെലീന ഇംഗ്ലണ്ടിലേക്ക് പോവാൻ തീരുമാനിക്കുന്നതും ഫ്രാൻസ്-സ്വിട്സർലാൻഡ് അതിർത്തിയിൽ വെച്ച് അവർ യാത്ര പറഞ്ഞ് പിരിയുന്നതോടെയുമായിരുന്നു ആദ്യ ഭാഗം അവസാനിച്ചത്. ഇപ്പോൾ വർഷം രണ്ടു കഴിഞ്ഞിരിക്കുന്നു. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു. ആഞ്ചലീന തിരികെ വരികയാണെന്ന കത്ത് അയച്ചിട്ടുണ്ട്. സെബാസ്റ്റ്യനും സിസാറും അവളുടെ വരവിനായി കാത്തിരിക്കുകയാണ്, കൂടെ ബെലും. എന്നാൽ ഇറ്റാലിയൻ അതിർത്തിയിൽ വെച്ച് ആഞ്ചലീനയുടെ വിമാനം തകർന്നു വീഴുന്നു. തത്ഫലമായുമുണ്ടാവുന്ന കാട്ടുതീയും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ആരും രക്ഷപ്പെട്ടിട്ടില്ലെന്ന ഔദ്യോഗിക വിശദീകരണം വിശ്വസിക്കാൻ പക്ഷേ സിസാർ തയ്യാറല്ലാരുന്നു. ആഞ്ചലീന ജീവനോടുണ്ടെന്ന ഉറച്ച വിശ്വാസം താനൊരിക്കലും നേരിൽ കാണാനാഗ്രഹിക്കാത്ത ഒരുവന്റെ സഹായം തേടാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുന്നു. സ്വന്തമായി വിമാനമുള്ളൊരു പൈലറ്റായ പിയർ മാർസൂ. അത് മറ്റാരുമായിരുന്നില്ല, സെബാസ്റ്റ്യന്റെ സ്വന്തം അച്ഛനായിരുന്നു. പ്രസവത്തോടെ മരിച്ചു പോയ സെബാസ്റ്റ്യന്റെ അമ്മ മരിക്കും മുന്നെ അവന്റെ കഴുത്തിലണിയിച്ച മാലയുടെ ലോക്കറ്റിൽ കൊത്തി വെച്ചിരുന്ന പേരിൽ നിന്നാണ് സിസാർ ഇക്കാര്യം മനസ്സിലാക്കുന്നത്. സഹായം ചോദിയ്ക്കാൻ പുറപ്പെടും മുന്നേ ഇക്കാര്യമെല്ലാം സിസാർ അവനോട് പറയുന്നു. ഇക്കാര്യമൊന്നും ഇപ്പോൾ അയാളോട് പറയേണ്ടന്ന് ഇരുവരും തീരുമാനിക്കുന്നു.
ആഞ്ചലീനയെ അന്വേഷിച്ചു പോവാൻ സിസാർ അയാൾക്ക് പണം കൊടുക്കുന്നു. അതിന് സമ്മതിച്ചുവെങ്കിലും തന്റെ വിമാനത്തിൽ മറ്റാരെയും കയറ്റില്ലെന്ന തീരുമാനം മാറ്റാൻ അയാൾ തയ്യാറായില്ല. മറ്റാരും കാണാതെ സെബാസ്റ്റ്യൻ ബെലിനെയും കൂട്ടി വിമാനത്തിൽ കയറി ഒളിച്ചിരിക്കുന്നു, വിമാനം പറന്നുയർന്ന ശേഷമാണ് ഇക്കാര്യം അയാളറിയുന്നത്. തുടർന്ന് ഇരുവരും തമ്മിലുണ്ടാവുന്ന പ്രശ്നങ്ങളും ആഞ്ചലീനയെ അന്വേഷിച്ചിറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന വിപത്തുകളുമെല്ലാമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കൂടുതൽ സാഹസിക രംഗങ്ങൾകൊണ്ട് സമ്പന്നമായ ചിത്രം ആദ്യം ഭാഗം പോലെ തന്നെ നല്ലൊരു ദൃശ്യ വിരുന്ന് തന്നെയാണ്.