എംസോൺ റിലീസ് – 2858
ഭാഷ | കന്നഡ |
സംവിധാനം | Mansore |
പരിഭാഷ | അരുൺ അശോകൻ |
ജോണർ | ഡ്രാമ |
വളരെ ചെറുപ്പത്തിൽ തന്നെ വിധവയാവേണ്ടി വന്നവളാണ് ഗൗരി. ഭർത്താവിന്റെ മരണം അവളിലുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മറ്റൊരു വിവാഹം ചെയ്യാനോ പ്രണയത്തിലേർപ്പെടാനോ അവളുടെ മനസ്സ് അനുവദിക്കുന്നില്ല. മരിച്ചുപോയ ഭർത്താവിന്റെ ഓർമയിൽ കഴിയുമ്പോഴും കിടപ്പറയിൽ ആ ‘അസാന്നിധ്യം ‘അവളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ശരീരത്തിന്റെ ലൈംഗീക ആവശ്യങ്ങൾ നിറവേറ്റേണ്ടത് ഏതൊരാളുടെയും കടമയാണെന്നും അതിൽ തെറ്റ് ചിന്തിക്കേണ്ടതില്ലെന്നുമുള്ള സൈക്കാട്രിസ്റ്റിന്റെ നിർദേശം അവളെ അതിന് തയ്യാറാക്കുകയാണ്. ഡേറ്റിങ് ആപ്പ് വഴിയൊക്കെ സൗഹൃദങ്ങൾ സൃഷ്ടിക്കാൻ അവൾ ശ്രമിക്കുന്നെങ്കിലും അതൊക്കെ പാഴാവുന്നു.
ഒടുവിൽ ദിവസവും ജോഗിങ് ന് പോകുമ്പോൾ കാണുന്ന ഒരു സിവിൽ എഞ്ചിനീയറുമായി അവൾ സൗഹൃദത്തിലാകുന്നു. അയാളുടെയും ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. ഗൗരിയുമായുള്ള സൗഹൃദം അയാൾക്ക് ആശ്വാസമാകുന്നു അതോടൊപ്പം തന്റെ ദാമ്പത്യ ജീവിതത്തിൽ അയാൾക്കുണ്ടായ പാകപ്പിഴകൾ തിരിച്ചറിയാൻ സഹായിക്കുന്നു. ഗൗരിയുടെ മനസ്സിലുള്ള കാര്യം തുറന്നു പറയുമ്പോൾ എന്തായിരിക്കും സംഭവിക്കുക, അത് അവരുടെ സൗഹൃദത്തെ ഏത് രീതിയിൽ ബാധിക്കും എന്നതൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സെക്സ് എന്നത് ഒരു പാപമായി കാണുന്ന സമൂഹത്തിൽ ഇത്തരത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന വിഷമതകൾ വളരെ മനോഹരമായി ചിത്രത്തിൽ പറഞ്ഞു പോവ്വുന്നുണ്ട്. സന്ധ്യാ റാണിയുടെ രചനയിൽ മൻസൂർ സംവിധാനം നിർവഹിച്ച ‘നാതിചരാമി’ എന്ന ഈ കന്നഡ ചിത്രം 2018ലെ മികച്ച കന്നഡ ചിത്രമുൾപ്പെടെ 5 ദേശീയ പുരസ്‌കാരങ്ങൾ നേടുകയുണ്ടായി. പ്രധാന കഥാപാത്രമായ ഗൗരിയായി വേഷമിട്ട ശ്രുതി ഹരിഹരൻ നേടിയ മികച്ച നടിക്കുള്ള പ്രത്യേക പരാമർശവും അതിൽ ഉൾപ്പെടും.