എംസോൺ റിലീസ് – 2859
ഭാഷ | കന്നഡ |
സംവിധാനം | Deviprasad Shetty |
പരിഭാഷ | ജുനൈദ് ഒമർ |
ജോണർ | ക്രൈം |
ആനെഗദ്ദേ പോലീസ് സ്റ്റേഷനിലേക്ക് പുതിയതായി എത്തിയ ഇൻസ്പെക്ടറാണ് സീതാറാം. സ്ഥലം മാറി വന്ന അദ്ദേഹം താമസിക്കാൻ ഒരു വാടക വീട് കണ്ടെത്തുന്നു. വൈകാതെ അയാളുടെ ഭാര്യയും അവിടെ താമസം മാറുന്നു. അദ്ദേഹത്തിന്റെ ഭാര്യ വരുന്നതിന് തൊട്ട് മുൻപ് അയാളുടെ വീട്ടിൽ മോഷണം നടക്കുന്നു. പോലീസുകാരൻ്റെ വീട്ടിൽ തന്നെ മോഷണം നടന്നത് നാട്ടിൽ വലിയ ചർച്ചയാകുന്നു. ഇത് സീതാറാമിൻ്റെ അഭിമാനപ്രശ്നമായതോടെ മോഷ്ടാവിനെ പിടിച്ചേ അടങ്ങൂ എന്നുള്ള വാശിയിൽ എത്തുന്നു. അങ്ങനെയിരിക്കെ… പെട്ടന്നൊരു ദിവസം വീട്ടിൽ അയാളുടെ ഭാര്യ കാെല്ലപ്പെടുന്നു. തന്റെ ഭാര്യയുടെ കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങിത്തിരിച്ച സീതാറാമിനു ഞെട്ടിക്കുന്ന ചില സത്യങ്ങളായിരുന്നു അറിയേണ്ടി വന്നത്. കർണാടക പോലീസിനെ തന്നെ വട്ടംചുറ്റിച്ച കേസ് നമ്പർ 18 എന്ന സീരിയൽ കില്ലർ കേസുമായി തന്റെ ഭാര്യയുടെ മരണത്തിനും ബന്ധമുണ്ടെന്ന് അയാൾ കണ്ടെത്തുന്നു.
ആരാണാ മോഷ്ടാവ്?
ആരാണാ കാെലപാതകി?
ഇതിനെല്ലാമുള്ള ഉത്തരം ലഭിക്കണമെങ്കിൽ സിനിമ കണ്ടു തന്നെ അറിയണം.
പ്രേക്ഷകനെ നിഗൂഢതയുടെ മുൾമുനയിൽ ഇരുത്തുന്ന ഊഹങ്ങൾക്ക് പോലും പിടി തരാനാകാത്ത, കൃത്യമായ ഇടവേളകളിൽ ട്വിസ്റ്റുകളാൽ സമ്പന്നമായ ഈ ക്രൈം ത്രില്ലർ, അടുത്തിടെ ഇറങ്ങിയ കന്നട സിനിമകളിൽ വെച്ച് ഏറ്റവും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ സിനിമ കൂടിയാണ്.