എംസോൺ റിലീസ് – 2888
ഭാഷ | സ്പാനിഷ് |
സംവിധാനം | Bigas Luna |
പരിഭാഷ | അഷ്‌കർ ഹൈദർ |
ജോണർ | ഡ്രാമ, റൊമാൻസ് |
വലെൻസിയയിലെ തുറമുഖ നഗരമായ ഡെനിയയിലെ സ്കൂളിൽ ഭാഷാധ്യാപകനായി എത്തിയതാണ് ഉലിസസ്. വന്യമായ കാല്പനികതയാൽ വശ്യമായ കണ്ണുകളുള്ള ഉലിസസ് ഒറ്റനോട്ടത്തിൽ മാർട്ടിനയുമായി പ്രണയത്തിലാകുന്നു.
ഉലിസസിന്റെ പ്രണയാതുരമായ കഥകളിൽ വീണു പോകാതിരിക്കാൻ മാർട്ടിനയ്ക്കും ആവുന്നില്ല, ഉലിസസ് കഥ പറഞ്ഞു തുടങ്ങി…
“അഗാധമായ സമുദ്രത്തിന്റെ ആഴങ്ങളിൽ നിന്നും രണ്ട് സർപ്പങ്ങൾ ഉയർന്നു വന്നു, ജലപ്പരപ്പിൽ അവ തന്റെ മകുടവും മാറിടവും ഉയർത്തി നിന്നു, അതിലൊന്ന്, പ്രണയത്തിന്റെ ഇരട്ട വളയങ്ങളാലെന്നെ ഞെരിച്ചമർത്തുവാനാഞ്ഞു”
കൊടുങ്കാറ്റ് തകർത്ത ഉലിസസെന്ന സ്വപ്നങ്ങളിൽ സ്വയം വെന്തു നീറാൻ വയ്യാതെ പുതുജീവിതം തേടിപ്പോയ മാർട്ടിന, കാലമേറെ കഴിഞ്ഞ് തിരിച്ചെത്തുന്ന പ്രണയത്തിന്റെ പഴം കഥകൾക്കായി എല്ലാറ്റിനും മാപ്പേകി സ്വയം നഷ്ടപ്പെടുത്തുമോ?
പ്രണയത്തിന്റെ ആ ഇരട്ട വളയങ്ങളിൽ നിന്ന് കുതറി മാറാൻ മാർട്ടിനയ്ക്കാകുമോ?
അതോ, “നീയില്ലാതെ എനിക്കൊരു ജീവിതമില്ലെന്ന് തിരിച്ചറിയാൻ, മുഴുവൻ സമുദ്രങ്ങളും താണ്ടേണ്ടി വന്നു”വെന്ന ഉലിസസിന്റെ പ്രണയത്തിൽ സ്വയം മറന്ന് ആഴിയുടെ അഗാധതയിലേക്ക് അവൾ ചേരുമോ?
മാനുവൽ വിൻസെന്റിന്റെ സോൺ ഡി മാർ (സൗണ്ട് ഓഫ് ദി സീ) എന്ന നോവലിനെ ആസ്പദമാക്കി ജുവാൻ ജോസ് ബിഗാസ് ലൂണയുടെ സംവിധാനത്തിൽ 2001 ഇൽ ഇറങ്ങിയ റൊമാന്റിക് സിനിമയാണ് സൗണ്ട് ഓഫ് ദി സീ.