Daredevil Season 3
ഡെയർഡെവിൾ സീസൺ 3 (2018)

എംസോൺ റിലീസ് – 2912

Download

8318 Downloads

IMDb

8.6/10

രണ്ടാം സീസണിനു ശേഷം വന്ന ഡിഫെൻഡേഴ്സ് എന്ന മിനി സീരീസിന്റെ തുടർച്ചയായാണ് ഡെയർഡെവിൾ മൂന്നാം സീസൺ തുടങ്ങുന്നത്. ഡിഫെൻഡേഴ്സിൽ അവസാനം ഒരു കെട്ടിടം തകർന്നു വീഴുന്നതിന്റെ ഉള്ളിൽ പെട്ടുപോവുന്ന മാറ്റ് മർഡോക്കിനെ പറ്റി അതിനുശേഷം യാതൊരു വിവരവും ലഭിക്കാഞ്ഞതുകൊണ്ട് അതോടെ അവൻ മരണപ്പെട്ടു എന്നാണ് ഇപ്പോൾ അവന്റെ സുഹൃത്തുക്കൾ വിശ്വസിക്കുന്നത്. എന്നാൽ ആ അപകടത്തിൽ സാരമായി പരിക്കേറ്റ മാറ്റിനെ കണ്ടെത്തിയ ആൾ അവനെ അവൻ വളർന്ന അനാഥാലയത്തിൽ എത്തിച്ചിരുന്നു. ആ അപകടത്തോടെ മാറ്റിന് അവന്റെ ഇന്ദ്രിയങ്ങൾക്കുണ്ടായിരുന്ന അപാരമായ ശക്തിയും നഷ്ടമായിരുന്നു.

ഇതേ സമയം ഒന്നാം സീസണിൽ മാറ്റ് മർഡോക്ക് ജയിലിൽ അടച്ച വിൽ‌സൺ ഫിസ്ക് ഹെൽസ് കിച്ചണിലുള്ള അധോലോക സംഘങ്ങളെപ്പറ്റി വിവരങ്ങൾ കൊടുത്ത് അവരെ ജയിലിൽ അടക്കാൻ സഹായിക്കാം എന്ന് FBIയുമായി ഉണ്ടാക്കിയ ഉടമ്പടിയിൽ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നു. ഹെൽസ് കിച്ചണിലെ വലിയൊരു ആഡംബര ഹോട്ടലിൽ വീട്ടുതടങ്കലിൽ കിടന്നുകൊണ്ട് ഫിസ്ക് വീണ്ടും ഹെൽസ് കിച്ചൺ തന്റെ കാൽക്കീഴിലാക്കാനുള്ള ശ്രമം തുടങ്ങുന്നു. അതോടൊപ്പം തന്നെ മുൻപ് തന്നെ ജയിലിൽ അടച്ചവരോടുള്ള പ്രതികാരനടപടികളും ഫിസ്ക് തുടങ്ങുന്നു. വീട്ടുതടങ്കലിൽ തനിക്ക് കാവൽ നിൽക്കുന്ന ബെൻ പോയിൻഡെക്സ്റ്റർ എന്ന FBI ഏജന്റിനെ അവന്റെ മാനസികമായ പ്രശ്നങ്ങളെ മുതലെടുത്തുകൊണ്ട് വരുതിയിലാക്കുന്ന ഫിസ്ക് അവനെ അയാളുടെ ശത്രുക്കളെ ഇല്ലാതാക്കാനുള്ള ആയുധമാക്കി മാറ്റി തന്റെ ശത്രുക്കൾക്കെതിരെ അഴിച്ചു വിടുന്നു. അതോടെ മുൻപ് ഫിസ്കിനെ ജയിലിൽ അടക്കാൻ മുൻപിൽ നിന്ന മാറ്റിന്റെ സുഹൃത്തുക്കളായ കാറൻ പേജിന്റെയും ഫോഗിയുടെയും ജീവൻ അപകടത്തിലാവുന്നു. കയ്യിൽ കിട്ടുന്നതെന്തും ആയുധമായി ഉപയോഗിക്കാൻ കഴിവുള്ള ഒരിക്കലും ഉന്നം പിഴക്കാത്ത ബെൻ പോയിൻഡെക്സ്റ്ററിൽ നിന്നും എപ്പോഴും എതിരാളിയേക്കാൾ മൂന്ന് പടി മുന്നിൽ ചിന്തിക്കുന്ന ഫിസ്കിന്റെ കുടില തന്ത്രങ്ങളിൽ നിന്നും രക്ഷപ്പെടാനും, അവരെ ജയിലിൽ അടക്കാനുമുള്ള മാറ്റിന്റെയും സുഹൃത്തുക്കളുടെയും ശ്രമമാണ് ഡെയർഡെവിൾ മൂന്നാം സീസണിൽ പറയുന്നത്. പിന്നെ മുൻ സീസണുകളിൽ ഉള്ളതുപോലെ തന്നെ ഇത്തവണയും ആക്ഷൻ രംഗങ്ങൾക്ക് ഒട്ടും കുറവില്ല.