എംസോൺ റിലീസ് – 2927
ഭാഷ | കൊറിയൻ |
സംവിധാനം | Jae-young Kwak |
പരിഭാഷ | ജീ ചാങ് വൂക്ക് |
ജോണർ | റൊമാൻസ് |
നമ്മൾ വിചാരിച്ച പോലെ ജീവിതത്തിൽ എല്ലാം നടന്നാൽ അതിലെന്താ ഒരു രസമുള്ളത്?
ഒട്ടും പ്രതീക്ഷിക്കാത്ത സമയത്തല്ലേ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത്?
എ ഇയർ-എൻഡ് മെഡ്‌ലി എന്ന സിനിമ ആരംഭിക്കുന്നത് ഈ വരികളോടെയാണ്.
സിനിമയിലുടനീളം ഈ മാന്ത്രികത നമുക്ക് അറിയാനാവും. പേര് പോലെ തന്നെ, 14 പ്രധാന കഥാപാത്രങ്ങളിലൂടെ പറഞ്ഞു പോവുന്ന ഒരു കൂട്ടം കഥകളുടെ ഒരു മെഡ്‌ലി ആണ് ഈ ചലച്ചിത്രം.
2021ന്റെ അവസാന രണ്ടാഴ്ചക്കാലത്ത് എംറോസ് എന്ന ഹോട്ടലിലേക്ക് അവധിക്കാലം ചിലവിടാനായി വിവിധ പ്രായത്തിലുള്ള ഒരു കൂട്ടം അതിഥികൾ എത്തിച്ചേരുന്നു. ജീവിതത്തിലെ ഒരു നിർണ്ണായക ഘട്ടത്തിൽ ഇവിടെ മുറിയെടുക്കുന്ന അവരോരുത്തർക്കും ഓരോ കഥ പറയാനുണ്ട്. പ്രണയത്തിൻ്റെ, വിരഹത്തിൻ്റെ, സ്വപ്ന സാക്ഷാത്കാരത്തിൻ്റെ,
മോഹ ഭംഗങ്ങളുടെ, നിരാശയുടെ, കൗമാര സ്വപ്നങ്ങളുടെ, എന്നോ മറന്ന് പോയ നഷ്ട പ്രണയങ്ങളുടെ, സൗഹൃദത്തിൻ്റെ…. അങ്ങനെയങ്ങനെ ഒരുപാട് കഥകൾ. 2021 ൻ്റെ അവസാന പാദങ്ങളിൽ അപ്രതീക്ഷിതമായി നടക്കുന്ന ചില രസകരമായ സംഭവങ്ങൾ അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നു.
മൈ സാസി ഗേൾ (2001), ദി ക്ലാസിക് (2003), ഡെയ്സി (2006) തുടങ്ങിയ മികച്ച സൗത്ത് കൊറിയൻ ചിത്രങ്ങൾ ഒരുക്കിയ ക്വാക് ജേ യോങ് സംവിധാനം ചെയ്ത ചിത്രത്തിൽ, ഹാൻ ജി മിൻ, കാങ് ഹാ നൂൾ, ലീ ദോങ് വൂക്, ലിം യൂനാ, ലീ ക്വാങ്ങ് സൂ, ലീ ജിൻ വുക്, സോ കാങ് ജൂൻ തുടങ്ങിയ വമ്പൻ താര നിര തന്നെ അണിനിരക്കുന്നു.
ഡിസംബറിന്റെ മഞ്ഞും തണുപ്പും പ്രണയവും, പുതുവർഷത്തിന്റെ പ്രതീക്ഷകളും സന്തോഷങ്ങളുമായി കാഴ്ചക്കാരുടെ മനസ്സു നിറക്കുന്ന, കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകളിൽ ഒന്നായിരുന്ന ഈ മനോഹര ചിത്രം ഈ പാൻഡമിക് കാലത്തെ ഒരു മികച്ച പുതുവർഷ സമ്മാനം എന്ന് തന്നെ പറയാം.