എം-സോണ്‍ റിലീസ് – 1219
ഭാഷ | സ്പാനിഷ് |
സംവിധാനം | Eugenio Derbez |
പരിഭാഷ | ഷൈജു .എസ് |
ജോണർ | കോമഡി, ഡ്രാമ |
മെക്സിക്കോയിൽ കഴിയുന്ന വാലന്റീൻ ബ്രാവോയ്ക്ക് എല്ലാം ഭയമാണ്, ഉത്തരവാദിത്തങ്ങളും കുടുംബജീവിതവുമടക്കം. ഒരു ജോലിക്കും പോവാതെ, വിദേശ സഞ്ചാരികളായി വരുന്ന സ്ത്രീകളുമായി കറങ്ങി നടക്കുന്നതാണ് പുള്ളിയുടെ പ്രധാന വിനോദം. അങ്ങനെയിരിക്കെ ഒരുനാൾ വാലന്റീനെ തേടി ഒരു കൈക്കുഞ്ഞുമായി അമേരിക്കക്കാരിയായ ജൂലി എത്തുന്നു. ഒരുവർഷം മുൻപ് ഇരുവരും പ്രണയത്തിലായിരുന്നെന്നതും തൻ്റെ കൈയ്യിലിരിക്കുന്ന കുഞ്ഞിൻ്റെ അച്ഛൻ വാലന്റീൻ ആണെന്നും ജൂലി പറയുന്നു. ടാക്സിക്ക് കാശ് കൊടുത്തിട്ട് വരാമെന്ന് പറഞ്ഞ് ജൂലി കുഞ്ഞിനെ അവനെ ഏൽപ്പിച്ച് പുറത്ത് പോവുന്നു.
എന്നാൽ അവൾ കുഞ്ഞിനെ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് തിരികെ പോവുകയാണെന്ന് വാലന്റീൻ വൈകിയാണ് മനസ്സിലാക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ കുഴയുന്ന വാലന്റീൻ്റെ മുൻപിൽ രണ്ടു വഴികളാണുണ്ടായിരുന്നത്. ഒന്നുകിൽ കുഞ്ഞിനെ വളർത്തുക അല്ലെങ്കിൽ അമേരിക്കയിൽ പോയി ജൂലിയെ ഏല്പിക്കുക. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഭയമുള്ള വാലന്റീൻ കുഞ്ഞിനെയും കൊണ്ട് അമേരിക്കയിലേക്ക് നടത്തുന്ന യാത്രയും അവിടെ എത്തിയ ശേഷമുള്ള രസകരമായ ജീവിതവുമാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.
പ്രമുഖ മെക്സിക്കൻ നടനും സംവിധായകനുമായ യുജീനിയോ ഡർബേസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായ വാലന്റീൻ ബ്രാവോയായി അഭിനയിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ്. നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് വൻ വിജയം കൈവരിച്ച ഈ ചിത്രം മറ്റു പല ഭാഷകളിലേക്കായി റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.