എം-സോണ് റിലീസ് – 1078
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Bryan Singer |
പരിഭാഷ | ആര്യ നക്ഷത്രക് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
2023 കാലഘട്ടത്തിൽ സെന്റീനലുകൾ എന്ന മ്യൂട്ടന്റുകളെ തിരഞ്ഞുപിടിച്ചുകൊല്ലുന്ന റോബോട്ടുകളുമായുള്ള യുദ്ധത്തിൽ വംശനാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന മ്യൂട്ടന്റ് വംശത്തിലൂടെയാണ് ചിത്രം തുടങ്ങുന്നത്. മ്യൂട്ടന്റുകളെ കൂടാതെ ഭാവിയിൽ മ്യൂട്ടന്റുകളായിട്ടുള്ള മക്കളും പേരക്കുട്ടികളും ഉണ്ടാവാൻ സാധ്യതയുണ്ടായിരുന്ന സാധാരണ മനുഷ്യരെ പോലും സെന്റിനലുകൾ വെറുതെ വിട്ടില്ല. നേരിടുന്ന മ്യൂട്ടന്റുകളുടെ കഴിവുകളും പകർത്താൻ സാധിക്കുന്ന ആ വമ്പൻ യന്ത്രമനുഷ്യരെ തോല്പിക്കുന്നത് അസാധ്യമായ കാര്യമായിരുന്നു. മറ്റുള്ളവരുടെ രൂപം പകർത്തിയെടുക്കാൻ കഴിവുള്ള റേവന്റെ കഴിവായിരുന്നു സെന്റിനലുകളുടെ ശക്തിയുടെ ഉറവിടം.
മ്യൂട്ടന്റുകളെ കൊല്ലുകയും അവരിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്ന ബോളിവർ ട്രാസ്ക് എന്ന ശാസ്ത്രജ്ഞനെ 1973ൽ പാരീസിൽ വെച്ച് റേവൻ കൊല്ലുന്നതിലൂടെയായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതോടെ ഭരണാധികാരികൾ മ്യൂട്ടന്റുകൾക്കെതിരെ തിരിയുകയും ട്രാസ്‌കിന്റെ പദ്ധതിയായ സെന്റിനലുകളെ അവർ തുടങ്ങുകയും ചെയ്തു. കൊലപാതക സ്ഥലത്തുവെച്ച് പിടിക്കപ്പെട്ട റേവനെയും അവർ സെന്റിനൽ പദ്ധതിക്കായി ഉപയോഗപ്പെടുത്തിയതോടെ മ്യൂട്ടന്റുകളുടെ അവസാനത്തിലേക്കുള്ള വാതിലും അവിടെ തുറന്നു. എന്നാൽ ആളുകളുടെ മനസ്സിനെ ഭൂതകാലത്തേക്ക് അയക്കാൻ കഴിവുള്ള ഒരു മ്യൂട്ടന്റിന്റെ സഹായത്താൽ 1973ലേക്ക് പോവുന്ന ലോഗൻ ചെറുപ്പക്കാരായ ചാൾസിനെയും എറിക്കിനെയും കണ്ടെത്തി അവരുടെ സഹായത്തോടെ ട്രാസ്‌കിനെ കൊല്ലുന്നതിൽ നിന്ന് റേവനെ പിന്തിരിപ്പിക്കാനും അങ്ങനെ സെന്റിനൽ പദ്ധതി മനുഷ്യർ തുടങ്ങുന്ന സാഹചര്യം ഇല്ലാതാക്കാനും അതുവഴി ഭാവി സുരക്ഷിതമാക്കാനും അവർ ശ്രമിക്കുന്നു. എറിക്കിനും ചാൾസിനും റേവനെ തടയാനും സ്വന്തം കുലത്തിന്റെ വംശനാശം തടയുവാനും കഴിയുമോ എന്നെല്ലാമുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് സിനിമ.
Nb: പോസ്റ്റ് ക്രെഡിറ്റ് സീൻ ഉണ്ട് കാണാതിരിക്കരുത്.