എം-സോണ്‍ റിലീസ് – 1089
ഭാഷ | തമിഴ് |
സംവിധാനം | Chezhian Ra |
പരിഭാഷ | ഷൈജു എസ് |
ജോണർ | ഫാമിലി |
പുതുനൂറ്റാണ്ടിന്റെ ആരംഭത്തില്‍, പ്രത്യേകിച്ച് 2007ല്‍, ബഹുരാഷ്ട്ര കമ്പനികളുടെ വരവ് ചെന്നൈ നഗരത്തില്‍ ഐടി മേഖലയുടെ പെട്ടെന്നുള്ള വളര്‍ച്ചക്ക് വഴിയൊരുക്കി. ഉയര്‍ന്ന ശമ്പളം കൈപ്പറ്റുന്ന ഐടി തൊഴിലാളികളുടെ പാര്‍പ്പിട ആവശ്യങ്ങള്‍ അവിശ്വസനീയമായ രീതിയില്‍ വീട്ടുവാടകള്‍ ഉയരുന്നതിലേക്ക് നയിച്ചു. ഇത് മറ്റു മേഖലകളില്‍ ജോലി ചെയ്യുന്ന, പ്രത്യേകിച്ച് തൊഴിലാളി വര്‍ഗത്തെ കാര്യമായി ബാധിച്ചു.
സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ഇളങ്കോയും ഭാര്യ അമുദയും മകന്‍ സിദ്ധാര്‍ത്തുമടങ്ങുന്ന ചെറിയ കുടുംബം 5 വര്‍ഷമായി ഒരു കൊച്ചു വീട്ടിലാണ് വാടകക്ക് താമസിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ അവരെയും ബാധിക്കുന്നു. ഒരു ഐടിക്കാരന് ഉയര്‍ന്ന വാടകക്ക് നല്‍കാനായി അവരുടെ വീട്ടുടമസ്ഥ ഒരു മാസത്തിനകം അവരോട് വീടൊഴിയാന്‍ പറയുന്നു. തുടര്‍ന്ന് വാടകയ്ക്ക് വീട് അന്വേഷിച്ചിറങ്ങുന്ന ഇളങ്കോക്ക് നേരിടേണ്ടി വരുന്ന കഷ്ടതകള്‍ വളരെ തന്മയത്വത്തോടെ ” ടു ലെറ്റ് ” എന്ന ഈ കൊച്ചു ചിത്രത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
സംവിധായകന്‍ ചെഴിയന്‍, തന്റെ തന്നെ ജീവിതത്തില്‍ നേരിട്ട ചില അനുഭവങ്ങള്‍ ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്. പതിവ് സിനിമാ രീതികളില്‍ നിന്ന് വിഭിന്നമായി ഈ ചിത്രത്തില്‍ പാട്ടുകളില്ല. 2017ലെ മികച്ച തമിഴ് ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരമുള്‍പ്പെടെ നിരവധി ദേശീയ-അന്തര്‍ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഈ ചിത്രം നേടുകയുണ്ടായി.