എംസോൺ റിലീസ് – 3129
ഭാഷ | ജാപ്പനീസ് |
സംവിധാനം | Shinsuke Sato |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ആക്ഷൻ, ഫാന്റസി, മിസ്റ്ററി |
ലോകപ്രശസ്തമായ കൊറിയൻ നെറ്റ്ഫ്ലിക്സ് സീരീസായ സ്ക്വിഡ് ഗെയിം ഇറങ്ങുന്നതിനു മുൻപ്, അതേ തീം ബേസ് ചെയ്ത് കൊണ്ട് ജാപ്പനീസിൽ നെറ്റ്ഫ്ലിക്സ് പുറത്തിറക്കിയ കിടിലൻ സീരീസാണ് ആലീസ് ഇൻ ബോർഡർലാൻഡ്. സ്ക്വിഡ് ഗെയിമിന് കിട്ടിയ പോപ്പുലാരിറ്റിയും പ്രശംസകളും ഈ സീരീസിന് കിട്ടാത്തതാണ് ഈ സീരീസിനെ ആളുകളിലേക്ക് അധികം എത്തിക്കാതിരുന്നത്. 2020 ഡിസംബറിൽ ഇറങ്ങിയ സീരീസിന്റെ രണ്ടാമത്തെ സീസണാണ് ഇപ്പോൾ 8 എപ്പിസോഡുകളിലായി നെറ്റ്ഫ്ലിക്സിൽ വന്നിരിക്കുന്നത്.
ഉറ്റസുഹൃത്തുക്കളായ അരിസുവും ചോട്ടയും കറുബെയും ഒരു ഗെയിം ലോകത്തേക്ക് എത്തിപ്പെടുകയും, ശേഷം സംഭവിക്കുന്ന കാര്യങ്ങളുമായിരുന്നു നമ്മൾ കണ്ടത്. സ്വന്തം ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ഗെയിമുകൾ. ഗെയിം ഉപേക്ഷിക്കുന്നവർക്കും ഗെയിമിൽ തോൽക്കുന്നവർക്കും മരണം തന്നെയാണ് വിധി. കളിച്ചു ജയിക്കുക അല്ലാതെ വേറെ നിവർത്തിയില്ല. ചീട്ടിലെ നമ്പർ ഗെയിമുകളുടെ അവസാന ഗെയിമായി ബീച്ചിൽ നടന്ന വൻ കൂട്ടക്കൊലയ്ക്ക് ശേഷം ആ ലോകത്ത് അവശേഷിച്ചവർക്ക് എന്ത് സംഭവിച്ചു എന്നതാണ് സീസൺ 2 പറയുന്നത്. നമ്പർ കാർഡുകളുടെ അവസാനം ഫെയ്സ് കാർഡുകളായ കിംഗ്, ക്വീൻ, ജാക്ക് രംഗപ്രവേശം ചെയ്യുകയാണ്. അവിടുന്നങ്ങോട്ട് കഥ മാറുകയാണ്. ആരാണ് ഈ ഗെയിമിന് പിന്നിൽ? ആരാണ് ടോക്കിയോയിലെ ജനങ്ങളെ അപ്രത്യക്ഷമാക്കിയത്? അവർക്ക് എന്താണ് സംഭവിച്ചത്?
കഥയുടെ ചടുലത ഒരു നിമിഷം പോലും കൈവിടാത്ത തരത്തിലുള്ള മേക്കിംഗ്, മികച്ച അഭിനയ മുഹൂർത്തങ്ങൾ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ട്വിസ്റ്റുകൾ, സീറ്റ് എഡ്ജ് ത്രില്ലർ സാഹചര്യങ്ങൾ, ആശയക്കുഴപ്പത്തിലാക്കുന്ന കഥാഗതി. എല്ലാം കൊണ്ടും ആക്ഷൻ, ത്രില്ലർ, സസ്പെൻസ്, ഗെയിം പ്രേമികൾ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സീരിസാണ് ”ആലീസ് ഇൻ ബോർഡർലാൻഡ്“.