എംസോൺ റിലീസ് – 3133
ഭാഷ | ജാപ്പനീസ് |
സംവിധാനം | Takeshi Kitano |
പരിഭാഷ | മനീഷ് ആനന്ദ് |
ജോണർ | ക്രൈം, ഡ്രാമ, റൊമാൻസ് |
ഡിറ്റക്ടീവുകളായ നിഷിയും ഹൊറിബേയും സഹപ്രവർത്തകർ എന്നതിലുപരി ബാല്യകാലം മുതൽക്കേയുള്ള ഉറ്റ സുഹൃത്തുക്കളാണ്. മകളുടെ മരണവും, ഭാര്യയുടെ ഭേദമാക്കാനാകാത്ത ക്യാൻസറും ഇതിനകം നിഷിയെ വല്ലാതെ വിഷണ്ണനാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ഒരു ദൗത്യത്തിനിടയ്ക്ക് വച്ച് ആശുപത്രിയിൽ കഴിയുന്ന ഭാര്യയെ നിഷി സന്ദർശിക്കാൻ പോയ വേളയിൽ ഹൊറിബേയ്ക്കും മറ്റൊരു സഹപ്രവർത്തകനായ തനാകയ്ക്കും കുറ്റവാളിയുടെ വെടിയേൽക്കുന്നത്. ഹൊറിബേയ്ക്ക് ജീവൻ തിരിച്ചു കിട്ടിയെങ്കിലും അരയ്ക്ക് താഴേക്ക് തളർന്നു പോയ അദ്ദേഹത്തെ സ്വന്തം ഭാര്യയും കുട്ടിയും പോലും ഉപേക്ഷിച്ചു പോയി. അതേസമയം തനാകയാകട്ടെ കൊല്ലപ്പെട്ടിരുന്നു. ഇതെല്ലാം കണ്ട് നിഷിയാകെ സ്തംഭിച്ചുപോകുന്നു. ഒരു വശത്ത് മകൾ നഷ്ടപ്പെട്ടതിന്റേയും ഭാര്യയ്ക്ക് മാറാരോഗം പിടിപെട്ടതിന്റേയും നിരാശ, മറുവശത്ത് ജീവിതത്തിന്റെ ഏക പ്രതീക്ഷയായി മാറിയ തന്റെ സുഹൃത്തിനും സഹപ്രവർത്തകനും സംഭവിച്ച അപകടത്തിന്റെ കുറ്റബോധം. ഇത് രണ്ടിനുമിടയിൽ യാതന അനുഭവിക്കുന്ന നിഷിയെന്ന ഏകാന്തനായ ഡിറ്റക്ടീവിന്റെ ജീവിതം ചിത്രീകരിക്കുന്ന സിനിമയാണ് “ഹനാ-ബി”.
നടൻ, സംവിധായകൻ, കൊമേഡിയൻ, ടെലിവിഷൻ അവതാരകൻ എന്നിങ്ങനെ പല മേഖലകളിൽ തിളങ്ങിയ തകേഷി കിതാനോ എന്ന ബീറ്റ് തകേഷി സംവിധാനം ചെയ്ത ഏഴാമത്തെ ചിത്രമാണ് “ഹനാ-ബി” അഥവാ “ഫയർവർക്ക്സ്“. അക്രമാസക്തമായ രംഗത്തിന് ശേഷമുള്ള നിശബ്ദത പോലെ “നിശബ്ദവും ചലനവും” തമ്മിലുള്ള അതിമനോഹരമായ അന്തരം കാണിക്കുന്നതിലൂടെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള സ്വന്തം വീക്ഷണങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ സംവിധായകന്റെ കഴിവ് ശരിക്കും ശ്രദ്ധേയമാണെന്നത് ക്രൈം-ഡ്രാമാ ജോണറിൽ ഉൾപ്പെടുന്ന ഈ ആർട്ട്ഹൗസ് ചിത്രം അടിവരയിടുന്നു. തന്റെ സംവിധാന ശൈലിയുടെ മുഖമുദ്രകളായ വയലൻസിന്റേയും ഡ്രെെ ഹ്യൂമറിന്റേയും നിഹിലിസത്തിന്റേയും (ശൂന്യതാവാദം) വിഷാദത്തിന്റേയും സത്ത് ഉൾക്കൊള്ളുന്ന ഈ ചിത്രം കിതാനോയുടെ സൃഷ്ടികളിലെ ഉച്ചസ്ഥാനത്തിലാണെന്ന് നിസംശയം പറയാം. തകേഷി കിതാനോ കേന്ദ്രവേഷത്തിലെത്തുക കൂടി ചെയ്ത “ഹനാ-ബി” 1997-ലെ 54-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ അവാർഡ് നേടുകയുണ്ടായി.