Sex and Lucía
സെക്സ് ആൻഡ് ലൂസിയ (2001)

എംസോൺ റിലീസ് – 3145

ഭാഷ: സ്പാനിഷ്
സംവിധാനം: Julio Medem
പരിഭാഷ: അഷ്‌കർ ഹൈദർ
ജോണർ: ഡ്രാമ, റൊമാൻസ്
Download

8740 Downloads

IMDb

7/10

ഭ്രാന്തമായ പ്രണയവും ഉന്മാദമായ സുഖവുമേകി തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന കാമുകൻ ലൊറെൻസോയെ എങ്ങും കാണാനാവാതെ നൊമ്പരപ്പെട്ട് നിൽക്കുന്ന ലൂസിയയെ പോലീസ് സ്റ്റേഷനിൽ നിന്നുള്ള ആ വിളി പരിഭ്രാന്തയാക്കി. തീ പിടിപ്പിക്കുന്ന പ്രണയകഥകളുടെ രചയിതാവ് ലൊറെൻസോ, ആത്മവിഷാദത്തിന്റെ രാപ്പകലുകൾക്കപ്പുറം ആത്മാഹുതി ചെയ്ത വാർത്ത കേൾക്കാൻ പോലുമാവില്ലെന്ന് കരുതിയ ലൂസിയ ഒന്നും കേൾക്കാൻ വയ്യാതെ ഫോൺ താഴെ വച്ചു. മനസ്സ് മരവിച്ചു നിന്നു പോയ പല നിമിഷങ്ങൾക്കൊടുവിൽ, ലൊറെൻസോയുടെ കഥകളിലെങ്ങും തിരയടിച്ചിരുന്ന വിദൂര സ്പാനിഷ് ദ്വീപിലേക്ക് തനിച്ചു രക്ഷപ്പെടാൻ അവൾ തീരുമാനമെടുത്തു. അവിടെ അവളെ കാത്തിരുന്നത് ലൊറെൻസോയുടെ മുൻ കാമുകി എലീനയും സ്കൂബ ഡൈവർ കാർലോസുമായിരുന്നു. അവസാനിച്ചുവെന്ന് കരുതിയ കഥ വീണ്ടും തുടങ്ങാനാഞ്ഞപ്പോൾ
ലൊറെൻസോയുടെ ദുരന്തഭൂതകാലത്തിന്റെയും വിഷാദമനസ്സിന്റേയും കാരണങ്ങൾ തേടിച്ചെല്ലാൻ തന്നെ ലൂസിയ തീരുമാനിച്ചു.

ദ്വീപിലെ വന്യമായ ലൈംഗികതയിൽ തനിക്കു പിറന്ന കുഞ്ഞിന്റെ മുഖം ആശുപത്രിക്കിടക്ക് വിട്ട് എഴുന്നേറ്റിട്ടും ലൊറെൻസോയെ മഥിച്ചു കൊണ്ടിരുന്നു.‘ഞാനാണ് അച്ഛനെന്ന് അവൾ തിരിച്ചറിഞ്ഞില്ലെങ്കിൽ പിതൃത്വത്തിന് എന്താണ് അർത്ഥമെന്ന‘ മനസ്സിന്റെ ചോദ്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ ലൊറെൻസോ വീണ്ടും ദ്വീപിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഭൂതകാലത്തിന്റെ ചുഴികളെല്ലാം പരിചിതമായ എലീനയും കഥകൾ തേടിയലയുന്ന ലൂസിയയും ഒരുമിച്ചു താമസിക്കുന്ന ആ വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ ലൊറെൻസോയെ കാത്തിരിക്കുന്നത് എന്താകും?

ഹുലിയോ മെഡെം എഴുതി സംവിധാനം ചെയ്ത്, പാസ് വേഗയും ട്രിസ്റ്റൻ ഉല്ലോവയും അഭിനയിച്ച് 2001-ൽ ഇറങ്ങിയ ഒരു സ്പാനിഷ് ഡ്രാമയാണ് സെക്സ് ആൻഡ് ലൂസിയ. സ്പെയിനിന്റെയും ഫ്രാൻസിന്റെയും മെഡിറ്ററേനിയൻ തീരങ്ങളിലെ രണ്ട്
വ്യത്യസ്ത ലൊക്കേഷനുകളിൽ നിന്നുള്ള ഛായാഗ്രഹണം ഡ്രാമയെ മനോഹരമാക്കുന്നു.