എംസോൺ റിലീസ് – 3214
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Anthony Byrne |
പരിഭാഷ | ഹബീബ് ഏന്തയാർ |
ജോണർ | ക്രൈം, ഡ്രാമ |
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് ‘പീക്കി ബ്ലൈന്റേഴ്‌സ്.’ 19-ാം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്സ് എന്ന നാടോടി-മാഫിയാ സംഘത്തിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ സീരീസ് പുറത്തുവന്നിട്ടുള്ളത്.
കിലിയൻ മർഫിയുടെ ഏറ്റവും പ്രശസ്തവും, ലോകമെമ്പാടും കൊണ്ടാടപ്പെട്ടതുമായ തോമസ് ഷെൽബി എന്ന കഥാപാത്രമാണ് ഈ സംഘത്തിന്റെ തലവൻ. പീക്കി ബ്ലൈന്റേഴ്സിന്റെ ജീവിത യാത്രയും, അവരുടെ ഉയർച്ചയും താഴ്ചയും, തോമസ് ഷെൽബി എന്ന അതികായന്റെ ഒറ്റയാൾ പോരാട്ടവുമാണ് കഴിഞ്ഞ 5 സീസണുകളായി നമ്മൾ കണ്ടത്.
1933 ഡിസംബർ കാലഘട്ടത്തോടെയാണ് സീസൺ 6 ആരംഭിക്കുന്നത്. നാസി പാർട്ടിക്ക് ജർമ്മനിയിൽ അധികാരം ലഭിച്ചത് ബ്രിട്ടീഷ് യൂണിയൻ ഓഫ് ഫാസിസ്റ്റിന്റെ അംഗത്വത്തിലെ വർദ്ധനവിന് കാരണമായി. ഈ അവസരം മുതലെടുത്ത ടോമി, മോസ്ലിയുമായി ചങ്ങാത്തമാകുന്നു. തുടർന്ന്, ഫാസിസ്റ്റ് നേതാവായ മോസ്ലിയെ കൊല്ലാനുള്ള പീക്കി ബ്ലൈന്റേഴ്‌സിന്റെ ശ്രമം പരാജയപ്പെട്ടതോടെ IRA ഈ ഇടപാടിലേക്ക് കാലെടുത്ത് വെക്കുകയാണ്. അതോടെ ഷെൽബിക്ക് അപ്രതീക്ഷിതമായ പല തിരിച്ചടികളും ലഭിക്കുന്നു. അതിനിടയിൽ മറ്റൊരു പ്രതികാരവുമായി കുടുംബത്തിൽ നിന്ന് തന്നെ ഒരാൾ ഉയർന്നുവരുന്നു. ടോമി ഷെൽബിക്ക് ചുറ്റും പ്രതികാര ദാഹികൾ കച്ചകെട്ടി ഇറങ്ങിയപ്പോൾ പുതിയ ഒരാൾ കൂടി പ്രത്യക്ഷപ്പെടുന്നു. അതോടെ കഥയുടെ ഗതി തന്നെ മാറിമറിയുന്നു.
കിടിലൻ സംഘട്ടന രംഗങ്ങളും, ക്യാമറയും, പശ്ചാത്തല സംഗീതവും, അഭിനയ മുഹൂർത്തങ്ങളും, തിരക്കഥയും കൊണ്ട് ലോകത്താകമാനം ഓളം സൃഷ്ടിച്ച പീക്കി ബ്ലൈന്റേഴ്സ് എന്ന സീരീസ്, സീസൺ 6 ഓടുകൂടി അവസാനിച്ചിരിക്കുകയാണ്.