എംസോൺ റിലീസ് – 3252
ഭാഷ | അറബിക് |
സംവിധാനം | Amjad Abu Alala |
പരിഭാഷ | ജസീം ജാസി |
ജോണർ | ഡ്രാമ |
നിങ്ങളൊരു കടുത്ത മതവിശ്വാസിയാണെന്ന് സങ്കൽപ്പിക്കുക. നിങ്ങൾ വളരെയധികം വിശ്വാസമർപ്പിക്കുന്ന ഭക്തിയോടെ കാണുന്ന ഒരു സിദ്ധൻ 20-മത്തെ വയസ്സിൽ നിങ്ങൾ മരിക്കുമെന്ന് പ്രവചനം നടത്തിയിട്ടുണ്ടെന്നും സങ്കൽപ്പിക്കുക. എങ്കിൽ എപ്രകാരമായിരിക്കും പിന്നീട് നിങ്ങളുടെ ജീവിതം!? ജീവിതത്തിലെ സന്തോഷങ്ങളെല്ലാം നഷ്ടപ്പെടുത്തി, ഓരോ ദിവസവും മരണത്തെക്കുറിച്ച് മാത്രം ചിന്തിച്ച്, മനസ്സ് മരവിച്ച്, ബാല്യവും കൗമാരവുമെല്ലാം അതിന്റെ ഭീതിയിൽ എരിയിച്ച് ജീവിച്ചു തീർക്കേണ്ട അവസ്ഥ. എത്രത്തോളം ദയനീയവും ഭീകരവുമായിരിക്കും അങ്ങനെയൊരു ജീവിതം! ‘യൂ വിൽ ഡൈ അറ്റ് ട്വന്റി‘ എന്ന സുഡാനിസ് സിനിമ അത്തരമൊരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ‘മുസമ്മിൽ’ എന്ന കൗമാരക്കാരനാണ് ഒരു മത ദിവ്യന്റെ പ്രവചനം കാരണം ‘മരിച്ചു ജീവിക്കുന്ന’ കഥാപാത്രമാകുന്നത്. മരണത്തിലേക്ക് മാത്രം ചിന്ത കേന്ദ്രീകരിക്കുന്ന മനസ്സുമായി, അതിലേക്ക് ദിവസങ്ങളെണ്ണി നടന്നടുക്കുന്ന മുസമ്മിലിന് ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരുന്നു. സൗഹൃദങ്ങളും, പ്രണയവും അവന് നഷ്ടപ്പെടുന്നു. ജീവനുള്ള ഒരു ശവത്തെ പോലെയാണ് അവനെ അച്ഛനും, അമ്മയും, കുടുംബക്കാരും, നാട്ടുകാരും, കൂട്ടുകാരും എല്ലാം കാണുന്നത്. സമപ്രായക്കാരുടെ ഒരുപാട് പരിഹാസങ്ങൾക്കും ക്രൂര വിനോദങ്ങൾക്കും അവൻ ഇരയാകേണ്ടി വരുന്നു!
‘അംജദ് അബൂ അലാലാ’ യുടെ സംവിധാനത്തിൽ പിറവികൊണ്ട സിനിമ സുഡാൻ എന്ന രാജ്യത്തിലും അതിന്റെ സംസ്കാരത്തിലും വേരൂന്നിയിരിക്കുന്ന മത അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും ഫോക്കസ് ചെയ്യുകയാണെങ്കിലും, ലോകത്ത് അപ്രകാരം തീവ്ര മതവിശ്വാസവും അനാചാരങ്ങളും ഏതൊക്കെ ജീവിതങ്ങളെ താറുമാറാക്കിയിട്ടുണ്ടോ അവയെല്ലാം സിനിമ പ്രതിനിധീകരിക്കുന്നു. കടുത്ത മതവിശ്വാസവും ആചാരങ്ങളും മതാന്ധത ബാധിച്ച ഒരു സമൂഹവും. വ്യക്തിസ്വാതന്ത്ര്യത്തെ എത്രത്തോളം വരിഞ്ഞുമുറുക്കുന്നു എന്നതും, എത്രത്തോളം ദയനീയമായ ജീവിത സാഹചര്യങ്ങളിലേക്കും പ്രതിസന്ധികളിലേക്കും വ്യക്തി ജീവിതത്തെ നയിക്കുന്നുവെന്നും ‘മുസമ്മിൽ’ എന്ന കഥാപാത്രത്തിലൂടെ സിനിമ വരച്ചുകാട്ടുന്നു. സുഡാനിലെ ഒരു നദീതീര ഗ്രാമത്തിന്റെ ദൃശ്യഭംഗി നിറയുന്ന ഫ്രെയിമുകൾക്കൊപ്പം.. ആഫ്രിക്കൻ ജനതയുടെ ജീവിതരീതിയും, സംസ്കാരങ്ങളും, ആചാരങ്ങളും കഥയോട് ചേർന്നു പോകുന്ന രീതിയിൽ മിഴിവോടെ ദൃശ്യവൽക്കരിച്ചിട്ടുണ്ട് സിനിമയിൽ. അകവും പുറവും അന്ധവിശ്വാസങ്ങളുടെ ഇരുട്ടുമൂടിയ ജനതയുടെ കഥയാണെങ്കിലും, ഒരു പ്രത്യാശ പോലെ പുരോഗമന ചിന്തയും, മാനവികതയും, സിനിമയുമെല്ലാം സ്ക്രീനിൽ ഇടയ്ക്കിടെ തെളിഞ്ഞു വരുന്നുണ്ട്.