ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിജ്ഞാനമുള്ള ആർക്കും എംസോണിന് വേണ്ടി പരിഭാഷകൾ ചെയ്യാം. അതിന് ആദ്യം വേണ്ടത് ഇഷ്ട സിനിമ തെരഞ്ഞെടുക്കുക എന്നതാണ്. ആദ്യമായി ചെയ്യുമ്പോൾ സബ്ടൈറ്റിലുകളുടെ വരികൾ കുറവുള്ളതും സിംപിൾ ഇംഗ്ലീഷ് സംഭാഷണം ഉള്ളതുമായ സിനിമയാകുന്നതാണ് നല്ലത്. ഇനി ചെയ്യാനുദ്ദേശിക്കുന്ന സിനിമയുടെ ഫയൽ തരപ്പെടുത്തുക, പിന്നെ അതിന് സിങ്കാകുന്ന സബ്ടൈറ്റിൽ കണ്ടെത്തുക. Opensubtitles എന്ന സൈറ്റിൽ ഇംഗ്ലീഷ് സബ്ടൈറ്റിൽ ലഭ്യമാണ്. അതിൽ നിലവാരമുള്ള സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്തെടുക്കുക.
മലയാളം പരിഭാഷ ചെയ്യാൻ ഗൂഗിൾ ട്രാൻസലേറ്ററോ അതുപോലുള്ള എളുപ്പവഴികളോ ഒന്നുമില്ല. ഓരോ വരിയും വായിച്ച് അർത്ഥം മനസിലാക്കി ആശയം ഉൾക്കൊണ്ട് വേണം പരിഭാഷപ്പെടുത്താൻ. പദാനുപദ പരിഭാഷ ഒരിക്കലും ചെയ്യാതിരിക്കുക. പദാനുപദം എന്നാൽ എന്താണോ ഇംഗ്ലീഷിലുള്ളത് അതേ സ്ഥാനത്ത് അതേ ഓർഡറിൽ മലയാളം വാക്കുകൾ എഴുതിവെക്കുന്ന രീതിയാണ്.
Like I said, that’s what I do.
I interview people.
ഞാൻ പറഞ്ഞതുപോലെ, ഞാൻ അതാണ് ചെയ്യുന്നത്.
ഞാൻ ആളുകളുമായി അഭിമുഖം നടത്തുന്നു.
ഇങ്ങനെ നമ്മൾ സംസാരിക്കുമോ ? ഇത് നമ്മൾ ദൈനംദിന ജീവിതത്തിൽ സംസാരിക്കുമ്പൊ എങ്ങനെ ഉപയോഗിക്കും എന്ന് ചിന്തിച്ച് ചെയ്യണം.
മുൻപ് പറഞ്ഞില്ലേ, ആളുകളുമായി അഭിമുഖം നടത്തുകയാണ് ഞാൻ ചെയ്യാറ്. ഏകദേശം ഇതുപോലെ.
പരിഭാഷയുടെ ഒഴുക്ക്
I thought vampires didn’t like light.
We love it.
ഞാൻ ഓർത്തു രക്തരക്ഷസുകൾക്കു വെളിച്ചം ഇഷ്ടമല്ലെന്ന്.
ഞങ്ങൾ അതിനെ ഇഷ്ടപ്പെടുന്നു.
ഒറ്റ നോട്ടത്തിൽ ഇത് ശരിയാണ്. പക്ഷേ അതിൽ ഒരു കല്ലുകടി തോന്നുന്നില്ലേ? അതിനെ നമുക്ക്
ഞാനോർത്തു, നിങ്ങൾക്കൊന്നും വെളിച്ചം ഇഷ്ടമേയല്ലെന്ന്.
ഓ, ശരിക്കും ഞങ്ങൾക്കത് ഇഷ്ടമാ.
ഇങ്ങനെ എഴുതിയാലോ? കുറച്ചുകൂടി മലയാളീകരിച്ചപ്പോൾ ആ ഒഴുക്ക് അനുഭവപ്പെടുന്നില്ലേ? ഇങ്ങനെ ആറ്റിക്കുറുക്കി നല്ല മലയാളത്തിൽ അക്ഷരത്തെറ്റില്ലാതെ വേണം ഓരോ വരിയും എഴുതാൻ.
Im going to see my friend ഇത് സാധാരണ നമ്മൾ ഞാൻ എന്റെ കൂട്ടുകാരനെ കാണാൻ പോവുകയാണ്.
എന്നാകും എഴുതുക. നമ്മുടെ സംസാരത്തിൽ പക്ഷേ ഫോർമലായി പറയുമ്പോൾ ‘എന്റെ ” പൊതുവേ പറയാറില്ല. ഞാൻ കൂട്ടുകാരനെ ഒന്ന് കാണാൻ പോകുന്നു എന്ന് പറയും. നീ നിന്റെ കൂട്ടുകാരനെ കണ്ടോ എന്നും ഇതുപോലെ ചോദിക്കില്ല. എന്നിട്ട് നീ കൂട്ടുകാരനെ കണ്ടോ ? എന്നാവും.
അലൈൻമെന്റ്
വലിയ സെന്റൻസുകൾ ചെയ്യുമ്പോൾ മുഴുവൻ ലൈനുകളും വായിച്ചു നോക്കി അർത്ഥം മനസ്സിലാക്കി തിരിച്ച് എഴുതേണ്ടി വരും. ഇംഗ്ലീഷ് ഭാഷയിൽ ക്രിയ, കർമം അവസാനവും കർത്താവ് ആദ്യവുമാണ് വരുന്നത്. മലയാളത്തിൽ അങ്ങനെയല്ല താനും. ഇങ്ങനെ ചെയ്യുമ്പോൾ വായിക്കാനുള്ള സമയം കിട്ടുന്നുണ്ടോ എന്ന് കണ്ട് നോക്കി, ഇല്ലെങ്കിൽ ടൈം കോഡ് അഡ്ജസ്റ്റ് ചെയ്യണം.
ചിലപ്പോഴൊക്കെ ഒരാളിൽ നിന്ന് എന്തെങ്കിലും അറിയണമെങ്കിൽ
ഇങ്ങനെ കുടുങ്ങണം. അത് വളരെ സാധാരണമാണ്.
ഇംഗ്ലീഷിലെ സബ് ടൈറ്റിൽ പരിഭാഷപ്പെടുത്തിയപ്പോൾ ഇത്രയും നീളം വന്നു. അർത്ഥം അതൊക്കെത്തന്നെയാണെങ്കിലും സിനിമ കാണുന്ന അവസരത്തിൽ ഇത് വായിച്ച് തീരില്ല. അപ്പോൾ നമ്മൾ ചെയ്യേണ്ടത് ആശയം ചോർന്ന് പോകാതെ അതേ വാചകം ചുരുക്കി എഴുതുക എന്നതാണ്.
ചിലപ്പോൾ ചിലതൊക്കെ അറിയാൻ ഇങ്ങനെ കുടുങ്ങണം..!
ഇങ്ങനെ എഴുതിയാൽ മതിയാകും. അർത്ഥവും മാറിയിട്ടില്ല, വായിക്കാനുള്ള സമയവുമുണ്ട്. ഇങ്ങനെ ചെറുതാക്കി എഴുതാത്ത പക്ഷം തിയറ്ററിൽ ആദ്യ റോയിൽ ഇരുന്ന് സിനിമ കാണുന്ന പ്രതീതിയാകും പ്രേക്ഷകന് കിട്ടുക. അതുപോലെ തന്നെ വാചകങ്ങൾ കഴിവതും രണ്ട് ലൈനിലാക്കി സ്ക്രീനിന്റെ നടുവിൽത്തന്നെ നിർത്താനും ശ്രദ്ധിക്കണം. അതിന് (വലിയ വാചകങ്ങൾ) ലൈൻ ബ്രേക്ക് കൊടുത്ത് ചെയ്ത് പോകുക.
പരിഭാഷകർ നിർബന്ധമായി പരിഭാഷയിൽ പാലിക്കേണ്ട കാര്യങ്ങൾ
- നിങ്ങൾ എംസോണിനുവേണ്ടി ആദ്യമായി പരിഭാഷ ചെയ്യുന്നയാളാണെങ്കിൽ ഇഷ്ടമുള്ള സിനിമയുടെ/സീരീസിന്റെ/സ്റ്റാൻഡ് അപ് കോമഡിയുടെ/ ഡോക്യുമെന്ററിയുടെ ആദ്യ 50 വരികൾ പൂർത്തിയാക്കി വെരിഫിക്കേഷനായി അയക്കുക. (സൈറ്റിൽ അതിന് പ്രത്യേകം സൗകര്യമുണ്ട്.) അനുമതി കിട്ടിയതിന് ശേഷം പൂർത്തിയാക്കി സാധാരണ അയക്കുന്ന രീതിയിൽ (സൈറ്റിലൂടെ) അയക്കുക. നിർബന്ധമായും പരിഭാഷകൾ അയക്കുമ്പോൾ എംസോൺ ആവശ്യപ്പെടുന്ന വിവരങ്ങൾകൂടി ചേർക്കുക.
- ഓരോ ഡയലോഗുകളും കേട്ട്/വായിച്ച്, പൂർണമായ അർത്ഥം മനസ്സിലാക്കിയതിനു ശേഷം ചുരുങ്ങിയ വാക്കുകളിൽ അത് മലയാളത്തിലേക്ക് മാറ്റിയെഴുതുക. പദാനുപദ (word by word) പരിഭാഷ ഒഴിവാക്കുക.
- വാക്കുകൾ തെരഞ്ഞെടുക്കുമ്പോൾ സിനിമ നടക്കുന്ന കാലഘട്ടം ശ്രദ്ധിക്കുക.
- മലയാളം പരിഭാഷയിൽ ഉപയോഗിക്കാൻ പാടില്ലെന്ന് എംസോൺ നിഷ്കർഷിക്കുന്ന Politically incorrect ആയിട്ടുള്ള വാക്കുകൾ ക്രോഡീകരിച്ചിട്ടുണ്ട്. പരസ്യപ്പെടുത്താനാകാത്ത ആ വാക്കുകൾ അഡ്മിനോട് ചോദിച്ച് മനസ്സിലാക്കുക.
- സർവ്വനാമങ്ങൾ പരിഭാഷ ചെയ്യുമ്പോൾ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം, സാഹചര്യം മുതലായവ അനുസരിച്ച് ഉപയോഗിക്കുക.
- You എന്ന പ്രയോഗം സിനിമയിലെ സാഹചര്യം പോലെ പരിഭാഷപ്പെടുത്തുക. എല്ലായിടത്തും ‘നീ’എന്നെഴുതുന്ന ചിലരെങ്കിലുമുണ്ട്. സാഹചര്യം പോലെ നിങ്ങൾ, താങ്കൾ, താൻ എന്നൊക്കെ എഴുതണം.
- Yes, No തുടങ്ങിയ വാക്കുകൾക്ക് സാഹചര്യം അനുസരിച്ച് പല അർത്ഥങ്ങൾ വരാം. അതുകൊണ്ട് എല്ലാ തവണയും അതെ, ഇല്ല എന്ന് എഴുതാതെ സീന്‍ കണ്ട്, മനസ്സിലാക്കി അതിനനുസരിച്ച് എഴുതുക.
- ചിഹ്നങ്ങൾ ഇംഗ്ലീഷ് സബ്ടൈറ്റിലിൽ ഉള്ളത് അതേ പടി പകർത്താതെ സാഹചര്യത്തിനും ഡയലോഗിനും അനുസരിച്ചു ചേർക്കുക.
- ആവശ്യമായ സ്ഥലങ്ങളിലെല്ലാം പൂര്‍ണവിരാമം (ഫുള്‍ സ്റ്റോപ്പ്), കോമ, ആശ്ചര്യചിഹ്നം, ചോദ്യച്ചിഹ്നം മുതലായവ വേണം. അവയെല്ലാം തന്നെ അവയ്ക്കു മുൻപുള്ള വാക്കിനോട് ചേർന്ന് വേണം കൊടുക്കാൻ. ഇടയിൽ സ്പേസ് ഉണ്ടാവാൻ പാടില്ല. പൂര്‍ണവിരാമം, കോമ മുതലായവയ്ക്ക് ശേഷം നിർബന്ധമായും സ്പേസ് ഇട്ടിരിക്കണം.
- തുടർ സംഭാഷണമാണെങ്കിൽ വരി തീരുന്നിടത്തും അടുത്ത വരി തുടങ്ങുന്ന സ്ഥലത്തും (…) മൂന്ന് കുത്തുകളിടണം. ഇവയും വാക്കുകളോട് ചേർന്ന് വേണം ഉണ്ടാവാൻ. സ്പേസ് പാടില്ല.
- രണ്ട് പേർ ഒരേ സീനിൽ പറയുന്ന ഡയലോഗിന് (-) ഹൈഫനിടണം. അതിനു ശേഷം ഒരു സ്പേസ് ഇട്ടിട്ടേ അടുത്ത വാക്ക് തുടങ്ങാവൂ.
- നീളമുള്ള ഡയലോഗുകൾ നിർബന്ധമായും സമയത്തിനനുസരിച്ച് ലൈൻ ബ്രേക്കോ ലൈൻ സ്പ്ലിറ്റോ ചെയ്തിട്ടുണ്ടാവണം. ഇവ ചെയ്യുമ്പോൾ വായിക്കുന്നവർക്ക് ആശയക്കുഴപ്പം ഉണ്ടാകാത്ത വിധത്തില്‍ വാചകങ്ങള്‍ മുറിക്കാന്‍ ശ്രദ്ധിക്കണം.
- സിനിമ കാണുന്നയാൾക്ക് ഓരോ വാചകവും വായിച്ചെടുക്കാൻ സമയം കിട്ടുന്നുണ്ടെന്ന് ഉറപ്പിക്കുക. അല്ലാത്തവയുടെ ടൈം കോഡ് അഡ്ജസ്റ്റ് ചെയ്യാൻ ശ്രമിക്കുക.
- സീനുകളില്‍ എഴുതിക്കാണിക്കുന്ന സ്ഥലം, വര്‍ഷം, ബോര്‍ഡുകള്‍, കുറിപ്പുകള്‍ മുതലായവ പ്രാധാന്യമുള്ളവയാണെങ്കില്, ഇംഗ്ലീഷ് സബ്ടൈറ്റിലിൽ അവ ചെര്ത്തിട്ടില്ലെങ്കിലും, മലയാളം സബ്ടൈറ്റിലിൽ ടൈം കോഡ് ചെയ്ത് ചേര്‍ക്കണം.
- ഇംഗ്ലീഷ് അല്ലാത്ത സിനിമകളുടെ പരിഭാഷകളിൽ, ഇംഗ്ലീഷ് സംസാരിക്കുന്ന ഭാഗങ്ങളിൽ ചിലപ്പോൾ പരിഭാഷ ഉണ്ടാകില്ല. അങ്ങനെയുളള അവസരങ്ങളിൽ അതേ ചിത്രത്തിന്റെ ഫ്രഞ്ച് അല്ലെങ്കിൽ സ്പാനിഷ്/അറബ് പരിഭാഷ ഡൗൺലോഡ് ചെയ്യുക. അതിൽ ഇംഗ്ലീഷിനും പരിഭാഷ ഉണ്ടായിരിക്കും. ആ ഭാഗത്തെ ടൈംകോഡ് കോപ്പി ചെയ്ത് പരിഭാഷ പൂർത്തിയാക്കുക. അല്ലാത്തവ അപൂർണമായ പരിഭാഷകളായേ കണക്കാക്കൂ.
- പ്രാദേശികഭാഷകൾ (ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്) പരിഭാഷപ്പെടുത്തുന്നവർ ആ ഭാഷ അറിയാവുന്നവർ മാത്രം ചെയ്യുക, കാരണം ഇന്ത്യൻ ഭാഷകളുടെ ഇംഗ്ലീഷ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമ്പോൾ യഥാര്‍ത്ഥ അർത്ഥം മാറിപ്പോകാറുണ്ട്.
- നിങ്ങൾ എത്രമികച്ച പരിഭാഷകനാണെങ്കിലും പൂർത്തിയായ പരിഭാഷ സിനിമയോടൊപ്പം ഒരാവൃത്തികൂടി കണ്ടതിന് ശേഷമേ എംസോണിലേക്ക് അയക്കാവൂ.
- നിങ്ങൾ ചെയ്തതല്ലാത്ത പരിഭാഷകൾ, മറ്റെവിടെയെങ്കിലും പ്രചരിപ്പിച്ച പരിഭാഷകൾ, ഗൂഗിൾ ട്രാൻസലേഷൻ ചെയ്ത പരിഭാഷകൾ എന്നിവ ഒരുകാരണവശാലും എംസോണിലേക്ക് അയക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്നവരുടെ പേര്വിവരങ്ങൾ സഹിതം എംസോൺ ഫേസ്ബുക്ക് ഗ്രൂപ്പിലും പേജിലും ടെലഗ്രാം ചാനലിലും പരസ്യപ്പെടുത്തുന്നതാണ്.
- സീരീസുകൾ പരിഭാഷപ്പെടുത്തുന്നവരുടെ ശ്രദ്ധക്ക് : എംസോൺ ഒരു സീരിസിന്റെ ഒരു സീസൺ ഒന്നിച്ച് മാത്രമേ റിലീസ് ചെയ്യുകയുള്ളൂ. എപ്പിസോഡുകളായി റിലീസ് ചെയ്യുന്നവ ഓൺഗോയിങ്ങ് സീരീസുകൾ മാത്രമായിരിക്കും. ആ സീരീസ് പൂർത്തിയായതിന് ശേഷം ഒരു റിലീസ് നമ്പരിൽ സിപ് ഫയലായി ലഭ്യമാക്കും.
- സീരീസുകള്‍ ഒരു ടീമായി ചെയ്യുന്നവര്‍ കഥാപാത്രങ്ങളുടെ പേരുകള്‍, സ്ഥലപ്പേരുകള്‍, മുതലായവ ഒരുപോലെ എഴുതാനും, ടീമിലുള്ള എല്ലാവരും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിക്കേണ്ടതാണ്.
- എംസോണിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കായി (അഡ്മിന്‍സ്, പരിഭാഷകര്, വെരിഫിക്കേഷന് ടീം അംഗങ്ങള്‍, പോസ്റ്റര്‍ ടീം അംഗങ്ങള്‍) ഒരു ടെലഗ്രാം ഗ്രൂപ്പ് നിലവിലുണ്ട്. ഒരു പരിഭാഷയെങ്കിലും എംസോണില്‍ റിലീസ് ചെയ്തിട്ടുള്ളവര്‍ക്കും ഗ്രൂപ്പിന് വേണ്ടി പ്രവർത്തിക്കുന്നവർക്കും അതില്‍ അംഗമാകാവുന്നതാണ്. ടെലഗ്രാം ഗ്രൂപ്പില്‍ ചേരുന്നതിനായി ഏതെങ്കിലും അഡ്മിനുമായി ബന്ധപ്പെടുക.
- മലയാള സിനിമക്കാണ് നിങ്ങൾ മലയാള പരിഭാഷയൊരുക്കുന്നതെങ്കിൽ, അത് പ്രധാനമായും കേൾവിശക്തിയില്ലാത്തവർക്ക് വേണ്ടിയാണല്ലോ. അതുകൊണ്ടുതന്നെ ചിത്രത്തിലുള്ള എല്ലാ പിന്നണി ശബ്ദങ്ങൾക്കും പരിഭാഷ വേണ്ടിവരും. ഉദാ: മഴ പെയ്യുന്ന സീനിൽ ബ്രാക്കറ്റിൽ “[മഴ പെയ്യുന്ന ശബ്ദം]” എന്ന് എഴുതിക്കാണിക്കണം. മാത്രവുമല്ല തെരഞ്ഞെടുക്കുന്ന ചിത്രങ്ങൾ മിനിമം 10 വർഷമെങ്കിലും മുൻപ് റിലീസായവയായിരിക്കണം.
ഇതൊക്കെ പാലിക്കാതെ അയക്കുന്ന പരിഭാഷകൾ യാതൊരു കാരണവശാലും റിലീസിന് പരിഗണിക്കുന്നതല്ല.
ഓർക്കുക: ഒരു മലയാളിയാണ് ഡയലോഗ് പറയുന്നതെങ്കിൽ എന്താവും സംഭാഷണം എന്ന് ആലോചിച്ച് വാക്കുകളുടെ ഓർഡർ മാറ്റി, വേണ്ടി വന്നാൽ വരികളുടെ ഓർഡർ പോലും മാറ്റി ഒഴുക്കുള്ള പരിഭാഷയൊരുക്കാം. കാഴ്ചക്കാരന് താനൊരു അന്യഭാഷാ സിനിമയാണ് കാണുന്നതെന്ന തോന്നലുണ്ടാക്കാതെ അക്ഷരത്തെറ്റുകൾ പോലുള്ള കല്ലുകടികളില്ലാതെ മൂലപരിഭാഷയോട് നീതി പുലർത്തുന്ന, നിങ്ങളുടെ മികച്ച പരിഭാഷകളാണ് എംസോണിലേക്ക് അയക്കേണ്ടത്. മലയാളം എങ്ങനെ തെറ്റുകൂടാതെ എഴുതാം എന്നതിന് ഈ പിഡിഎഫ് സഹായിക്കും.
മൊബൈൽ ഫോണിൽ എങ്ങനെ സബ്ടൈറ്റിൽ ചെയ്യാം.
നമ്മുടെ പരിഭാഷകൻകൂടിയായ അൻസിൽ ആർ എംസോണിന് വേണ്ടി നിർമ്മിച്ചെടുത്ത ഒരു ടെലഗ്രാം ബോട്ടാണ് ഇത്. ടെലഗ്രാം ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ഏതൊരു മൊബൈൽ ഫോണിലും നമുക്ക് ഈ ബോട്ട് ഉപയോഗിച്ച് പരിഭാഷകൾ ചെയ്യാം.
ഫീച്ചറുകള്‍
- ക്ലൌഡ് ഡാറ്റാബേസ് – എല്ലാ എഡിറ്റുകളും ക്ലൌഡ് ഡാറ്റാബേസിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് ഒന്നും നഷ്ടപ്പെടുമെന്ന പേടിവേണ്ട.
- ഒന്നിലധികം ആളുകള്‍ക്ക് ഒരു സബ് എഡിറ്റ് ചെയ്യാന്‍ കഴിയുന്ന കൊളാബറേറ്റര്‍ മോഡ്.
- വീഡിയോ പ്ലയര്‍.
- വീഡിയോയില്‍ നിന്നും സബ്ടൈറ്റില്‍ എക്സ്ട്രാക്ട് ചെയ്യാം.
- സബ്ടൈറ്റില്‍ റീ-സിങ്ക് ചെയ്യാം.
- വരികള്‍ മെര്‍ജ്, സ്പ്ലിറ്റ്, ഡിലീറ്റ് ചെയ്യാം.
- ഓരോ വരിയുടെയും സമയം ക്രമീകരിക്കാം.
- ഓരോ വരിയുടെയും ഫോര്‍മാറ്റിങ്, കളര്‍, സ്ക്രീനില്‍ സബ് എവിടെ കാണിക്കണം തുടങ്ങിയവ സെറ്റ് ചെയ്യാം.
എങ്ങനെ ഉപയോഗിക്കാം : ടെലിഗ്രാമില്‍ @SubEditBot എന്ന് സെര്‍ച്ച് ചെയ്ത് Msone SubEditor ബോട്ടിനെ സ്റ്റാര്‍ട്ട് ചെയ്യുക. ശേഷം ‘Edit’ എന്ന ബട്ടണില്‍ പ്രെസ്സ് ചെയ്തോ ‘/edit’ എന്ന കമാന്‍ഡ് ബോട്ടിലേക്ക് അയച്ചുകൊണ്ടോ പുതിയൊരു എഡിറ്റിങ് സെഷന് സ്റ്റാര്‍ട്ട് ചെയ്യാം. ശേഷം വരുന്ന മെനുവില്‍ ‘Start New’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മറ്റൊരു മെനു ലഭിക്കും. അതില്‍ നിന്ന് ‘Extract from Video’ അല്ലെങ്കില്‍ ‘Send SRT file’ സെലക്ട് ചെയ്ത് നിങ്ങളുടെ ഫയലുകള്‍ അയച്ചുകൊടുക്കുക. ശേഷം വരുന്ന മെനുവില്‍ നിങ്ങള്‍ അയച്ചുകൊടുത്ത ഫയലിന്റെ പേരിലുള്ള ഒരു ബട്ടണ്‍ കാണാന്‍ കഴിയും. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ സബ്ടൈറ്റില്‍ മെയിന്‍ മെനുവിലേക്ക് പോകാം.
മെയിന്‍ മെനു
- Explore : അപ്ലോഡ് ചെയ്ത സബ്ടൈറ്റില്‍ പരിശോധിക്കാന്‍.
- Compile : എഡിറ്റ് ചെയ്ത ശേഷം സബ്ടൈറ്റില്‍ ഫയല്‍ ലഭിക്കാന്‍.
- Re-Sync : സബ്ബിന്റെ സമയം ക്രമീകരിക്കാന്‍.
- Edit : ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ആ സബ്ടൈറ്റിലിന്റെ എഡിറ്റ് മെനുവിലേക്ക് പോകാം. മെനുവില്‍ നിങ്ങള്‍ക്ക് Index, Time code, Original text എന്നിവ കാണാന്‍ കഴിയും. കൂടെ കുറേ ബട്ടണുകളും.
- Delete : സബ് ഡിലീറ്റ് ചെയ്യാന്‍.
- Collaborate : സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരേ സബ് എഡിറ്റ് ചെയ്യാന്‍.
- Submit to MSone : എഡിറ്റ് ചെയ്ത സബ് നേരിട്ട് എംസോണിലേക്ക് അയക്കാന്‍.
എഡിറ്റര്‍ മെനു ബട്ടണുകള്‍
- Edit Text : ആദ്യത്തെ ബട്ടണാണ് Edit Text. ഇതില്‍ ക്ലിക്ക് ചെയ്തതിന് ശേഷം എഡിറ്റ് ചെയ്ത text ബോട്ടിന് അയച്ചുകൊടുക്കാം.
- Merge : രണ്ട് വരികള്‍ തമ്മില്‍ കൂട്ടിച്ചേര്‍ത്ത് ഒറ്റ വരിയാക്കാന്‍.
- Menu : മെയിന്‍ മെനുവിലേക്ക് പോകാന്‍.
- Split : ഒരു വരിയെ രണ്ടായി വിഭജിക്കാന്‍.
- Add Line : പുതിയൊരു വരി ചേര്‍ക്കാന്‍.
- Formatter : ഇതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ഒരു വെബ്പേജ് തുറന്നുവരും. അതില്‍ വരിയുടെ കളര്‍, ഫോണ്ട്, സ്ക്രീന്‍ പൊസിഷന്‍ എന്നിവ സെറ്റ് ചെയ്യാം.
- Adjust Time : വരിയുടെ സമയം ക്രമീകരിക്കാന്‍.
- Translate : ഒരു വരി ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് ഉപയോഗിച്ച് ട്രാന്‍സ്ലേറ്റ് ചെയ്യാം.
- Player : ഇതില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വീഡിയോ പ്ലയര്‍ തുറന്നുവരും. അതില്‍ വീഡിയോ ലോഡ് ചെയ്ത് കണ്ടുകൊണ്ട് തന്നെ സബ് എഡിറ്റ് ചെയ്യാം.
വിൻഡോസ് കമ്പ്യൂട്ടറിൽ എങ്ങനെ സബ്ടൈറ്റിൽ ചെയ്യാം.
ആദ്യം നിങ്ങളുടെ കമ്പ്യൂട്ടറിൽ Subtitle Edit സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യുക (സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്). ശേഷം പരിഭാഷപ്പെടുത്താൻ ഉദ്ദേശിക്കുന്ന സിനിമയുടെ ഇംഗ്ലീഷ് സബ്ടൈറ്റിൽ സോഫ്റ്റ് വെയറിൽ ഓപ്പൺ ചെയ്യുക. ഓരോ വരികളുടെയും ശരിയായ അർത്ഥം സിനിമ കണ്ടുകൊണ്ട് തന്നെ മനസ്സിലാക്കി, അതാത് ഇംഗ്ലീഷ് വരികളുടെ സ്ഥാനത്ത് മലയാളം എഴുതി പരിഭാഷ ആരംഭിക്കാം. ആദ്യ വരി ചെയ്ത ശേഷം File മെനുവിൽ Save as ഓപ്ഷൻ ക്ലിക്ക് ചെയ്ത് സബ്ടൈറ്റിലിന്റെ ഒറിജിനൽ പേരിന്റെ അവസാനം.ml എന്ന് ചേർത്ത് സേവ് ചെയ്യുക. ശേഷം പരിഭാഷ ചെയ്യുന്നതിനിടക്ക് Ctr+S ക്ലിക്ക് ചെയ്ത് സേവ് ചെയ്യുന്നതിലൂടെ ചെയ്ത് തീർത്ത വരികൾ നഷ്ടപ്പെടാതെ സൂക്ഷിക്കാം. ആവശ്യമില്ലാത്ത ഏതെങ്കിലും വരികൾ ഡിലീറ്റ് ചെയ്യേണ്ടി വരികയാണെങ്കിൽ അതിൽ ക്ലിക്ക് ചെയ്ത് ഡിലീറ്റ് ചെയ്താൽ മതി. അതുപോലെ പുതുതായി ഒരു വരി ചേർക്കേണ്ടി വരികയാണെങ്കിൽ നിലവിലുള്ള വരി സെലക്റ്റ് ചെയ്ത് റൈറ്റ് ക്ലിക്ക് ചെയ്താൽ Insert before / Insert after എന്ന ഓപ്ഷൻ കാണാം. അതിൽ ഏതാണോ വേണ്ടത് അതിൽ ക്ലിക്ക് ചെയ്താൽ പുതിയൊരു വരി വന്നതായി കാണാം.