എം-സോണ് റിലീസ് – 922
ഭാഷ | ഇംഗ്ലീഷ് |
സംവിധാനം | Bryan Singer |
പരിഭാഷ | ആര്യ നക്ഷത്രക് |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ |
മാർവെൽ കോമിക്‌സ് പുറത്തിറക്കുന്ന X-Men കോമിക്കിന്റെ സിനിമാ ആവിഷ്കാരമാണ് ഫോക്സ് സ്റ്റുഡിയോസ് നിർമിച്ചു പുറത്തിറക്കുന്ന X-Men സിനിമകൾ. 2000ആദ്യത്തെ ചിത്രം പുറത്തിറങ്ങി ഇതുവരെ രണ്ട് ഡെഡ്പൂൾ സിനിമകൾ അടക്കം 11 സിനിമകൾ പുറത്തിറങ്ങിയിട്ടുള്ള ഈ സീരീസ് ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമ ഫ്രാഞ്ചൈസികളിൽ ഒന്നാണ്. ഈ സിനിമകളിലൂടെ വൂൾവറിൻ എന്ന കഥാപാത്രത്തോടൊപ്പം അതിനെ അവതരിപ്പിച്ച ഹ്യൂ ജാക്ക്മാനും ഒരുപാട് ആരാധകരെ നേടി കൊടുത്തു.
പരിണാമത്തിന്റെ ഫലമായി സാധാരണ മനുഷ്യരിൽ നിന്നും കൂടുതലായി മാറ്റങ്ങൾ വന്ന, അതിന്റെ ഫലമായി മനുഷ്യരിൽ നിന്നും വിഭിന്നമായി പ്രത്യേക കഴിവുകൾ ലഭിക്കപ്പെട്ട ആളുകളാണ് മ്യൂട്ടന്റുകൾ. അവരുടെ ആ കഴിവുകളോടുള്ള ഭയം മനുഷ്യരിൽ അവരോട് വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നു. അതെ സമയം മ്യൂട്ടന്റുകൾക്കിടയിലും മനുഷ്യർ ഒരിക്കലും തങ്ങളെ അംഗീകരിക്കില്ലെന്നും അവർ മ്യൂട്ടന്റുകളുടെ ശത്രുക്കളാണെന്നും വിശ്വസിക്കുന്ന ഒരു വിഭാഗവും, മനുഷ്യരും മ്യൂട്ടന്റുകളും ഭൂമിയിൽ ഒത്തൊരുമിച്ച് ജീവിക്കേണ്ടവരാണെന്നു വിശ്വസിക്കുന്ന ഒരു വിഭാഗവും ഉണ്ടായി വരുന്നു. പ്രൊഫസർ X എന്നറിയപ്പെടുന്ന മറ്റുള്ളവരുടെ മനസ്സിനെയും ചിന്തകളെയുമെല്ലാം നിയന്ത്രിക്കാൻ കഴിവുള്ള ചാൾസ് സേവ്യറും അദ്ദേഹം നടത്തുന്ന മ്യൂട്ടന്റുകൾക്കായുള്ള സ്‌കൂളിൽ ഉള്ളവരുമെല്ലാം മ്യൂട്ടന്റുകളും മനുഷ്യരും ഒരുമിച്ച് ജീവിക്കേണ്ടവരാണ് എന്ന് വിശ്വസിക്കുന്നവരാണ്. എന്നാൽ ചാൾസ് സേവ്യറുടെ പഴയകാല സുഹൃത്തും മാഗ്നിറ്റോ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്ന എറിക് ലെൻഷർ മനുഷ്യരെല്ലാം മ്യൂട്ടന്റുകളുടെ ശത്രുക്കളാണെന്നു വിശ്വസിച്ച്, അവർക്കെതിരെ യുദ്ധത്തിനിറങ്ങിയ വിഭാഗത്തിന്റെ നേതാവാണ്.
ഏത് തരത്തിലുള്ള ലോഹങ്ങളെയും സ്വന്തം ഇഷ്ടപ്രകാരം നിയന്ത്രിക്കാൻ സാധിക്കുന്ന, ഏറ്റവും ശക്തനായ മ്യൂട്ടന്റുകളിൽ ഒരാളാണ് മാഗ്നിറ്റോ. മനുഷ്യർക്കെതിരെയുള്ള മാഗ്നിറ്റോയുടെ പ്രവർത്തനങ്ങളെ തടയാനുള്ള ചാൾസിന്റെയും സംഘത്തിന്റെയും പോരാട്ടമാണ് X-Men സിനിമകളിലൂടെ കാണുന്നത്. അതോടൊപ്പം മ്യൂട്ടന്റുകളെ മുഴുവനും ശത്രുക്കളായി കാണുന്ന ചില മനുഷ്യരുടെയും.