Dhruv Rathee in Malayalam
ധ്രുവ് റാഠി മലയാളത്തിൽ (2024)
എംസോൺ റിലീസ് – short78
ഭാഷ: | ഹിന്ദി |
അവതരണം: | Dhruv Rathee |
പരിഭാഷ: | എംസോൺ |
ജോണർ: | ഡോക്യുമെന്ററി, ഹിസ്റ്ററി |
Reality of Kerala Story കേരള സ്റ്റോറിയുടെ യഥാർത്ഥ കഥ (2024)
മറ്റു ഭാഷകൾ അറിയാത്ത മലയാളിക്ക്, മറുഭാഷ സിനിമ ആസ്വദിക്കാൻ വേണ്ടിയുള്ള ഒരു സഹായം എന്ന നിലയിലല്ല എംസോൺ പ്രവർത്തിക്കുന്നത്. അതിന് കൃത്യമായ ഒരു രാഷ്ട്രീയമുണ്ട്, അത്, മലയാളിയുടെ ഭാവുകത്വത്തെ വിപുലീകരിക്കുന്നതോടൊപ്പം, ഇന്നിന്റെ രാഷ്ട്രീയ ജാഗ്രതപ്പെടുത്തൽ കൂടിയാണ്. തുടക്കം മുതൽ ഇന്ന് വരെ ക്ലാസിക്കുകൾക്കും മാസ്റ്റർ ഡയറക്ടമാരുടെ സിനിമകൾക്കും ഡോക്യുമെന്ററികൾക്കുമൊക്കെ മുടക്കം കൂടാതെ മലയാളം സബ്ടൈറ്റിൽ തയാറാക്കുന്നതൊക്കെ അത്തരം രാഷ്ട്രീയ നിലപാടിന്റെ ഭാഗമാണ്.
സാമ്പ്രദായിക ഇടതു വലതു കക്ഷി രാഷ്ട്രീയ നിലപാടുകൾക്ക് അതീതമായി, മനുഷ്വത്വ വിരുദ്ധമാകുന്ന അധികാര കേന്ദ്രങ്ങളെ തിരിച്ചറിയാൻ സഹായിക്കുകയും അതിനോടുള്ള പ്രതിരോധം തീർക്കുകയുമാണ് ആ രാഷ്ട്രീയം. ഇന്ത്യയിൽ ആ രീതിയിൽ സസൂക്ഷ്മമായി രാഷ്ട്രീയ ജാഗ്രതപ്പെടുത്തൽ നടത്തുന്ന യൂട്യൂബർ, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റാണ് ധ്രുവ് റാഠി. സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പല വീഡിയോകളും, അപ്ലോഡ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ കോടി കണക്കിന് പേരാണ് കാണുന്നത്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട വീഡിയോകൾക്ക് എംസോൺ മലയാളം സബ്ടൈറ്റിൽ തയാറാക്കുകയാണ്. കേരളസ്റ്റോറിയെന്ന പ്രൊപ്പഗണ്ട സിനിമയുടെ പൊളിച്ചെഴുത്താണ് ആദ്യമായി നിങ്ങളിലേക്ക് എത്തുന്നത്. തുടർന്ന് തിരഞ്ഞെടുത്ത പതിനഞ്ചോളം വീഡിയോകൾക്കും അണിയറയിൽ സബ്ടൈറ്റിൽ ഒരുങ്ങുന്നു. സത്യം എല്ലാവരിലേക്കുമെത്താൻ പരമാവധി ഷെയർ ചെയ്യുക, കൂടെക്കൂടുക.
രാജ്യം നമുക്ക് ഏവർക്കും വലിയ വികാരമാണ്. അതിൽ, മനുഷ്യത്വം ഇല്ലാത്ത രാഷ്ട്രീയം സ്നേഹിക്കാൻ പറ്റാത്ത രാഷ്ട്രീയം, ആ രാഷ്ട്രീയത്തിന് യാതൊരു പ്രസക്തിയും ഇല്ല. മനുഷ്യരെ മനസ്സിലാക്കാത്ത, മനുഷ്യരെ തുല്യരായി കണക്കാക്കാത്ത, എല്ലാ ശബ്ദങ്ങൾക്കും പ്രാധാന്യം നൽകാത്ത, ആജ്ഞാപിക്കുന്ന, അനുസരിപ്പിക്കുന്ന, പേടിപ്പിക്കുന്ന, മുട്ടുകുത്തിക്കുന്ന, തമ്മിലടിപ്പിക്കുന്ന ഒരു ഏകാധിപതിയുടെ രാഷ്ട്രീയത്തിന് പ്രാധാന്യം ഉണ്ടാകാൻ പാടില്ല.
Arvind Kejriwal Jailed! | DICTATORSHIP Confirmed?/കെജ്രിവാൾ ജയിലിൽ! ഏകാധിപധ്യമോ? (2024)
ഇതുവരെ ചെയ്തതിൽ ഏറ്റവും പ്രധാനപ്പെട്ട വീഡിയോ എന്നാണ് ധ്രുവ് ഈ വീഡിയോയെക്കുറിച്ച് ട്വീറ്റ് ചെയ്തത്. പ്രതിപക്ഷ കക്ഷികളെ ഏതൊക്കെ രീതിയിലാണ് കേസുകളിൽ പെടുത്തി, സമ്മർദ്ദത്തിലാക്കി, ഒറ്റക്കക്ഷി ഭരണത്തിലേക്ക് ഇന്ത്യയെ കൊണ്ട് പോകുന്നതെന്ന് ഈ വീഡിയോയിൽ വളരെ വിശദമായി പറയുന്നുണ്ട്. നിയമങ്ങളിൽ മാറ്റം വരുത്തുന്ന, ഭരണഘടനാ സംവിധാനങ്ങളെ സ്വാധീനതയിലാക്കുന്ന, കോർപ്പറേറ്റ് കമ്പനികളിൽ നിന്ന് ഇലക്ട്രൽ ബോണ്ടുകൾ എന്ന പേരിൽ കോടികൾ കൈപ്പറ്റുന്ന, തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്ന, ഒരു എതിർശബ്ദവും ഉയരരുതെന്ന് വളരെ നീചമായ രീതിയിൽ ഉറപ്പാക്കുന്ന ഒരു ഭരണ സംവിധാനത്തെ വിശദമായ രീതിയിൽ ധ്രുവ് നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നുണ്ട്. ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാൻ, ഏകാധിപത്യത്തിലേക്ക് ഈ മഹാരാജ്യത്തെ തള്ളിയിടാതിരിക്കാൻ ഇന്ത്യയിലെ ഓരോ പൗരനും വോട്ടുകൾ രേഖപ്പെടുത്തേണ്ട ആവശ്യകതയും ധ്രുവ് പറയുന്നുണ്ട്
Electoral Bond: The Biggest Scam in History of India! / ഇലക്ടറൽ ബോണ്ട്: ചരിത്രത്തിലെ വലിയ കൊള്ള! (2024)
ധ്രുവിന്റെ Electoral Bonds | The Biggest Scam in History of India? എന്ന മറ്റൊരു വീഡിയോ തുടങ്ങുന്നത് തന്നെ ‘നിങ്ങളുടെ പണം മോഷ്ടിക്കപ്പെട്ടിരിക്കുന്നു… നമ്മുടെ രാജ്യത്തുള്ള എല്ലാ പൗരന്മാരുടെയും പണം മോഷ്ടിക്കപ്പെട്ടിരിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണിതെന്നും, ഇതുകേൾക്കുമ്പോൾ നിങ്ങൾ കരുതുന്നുണ്ടാകും ഞാൻ കാര്യങ്ങൾ ഊതിപെരുപ്പിക്കുകയാണെന്ന്, എന്നാൽ അങ്ങനെയല്ലായെന്നും ഇലക്ട്‌റൽ ബോണ്ട് അഴിമതി അത്ര നിസ്സാരമായ ഒന്നല്ലായെന്നും, അഴിമതികളുടെ ഒരു കൂമ്പാരമാണെന്നും ധ്രുവ് റാഠി പറയുന്നു. 2019 ലോക്സഭ ഇലക്ഷൻ നടന്ന സമയത്താണ് കൂടുതൽ കോഴപ്പണം ഇലക്ടറൽ ബോണ്ട് എന്ന സംവിധാനത്തിലൂടെ പാർട്ടികളിലേക്ക് ഒഴുകിയത് എന്ന് കാണാം. അതായത് ജനവിധിയെപ്പോലും ഈ പണം സ്വാധീനിച്ചെന്ന് വ്യക്തം. വൻകിട കമ്പനികളുടെ ഇഷ്ടത്തിനനുസരിച്ച് കേന്ദ്രനയം തിരുത്തപ്പെടും. കോഴയ്ക്ക് നിയമപരിരക്ഷ നൽകിയ ഈ സമ്പ്രദായത്തിന്റെ അപകടം തുറന്നുകാട്ടുന്നതിനോടൊപ്പം നമ്മെ ഭരിക്കുന്ന പാർട്ടികൾ, സർക്കാരുകൾ കോർപ്പറേറ്റുകളെ കൂട്ട് പിടിച്ചു എങ്ങനെ അഴിമതി നടത്തുന്നു എന്നും തുറന്നു കാട്ടുകയാണ് ഇതിലൂടെ ധ്രുവ്.
Is India becoming a DICTATORSHIP? / ഇന്ത്യ ഏകാധിപത്യത്തിലേക്കോ? (2024)
ഒരു രാജ്യത്ത് ഇലക്ഷൻ നടത്തപ്പെടുന്നുണ്ടെങ്കിൽ അതൊരു ജനാധിപത്യ രാജ്യമാകുമോ?
കേൾക്കുമ്പോൾ നിസ്സാരമായി തോന്നുമെങ്കിലും ധ്രുവിന്റെ 24 മില്യൺ വ്യൂസ് നേടിയ Is India becoming a DICTATORSHIP എന്ന യൂട്യൂബ് വീഡിയോയിലെ ഈ ചോദ്യം വളരെ ആഴത്തിൽ ചിന്തിക്കേണ്ട ഒന്നാണ്. നമ്മുടെ രാജ്യം, “ഒരു രാജ്യം ഒരു പാർട്ടി” എന്ന അവസ്ഥയിലേക്കാണോ പോവുന്നത് എന്ന് ഭയപ്പെടുന്നു എന്ന് ധ്രുവ് പറയുന്നു, അതിന് കാരണമായി അദ്ദേഹം പറയുന്നത് നിലവിലെ സർക്കാരിന്റെ കഴിഞ്ഞ 10 വർഷമായുള്ള പ്രവർത്തികളാണ്. മീഡിയ മുതൽ പ്രതിപക്ഷത്തെ വരെ നിശബ്ദരാക്കുക, എംഎൽഎമാരുടെ കുതിരക്കച്ചവടം, തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ അധികാരം തട്ടിയെടുക്കുക, പുതിയ നിയമങ്ങൾ നിലവിൽ കൊണ്ടുവരിക, അന്വേഷണ ഏജൻസികളെ ആയുധമായി ഉപയോഗിക്കുക, ജനങ്ങളുടെ പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലാതാക്കുക. ഇവയൊക്കെ ഏതാനും ചില ഉദാഹരണങ്ങൾ മാത്രമാണ്.
നാളെ നമ്മുടെ രാജ്യമൊരു നോർത്ത് കൊറിയയോ, റഷ്യയോ ആയി കാണാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ എല്ലാ ഇന്ത്യക്കാരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ് ധ്രുവിന്റെ ഈ വീഡിയോ.